'ഞാന്‍ മൊകേരിയെ കണ്ടിട്ടില്ല!'

ജ്യോതിഷ വി.ജെ. Posted on: 24 Dec 2014

ജയചന്ദ്രന്‍ മൊകേരിയെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ഞങ്ങള്‍ക്കൊരു പൊതുസുഹൃത്തുണ്ട്: ഫേസ്ബുക്ക്. ഒറ്റയ്ക്ക്, കടലിലേക്ക് കണ്ണുംനട്ട് ഇരിപ്പുണ്ട് അവിടെ ജയന്‍. വടകരയിലെ മൊകേരി സ്വദേശിയാണ് ജയചന്ദ്രന്‍

ജയചന്ദ്രന്റെ പേര് ഈയടുത്തായി പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. എട്ട് മാസമായി മാലദ്വീപിലെ ജയിലില്‍ കഴിയുന്ന ജയചന്ദ്രന്റെ മോചനത്തിനായി മുറവിളികള്‍ ഉയരുന്ന സമയം. ഭാര്യ ജ്യോതി കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ കാണുകയുണ്ടായി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ വിഷയം ലോകസഭയിലും ഉന്നയിച്ചു.

ആറര വര്‍ഷമായി മാലദ്വീപില്‍ അധ്യാപകനായ ജയചന്ദ്രനെ, സ്വന്തം ക്ലാസിലെ ഒരാണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് സ്‌കൂള്‍ അധികൃതര്‍ കൊടുത്ത പരാതിയിന്മേല്‍ പോലീസ് കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്കകം കുട്ടി മാതാപിതാക്കളോടൊപ്പം വന്ന് ലൈംഗികപീഡനം ഉണ്ടായിട്ടില്ല എന്ന് എഴുതിക്കൊടുത്തുവത്രെ. എന്നിട്ടും ജയചന്ദ്രന് മോചനം ലഭിച്ചിട്ടില്ല. അറസ്റ്റ് നടന്ന് ഇത്ര നാള്‍ കഴിഞ്ഞിട്ടും ഔദ്യോഗികമായി ഒരറിയിപ്പും കിട്ടിയിട്ടില്ല എന്നുകൂടി ജയചന്ദ്രന്റെ കുടുംബവും കൂട്ടുകാരും പറയുന്നു, ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരും യാതൊരു വിവരവും നല്‍കിയിട്ടില്ല.

നമുക്ക് ഇന്ന് അറിയാവുന്നതെല്ലാം അനൗദ്യോഗിക കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ മാത്രം. പത്തുവയസ്സ് പ്രായമുള്ള ഒരാണ്‍കുട്ടിയെ കുട്ടികള്‍ നിറഞ്ഞിരിക്കുന്ന ഒരു ക്ലാസ്മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നതാണാ വിവരം. അതും പത്തുവര്‍ഷത്തിലേറെക്കാലം വടകരയിലെ മൊകേരിയില്‍ ഒരു പാരലല്‍ കോളേജ് നടത്തിയ അധ്യാപകന്‍. ഇതേ അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും അവസാനം വന്ന വിവരം അതിനേക്കാള്‍ വ്യാകുലത സൃഷ്ടിക്കുന്നതാണ്. എഴുത്തിന്റെ പേരില്‍ ജയചന്ദ്രന് മേല്‍ ദേശദ്രോഹക്കുറ്റം കൂടി ചുമത്താന്‍ പോകുന്നു.

ഞാന്‍ നേരെ ചെന്നു, ജയചന്ദ്രന്‍ മാഷുടെ ഫെയ്‌സ്ബുക്ക് പേജിലേക്ക്. നിരവധി പോസ്റ്റുകള്‍ നമ്മളില്‍ പലരെയും പോലെ ജയചന്ദ്രന്റെ ടൈംലൈന്‍ പ്രത്യേക സദസ്സുകളെ ഉദ്ദേശിച്ചുള്ള ഒന്നല്ല. അവിടെ ചിലര്‍ക്കായി മാത്രം കാഴ്ചയെ ഒതുക്കിവെയ്ക്കുന്നതിന്റെ വിരസതയില്ല. ജയചന്ദ്രന്‍ എഴുതിയ ഒട്ടേറെ ലേഖനങ്ങളിലേക്കുള്ള ലിങ്കും അതിലുണ്ടായിരുന്നു.

