ആധുനിക ലോകത്തെ പുതിയ തലമുറ തൊഴിലാളികള്‍!

രാജേഷ് മണി Posted on: 17 Mar 2014

ഈ ലോകത്തുണ്ടാകുന്ന, മനുഷ്യസഹജമായ മാറ്റങ്ങള്‍ പൊതുവെ രണ്ടു രീതിയിലൂടെയാവാം. ഒന്നാമതായി അത് നിലവില്‍ സാധ്യമായ സാമൂഹിക-രാഷ്ട്രീയ വിപ്ലവത്തിലൂടെയും, രണ്ടാമതായി ശാസ്ത്രസാങ്കേതികവിദ്യയിലധിയഷ്ഠിതമായ നൂതന ആശങ്ങളുടെ ഭാഗമായും സംഭവിക്കാം. ഈ മാറ്റങ്ങളുടെ പ്രതിഫലനം സമൂഹത്തില്‍ എന്തു തന്നെയായാലും, കാലാകാലങ്ങളിലായി മനുഷ്യസ്‌നേഹികള്‍ സ്വപ്നം കാണുന്ന ഒരു 'സ്ഥിതി-സമത്വ വ്യവസ്ഥ'അഥവാ സോഷ്യലിസം എന്ന സങ്കല്പം ഈ ലോകത്തെ കഠിനാധ്വാനികളായ സര്‍വതൊഴിലാളികളുടെയും മനസ്സിലുണ്ട്.
സോഷ്യലിസം എന്നതൊരു രാഷ്ട്രീയ ആശയം എന്നതിലുപരി സമ്പദ് വ്യവസ്ഥയെയാണ് പ്രതിനിധാനം ചെയ്യുന്നത്. സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയില്‍ ഉത്പാദനവിതരണങ്ങള്‍ പൊതുവുടമയിലാക്കണമെന്നാണ് സിദ്ധാന്തം അനുശാസിക്കുന്നത്. ഈ 'പൊതുവുടമ' ഒരു രാജ്യമാവാം, ഒരു സാമൂഹിക കൂട്ടായ്മയാകാം. ചുരുക്കത്തില്‍ സോഷ്യലിസ്റ്റ് സമ്പദ് വ്യ്‌വസ്ഥയിലധിഷ്ഠിതമായ ഒരു സമൂഹത്തില്‍ തൊഴിലാളി-ക്ഷേമ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രാധാന്യം കൂടുതല്‍. കൂടാതെ സ്വകാര്യ മൂലധനശക്തികളുടെ അമിത ചൂഷണത്തിനു വിധേയമാകാത്ത ഒരു സാമൂഹികഘടനയാവണം നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ആഗോള തൊഴിലാളി സമൂഹത്തിന്റെ ഒരു അതിമനോഹര ആഗ്രഹമാണ് പൂര്‍ണ്ണമായൊരു സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ. അത്തരത്തിലൊരു സ്ഥിതിസമത്വവ്യവസ്ഥ വെറും പേരിലൊതുങ്ങാതെ പൂര്‍ണ്ണമായും സോഷ്യലിസ്റ്റ് സങ്കല്പത്തിലാകണമെങ്കില്‍ നിരന്തരമായ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കണം. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ മനുഷ്യ സമൂഹത്തിലുണ്ടാകുന്ന അടിസ്ഥാന മാറ്റങ്ങളുടെ ഉറവിടങ്ങളിലൊന്നായ ശാസ്ത്രസാങ്കേതികവിദ്യയുടെ നിരന്തരമായ മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിലാണു നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്.
