ശിഖരം നീട്ടുന്ന തീമരങ്ങള്‍

രമേഷ്‌കുമാര്‍വെള്ളമുണ്ട Posted on: 20 Mar 2014

ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ജനവികാരമായി ആഞ്ഞുകത്തിയ വയനാട്ടില്‍ ഇപ്പോള്‍ ആളിക്കത്തുന്നത് കാട്ടുതീയാണ്. സ്വഭാവികമായ കാരണങ്ങള്‍ക്കപ്പുറത്ത് വനത്തില്‍ തീപടരുമ്പോള്‍ ദുരൂഹതകളും പുകയുന്നു ഇതിനു മുമ്പ് ഒരിക്കലും ഇല്ലാത്തവിധം തീഗോളങ്ങള്‍ കാടിനെ വിഴുങ്ങുമ്പോള്‍ ഈ കടുംകൈ ചെയതത് ആരാണ് എന്ന ഉത്തരം കിട്ടാത്ത ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.
അന്തരീക്ഷ ഊഷ്മാവ് 34 ഡിഗ്രിയിലേക്ക് ഉയരുന്ന പകല്‍ സമയങ്ങളില്‍ തക്കം നോക്കി ഉണങ്ങിയ മുളങ്കാടുകള്‍ക്കരികില്‍ നിന്നും തീ താണ്ഡവം തുടങ്ങുമ്പോള്‍ അസ്തമിച്ചു പോകുന്നത് കാടും മനുഷ്യനും തമ്മിലുള്ള പരസ്പരാശ്രിത ബന്ധത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരമാണ്. വനത്തിനുള്ളില്‍ ജീവിതം പൂരിപ്പിക്കുന്ന വനവാസികളെ പോലും പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ കാടിനുള്ളിലേക്ക് തീയെറിഞ്ഞവര്‍ ആരാണ്? പശ്ചിമഘട്ട സംരക്ഷണ വിരുദ്ധര്‍ , മാവോവാദികള്‍ , വനമാഫിയകള്‍ ,ഖനനമാഫിയകള്‍ ഇവരെല്ലാമാണ് ഒരേ സമയം പ്രതിക്കൂട്ടിലാവുന്നത്.
വീണ്ടെടുക്കാന്‍ കഴിയാത്തവിധം കാടും ജൈവസമ്പത്തും ചാരമാക്കി മാറ്റുമ്പോള്‍ ആര്‍ക്കെല്ലാമാണ് ലാഭം? പശ്ചിമഘട്ട സംരക്ഷണത്തിനായി പുതിയൊരു മുന്നേറ്റത്തിന് കളമൊരുങ്ങമ്പോള്‍ തീ കൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആരായിരിക്കാം?
പകയുടെ അഗ്നി പരീക്ഷകള്‍