ചുണ്ടിന്മേല്‍ വിരല്‍വെച്ച് നില്‍ക്കുന്ന ഒരു യുവതി: 'മാലിയിലെ സ്ത്രീകള്‍ നിശ്ശബ്ദരല്ല'. കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു തലക്കെട്ട്. ഞാനാ ലിങ്കില്‍ വിരലമര്‍ത്തി. സ്ത്രീയോടെന്നും ആരാധനയാണ്, നിശ്ശബ്ദരല്ലാത്ത സ്ത്രീകളോട് പ്രത്യേകിച്ചും. അതിനാല്‍ കണ്ണെടുക്കാതെ ഞാനാ ലേഖനം വായിച്ചുതീര്‍ത്തു. 'നാലാമിടം' എന്ന ഓണ്‍ലൈന്‍ മാസികയ്ക്കുവേണ്ടി ജയചന്ദ്രന്‍ എഴുതിയ മൂന്ന് ലേഖനങ്ങളില്‍ അവസാനത്തേതാണ് ഇത്. പിന്നാലെ 'കടല്‍നീലം' എന്ന് പേരിട്ട ആ പംക്തിയിലെ മറ്റു രണ്ടു ലേഖനങ്ങളും.

തിരിച്ചു ഹോംപേജില്‍ എത്തിയ ഞാന്‍ വര്‍ഷങ്ങളുടെ വിസ്തൃതിയില്‍ ജയചന്ദ്രന്‍ മാഷ് കുറിച്ചിട്ട അനേകം ലേഖനങ്ങളും വാര്‍ത്തകളും അഭിപ്രായങ്ങളും വായിച്ചു. ആ പേജില്‍നിന്ന് പോകുംമുമ്പേ അവസാനമായി ഒരു ക്ലിക്ക് കൂടി...Add Friend

സുഹൃത്തായി സ്വീകരിക്കപ്പെടും എന്നെനിക്കുറപ്പാണ്.

ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കമായ കൗതുകത്തോടെയാണ് മാലിയിലെ കാഴ്ചകള്‍ ജയചന്ദ്രന്‍ ലോകത്തിനു മുന്നില്‍ തുറന്നിടുന്നത്. അപരിചിതമായ ഒരു സമൂഹത്തെ ജയചന്ദ്രന്‍ നിരീക്ഷിക്കുകയും അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നതു കാണാം. താരതമ്യങ്ങളോ തരംതാഴ്ത്തലുകളോ ഇല്ല. ആകാശസീമയില്‍ അലിഞ്ഞുചേരുന്ന കടലിനെ നോക്കി ഒറ്റയ്ക്കിരിക്കാന്‍ കഴിയുന്ന തരം കൗതുകം. ഓരോ പ്രഭാതത്തിലും, ഓരോ മനുഷ്യനിലും ഒരു കഥയുണ്ടെന്ന കൗതുകം.

'കടല്‍നീലം' എന്ന പംക്തി ഇങ്ങനെ അവസാനിക്കുന്നു.

'ദ്വീപില്‍ ഞാന്‍ കണ്ട ആരിലും നമ്മുടെ നാട്ടില്‍ വേരൂന്നിയ ലൈംഗികതയെ കുറിച്ച കപട സദാചാര പ്രഖ്യാപനങ്ങള്‍ ഇല്ല . വിശപ്പ് മാറാത്തവന്റെ ആര്‍ത്തിയുമില്ല. രതി അവര്‍ ശബ്ദഘോഷമില്ലാതെ ആഘോഷിക്കുന്ന വിരുന്നാണ്. നമ്മുടേത് പോലെ അടിച്ചമര്‍ത്തപ്പെട്ട മനസ്സിന്റെ കുടുസ്സുമുറിയില്‍ ഞെളുപിരികൊണ്ട് പഴുത്ത് വ്രണവും ചലവുമായി പുറത്തേക്ക് വമിക്കുന്ന ദുര്‍ഗന്ധത്തിന്റെ ലാവയല്ല ഇവരുടെ ലൈംഗിക പ്രകടനം. മറിച്ച് ഒരു ഭാരമില്ലാതെ ജീവിതത്തെ കാണാന്‍ വെമ്പുന്നവരുടെ സ്‌നേഹവസന്തം ആണത്. രതി ഒരര്‍ഥത്തില്‍ അവരുടെ ആത്മസാക്ഷാല്‍ക്കാരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി ആണ്'.