പ്രത്യേകിച്ച്, വിവരസാങ്കേതികവിദ്യയുടെ ഉത്പന്നമായ ഇന്റര്‍നെറ്റും,
ഇന്റര്‍നെറ്റിലധിഷ്ഠിതമായ നൂതന ആശങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം, മനുഷ്യന്റെ ജീവിതരീതികളിലും, ചിന്തകളിലുമുണ്ടാക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പുതിയൊരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥയ്ക്കു രൂപം കൊടുക്കുന്നു. ഇങ്ങനെയുണ്ടാകുന്ന പൂര്‍ണമായും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമ്പദ്‌വ്യവസ്ഥ പ്രത്യക്ഷത്തില്‍ ഒരു 'സ്ഥിതി-സമത്വ വ്യവസ്ഥയുടെ' ലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും അവ പഴയ സോഷ്യലിസ്റ്റ് സങ്കല്പങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുും. അങ്ങനെ വരുമ്പോള്‍ മൂലധന ശക്തികളുടെ ചൂഷണത്തിന് വിധേയമാകുന്ന ഒരു ആഗോള സമ്പദ് വ്യവസ്ഥ, മാറുന്ന ശാസ്ത്ര സാങ്കേതികവിദ്യയുടെ മറവില്‍ ലോകം മുഴുവന്‍ സംഭവിക്കുകയും, അത് നിലവിലെ സോഷ്യലിസ്റ്റ് സങ്കല്പങ്ങളെപ്പോലും പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. അതിനുദാഹരണമാണ് നാമിപ്പൊള്‍ തകര്‍ത്താഘോഷിക്കുന്ന, പേരില്‍ മാത്രം സോഷ്യലിസത്തിന്റെ ആശയം അടങ്ങിയ 'സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്'.
മുതലാളിത്ത രാജ്യങ്ങള്‍ നൂതന ആശയങ്ങളുടെ പരീക്ഷണശാലകളാണ്. ആധുനിക വിവരസാങ്കേതികവിദ്യയുടെ വിപ്ലവത്തിലൂടെ, ചുരുങ്ങിയ മൂലധനത്തില്‍ കൂടുതല്‍ ലാഭം കൊയ്യാനുള്ള സാധ്യതകള്‍ മുതലാളിത്ത രാജ്യങ്ങളില്‍ നിരന്തരമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള പരീക്ഷണത്തില്‍ വിജയം കണ്ടെത്തിയ ആശയമാണ് 'സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്'.
സാങ്കേതികത്വം നിറഞ്ഞതും കൂടുതല്‍ മൂലധനം ആവശ്യമുള്ളതുമായ ഒരു സാങ്കേതിക ഉത്പന്നമല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്. മറിച്ച് വിവരസാങ്കേതിക വിദ്യയലിധിഷ്ഠിതമായ ഒരു നൂതന ആശയമാണ് ആ സങ്കല്‍പത്തിലൂടെ ലോകം മുഴുവന്‍ പ്രചരിച്ചത്.
അടിസ്ഥാനപരമായി സുഹൃത്തക്കളുമായി ബന്ധം പുലര്‍ത്താനും അവരെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ശേഖരിക്കാനും സഹായിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്. പക്ഷേ ഇന്നത് സമ്പദ്‌വ്യവസ്ഥയിലെ വിപണന തന്ത്രങ്ങള്‍ മെനയുന്നതിനും, ആഗോളതലത്തില്‍ സേവനങ്ങളും, ഉ ത്പന്നങ്ങളും വിറ്റഴിക്കാനുളള വിപണി സൃഷ്ടിക്കാനുമുള്ള ഉപകരണവും ആയി പരിണമിച്ചിരിക്കൂന്നു.
ഈ ലേഖനത്തിലൂടെ ഞാന്‍ പരിശോധിക്കുന്നത് ഒരു പക്ഷേ ലോകത്ത്
സോഷ്യല്‍നെറ്റ്‌വര്‍ക്കിങ്ങ് ഉപഭോക്താക്കള്‍ പൊതുവേ മനസ്സിലാക്കാത്തതും, സാമ്പത്തിക വിദഗ്ദ്ധര്‍ കൂടുതല്‍ അപഗ്രഥനം നടത്താത്തതുമായ, ചില സാമ്പത്തിക വസ്തുതകളും, അതുമൂലം മാറുന്ന സാങ്കേതിക വിദ്യയിലൂടെ എങ്ങനെ മുതലാളിത്ത രാജ്യങ്ങള്‍ ഇന്ത്യയെ പോലുള്ള ജനസംഖ്യ കൂടിയ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ കളില്‍ നിന്ന് ലാഭം കൊയ്യുന്നു എന്നുമാണ്.
