വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിക്കണോ?

ദിലീപ് മമ്പള്ളില്‍ Posted on: 24 Apr 2014

ലോകത്തിന്റെ പല ഭാഗത്തും യുവജനത വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളിലൂടെയും അല്ലാതെയും അതതു രാജ്യങ്ങളിലെ തെറ്റായ സാമുഹ്യവ്യവസ്ഥക്കും അനാചാരങ്ങള്‍ക്കും സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരെ പ്രതികരിച്ചിട്ടുണ്ട്. 1960കളില്‍ അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ണ വിവേചനത്തിനും വിയറ്റ്‌നാം യുദ്ധത്തിനും എതിരെ പ്രതികരിച്ചു. അമേരിക്ക കംബോഡിയയെ ആക്രമിച്ചപ്പോള്‍ അതിനെതിരെ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ തെരുവിലിറങ്ങിയിരുന്നു. രാജ്യത്തിന്റെ ചില താത്പര്യങ്ങളെക്കാള്‍ മാനുഷിക മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം എന്ന് വിദ്യാര്‍ത്ഥികള്‍ കാണിച്ചു തന്നു. 1989 ല്‍ ചൈനയില്‍ ജനാധിപത്യത്തിനും സ്വാതന്ത്രത്തിനും വേണ്ടി വിദ്യാര്‍ത്ഥികള്‍പ്രതികരിച്ചതും തുടര്‍ന്നു ടിയാനന്മെന്‍ സ്‌ക്വയറില്‍ വച്ച് ഉണ്ടായ കൂട്ടക്കൊലയും അറിവുള്ളതാണല്ലോ. ഇന്ത്യയില്‍ അടുത്ത കാലത്ത് നിര്‍ഭയ എന്ന പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടപ്പോള്‍ സ്ത്രീ സുരക്ഷക്കും ശക്തമായ നിയമങ്ങള്‍ക്കും വേണ്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയി. എല്ലാ രാജ്യങ്ങളിലും വിവിധ കാര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെയുള്ള വിദ്യാര്‍ത്ഥിമുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ക്ക് ആ രാജ്യങ്ങളിലെ വിദ്യാഭ്യാസപരമോ സാമുഹ്യപരമോ ആയ കാര്യങ്ങളില്‍ നവ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2020 ആകുമ്പോള്‍ ഇന്ത്യക്കാരില്‍ ഏകദേശം 64 ശതമാനം ശരാശരി 30 വയസുകാരായിരിക്കും എന്നാണു കണക്ക്. അതിനാല്‍തന്നെ ഇന്ത്യയുടെ പുരോഗതിക്കു വേണ്ട നവ ആശയരൂപീകരണത്തില്‍ യുവജനതയുടെ പങ്ക് വളരെ വലുതാണ്.