ഒരിക്കല്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ മാലിദ്വീപുകാരിയെ ഓര്‍ത്തുപോകുന്നു. നിഖാബണിഞ്ഞ ഒരു യുവതി. അവളുടെ വിവാഹം കഴിഞ്ഞ ആഴ്ചയായിരുന്നു. ഭര്‍ത്താവ് യൂറോപ്പില്‍ പഠിക്കുന്നു. യുവതി ഇന്ത്യയില്‍ ദന്തവൈദ്യ വിദ്യാര്‍ത്ഥിനി. സാമാന്യ മലയാളിയുടെ ചിന്തയിലെ അടുത്ത ചോദ്യം ഞാനും ചോദിച്ചു. പ്രണയവിവാഹമായിരുന്നോ? ചോദ്യത്തില്‍ പുതുമ ഒന്നും ഇല്ലാത്തപോലെ യുവതി തുടര്‍ന്നു. മാലിയില്‍ വിവാഹം പ്രണയത്തിലൂടെ മാത്രം. സ്വന്തം ഇഷ്ടത്തിന് ചേരുന്ന ഒരാളെ കണ്ടുകിട്ടുമ്പോള്‍ ദ്വീപുകാര്‍ വിവാഹം ചെയ്യുന്നു.

ജയചന്ദ്രന്‍ മൊകേരി എഴുതുന്നതും ഇതുതന്നെ. യുവതി പറഞ്ഞ സ്വാതന്ത്ര്യവും ലിംഗസമത്വവും ഈ കൊച്ചുദ്വീപിലെ മനോഹരക്കാഴ്ചയായി അദ്ദേഹം എഴുതുന്നു. മാലിയിലെ സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം ഉപേക്ഷിക്കുകയും ചെയ്യുന്നു. സ്‌നേഹരഹിതമായ വിവാഹങ്ങള്‍ ഇവിടെ കുറവാണ്. സ്‌നേഹം ഇല്ലാതാവുമ്പോള്‍ വിവാഹങ്ങള്‍ക്കും മാലിക്കാര്‍ വിരാമമിടുന്നു.

മാലിയില്‍ വിവാഹങ്ങള്‍ പ്രസ്വവും സുന്ദരവുമാണ് എന്ന് ജയചന്ദ്രന്‍ മാഷ് എഴുതുന്നു. ഇവിടെ വിവാഹങ്ങള്‍ വ്യക്തിക്കായാണ്, വ്യക്തിസ്വാതന്ത്ര്യത്തിനാലാണ്. വിവാഹമോചനത്തിനുശേഷവും കുട്ടികളെ ഇവര്‍ പൊതുവായിതന്നെ ശ്രദ്ധിക്കുന്നു. ഒരിക്കല്‍ ഏഴുതവണ വിവാഹമോചനം നേടിയ ഒരാള്‍ എട്ടാമതും വീണ്ടും ആദ്യഭാര്യയെതന്നെ വിവാഹം കഴിച്ചു. ഉടനെത്തന്നെ പിരിയുകയും ചെയ്തു. തന്റെ വിദ്യാര്‍ത്ഥികളില്‍ പലരും പൊടുന്നനെ സഹോദരീ സഹോദരന്മാരാവുകയും അല്ലാതാവുകയും ചെയ്യാറുണ്ടെന്നും മാഷെഴുതുന്നു. ഒറ്റയ്ക്കും കുഞ്ഞുങ്ങളെ വളര്‍ത്തുന്ന അമ്മമാര്‍ സുലഭം. 'Open marriage' എന്ന പേരില്‍ മലയാളി പരിചിതനായിവരുന്ന, സ്വതന്ത്രമായ, നിഷ്‌കര്‍ഷയില്ലാത്ത വൈവാഹിക രീതിയും ഇവിടെ സര്‍വ്വസാധാരണം.