അവികസിത രാജ്യങ്ങളില്‍ പൊതുവേ മുതലാളിത്ത രാജ്യങ്ങളില്‍ നിന്നും പ്രചരിക്കുന്ന സാങ്കേതിക ഉത്പന്നങ്ങളോടു താല്‍പര്യം കൂടും. അത്തരം താല്‍പര്യങ്ങള്‍ സൃഷ്ടിക്കാനുള്ള വിപണനതന്ത്രങ്ങളും മൂലധനവും മുതലാളിത്ത രാജ്യങ്ങളിലെ കമ്പനികള്‍ക്ക് താരതമ്യേന കൂടുതലുമാണ്. വിവിധ സേവനങ്ങള്‍ നല്‍കാന്‍ ധാരാളം വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും, ജനങ്ങള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്നത് പൂര്‍ണമായും അമേരിക്ക അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യു-ട}ബ്, യാഹൂ തുടങ്ങിയവ കമ്പനികളുടെ സൈറ്റുകളാണ്. ഇവയെല്ലാം തന്നെ അമേരിക്കന്‍ ഓഹരി വിപണിയില്‍ പേരുചേര്‍ത്തിട്ടുള്ളതും, കോടികണക്കിനു ഓഹരി ഉടമകളുമുള്ള, വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ലോകം കീഴടക്കിയ മുന്‍നിര കമ്പനികളുമാണ്. ഇവരുടെ മൊത്തം വിപണി മൂല്യം എശദേശം 60,000 കോടി അമേരിക്കന്‍ ഡോളറാണ് (ഏകദേശം 37 ലക്ഷം കോടി രൂപ).
ഇത്രയും വിപണിമൂല്യം ഈ കമ്പനികള്‍ എങ്ങനെ ഇത്ര ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉണ്ടാക്കി? എന്താണ് ഇവരുടെ ഉത്പന്നം? ഉത്പാദനത്തിനു വേണ്ടി അവര്‍ മുടക്കുന്ന മൂലധനം എത്രയാണ്? എത്രമാത്രം തൊഴിലാളികളെ ഉപയോഗിക്കുന്നു? അവര്‍ക്ക് എത്രമാത്രം പ്രതിഫലം കൊടുക്കുന്നുണ്ടാവും? എവിടെ നിന്നാണ് അവര്‍ക്ക് ഇത്രയധികം തൊഴിലാളികളെ ലഭിക്കുക?
ഈ വക കാര്യങ്ങള്‍ ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, യു-ട}ബ്, യാഹൂ തുടങ്ങിയവരുടെ സേവനങ്ങള്‍ ആസ്വദിക്കുന്നവര്‍ ചിന്തിച്ചിട്ടുവില്ല. അതിന്റെ ആവശ്യവും ഉണ്ടായിട്ടുണ്ടാകില്ല. എന്നാല്‍ ഇനിയിപ്പോള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു,
കാരണം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വിപണിയും അതിവേഗം വികസിത രാജ്യമെന്ന പദവിയിലേക്കു വളരുന്ന രാജ്യവുമാണ്. ഒരു രാജ്യം വികസിതമാകണമെങ്കില്‍ അവിടെ ഉത്പാദിപ്പിക്കുന്ന, വിതരണം ചെയ്യുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളൂടെ നേട്ടം നാട്ടിലെ ജനങ്ങള്‍ക്ക് തന്നെ ലഭിക്കണം. ആധുനിക ലോകത്തെ വിവരസങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന, അതിഭീകര ലാഭമുണ്ടാക്കുന്ന കമ്പനികളുടെയെല്ലാം ഉത്പന്നങ്ങള്‍ എന്നു പറയുന്നത് വിവിധ തരത്തിലുള്ള 'വിവരങ്ങളാണ്'. ഏതെങ്കിലും ലിപി ഉപയോഗിച്ചെഴുതുന്ന വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദങ്ങള്‍, ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇത്തരത്തിലുള്ള വിവരങ്ങള്‍ സൃഷ്ടിക്കുന്നത് വളരെയധികം തൊഴിലാളികള്‍ ആവശ്യമുള്ളതും ചെലവേറിയതുമായ പ്രക്രിയയാണ്. പക്ഷേ, വളരെയധികം മൂലധനം ചെലവാക്കിയുള്ള വിവര ഉത്പാദനത്തിനായുള്ള സ്വന്തം സംവിധാനങ്ങള്‍ ഒരു കമ്പനിക്കുമില്ല.