കാമ്പസുകളിലൂടെ കടന്നുവരുന്ന യുവജനതയില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സ്വാധീനം തീര്‍ച്ചയായും ഉണ്ടാകും. കാലാകാലമായി നമ്മുടെ കാമ്പസുകളില്‍ വിഹരിച്ചു വരുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സങ്കുചിതമായ ചിന്താഗതികളുമായി, രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകള്‍ മാത്രമായി അധ:പതിച്ചു എന്ന് പറയാതെ വയ്യ.
കാമ്പസുകളില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ അഴിഞ്ഞാട്ടം രൂക്ഷമായപ്പോള്‍ പലപ്പോഴും കോടതി ഇടപെടലുകളും ഉണ്ടായി. 2003ലെ സോജന്‍ ഫ്രാന്‍സിസ് കേസിലും തുടര്‍ന്നു വന്ന റിവ്യു ഹര്‍ജികളും കാമ്പസില്‍വിദ്യാര്‍ഥി സംഘടനകളുടെ സമരങ്ങളും പ്രകടനങ്ങളും നിരോധിക്കാന്‍ കോളെജുകള്‍ക്ക് അധികാരമുണ്ടെന്ന് വിധിച്ചിരുന്നു. കാമ്പസുകളിലെ തെരഞ്ഞെടുപ്പു രീതികള്‍ക്ക് ഒരു മാര്‍ഗ്ഗരേഖ ഉണ്ടാക്കാന്‍ 2006ല്‍ നിയോഗിക്കപ്പെട്ട ലിംഗ്‌ദോ കമ്മിറ്റി കാമ്പസുകളില്‍പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പാടില്ല എന്നും പോസ്റ്ററുകള്‍ പതിക്കുന്നതും പ്രകടനങ്ങള്‍ നടത്തുന്നതും നിരോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍അതിനു ശേഷവും ഇന്ത്യയില്‍ പലയിടത്തും വിദ്യാര്‍ഥി സംഘടനകള്‍ കാമ്പസുകളില്‍ പഴയ രീതിയില്‍ വിലസുന്നുണ്ട്. ഈ അവസ്ഥ കണ്ടാണ് കാമ്പസ് രാഷ്ട്രീയത്തിനു നിയന്ത്രണം വേണമെന്ന് ഈ അടുത്ത് കോടതി വീണ്ടും നിര്‍ദ്ദേച്ചത്. കാമ്പസുകളില്‍ കാലാകാലങ്ങളായി നടന്നുവന്ന കലാപങ്ങളും സമരങ്ങളും പഠിപ്പു മുടക്കുകളും ആണ് ഇത്തരത്തില്‍ഒരു വിധിയില്‍ കോടതിയെ എത്തിച്ചത്.

നമ്മുടെ കാമ്പസുകളില്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ പ്രധാന ജോലി സമരം ചെയ്യുക എന്നതാണല്ലോ. അതിനു കാരണം ബസ് ചാര്‍ജു വര്‍ദ്ധിപ്പിച്ചതാകാം, അവരുടെ കൊടി ആരോ കീറിയതാകാം അല്ലെങ്കില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനിടയില്‍ പോലീസിന്റെ അടി കൊണ്ടതാവാം. വിദ്യാര്‍ത്ഥി നേതാവിനെ ഒന്ന് തൊട്ടാല്‍മതി, ക്രൂരമായി മര്‍ദിച്ചു എന്ന മുദ്രാവാക്യങ്ങള്‍ ഉയരും. ഇതേ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തന്നെ വയറ്റിപിഴപ്പിനു വേണ്ടി ജോലി ചെയ്ത പോലിസ് ഉദ്യോഗസ്ഥനെ കാമ്പസില്‍വച്ച് അടിച്ചുകൊന്നവരുമാണ് എന്ന സത്യം മറക്കരുത്. വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ പരസ്പര യുദ്ധത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളും കാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടുണ്ട്. കലാപങ്ങളും സമരങ്ങളും വിദ്യാഭ്യാസ മേഘലയില്‍സമുലമായ മാറ്റങ്ങള്‍ഒന്നും ഉണ്ടാക്കിയില്ലങ്കിലും രക്തസാക്ഷികളെ ഉണ്ടാക്കി ജീവിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് സമരം ചെയ്യലാണ് ജനാധിപത്യത്തില്‍ പൗരന്റെ കടമയെന്നും അതിനു വേണ്ടി മറ്റുള്ളവരുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ വരുത്താം എന്നുമാണ്.