വയനാട്ടില്‍ 865 ഹെക്ടര്‍ വനമാണ് നാലുദിവസം കൊണ്ട് ചാമ്പലായത്. വയനാട് വന്യജീവി സങ്കേതമായ മുത്തങ്ങയിലും മാനന്തവാടിക്കടുത്ത തോല്‍പ്പെട്ടിയിലും ഒഴിവുദിവസമായ ഞായറാഴ്ചയാണ് കാട്ടുതീ പ്രത്യക്ഷപ്പെട്ടത്.നട്ടുച്ച നേരത്ത് പതിനഞ്ചിടങ്ങളില്‍ ഒരുമിച്ച്. വനപാലകര്‍ പോലും ആദ്യം എവിടെക്ക് ഓടിയെത്തും എന്ന് ശങ്കിച്ചു പോയ നിമിഷം. ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും അന്ധാളിച്ചു നിന്നു. റോഡില്‍ നിന്നും വളരെ ദൂരത്തായിരുന്നു തീയുടെ ഉറവിടങ്ങെളന്നതിനാല്‍ ദൗത്യം അഗ്നിശമന സേനയ്ക്ക് വെല്ലുവിളിയായി. ഓടിക്കൂടിയ നാട്ടുകാരും വനപാലകരുമൊക്കെ ജീവന്‍ പണയം വെച്ച് പൊരുതിയെങ്കിലും ആകാശം മുട്ടെ വളര്‍ന്ന തീമരങ്ങള്‍ കാടിനുള്ളിലേക്ക് ശിഖരങ്ങള്‍ നീട്ടുക തന്നെ ചെയ്തു.
അഗ്നി താണ്ഡവത്തിനു ശേഷം തിരുനെല്ലി കാട്ടിക്കുളം റോഡരികുമുതല്‍ കണ്ണിന് കുളിര്‍മയായിരുന്ന വനങ്ങള്‍ ചാരം മൂടിയ കാഴ്ചകളായി മാറി. അനവധി വന്യജീവികളും ഈ ചാരകൂമ്പാരങ്ങള്‍ക്കിടയില്‍ ഓര്‍മ്മകളായി. ചൂടുകാറ്റ് കനലുകള്‍ ഊതിയുണര്‍ത്തുമ്പോള്‍ കാട്ടുതീ വീണ്ടും ഒരു ഭീഷണിയായി ഉണരുകയായി. ശേഷിക്കുന്ന ജൈവവൈവിധ്യങ്ങളെല്ലാം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്തവിധം തീജ്വാലകള്‍ തിന്നു തീര്‍ക്കും.
കാടിനുള്ളിലെ മാവോവാദികള്‍

ഇനിയും പിടികൊടുക്കാത്ത മാവോയിസ്റ്റുകളുടെ ആവാസകേന്ദ്രമാണ് വയനാടന്‍ കാടുകള്‍ . ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ട് മാസങ്ങള്‍ പിന്നിട്ടു. തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള പ്രത്യേക നക്‌സല്‍ വിരുദ്ധ സ്‌കാഡുകള്‍ നിരവധി തവണ തെരച്ചില്‍ നടത്തി. ആരുടെയും പൊടി പോലും കണ്ടെത്താനായില്ല. ഇതിനിടയില്‍ നാലിടത്ത് മവോയിസ്റ്റുകള്‍ വന്നുപോയി. തൊണ്ടര്‍നാട്ടിലെ കുഞ്ഞോത്ത് രാത്രി സമയത്ത് പോലീസും മാവോയിസ്റ്റുകളും മുഖാമുഖം കണ്ട് വെടിയുതിര്‍ത്തെങ്കിലും വലയിലാക്കാന്‍ കഴിഞ്ഞില്ല.
കാട്ടുതീയുടെ കാരണങ്ങള്‍പോലെ ദുരൂഹത നിറഞ്ഞതാണ് പോലീസിന്റെ മാവോകഥകളും. രൂപേഷും സുന്ദരിയുമടക്കമുള്ളവരെ തേടി പോലീസ് രണ്ടിലേറെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും ആരുടെയും അഡ്രസ്സില്ല. അഭ്യന്തര വകുപ്പിന് പണം കണ്ടെത്താനുള്ള കഥകളാണ് മാവോവാദം എന്ന് വരെ സംസാരമുണ്ട്. തീവെപ്പുകള്‍ പോലുള്ള അട്ടിമറികള്‍ വന്നതോടെ ഇവരെ പറ്റി ഇനിയും ഊഹാപോഹങ്ങള്‍ പ്രചരിക്കും. ഈ പേരില്‍ നിഴല്‍യുദ്ധങ്ങള്‍ക്കുള്ള സാധ്യതകളും തള്ളിക്കളയാന്‍ കഴിയുന്നില്ലെന്നാണ് സുരക്ഷാസേനയും പറയുന്നത്.
കടുവകള്‍ക്കെതിരെയുള്ള പ്രതിഷേധം.?

