ആദിവാസികള്‍ക്കും വേണം ആധുനിക ആതുരാലയം

രമേഷ്‌കുമാര്‍ വെള്ളമുണ്ട Posted on: 17 Jan 2015


ജീവന്‍ രക്ഷിക്കാനുള്ള ഓരോ യാത്രയും ആശങ്കകള്‍ നിറഞ്ഞതായിരുന്നു. അപകടത്തില്‍ പരിക്കേല്‍ക്കുന്നവരെയുംകൊണ്ട് കോഴിക്കോട് നഗരത്തിലേക്ക് ചീറി പാഞ്ഞു പോയ ആംബുലന്‍സുകള്‍. പാതിവഴിയില്‍ ജിവന്‍ നഷ്ടമായ ഹതഭാഗ്യവന്‍മാര്‍. ആധുനിക സൗകര്യമുള്ള ഒരു ആസ്പത്രി വയനാടിന്റെ പ്രധാന ആവശ്യമായിരുന്നു.

മെഡിക്കല്‍ കോളേജിനായി സ്ഥലം സൗജന്യമായി ലഭിച്ചതോടെ ഈ ആതുരാലയം ഉടനടി യാഥാര്‍ത്ഥ്യമാവുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വൈകുകയാണ്. ഇതിനിടെ, ഒറ്റപ്പെടുകയാണ് വയനാട് എന്ന ദേശം.

വയനാട് ജില്ല രൂപീകരിച്ചിട്ട് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ആധുനിക സൗകര്യമുള്ള ഒരു ആസ്പത്രി കാണണമെങ്കില്‍ നൂറു കിലോമീറ്ററലധികം പിന്നിട്ട് കോഴിക്കോട്ട് എത്തണമെന്നതാണ് ഇന്നുമുള്ള അവസ്ഥ. വയനാട് മെഡിക്കല്‍ കോളേജിന് ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് അന്‍പത് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയെങ്കിലും മെഡിക്കല്‍ കോളേജിനായുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.

ഈ ആവശ്യം ഉന്നയിച്ച് കിസാന്‍ ജനത വയനാട് കള്കട്രേറ്റിനു മുന്നില്‍ നടത്തുന്ന കിടപ്പുസമരവും രണ്ടാഴ്ച പിന്നിടുകയാണ്.

ഇതിനിടെ കേള്‍ക്കാതെ പോകുന്നത് മണ്ണിന്റെ മക്കളുടെ ജീവിക്കാന്‍ വേണ്ടിയുള്ള ശബ്ദങ്ങളാണ്. 200 കിടക്കയുള്ള ഒരു ജില്ലാസ്പത്രി മാത്രമാണ് വയനാടിന് ആശ്രയം. ഇതിനുളളില്‍ പരിമിതപ്പെടുകയാണ് ഒരു നാടിന്റെ ചികിത്സാശ്രയങ്ങള്‍.

വയനാട്ടിലെ ആദിവാസികളുടെ ശരാശരി ശരാശരി ആയുര്‍ദൈര്‍ഘ്യം നാല്‍പ്പതായി ചുരുങ്ങുന്നതിന്റെ കാരണം തേടേണ്ടത് ആതുരാലയങ്ങളുടെ പരിമിതികളില്‍ക്കൂടിയാണ്.

കുട്ടികളുടെ വിലാപങ്ങള്‍

വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് വന്നാല്‍ ഏറ്റവും കൂടുതല്‍ ഉപകരിക്കപ്പെടുക ആര്‍ക്കായിരിക്കാം. സംശയമില്ല ആദിവാസികള്‍ക്ക് തന്നെ.

ശിശുമരണങ്ങളും മാതൃമരണങ്ങളും ഇവിടെ സാധാരണമായിരിക്കുന്നു. മൂന്നു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ 324 ശിശുമരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 264 പേര്‍ ആദിവാസിക്കുട്ടികളാണ്. അതായത് 81.5 ശതമാനം!

ഏഴുവര്‍ഷത്തിനിടെ നടന്ന 67 മാതൃമരണങ്ങളില്‍ 46 എണ്ണം ആദിവാസി അമ്മകളുടേതായിരുന്നു (68 ശതമാനം!). ആരോഗ്യവകുപ്പിന്റെ രേഖകള്‍ തന്നെയാണ് ആദിവാസികള്‍ക്കിടയില്‍ മാതൃ-ശിശുമരണ നിരക്കുകളുടെ വര്‍ദ്ധിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത്.