വിദ്യാര്‍ത്ഥികളില്‍ രാഷ്ട്രീയബോധവും പൌരബോധവും ഉണ്ടാക്കും എന്നതാണത്രേ കാമ്പസ് രാഷ്ട്രീയത്തിന്റെ ഗുണം! ഇന്നത്തെ രാഷ്ട്രീയ ബോധം രാഷ്ട്രത്തെക്കുറിച്ചുള്ള ബോധത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചുള്ള ബോധമായി അധ:പതിച്ചിട്ടുണ്ട്. ഈ ബോധമേ വിദ്യാര്‍ത്ഥികളിലും ഉണ്ടാവു. സമരം ചെയ്യാന്‍ പഠിക്കുന്നതും അക്രമം നടത്തി സ്വകാര്യ, പൊതുമുതലുകള്‍നശിപ്പിക്കാന്‍ പഠിക്കുന്നതും ആണോ പൌരബോധം? അല്ലെങ്കില്‍ വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായമുള്ള സഹപാഠികളെ വെറുക്കാന്‍ പഠിക്കുന്നതോ, അവരുടെ അഭിപ്രായങ്ങളെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതോ? രാഷ്ട്രീയ അവബോധം ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മാനവരാശിയുടെ ചരിത്രത്തെക്കുറിച്ചും വിവിധ രാജ്യങ്ങളിലെ സംസ്‌കാരത്തെറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പഠിക്കട്ടെ. മുന്‍വിധിയില്ലാതെ പത്രമാധ്യമങ്ങളിലെ വാര്‍ത്തകള്‍ പഠിക്കട്ടെ; ചര്‍ച്ചകള്‍ നടത്തട്ടെ.
അല്ലെങ്കില്‍ തന്നെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍വിദ്യാഭ്യാസമേഖലക്ക് എന്ത് സംഭാവനയാണ് നല്‍കിയിട്ടുള്ളത്? നമ്മുടെ വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് അതീതമായി അവര്‍പഠിച്ചിട്ടുണ്ടോ? ഇതിനു വേണ്ടി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധന്‍മാരുമായി ചര്‍ച്ചകളും മറ്റും നടത്തിയിട്ടുണ്ടോ? സിലബസുകള്‍ പരിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ബാങ്ക് ധനസഹായം നല്‍കുന്നില്ല എന്ന് പറഞ്ഞു അക്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം ലഭിക്കാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്താനും പ്രായോഗികമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കൊടുക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ? ഇന്ത്യയില്‍ ആവശ്യത്തിനു നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ ഏകദേശം ഒന്നര ലക്ഷം പേര്‍ ഓരോ വര്‍ഷവും വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ പോകുന്നുണ്ട്. ഇതുമൂലം നമ്മുടെ രാജ്യത്തിന് ഓരോ വര്‍ഷവും നഷ്ടമാകുന്നത് ഏകദേശം 6000 കോടി രൂപയാണ്.
വിദ്യാഭ്യാസ കച്ചവടം എന്ന് പറഞ്ഞു സമരം നടത്തിയ സംഘടനകള്‍, ഈ വസ്തുത മനസിലാക്കി, നമ്മുടെ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എങ്ങനെ ലഭ്യമാക്കാം എന്ന് പഠിച്ചിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും നല്ല 200 സര്‍വ്വകലാശാലകളില്‍ഒരൊറ്റ ഇന്ത്യന്‍ സര്‍വ്വകലാശാലയും ഇല്ലന്ന വസ്തുത മനസിലാക്കി അതിന്റെ കാരണങ്ങള്‍ പഠിക്കാനും ഇന്ത്യയിലെ (കേരളത്തിലെ) ഉന്നത വിദ്യാഭ്യാസം ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് പഠനങ്ങളും ചര്‍ച്ചകളും നടത്തുവാനും കഴിഞ്ഞിട്ടുണ്ടോ? സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എതിരെ സമരം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍, പഠനത്തിലും ഗവേഷണത്തിലും പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും നല്ല സര്‍വ്വകലാശാലകള്‍ സ്വകാര്യ മേഘലയില്‍ആണെന്ന് മനസിലാക്കിയിട്ടുണ്ടോ? അല്ലെങ്കില്‍ആ സര്‍വ്വകലാശാലകളുടെ വിജയരഹസ്യം എന്താണെന്ന് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? നമുക്കും അത്തരം സ്ഥാപനങ്ങള്‍എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് പഠിച്ചിട്ടുണ്ടോ?

