ഇന്ത്യ ലക്ഷ്യമിടുന്നത് 23 ലോകോത്തര സര്‍വകലാശാലകള്‍

ഡോ.ടി.പി. സേതുമാധവന്‍ Posted on: 16 Jan 2015


രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (FICCI) പുറത്തിറക്കിയ വിഷന്‍ 2030 ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രശ്‌നങ്ങള്‍, സാധ്യതകള്‍ എന്നിവയിലേയ്ക്ക് വിരല്‍ചൂണ്ടുന്നു.

കേന്ദ്രമാനവശേഷി, സ്‌കില്‍ ഡെവലപ്‌മെന്റ് സംരംഭകത്വ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റില്‍ 2030 ഓടെ ഇന്ത്യന്‍ സര്‍വ്വകലാശാലകളെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവുകേന്ദ്രങ്ങളാക്കാനുള്ള നിരവധി പ്രായോഗിക നിര്‍ദ്ദേശങ്ങളുണ്ട്. സുസ്ഥിര ഭരണം, നേതൃത്വം, സാമ്പത്തിക സുസ്ഥിരത, തൊഴില്‍, സംരംഭകത്വം. ഗവേഷണം, വിദേശ വിദ്യാഭ്യാസം എന്നിവയ്ക്ക് വിഷന്‍ 2030 ഊന്നല്‍ നല്‍കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളെ ഗവേഷണം, തൊഴില്‍ ലക്ഷ്യമിട്ടുള്ളവ, പ്രാഥമിക കോഴ്‌സുകള്‍ നടത്തുന്നവ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 750 സര്‍വ്വകലാശാലകളിലും 47000 കോളേജുകളിലുമായി 30 ദശലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠിയ്ക്കുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേഖലയായി മാറിക്കഴിഞ്ഞു. രാജ്യത്തെ 38 ശതമാനം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിയ്ക്കുമ്പോള്‍ 62 ശതമാനം വിദ്യാര്‍ത്ഥികളും സ്വകാര്യ മേഖലയെ ആശ്രയിക്കുന്നു. 35 ശതമാനം വിദ്യാര്‍ത്ഥികള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും 3 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് പഠിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് (18-23 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍) 'ഗ്രോസ് എന്‍റോള്‍മെന്റ് റേറ്റ്' (ജി.ഇ.ആര്‍) 21 ശതമാനമാണ്.

വരുന്ന പത്തുവര്‍ഷക്കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അഞ്ചുകോടി കവിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കുറഞ്ഞ ജി.ഇ.ആര്‍, കുറയുന്ന ഗൂണനിലവാരം, അദ്ധ്യാപകരുടെ ക്ഷാമം, കുറയുന്ന ഗവേഷണഫലങ്ങള്‍, മികവ് എന്നിവ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളില്‍ ചിലതാണ്. ലോകത്തെ 200 മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒരിന്ത്യന്‍ സര്‍വ്വകലാശാല പോലുമില്ലെന്നത് എടുത്തു പറയത്തക്ക വസ്തുതയാണ്.

രാജ്യത്തെ 60 ശതമാനം ബിരുദ വിദ്യാര്‍ത്ഥികളും പരമ്പരാഗത കോഴ്‌സുകളാണ് പഠിക്കുന്നത്. സേവന മേഖലകള്‍ക്കിണങ്ങിയ കോഴ്‌സുകള്‍ പഠിയ്ക്കുന്നവര്‍ കേവലം 24 ശതമാനം മാത്രമാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ശരാശരി വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം ഇന്ത്യയില്‍ 24 ആണ്. അമേരിക്ക, ചൈന, സ്വീഡന്‍, ബ്രസീല്‍, യൂ.കെ. എന്നിവയിലിത് യഥാക്രമം 13.5, 16.8, 9.5, 22.2, 18 എന്നിങ്ങനെ ആണ്. യു.ജി.സി. നിഷ്‌ക്കര്‍ഷിക്കുന്ന എന്‍.എ.എ.സി. അംഗീകാരമുള്ള കോളേജുകള്‍ ഇന്ത്യയില്‍ 14.5 ശതമാനം മാത്രമേയുള്ളു. യൂണിവേഴ്‌സിറ്റികളാണെങ്കില്‍ 31 ശതമാനവും!

ഗുണനിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങളുടെ കാര്യത്തിലും രാജ്യം ഏറെ പിറകിലാണ്. അടുത്തയിടെ ആഗ്ര സര്‍വ്വകലാശാല 55 ഗവേഷണ പ്രബന്ധങ്ങള്‍ കോപ്പിയടിച്ചതാണെന്ന് കണ്ടെത്തി അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. 2005-2013 കാലയളവില്‍ ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ 27 ശതമാനം ഗവേഷകര്‍ മാത്രമേയുള്ളൂ. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം ചൈനയില്‍ 1.1 ശതമാനവും ഇന്ത്യയില്‍ 0.8 ശതമാനവുമാണ്. ഗവേഷണ ലേഖനങ്ങളുടെ 'ഇംപാക്ട് ഫാക്ടര്‍' ഇന്ത്യയില്‍ 0.5 ആണെങ്കില്‍, ചൈനയില്‍ 0.6 ആണ്. യു.കെ.യിലിത് 1.24 ആണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2001 - 2014 കാലയളവില്‍ 43 ശതമാനത്തില്‍ നിന്ന് 64 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ എണ്ണം 33 ല്‍ നിന്നും 62 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്യു.എസ്. റാങ്കിങില്‍ ഐ.ഐ.ടി. മുബൈയ്ക്ക് 227 -ാം സ്ഥാനമാണുള്ളത്. 11 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ക്യു.എസ്. റാങ്കിങിലുണ്ട്. പക്ഷെ, ഇവയെല്ലാം 200 ന് മുകളിലാണ്.

2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ഏഴ് കോടി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ജി.ഇ.ആര്‍. 50 ശതമാനമായി ഉയരുമെന്നും കണക്കാക്കിയിട്ടുണ്ട്. ഇന്ത്യയിലെ 23 സര്‍വ്വകലാശാലകള്‍ ലോകത്തെ മികച്ച 200 സര്‍വ്വകലാശാലകളുടെ പട്ടികയില്‍ വരും ആറ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഈ കാലയളവില്‍ നോബല്‍ സമ്മാനം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുമെന്നും, 20 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വ്വകലാശാലകളില്‍ എത്തുമെന്നും വിഷന്‍ 2030 വിലയിരുത്തുന്നു.

ഇന്ത്യയില്‍ 28 വയസ്സിന് താഴെയുള്ള യുവാക്കളുടെ എണ്ണം 51 ശതമാനത്തിന് മേലാണ്. വിഷന്‍ 2030 സാക്ഷാത്കരിക്കാന്‍ നിരവധി നടപടികള്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക്ക്, ഭരണപരം, സാമ്പത്തികം എന്നിവയില്‍ സ്വതന്ത്രാധികാരം ആവശ്യമാണ്. സുതാര്യത, വൈവിദ്ധ്യം, സ്വാതന്ത്ര്യം എന്നിവ അംഗീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാവണം. ഗുണനിലവാരം ഉറപ്പു വരുത്താന്‍ ഭാവനാപരം, ഇന്നവേഷന്‍, നേതൃത്വം എന്നിവ അത്യന്താപേക്ഷിതമാണ്.

ഗവേഷണത്തിന് കൂടുതല്‍ തുക വകയിരുത്താനും, മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ് നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ പദ്ധതിയിലുണ്ട്. വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും, ഗുണനിലവാരമുള്ള മികച്ച സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസ്സ് തുടങ്ങാന്‍ അനുവാദം നല്‍കണമെന്നും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളെയും ഇന്ത്യയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാന്‍ പ്രേരിപ്പിക്കണമെന്നും വിഷന്‍ 2030 വിഭാവനം ചെയ്യുന്നു.

നളന്ദ, തക്ഷശില, സര്‍വ്വകലാശാലകള്‍ വികസിച്ചത് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ വികസനം നടപ്പിലാക്കിയാണ്. സാമൂഹിക പ്രതിബന്ധതയോടെയുള്ള പ്രവര്‍ത്തനം സര്‍വ്വകലാശാലകളില്‍ ഗുണനിലവാരമുള്ള ഗവേഷണത്തിന് വഴിയൊരുക്കും.

ആഗോള വെല്ലുവിളി നേരിടാനും 'മേക്ക് ഇന്‍ ഇന്ത്യ' എന്ന ആശയം പ്രാവര്‍ത്തികമാക്കാനും, ഗവേഷണം, തൊഴില്‍ ലഭ്യത, സംരംഭകത്വം എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ ഊന്നല്‍ നല്‍കണം. (ലേഖകന്‍ വിദ്യാഭ്യാസ വിദഗ്ദനും, വെറ്ററിനറി സര്‍വ്വകലാശാല എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ഡയറക്ടറുമാണ്)

ലേഖകന്റെ ഈമെയില്‍ വിലാസം: tpsethu2000@gmail.com



1

 

ga