പകരം അത്തരത്തിലുള്ള വിവരങ്ങള്‍ വിതരണം ചെയ്യുന്നതിനും,
ശേഖരിക്കുന്നതിനുമുള്ള താരതമ്യേന സാങ്കേതികത്വം കുറഞ്ഞ ഇന്റര്‍നെറ്റു
അടിസ്ഥാനപ്പെടുത്തിയുള്ള ചില വെബ്‌സൈറ്റുകളാണ് ഈ കമ്പനികള്‍ക്കുള്ളത്. ഇതിനു വേണ്ട മൂലധനവും, നടത്തികൊണ്ടുപോകാനുള്ള ചെലവും കുറവാണ്. തുടക്കത്തിലുള്ള മുതല്‍ മുടക്കു കഴിഞ്ഞാല്‍ പിന്നീടുണ്ടാവുന്നതെല്ലാം
ലാഭമാണ്.
ഇവിടെയാണ് മൂലധനശക്തികളുടെ നൂതന ആശയങ്ങളുടെ പ്രസക്തിയും, ആഗോള സമ്പദ് വ്യവസ്ഥയിലെ നൂതന സാധ്യതകളെ ഉപയോഗപ്പെടുത്താനുമുള്ള അവരുടെ സാമര്‍ത്ഥ്യവും തെളിയുന്നത്. തങ്ങളുടെ പ്രധാന ഉത്പന്നമായ 'വിവരങ്ങള്‍ക്കായി' അവര്‍ ആശ്രയിക്കുന്നത് സോഷ്യല്‍നെറ്റ്‌വര്‍ക്ക് പോലുള്ള വിവരത്തിലധിഷ്ഠിതമായ ഉത്പന്നങ്ങളുടെ സേവനങ്ങളെ ആശ്രയിക്കുന്ന ലോകമെമ്പാടുമുള്ള സാധാരണ ജനങ്ങളെയാണ്. മറ്റോരര്‍ത്ഥത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ്ങ് കമ്പനികളുടെ ഉത്പന്നങ്ങളായ വിവരങ്ങള്‍ ഉണ്ടാക്കുന്നതും അതുപയോഗിക്കുന്നതും അവയുടെ ഉപഭോക്താക്കള്‍ തന്നെ. അതായത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയും അത്തരത്തിലുള്ള കമ്പനികളുടെ തൊഴിലാളികളുമാണ്.
ഇവിടെ മനസ്സിലാക്കുക, എങ്ങനെയാണ് മൂലധന ആശയങ്ങള്‍ സ്വന്തം ലാഭത്തിനായി ലോകം മുഴുവനുമുള്ള അംഗങ്ങളെ അവരറിയാതെ ഫലത്തില്‍ അവരെ തങ്ങളുടെ തൊഴിലാളികളാക്കുന്നതെന്ന്. ഇത് സോഷ്യലിസ്റ്റ് സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധവും, ഒരു തരത്തില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ മേലുള്ള മൂലധന ശക്തികളുടെ ചൂഷണവുമാണ്.
'വിവരങ്ങള്‍' ഉത്പന്നങ്ങളാക്കുന്ന കമ്പനികള്‍ പ്രധാനമായും അവരുടെ ലാഭമുണ്ടാക്കുന്നത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരസ്യത്തിലൂടെയാണ്. അത്തരത്തിലുള്ള പരസ്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ പരസ്യം നല്‍കുന്നവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള അംഗങ്ങള്‍ ആവശ്യമാണ്. അത്തരത്തിലുള്ള അംഗങ്ങള്‍ ലഭിക്കണമെങ്കില്‍, അംഗങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള 'വിവരങ്ങള്‍' ഉ ത്പാദിപ്പിക്കപ്പെടണം. തങ്ങളുടെ അംഗങ്ങള്‍ മുഖേനതന്നെ അത്തരത്തിലുള്ള 'വിവരങ്ങള്‍' ഉത്പാദിപ്പിക്കപ്പെടണമെങ്കില്‍,
അതനുസരിച്ചുള്ള സംഭവങ്ങള്‍ സമൂഹത്തിലുണ്ടാകണം.