റാഗിങ്ങ് തുടങ്ങിയ പ്രശ്‌നങ്ങളും വര്‍ഗീയതയും കാമ്പസുകളില്‍നിന്നും അകറ്റാന്‍ കാമ്പസ് രാഷ്ട്രീയം സഹായിക്കും എന്നാണ് മറ്റൊരു വാദം. ഇത് എലിയെ പിടിക്കാന്‍ പുലിയെ വളര്‍ത്തുന്നത് പോലെയാണ്. നമ്മുടെ നാട്ടില്‍ എല്ലാ പ്രശ്‌നങ്ങളിലും (സ്വന്തം അവകാശങ്ങള്‍ പോലും ലഭ്യമാക്കാന്‍) ഒരാള്‍ക്ക് രാഷ്ട്രീയക്കാരുടെ അനുഗ്രഹം ആവശ്യമാണെന്ന സ്ഥിതി ഉള്ളത് കൊണ്ടാവാം, റാഗിങ്ങിനു പരിഹാരവും രാഷ്ട്രീയമാണ് എന്ന് ചിന്തിക്കാന്‍കാരണം. റാഗിങ്ങ് തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാന്‍ ഒരു നല്ല മാര്‍ഗ്ഗം വിദ്യാര്‍ത്ഥി, അധ്യാപക പോലിസിനെ രംഗത്ത് ഇറക്കുക എന്നതാണ്. വേണമെങ്കില്‍ അവര്‍ക്ക് ഒരല്പം പരിശീലനവും കൊടുക്കാം. എല്ലാ കാമ്പസുകളിലും ഒരു വിദ്യാര്‍ത്ഥി, അധ്യാപക പോലിസ് സ്‌റ്റേഷന്‍ എന്തുകൊണ്ട് ആയിക്കൂടാ? ഇവര്‍ക്ക് യഥാര്‍ത്ഥ പോലീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും സൗകര്യം ഒരുക്കാം.

കാമ്പസുകളില്‍ എന്ത് വര്‍ഗീയതയാണ് ഉള്ളത്? കാമ്പസില്‍ മാത്രമല്ല, നാട്ടിലും ഇത്തരത്തില്‍ ഒരു വര്‍ഗീയതയും ഉള്ളതായി എനിക്കറിവില്ല. അടുത്തിരിക്കുന്ന ആള്‍ ഏതു ജാതിയാണ് മതമാണ്എന്നൊന്നും എന്റെ അറിവില്‍ ഒരു വിദ്യാര്‍ഥിയും നോക്കാറില്ല. കേരളത്തിലെ ജനങ്ങള്‍ ജാതിയും മതവും നോക്കുന്ന ഒരേ ഒരവസരം വിവാഹം ചെയ്യുമ്പോള്‍ ആയിരിക്കും. പൊതു സമൂഹത്തില്‍ ജാതിയും മതവും കൊണ്ട് ജനങ്ങളെ വോട്ടിനു വേണ്ടി വിഘടിപ്പിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളും തന്നെയാണ്. ഇവരുടെ അജന്‍ഡകള്‍ തന്നെയാണല്ലോ കുട്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടപ്പാക്കുന്നത്. അല്ലെങ്കിലും മതത്തിന്റെയും ജാതിയുടെയും പേര് വച്ച് വരുന്ന സംഘടനകള്‍ പോലും വര്‍ഗീയതക്കെതിരെ പൊരുതുന്ന നാടാണ് ഇത്. അഴിമതിയില്‍ മുങ്ങി കുളിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു പിടിക്കാന്‍ ഉണ്ടാക്കിയ ഒരു തന്ത്രമാണ് വര്‍ഗീയത എന്ന വിഷയം.