വയനാട് കടുവാറിസര്‍വില്‍ ഉള്‍പ്പെടുമെന്ന ആധിയാണ് മാസങ്ങള്‍ക്ക് മുമ്പ് ജനജീവിതത്തെ കുഴക്കി മറിച്ചിരുന്നത്. വിവാദങ്ങള്‍ മുറുകവെ കടുവകളും വേട്ട തുടങ്ങി. തിരുനെല്ലിയിലെ പുലിതൂക്കിയില്‍ തുടങ്ങി ബത്തേരിയിലെ നായ്ക്കട്ടിവരെ കടുവാഅക്രമണം രൂക്ഷമായതോടെ സമരകോലാഹലങ്ങള്‍ക്കായി വയനാട് വഴിമാറി. വനംമന്ത്രിയും മുഖൃമന്ത്രിയും വയനാട് കടുവാകേന്ദ്രമാക്കില്ല എന്ന ഉറപ്പുമായി വന്നു. ഈ ഉറപ്പുകള്‍ക്കിടയിലും കടുവ നാടിന്റെ സമാധാനം തകര്‍ത്തു .
2012 ഡിസംബര്‍ 1; ജനങ്ങളും സുരക്ഷാസേനയും കടുവയെ തിരയുന്നു. മൂന്നു തവണ നാട്ടുകാര്‍ക്ക് മുന്നിലൂടെ കടുവ ഇര തേടിയെത്തി. ഒരു ടെററിസ്റ്റിനെ പിടിക്കാനെന്ന പോലെ പോലെ വനപാലകരും സംഘവും കടുവയ്ക്ക് പിന്നാലെ കുതിച്ചു. പട്ടിണി കൊണ്ട് അവശയതയിലായ കടുവ അന്ന് തലനാരിഴക്ക് മാത്രമാണ് രക്ഷപ്പെട്ടത്. കര്‍ണാടകയില്‍ നിന്നുമുളള ടാസ്‌ക് ഫോഴ്‌സും രാപ്പകല്‍ കടുവയെ തേടി നടന്നു. തണുപ്പുളള രാത്രികള്‍ കടുവയെ തേടി കൂടുതല്‍ ജാഗ്രതയിലായി.
ഡിസംബര്‍ 2; രാവിലെ ആറുമണിയോടെ മൂലന്‍കാവിലെ നാട്ടുവഴിയിലൂടെ കടുവ ഇര തേടിയിറങ്ങുന്നു.ഒരു ആഘോഷമായി കടുവയ്ക്ക് നേരേ നാടിന്റെ പടയോട്ടം. കൃതൃം 8.30ന് വനപാലകരില്‍ നിന്നും ആദൃമയക്കു വെടി ശരീരത്തിലേക്ക് തുളഞ്ഞുകയറിയ കടുവ കാട് ലക്ഷൃമാക്കി ഓടിയകന്നു. പിന്നാലെ സാഹസികരായ ജനക്കൂട്ടവും വേട്ടസംഘവും അക്രോശിച്ചെത്തി. മിനുട്ടുകള്‍ക്കകം രണ്ടാമത്തെ മയക്കു വെടി. തളര്‍ന്നു വീണ കടുവയ്ക്ക് നേരേ ദയാരഹിതമായ മൂന്നാമത്തെ വെടി കൊല്ലാനുളളതായിരുന്നു. കീഴടങ്ങിയ കാടിന്റെ ശൗരൃത്തിന് നേരേ സാഹസികതയുടെ വിജയം.
പാന്‍തെറാ ടെഗ്രിസ് എന്ന ശാസ്ത്രനാമമുള്ള റോയല്‍ ബംഗാള്‍ ടൈഗര്‍ ഇന്തൃയുടെ ദേശീയമൃഗമായിട്ട് നാളുകള്‍ ഏറെയായി. വനനിയമങ്ങള്‍ ഏറ്റവും ബഹുമാനപൂര്‍വം പരിഗണിക്കുന്ന മൃഗമാണിത്. 1988 മുതല്‍ റെഡ് ഡാറ്റാബുക്കില്‍ ഇടം തേടിയ ജീവി എന്ന നിലയില്‍ ആഗോള തലത്തില്‍ സംരക്ഷണത്തിനായി കരാര്‍ ഒപ്പുവെച്ച കടുവാസംരക്ഷണം കാറ്റില്‍ പറത്തിയാണ് നരിഹതൃ നടന്നത്. മുഖത്ത് വെടിയേറ്റ കടുവ നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ജീവന്‍ വെടിഞ്ഞു. ഇന്തൃയില്‍ കേവലം 1400-ല്‍ താഴെ മാത്രം അംഗബലമുളള കടുവാ വംശാവലിയെ സംരക്ഷിക്കാന്‍ ഒരുഭാഗത്ത് കോടികള്‍ മുടക്കുന്ന വേളയില്‍ മതിയായ കാരണമില്ലാതെ നിര്‍ദയം ഒരു കടുവ കൊല്ലപ്പെടുന്നു.