ഇതൊക്കെയാണെങ്കിലും തങ്ങളെപ്പോലെ ചിന്തിക്കാത്ത വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ളവരെ ചിലപ്പോഴെങ്കിലും മാലിക്കാര്‍ സംശയദൃഷ്ടിയോടെ കണ്ടേക്കാം. മാലിയിലെ തന്റെ മുതലാളിയുടെ ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്തിയിരുന്ന ഒരു ബംഗ്ലാദേശ് സ്വദേശിയുടെ ലിംഗം വിച്ഛേദിച്ച സംഭവം മാഷ് എഴുതിയിട്ടുണ്ട്.

മാലിയുടെ സാമൂഹിക, സാംസ്‌കാരിക ജീവിതത്തില്‍ സ്ത്രീകള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നു. ഉറക്കെ സംസാരിക്കുകയും അതിശക്തമായി വാദിക്കുകയും ചെയ്യുന്ന ഇവരെ ആരും പരിഹസിച്ചു കണ്ടിട്ടില്ലെന്നും മാഷ് പറയുന്നു. വിവാഹമോചനങ്ങളില്‍ നീണ്ട കോടതി യുദ്ധങ്ങളില്ല. വെറുപ്പും ദേഷ്യവും ഇല്ല. വിവാഹമോചനത്തിനുശേഷവും ഇവര്‍ നല്ല സുഹൃത്തുക്കളായി തുടരുന്നു. ഹൃദയത്തില്‍നിന്നുള്ള ബന്ധങ്ങള്‍ അങ്ങനെയാണെന്ന് നമ്മില്‍ പലരും സമ്മതിക്കും. വേര്‍പെടാന്‍ നിശ്ചയിച്ചശേഷവും നാം നമ്മുടെ പങ്കാളിയെ എങ്ങനെ പരിഗണിക്കുന്നു എന്നതു തികച്ചും വ്യക്തിപരം. എന്നാല്‍ നമ്മുടേതല്ലെങ്കിലും നാമെത്രത്തോളം ആദരവ് അവര്‍ക്കായി നല്‍കുന്നു എന്നത് നമ്മുടെ സാമൂഹികവും മാനുഷികവുമായ മൂല്യങ്ങളുടെ സാക്ഷ്യപത്രമാകുന്നു.

'മാലിയിലെ സ്ത്രീകള്‍ നന്നായി പുകവലിക്കും. അവര്‍ മറ്റു സ്ത്രീകളോടും പുരുഷന്മാരോടും ഒത്ത് തെരുവോരങ്ങളില്‍ ഇരുന്ന് ചീട്ടുകളിക്കുന്നതും ഹുക്ക വലിക്കുന്നതും കാണാം. വൈകുന്നേരങ്ങളില്‍ 'ബാഷിബോള്‍' എന്ന കളി ആസ്വദിച്ച് കളിക്കും. പരസ്പരം തെറിയഭിഷേകം നടത്തുകയും പതിവാണ്. എന്നാല്‍ ഇതിന്റെ പേരില്‍ വെറുപ്പോ വിദ്വേഷമോ ഞാന്‍ കണ്ടിട്ടില്ല'-മാഷെഴുതുന്നു. മാലിയുടെ തീരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതും ഇവിടുത്തെ സ്ത്രീകള്‍ തന്നെ. മാലിക്കല്യാണങ്ങള്‍ അറബിക്കല്യാണങ്ങള്‍ പോലെയല്ലെന്നും മാഷെഴുതുന്നുണ്ട്. സാമൂഹിക, സാംസ്‌കാരിക വ്യത്യാസങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും ഇവിടുത്തെ മലയാളി വധുക്കള്‍ സാമാന്യം തരക്കേടില്ലാതെ തന്നെ ജീവിച്ചുപോരുന്നു.