ഇന്ത്യയിലെ ഐ ഐ ടി പോലെയുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാഷ്ട്രീയം ഇല്ല. അതുപോലെ പല നല്ല വിദേശ സര്‍വ്വകലാശാലകളിലും. ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ സംഘടനകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ല. ഇവിടെ നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കഴിവ് തെളിയിച്ചവര്‍ മാത്രമല്ല നേതൃത്വ ഗുണമുള്ളവരും പൊതു വിഷയങ്ങളില്‍ പ്രബുദ്ധരായവരും ആണ്. വിദ്യാര്‍ത്ഥികളുടെ നേതൃത്വ ഗുണവും, പ്രസംഗ പാടവവും, അതുപോലെയുള്ള മറ്റു കഴിവുകളും വികസിപ്പിക്കുന്നതിനു ഗുണ്ടായിസം നടപ്പാക്കുന്ന രാഷ്ട്രീയ സംഘടനകള്‍ ആവശ്യമില്ല എന്നാണ് ഈ സ്ഥാപന ങ്ങള്‍ കാണിച്ചു തരുന്നത്. അതിനു വേണ്ടി വിവിധങ്ങളായ ക്ലബ്ബുകള്‍ഇത്തരം സ്ഥാപനങ്ങളില്‍ ഉണ്ട്. ഉദാഹരണത്തിന്, രാഷ്ട്രീയ ക്ലബ്ബുകള്‍, മോഡല്‍ യുനൈറ്റഡ് നേഷന്‍സ്, മോഡല്‍ പാര്‍ലമെന്റ്, ഡിബേറ്റിങ്ങ് ക്ലബ്ബ്, ഭാഷ പഠന ക്ലബ്ബുകള്‍, കരിയര്‍ ക്ലബ്ബ് എന്നിങ്ങനെ പലതും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ കാമ്പസില്‍ മാത്രം ഒതുങ്ങുന്നതല്ല. പൊതു പ്രവര്‍ത്തനങ്ങള്‍ നടത്താനും സാമുഹ്യ പ്രശ്‌നങ്ങളില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുമെല്ലാം മുന്നിട്ടിറങ്ങുന്ന വിദ്യാര്‍ത്ഥികളുണ്ട്. ഫണ്ടുകള്‍ ശേഖരിച്ചു അവധിക്കാലത്ത്ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളില്‍പോയി സേവനം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ക്ലബ്ബുകള്‍ യുറോപ്യന്‍ സര്‍വ്വകലാശാലകളില്‍ ഉണ്ട്. രാഷ്ട്രീയം ഇല്ലാത്ത ഉന്നത സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന പല വിദ്യാര്‍ഥികളും സ്വന്തമായി ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങുന്നുണ്ട്. ഇതൊക്കെ നേതൃത്വ ഗുണമല്ലേ? സംഘാടക മികവിനെ കുറിച്ച് ഒരു ഉദാഹരണം പറഞ്ഞാല്‍: ഐ ഐ ടി മദ്രാസില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ആയ സാരംഗ്, ഒരു പക്ഷെ ഏഷ്യയിലെ തന്നെ മികച്ചവയില്‍ ഒന്നായിരിക്കും. സമരം ചെയ്തു നടക്കുന്ന നമ്മുടെ കോളേജുകളിലെ കുട്ടി രാഷ്ട്രീയക്കാര്‍ക്ക് ഇത്രയും വലിയ ഒരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനുള്ള നേതൃത്വഗുണം ഉണ്ടോ എന്ന് സംശയമാണ്.