മേനകാഗാന്ധി നയിക്കുന്ന പി,എ,എഫ്, ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിററി ഓഫ് ഇന്ത്യ എന്നിവയെല്ലാം കടുവാക്കൊലയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.പരിസ്ഥിതി സംഘടനകളും കോടതിയെ സമീപിച്ചു. ഇതിനിടയില്‍ തിരുനെല്ലിയില്‍ നിന്നും ആഴ്ചകള്‍ക്ക് മുന്‍പ് വനം വകുപ്പ് കെണിവെച്ചു പിടിച്ച കടുവ തന്നെയാണ് നൂല്‍പ്പുഴയില്‍ വെടിയേറ്റ് ചത്തതെന്നും തെളിവുകള്‍ ലഭിച്ചു. പിടിയിലായ കടുവയെ കര്‍ണാടകയിലെ വനത്തില്‍ വിട്ടുവെന്നാണ് വനം വകുപ്പ് വാദിച്ചത്.
ഒന്‍പതില്‍ നിന്നും എഴുപതിലേക്കാണ് വയനാട് വനൃജീവീ കേന്രത്തിലെ കടുവകളുടെ എണ്ണം വര്‍ദ്ധിച്ചത്. കടുവയുടെ കാര്യത്തില്‍ ഇത്രയും ചുരുങ്ങിയ നാളുകള്‍ക്കകം ഇത്ര വംശവദ്ധന വെല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ അതോറിററിക്ക് പ്രതീക്ഷനല്‍കുന്നതായിരുന്നു.
ആയിരത്തോളം കാട്ടാനകളും പതിനഞ്ചായിരത്തോളം മാനുകളും യഥേഷ്ടം ഈ കാടുകളിലുണ്ട്. കര്‍ണാടയിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ , തമിഴ്‌നാട്ടിലെ മുതുമല ദേശീയ പാര്‍ക്കുകള്‍ക്ക് അതിരിടുന്നതാണ് വയനാടന്‍ കാടുകള്‍. ഈ ദേശീയ പാര്‍ക്കിന്റെ ഇക്കോ സെന്‍സിററീവ് ഏരിയ കൂടിയാണിത്. അതുകെണ്ടു തന്നെയാണ് ദേശീയ പാത 212 ല്‍ ബത്തേരിയില്‍ നിന്നും ഗുണ്ടില്‍പ്പേട്ട വരെ കര്‍ണാടക സര്‍ക്കാര്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതും.രാത്രിയില്‍ വന്യമൃഗങ്ങള്‍ പാത മുറിച്ചു കടക്കുന്ന വേളയില്‍ അപകടങ്ങളില്‍ മൃഗങള്‍ കൊല്ലപ്പെടുന്നു എന്നതാണ് കര്‍ണ്ണാടക വനം വകുപ്പ് ചൂണ്ടിക്കാണിക്കുന്ന ന്യായം.
സുപ്രീംകോടതിയും ഇതു ശരിവെച്ചതോടെ വയനാടിന്റെ അന്തര്‍സംസ്ഥാന യാത്രാ വഴികള്‍ രാത്രിയും പകലുമായി രണ്ടായി മുറിയുകയായിരുന്നു. ഇതൊന്നു നീങ്ങിക്കിട്ടാന്‍ പഠിച്ച പണിയെല്ലാം നോക്കുന്നതിനിടയിലാണ് കടുവാവിവാദവും മുറുകിയത്.
സമാധാനം തകര്‍ക്കുന്ന ഭൂമാഫിയകള്‍