മാലി എന്ന ചെറിയ ദ്വീപസമൂഹത്തില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ടെന്ന് മാഷ് അഭിപ്രായപ്പെടുന്നു പൊതുവെ സമാധാനപ്രിയരായ ഇവരുടെ 'അഹിംസ', ഇവരുടെ വൃത്തി, ഇവിടുത്തെ സ്ത്രീകളുടെ സാമൂഹിക സാംസ്‌കാരിക സ്വാതന്ത്ര്യം ഇവയെല്ലാം തന്നെ ദ്വീപിന്റെ വൈശിഷ്ട്യങ്ങളാണ്.

മാലിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുതൊട്ട് മത്സ്യബന്ധനം വരെ മാഷുടെ എഴുത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ചുറ്റുമുള്ള കടല്‍ ഓരോ തിരയിലും ദ്വീപിലേക്ക് കൗതുകവും സൗന്ദര്യവും കൊണ്ടുവന്നു. റീമ കല്ലിങ്കലിന്റെ ചിലവുകുറഞ്ഞ വിവാഹം തൊട്ട് ഹരിതയുടെ സിവില്‍ സര്‍വീസ് വിജയംവരെ മാഷ് സ്ത്രീത്വത്തിന്റെ അനേകഭാവങ്ങളായി കണ്ട് അഭിനന്ദിക്കുന്നുണ്ട്. ഒരിടത്ത് ബ്ലെസിയുടെ 'കളിമണ്ണ്' താന്‍ കാത്തിരിക്കുന്നു എന്നു മാഷെഴുതിയതും കണ്ടു.

ഓരോ പുതിയ ദിവസവും ഓരോ പുതിയ മനുഷ്യനും ജയചന്ദ്രന് ഒരു പുതിയ കഥയായിരുന്നു. പ്രകൃതിയിലും മനുഷ്യനിലും അവന്റെ അനേകായിരം ഭാവപ്പകര്‍ച്ചകളിലും അദ്ദേഹം സൗന്ദര്യം കണ്ടു. അദ്ദേഹത്തിന്റെ എഴുത്ത് തീവ്രമായ ഒരു സാമൂഹിക വിശകലനമല്ല. മറിച്ച് ഒരു കാഴ്ചയാണ്. നിഷ്‌കപടമായ വര്‍ണനയാണ്. നമ്മുടെ സമൂഹത്തിലെ ജീര്‍ണ്ണതയിലേക്ക് അത് ശ്രദ്ധ ക്ഷണിക്കുന്നു.

ആ എഴുത്തിന്റെ ശക്തികൊണ്ടാകാം ഉള്ളില്‍ അറിയാതെ ഒരാക്രോശം മുഴങ്ങും. തന്റെ മനസ്സോ, ശരീരമോ, ചിന്തയോ മലിനമല്ല. എന്നാല്‍, ചുറ്റുവട്ടത്തുള്ള മാലിന്യത്തിന്റെ രൂക്ഷഗന്ധം തന്നില്‍ ആരോപിക്കപ്പെടുന്ന വിചിത്രമായ അവസ്ഥാവിശേഷം സ്വതന്ത്രചിന്താഗതിയുള്ള സ്ത്രീക്കുമാത്രമേ നേരിടേണ്ടി വരുന്നുള്ളൂ. സ്ത്രീ സംസാരിച്ചാല്‍, പുറത്തിറങ്ങിയാല്‍, സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിച്ചാല്‍ അത് സ്വാതന്ത്ര്യമല്ല. സ്ത്രീപക്ഷവാദമാകുന്നു!