2010-2011 കാലത്ത് ജില്ലയില്‍ 90 ശിശുമരണങ്ങള്‍ നടന്നപ്പോള്‍ 41 കുട്ടികള്‍ ആദിവാസികുടുംബത്തില്‍ നിന്നുളളവരായിരുന്നു. 2012 ല്‍ 92 കുട്ടികള്‍ മരിച്ചപ്പോള്‍ 46 പേരും 2013 ല്‍ 142 കുട്ടികള്‍ മരിച്ചപ്പോള്‍ 74 ആദിവാസികുട്ടികളും പോഷകാഹാരക്കുറവു കൊണ്ട് മരണമടയുകയായിരുന്നു.

ഒരുവര്‍ഷം ശരാശരി 14,500 പ്രസവങ്ങളാണ് വയനാട്ടില്‍ നടക്കുന്നത്. ജില്ലാസ്പത്രിയില്‍ മാത്രം പ്രതിമാസം 300 ആദിവാസികള്‍ പ്രസവത്തിന് എത്തുന്നു. മറ്റുവിഭാഗങ്ങളൊക്കെ പ്രസവത്തിന് ആധുനിക ചികിത്സാസംവിധാനമുള്ള ആസ്പത്രികള്‍ തേടി പോകുന്നു.

സര്‍ക്കാര്‍ ആസ്പത്രിയുടെ 'ഇല്ലായ്മകളില്‍' ബലിയാടാവുന്നത് മണ്ണിന്റെ മക്കള്‍ മാത്രം. പൊട്ടിപൊളിഞ്ഞ കക്കൂസുകളും കുളിമുറിയുമായി ദുരിതങ്ങള്‍മാത്രം നല്‍കുന്ന ജില്ലാസ്പത്രിയിലെ പ്രസവ വാര്‍ഡുകള്‍ ഇതിനൊക്കെ സാക്ഷ്യം പറയും.

ഒരു കിടക്കയില്‍ രണ്ടു ഗര്‍ഭിണികളെ കിടത്തി ചികിത്സിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍ ജില്ലാസ്പത്രിയി. അവിടുത്തെ പ്രസവമുറിയില്‍ പോലും സൗകര്യങ്ങള്‍ പരിമിതമാണെന്ന കാര്യം ആരെയും വേദനിപ്പിക്കും. കക്കൂസില്‍ പ്രസവിക്കുന്നതും കുട്ടി മരിക്കുന്നതുമായ സംഭവങ്ങള്‍ പുതുമയല്ല. തിങ്ങിനിറഞ്ഞ വാര്‍ഡുകളില്‍ മരണത്തെ മുഖാമുഖം കണ്ടു കഴിയേണ്ടി വരുന്ന ഒരുപറ്റം മനുഷ്യര്‍.

പലപ്പോഴും രോഗം ഗുരുതരാവസ്ഥയില്‍ എത്തുമ്പോഴാണ് ആദിവാസികള്‍ ആസ്പത്രിയെ സമീപിക്കുക. വേദനയോട് മല്ലടിച്ച് വൃണത്തില്‍ പുഴുവരിച്ച് ആരും ശ്രദ്ധിക്കാനില്ലാതെ മരിക്കുന്നവരുടെ എണ്ണവും കുറവല്ല. പാലിയേറ്റീവ് അധികൃതരും ട്രൈബല്‍ വളണ്ടിയര്‍മാരും വൈകി മാത്രമാണ് വിവരമറിയുന്നത്.

ആധുനിക മെഡിക്കല്‍ കോളേജ് വരേണ്ടത് ഈ ജനതയുടെയും ആവശ്യമാണ്.

അര്‍ബുദം വിഴുങ്ങിയ നാട്

വയനാട്ടില്‍ അര്‍ബുദരോഗികളുടെ എണ്ണം നാള്‍ക്കുന്നാള്‍ കൂടുകയാണ്. അര്‍ബുദ രോഗികളെല്ലാം ഇപ്പോള്‍ ചുരമിറങ്ങുകയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിനെയുമാണ് ഇവര്‍ സമീപിക്കുന്നത്. മരുന്ന് വാങ്ങുന്നതിനും യാത്ര ചെലവിനും വന്‍തുകയാണ് അര്‍ബുദരോഗികള്‍ക്ക് വേണ്ടിവരുന്നത്. കര്‍ഷകരടക്കമുള്ള നിര്‍ധനരായ കുടുംബങ്ങള്‍ ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ഇതിനുവേണ്ടി ഇറങ്ങുന്നത്.