കടുവാവിവാദത്തിനു പിന്നില്‍ ഭൂമാഫിയയാണ് എന്നാണ് ഒരു വാദം. വനഗ്രാമങ്ങളില്‍ ചുരുങ്ങിയ വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടുക എന്നതാണത്രെ പലരുടെയും ലക്ഷൃം. ടൂറിസത്തിലേക്ക് ചുവടുമാററിയ വയനാട്ടില്‍ വന്‍ റിസോര്‍ട്ടുമാഫിയകള്‍ ചുരം കയറി വരുന്നുണ്ട്. നാട്ടുകാരില്‍ നിന്നും ഭൂമി തട്ടാന്‍ വൃാജ പ്രചരണങ്ങളുമായാണ് അവര്‍ രംഗത്തുവരുന്നത്. ആദിവാസി സങ്കേതങ്ങള്‍ വരെ ഇവരുടെ ലക്ഷൃമാണ്. സംഘര്‍ഷങ്ങള്‍ക്കിടയില്‍ നിന്നും എങ്ങിനെയെങ്കിലും നാടുവിട്ടുപോവുക ഇതു മാത്രമാണ് കുടിയേറി വന്ന നാട്ടുകാരുടെയെല്ലാംഇപ്പോഴത്തെ ചിന്ത. ഒന്നും രണ്ടുമല്ല നൂറ്കണക്കിന് ഗ്രാമീണരുടെ പ്രശ്‌നമാണിത്.
വന്യജീവി ശലൃം തടയുക എന്നത് എളുപ്പമുളള കാര്യമല്ലെന്നത് ആര്‍ക്കുമറിയാം. പടിപടിയായുളള പരിഹാരമാണ് അനിവാരൃം. മനുഷ്യരെ പോലെ മൃഗങ്ങള്‍ക്കും അനുയോജൃമായ ആവാസ സാഹചരൃമാണ് ഒരുങ്ങേണ്ടത്. ഭൂവിസ്തൃതിയില്‍ കാട് ഏററവും കൂടുതലായുളള വയനാട്ടില്‍ ഏററുമുട്ടലുകള്‍ രമ്യമായി നേരിടുന്നതിനുപകരം രാഷ്ട്രീയ ആയുധമാക്കാനാണ് ചിലരുടെ ശ്രമങള്‍.
ശീതളമായ കാലാവസ്ഥയാണ് വയനാടന്‍ കാടുകളെ കര്‍ണാടക തമിഴ്‌നാട് വനങളില്‍ നിന്നും വേര്‍തിരിക്കുന്നത്. മുളങ്കാടുകള്‍ തീര്‍ത്ത ഹരിതകവചമാണ് ഉഷ്ണക്കാററിനെ തടയുന്നത്. ഇതുകൊണ്ടുതന്നെ വന്യജീവികള്‍ക്കും ഈകാടുകള്‍ അനുഗ്രഹമാണ്.കാട്ടാനകളുടെയും മററുമൃഗങളുടെയും വംശവര്‍ദ്ധനവ് ഇതിനു തെളിവാണ്. ഈ കാടുകളാണ് വളരുന്ന പകയുടെ പേരില്‍ ഭസ്മമായി മാറുന്നത്.







1

 

ga