ഭര്‍ത്താവിന്റെ മോചനമാവശ്യപ്പെട്ട് ജയച്ചന്ദ്രന്‍ മൊകേരിയുടെ ഭാര്യ ഡല്‍ഹിയില്‍ സംസാരിക്കുന്നു


ജയചന്ദ്രന്റെ ടൈംലൈന്‍ ഇപ്പോള്‍ നിശബ്ദമാണ്. കഴിഞ്ഞ എട്ടുമാസമായി പോസ്റ്റുകളൊന്നുമില്ല. അനൗദ്യോഗിക കേന്ദ്രത്തില്‍നിന്നുള്ള വിവരം അദ്ദേഹത്തിനെതിരെ ദേശദ്രോഹകുറ്റം ചുമത്താന്‍ പോകുന്നു എന്നാണ്. മാലിയില്‍ 20-25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ഞാന്‍ വായിച്ചതിലൊന്നിലും ദേശദ്രോഹം ഇല്ല. പുതിയ ഒരു രാജ്യത്തെ ഒരു കുട്ടിയുടെ നിഷ്‌കളങ്ക കൗതുകത്തോടെ നോക്കിക്കാണുന്ന ഒരു സഹൃദയന്‍ മാത്രമേയുള്ളൂ.

ജയചന്ദ്രന്റെ അവസാനത്തെ പോസ്റ്റ് 2014 മാര്‍ച്ച് 28 നായിരുന്നു. ഏപ്രില്‍ 5 ന് അറസ്റ്റ് ചെയ്യപ്പെട്ടത് തൊട്ട് ഇന്നുവരെ ജയചന്ദ്രന്റെ കുടുംബത്തിനോ, സര്‍ക്കാറിനോ, മാധ്യമങ്ങള്‍ക്കോ അവിടെ സംഭവിച്ചതെന്താണെന്ന് കൃത്യമായി അറിയില്ല. അറസ്റ്റിനു പിന്നാലെ അധ്യാപനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു എന്നും കേള്‍ക്കുന്നു ആറരവര്‍ഷത്തെ അധ്യയനത്തിനുശേഷം ഒരു കേസില്‍ പെട്ടു ജയിലില്‍ കിടക്കുമ്പോള്‍ മറ്റൊരു കാരണം കാണിച്ച് പിരിച്ചുവിട്ടതിന്റെ യുക്തി മനസ്സിലാക്കാന്‍ പ്രയാസം. രാജ്യദ്രോഹപരമായി മറ്റെവിടെയെങ്കിലും എന്തെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ടോ എന്നെനിക്കറിയി. മാലിയിലേക്ക് ജോലിക്കായി ആളുകളെ കൊണ്ടുപോയി വന്‍തുക കമ്മീഷന്‍ കൈപ്പറ്റുന്ന ഏജന്റുമാര്‍ ഉണ്ടെന്നും ഇങ്ങനെ ചെല്ലുന്നവരെ കള്ളക്കേസില്‍ കുടുക്കി തിരിച്ചു വിടുന്ന പതിവുണ്ടെന്നും കേട്ടു. കേസിനാസ്പദമായ സംഭവം നടന്നോ ഇല്ലയോ എന്ന കാര്യവും എനിക്കറിയില്ല. എന്നാല്‍ കുട്ടി പരാതി പിന്‍വലിച്ചു എന്നും അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരു ജയിലില്‍ ഒറ്റയ്ക്കാണ് മാഷിപ്പോള്‍ എന്നും കേള്‍ക്കുന്നു. അതും എനിക്കറിയില്ല. ആകെ അറിയുന്നത് ഒരു പൊതുസുഹൃത്ത് (ഫെയ്‌സ്ബുക്ക്) കാണിച്ചുതന്ന കല്പനാപൂര്‍ണ്ണമായ ഒരു ലോകവും അതിലെ ഒരു മനുഷ്യനെയും മാത്രം.

വസ്തുതകള്‍ എന്താണെങ്കിലും ജയചന്ദ്രന്‍ മൊകേരി എന്ന മനുഷ്യന് നിയമം അനുശാസിക്കുന്ന പരിരക്ഷ ലഭിക്കേണ്ടതുണ്ട്. നമുക്കറിയാവുന്നത് ശരിയാണെങ്കില്‍ ആ ജയില്‍വാസം നിയമവിരുദ്ധമാണ്. അതിന് പിന്നില്‍ മറ്റെന്തൊക്കെയോ കാരണങ്ങള്‍ ഉണ്ടായിരിക്കണം. കുടുംബനാഥനെപ്പറ്റി യാതൊരു വിവരവും ഇല്ലാതെ കഴിയുന്ന ഒരു കുടുംബം ഉണ്ടെന്ന വസ്തുതയും പ്രധാനം. മറ്റൊന്നുമില്ലെങ്കിലും ഒരു സാധാരണപൗരന്റെ അവകാശങ്ങളെങ്കിലും മൊകേരിക്കു കിട്ടേണ്ടതുണ്ട്. സത്യത്തില്‍ മാലദ്വീപ് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തന്റെ സൗന്ദര്യം ലോകത്തിനു മുന്നില്‍ തുറന്നിട്ടതിന്.