കേരളത്തില്‍ ഏറ്റവും അധികം കാന്‍സര്‍ ബാധിതരുള്ളത് വയനാട്ടിലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ഷിക മേഖലയിലെ അമിതമായ രാസകീടനാശിനികളുടെ ഉപയോഗം ഇതിനു കാരണമാണെന്ന നിഗമനവുമുണ്ട്. ആരോഗ്യവകുപ്പും കാന്‍സര്‍ ഇന്‍സറ്റിറ്റിയൂട്ടും ഇവിടെ കൂടുതല്‍ പഠനം നടത്തിവരികയാണ്.


വയനാട്ടിലെ തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളിലാണ് അര്‍ബു രോഗികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ക്രമാതീതമായ വര്‍ദ്ധനവ് കാണിക്കുന്നത്. രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് പലരും ഇതറിയുന്നത്. പിന്നീട് ദൂരെയുള്ള ആസ്പത്രികളില്‍ എത്തിക്കുമ്പോഴേക്കും ചികിത്സിച്ച് ഭേദമാക്കുന്നതിനം അപ്പുറത്തേക്ക് രോഗം പടര്‍ന്നുകഴിഞ്ഞിരിക്കും.

വീട്ടില്‍ തിരിച്ചെത്തുന്ന ഇവരുടെ പിന്നീടുള്ള നാളുകള്‍ ദയനീയമാണ്.പാലിയേറ്റീവ് കെയര്‍യൂണിറ്റ് പ്രവര്‍ത്തകര്‍ നല്‍കുന്ന സാന്ത്വനം മാത്രമാണ് ഇവര്‍ക്ക് ആശാസം. കീമോതൊറാപ്പിക്കും മറ്റും ചുരമിറങ്ങി പോകാന്‍ കഴിയാതെ നിസ്സഹായരായി വീടിനുള്ളില്‍ കഴിയേണ്ട ഗതികേടും സാധാരണമായിരിക്കുന്നു.

2005 ല്‍ വടക്കേവയനാട്ടിലെ തവിഞ്ഞാല്‍ എന്ന ഗ്രാമത്തില്‍ മാത്രം 138 അര്‍ബുദരോഗികളെ ഒരു സര്‍വെയില്‍ കണ്ടെത്തിയ. 2014 എത്തിയപ്പോഴേക്കും വയനാട്ടില്‍ മൊത്തം ഏഴായിരത്തോളം അര്‍ബുദ രോഗബാധിതരെയാണ് കണ്ടെത്തിയത്. 2003 ല്‍ ജില്ലയില്‍ തുടങ്ങിയ പാലിയേറ്റീവ് കെയര്‍ സംരംഭത്തിന് ഇപ്പോള്‍ 20 യൂണിറ്റുകളുണ്ട്. ഇവിടെ 6896 അര്‍ബുദ രോഗികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവരുടെ ചികിത്സയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആസ്പത്രികളിലും തിരുവനന്തപുരത്തുള്ള ആര്‍ സി സിയിലുമാണ് നടക്കുന്നത്.

കല്‍പ്പറ്റയിലെ ഒരു ക്ലൂനിക്കില്‍ മാത്രം 2009-2014 കാലഘട്ടത്തില്‍ 486 അര്‍ബുദരോഗികള്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. പാലീയേറ്റീവില്‍ പരിചരണം തേടി വരുന്നവരില്‍ മുക്കാല്‍ ഭാഗത്തോളം അര്‍ബുദ രോഗികളാണെന്ന കാര്യവും ഞെട്ടിപ്പിക്കുന്നതാണ്. ഇത്രമാത്രം അര്‍ബുദ രോഗികളുള്ള വയനാട്ടില്‍ ഇവര്‍ക്കായുള്ള ആസ്പത്രി ഒന്നുമില്ല.

നല്ലൂര്‍നാട്ടില്‍ ആദിവാസികള്‍ക്കായുള്ള ആസ്പത്രി ആരോഗ്യവകുപ്പിന് കൈമാറുകയും ഇവിടെ അര്‍ബുദ രോഗികള്‍ക്കായുള്ള കൊബോള്‍ട്ട് ചികിത്സ തുടങ്ങാനും തീരുമാനമായിരുന്നു. ഇതെല്ലാം ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഫലപ്രദമായ കാന്‍സര്‍ ചികിത്സ നല്‍കാന്‍ ഈ സ്ഥാപനത്തിന് കഴിയില്ല. ഇത്രയധികം രോഗികളുടെ ബാഹുല്യമുള്ള ജില്ലയില്‍ മെഡിക്കല്‍ കോളേജ് തന്നെയാണ് വരേണ്ടത്.

കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നാലായിരത്തോളം അര്‍ബുദ രോഗികളാണ് ഒരേസമയം ചികിത്സതേടുന്നത്. വയനാട്ടില്‍ നിന്നുള്ളവരാണ് ഇതില്‍ അധികം പേരും. കിടത്തി ചികിത്സിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ രോഗികളെ മരുന്ന് നല്‍കിവീട്ടിലേക്ക് പറഞ്ഞു വിടുകയല്ലാതെ ഇവര്‍ക്കും മറ്റു നിവര്‍ത്തികളില്ല.

ഇതിനിടെ നിസ്സഹായരായി പോവുകയാണ് രോഗികളും അവരുടെ വീട്ടുകാരും. ഒരോ ഗ്രാമത്തിനും ഇത്തരത്തിലുള്ള കദനകഥകള്‍ ഇന്ന് പതിവായിരിക്കുന്നു.

ആദിവാസികളായ അര്‍ബുദ രോഗികളുടെ കാര്യമാണ് ഏറെ കഷ്ടം. വീടിനുള്ളില്‍ വേദന തിന്ന് പൊരുതുകയാണ് നിരവധി പേര്‍. യാത്രാ ചെലവിന് പോലും പണമില്ലാതെ മരണത്തിന് കീഴടങ്ങുന്നവരുടെ ദുരിതങ്ങള്‍ കാണാനും ആരുമില്ല.

ആമാശയ കാന്‍സര്‍, സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം, കരള്‍ കാന്‍സര്‍, വായിലെ കാന്‍സര്‍, ലിംഫോമ എന്നിവയാണ് വയനാട്ടില്‍ കൂടുതലായി കാണപ്പെടുന്നത്. കാര്‍ഷിക വികസന ബാങ്ക് ഫാര്‍മേഴ്‌സ് ക്ലൂബ്ബ് 2009 മുതല്‍ 2013 വരെ ജില്ലയില്‍ അര്‍ബുദ രോഗികളുടെ സര്‍വെ നടത്തിയിട്ടുണ്ട്. മെഡിക്കല്‍ കേളേജിലെ ഡോക്ടര്‍ അടക്കമുള്ളവരുടെ നേതൃത്ത്വത്തില്‍ നടന്ന പഠനങ്ങളിലെല്ലാം വയനാടിന്റെ അര്‍ബുദ രോഗവ്യപാനം അമ്പരിപ്പിക്കുന്നതായിരുന്നു.

ഈ അവസ്ഥയില്‍ മെഡിക്കല്‍ കോളേജിനെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയാണ് വയനാട് ജനത ഉണരുന്നത്.

ജീവന്‍ നഷ്ടമായവരുടെ ഓര്‍മ്മകള്‍

ചുരമിറങ്ങി ആസ്പത്രിയിലേക്കുള്ള യാത്രയില്‍ പ്രതിവര്‍ഷം ഇരുന്നൂറിലധികം പേര്‍ മരണമയുന്നതായണ് കണക്ക്. ആംബുലന്‍സിലും മറ്റു വാഹനങ്ങളിലും പൊലിഞ്ഞുപോയ ഒട്ടേറെ പേരുടെ കുടംബങ്ങളുടെ പ്രാര്‍ത്ഥനകൂടിയാണ് ഒരു മെഡിക്കല്‍ കോളേജ് വയനാട്ടില്‍ വരണമെന്നുള്ളത്.

ആദ്യം വയനാട്ടില്‍ ശ്രീചിത്ര സെന്റര്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. സ്ഥലമെടുപ്പ് വിവാദങ്ങളില്‍ മുറുകി ഇപ്പോള്‍ ശ്രീചിത്ര സെന്റര്‍ നഷ്ടമായ അവസ്ഥയാണുള്ളത്. പിന്നീട് മെഡിക്കല്‍ കേളജ് അനുവദിക്കാനുള്ള തീരുമാനത്തിനും സ്ഥലം കിട്ടാനില്ല എന്നത് തടസ്സമായി.

ഈ സാഹചര്യത്തിലാണ് പൊന്നും വിലയുള്ള കല്‍പ്പറ്റയില്‍ നിന്നും വിളിപ്പാടകലെയുള്ള ഭൂമി ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കാന്‍ തയ്യാറായത്. സ്വാകാര്യ ലോബികള്‍ ഇതിനെയും തട്ടിതെറിപ്പിക്കുകയാണ്. വയനാടിന്റെ വികസനത്തിന് എന്നും നേരിടുന്ന തടസ്സവാദങ്ങള്‍ ഒരു നാടിന്റെ സ്വപ്‌നങ്ങളെയാണ് തകര്‍ക്കുന്നത്.



1

 

ga