ശരിയാണ്, വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളിലൂടെയാണ് നമ്മുടെ നാട്ടില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ വളര്‍ന്നു വരുന്നത്. സത്യത്തില്‍ ഇതാണ് നമ്മുടെ നാടിന്റെ ശാപവും. ചെറുപ്പത്തിലെ മസ്തിഷ്‌കക്ഷാളനം ചെയ്യപ്പെട്ടു ഇടുങ്ങിയ ചിന്താഗതിയുമായി പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ പോലും തയ്യാറായി വരുന്ന നേതാക്കന്മാര്‍ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യില്ല. കോളേജുകളില്‍ പലപ്പോഴും രാഷ്ട്രീയത്തില്‍ അമിതാവേശം കാണിക്കുന്ന വിദ്യാര്‍ഥികള്‍ ബഹുഭുരിപക്ഷവും പഠനക്കാര്യത്തില്‍ താരതമ്യേന പിന്നാക്കക്കാരായിരിക്കും (വളരെ കുറച്ചു സമര്‍ത്ഥന്മാരും ഉണ്ട്. അവര്‍തല്‍ക്കാലം എന്നോടു ക്ഷമിക്കുക). ഇത് കൂടാതെ സമരം ചെയ്തു രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള മാര്‍ഗമായി കോളേജു വിദ്യാഭ്യാസം ഉപയോഗപ്പെടുത്താന്‍ വരുന്നവരും ഉണ്ടാവാം. ഇതും കൂടാതെ സാഹിത്യവും രാഷ്ട്രീയവും കൂട്ടികലര്‍ത്തി ഒരു കാല്‍പനികതയില്‍ ജീവിച്ചു പ്രത്യയശാസ്ത്രങ്ങള്‍ കൊണ്ട് എല്ലാ സാമുഹ്യസാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമിക്കുന്ന ഒരു കൂട്ടരെയും വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഇങ്ങനെ ഉള്ളവരെല്ലാം വളര്‍ന്നാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ ആകുന്നത്. രാഷ്ട്രീയം തൊഴിലാക്കിയ ഇങ്ങനെയുള്ളവര്‍ പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ചവരും മറ്റു പ്രവര്‍ത്തന മേഖലകളില്‍കഴിവ് തെളിയിച്ചവരും ആ ഭാഗത്തേക്ക് വരില്ല. എന്നാല്‍ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ ഒന്നുമില്ലാതെ തന്നെ ഉന്നതവിദ്യാഭ്യാസമുള്ളവരേയും കഴിവുള്ളവരേയും രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കാന്‍ പറ്റും എന്നാണ് ഈ അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങള്‍(ഉദാഹരണത്തിന്, ആം ആദ്മി പാര്‍ട്ടി) തെളിയിക്കുന്നത്. നല്ല വിദ്യാഭ്യാസമുള്ള ജനങ്ങളും രാഷ്ട്രീയക്കാരും ഉള്ള രാജ്യങ്ങളില്‍നല്ല ഭരണവും ഉണ്ടാകും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

അഴിമതിക്കെതിരായും നിര്‍ഭയ സംഭവത്തിനു ശേഷവും ഇന്ത്യയില്‍ ഉണ്ടായ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ കാണിക്കുന്നത് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് വിദ്യാര്‍ത്ഥിരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവശ്യം ഇല്ല എന്നതാണ്. സ്വതന്ത്ര മനസുമായി കാമ്പസിലേക്ക് പോകുന്ന യുവജനത അവിടെ നിന്നും പുറത്തിറങ്ങുന്നത് ഇടുങ്ങിയ ചിന്താഗതിയും സ്വന്തം അഭിപ്രായങ്ങള്‍ ചില പ്രസ്ഥാനങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അടിയറ വെച്ചുകൊണ്ടുമാണ്. ചുരുക്കത്തില്‍ പ്രബുദ്ധരായ ഒരു യുവജനത വളര്‍ന്നു വരാന്‍ കാമ്പസുകളില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആവശ്യമില്ല, അല്ലെങ്കില്‍ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. ഇപ്പോഴത്തെ രാഷ്ട്രീയപ്പാര്‍ട്ടികളും കാല്പനിക ജീവികളും അരാഷ്ട്രീയര്‍എന്ന് വിശേഷിപ്പിക്കുന്ന എന്നാല്‍ നല്ല വിദ്യാഭ്യാസം ലഭിച്ച, പ്രയോഗികമായി ചിന്തിക്കുന്ന, മസ്തിഷ്‌ക ക്ഷാളനം ചെയ്യപ്പെടാത്ത ഒരു യുവതലമുറ ഉണ്ടാകാന്‍ കാമ്പസ് രാഷ്ട്രീയം ഒരു തടസം തന്നെയാണ്.



1

 

ga