മാഷ് ഇപ്പോഴും ഫെയ്‌സ്ബുക്കില്‍ ഉണ്ടായിരുന്നെങ്കില്‍, നില്‍പ്പുസമരവും, ചുംബനസമരവും എല്ലാം ആ ടൈംലൈനില്‍ വരുമായിരുന്നു എന്നെനിക്ക് തോന്നുന്നു. 2013 ഒക്ടോബര്‍ 26 ന് ഉള്ള ഒരു പോസ്റ്റ് ഇങ്ങനെ:

'ഈ അധ്യയനവര്‍ഷത്തെ ക്ലാസുകള്‍ അവസാനിക്കുന്ന ദിവസമായിരുന്നു അന്ന്. നാലാം ക്ലാസ്സിലെ അലി എന്ന കുട്ടി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. പിന്നെ ഓരോരുത്തരായി വന്ന് എന്നെ ആശ്ലേഷിക്കാന്‍ തുടങ്ങി. പലരും അവരുടെ ശരീരം എന്നോട് ചേര്‍ത്ത് നിര്‍ത്താന്‍ വെമ്പും പോലെ എനിക്ക് തോന്നി ! ചിലര്‍ എന്‍റെ കൈയ്യില്‍ മുത്തമിട്ടു. ചിലര്‍ എന്നെ സന്തോഷിപ്പിക്കാന്‍ പാട്ടുപാടി. ഒരാള്‍ ഒരു മിട്ടായി പാതി കടിച്ചെടുത്ത് എന്‍റെ വായില്‍ വെച്ച് തന്നു. ക്ലാസ്സ് വിട്ട് എല്ലാവരും അവരുടെ രക്ഷിതാക്കളുടെ കൂടെ വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ഇറ്റാലിയന്‍ എഴുത്തുകാരനായ ജിയോവന്നി മോസ്‌കയുടെ '' ഘമേെ ഉമ്യ അ േടരവീീഹ ' എന്ന കഥയാണ്. ആ കഥയില്‍ അദ്ധ്യാപക ജോലി ഉപേക്ഷിച്ച് നഗരത്തിലേക്ക് പത്രപ്രവര്‍ത്തകനായി പോകുന്ന മോസ്‌ക തന്റെ അവസാനത്തെ ക്ലാസ്സ് കഴിയുമ്പോള്‍ കുട്ടികളില്‍ നിന്നും നേരിട്ട ചില രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു! ദ്വീപിലെ സ്‌കൂളില്‍ നിന്നും കുട്ടികള്‍ ഒച്ചവെച്ചു പോയപ്പോള്‍ നിശബ്ദമായ സ്‌കൂള്‍ അങ്കണത്തില്‍ മോസ്‌കയെ പോലെ വല്ലാത്ത ഒരേകാന്തത എനിക്കനുഭവപ്പെട്ടു......കൊച്ചുകുട്ടികള്‍ എത്ര നിഷ്‌കളങ്കമായാണ് നമുക്ക് ചുറ്റും ഒരു സുന്ദരലോകം തീര്‍ക്കുന്നത്. അനവദ്യസുന്ദരം ഈ കുഞ്ഞുങ്ങളുടെ കുഞ്ഞു ലോകം'.


എനിക്കറിയാവുന്നിടത്തോളം മൊകേരിയുടെ മൗനം മലയാളത്തിന്റെ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ അടുത്ത പോസ്റ്റിനായി ഞാന്‍ കാത്തിരിക്കുന്നു.
ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് രൂപം ഇവിടെ വായിക്കാം:



1

 

ga