സംഭവബഹുലമായ ഒരു സമൂഹത്തില്‍ മാത്രമേ വിവരങ്ങളുടെ ഉത്പാദനം നടക്കുകയുള്ളൂ. അതിനായി വിവരങ്ങളുടെ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ആഗോളതലത്തില്‍ പുതിയ-പുതിയ സംഭവങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നതില്‍ സംശയമില്ല. അങ്ങനെ സംഭവിച്ചില്ലങ്കില്‍ ഓഹരി വിപണിയില്‍ ഈ കമ്പനികളുടെ മൂല്യം ഇടിയും. അതുകൊണ്ടുതന്നെ സംഭവബഹുലമായ സോഷ്യലിസ്റ്റ് രാജ്യങ്ങളെയാണ് ഇത്തരത്തിലുള്ള കമ്പനികള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
സോഷ്യല്‍നെ റ്റ്്‌വര്‍ക്കിങ്ങ് വെബ്‌സൈറ്റുകളില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് പലതരത്തിലുള്ള 'വിവരങ്ങള്‍' സൃഷ്ടിക്കണം. ഇത്തരത്തിലുള്ള വിവരങ്ങള്‍ സൃഷ്ടിക്കാന്‍ ഓരോ വ്യക്തിക്കും പരോക്ഷമായ 'പങ്കെടുക്കല്‍ ചെലവുണ്ട്'.
ഇത് സാധാരണയായി നമ്മള്‍ ശ്രദ്ധിക്കാത്ത ഒരു വസ്തുതയാണ്. ഉദാഹരണമായി ഫെയ്‌സ്ബുക്കില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ എത്രമാത്രം തുകയാണ് ചെലവാക്കുന്നതെന്നു പരിശോധിക്കാം.
കഴിഞ്ഞ ഒക്ടോബര്‍ മാസം, 2013 ല്‍ ആഗോളതലത്തില്‍ ഏകദേശം 1840 കോടി സന്ദര്‍ശനങ്ങള്‍ ഫെയ്‌സ്ബുക്കിലുണ്ടായി. ഇതില്‍ 140 കോടിയും ഇന്ത്യയില്‍ നിന്നുമാണ്. കണക്കനുസരിച്ച് ഒരു തവണ ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കാന്‍ ഒരാള്‍ക്ക് ഏകദേശം 3 എം.ബി ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്ത് ഉപയോഗിക്കേണ്ടി
വരുന്നു. ഒരു എം.ബി ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് ഉപയോഗിക്കാന്‍ ഇന്ത്യയില്‍ ഏകദേശം 0.29 രൂപ ചിലവാകും. ഇതനുസരിച്ച് ഇന്റര്‍നെറ്റ്
ഉപയോഗിക്കാന്‍ മാത്രം ഏകദേശം 123.05 കോടി രൂപ ഇന്ത്യക്കാര്‍
ഫെയ്‌സ്ബുക്കിനായി മാത്രം ചെലവാക്കി.
ഇത് കൂടാതെ ഒരാളുടെ സമയം, ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ വേണ്ടി മുടക്കിയ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിലയും കൂടി കൂട്ടിയാല്‍ ഏകദേശം ഒരു മാസം 3100 കോടി രൂപ സാധാരണക്കാരായ ഭാരതീയര്‍ ചെലവാക്കുന്നു. ഒരു വര്‍ഷത്തില്‍ ഇത് ഏകദേശം 37200 കോടി രൂപ. ഇത് ഫെയ്‌സ്ബുക്കിന്റെ കാര്യം മാത്രമാണെന്നോര്‍ക്കുക. ഗൂഗിള്‍, യു-ട}ബ്, യാഹൂ, ലിങ്ങ്ഡ്-ഇന്‍ തുടങ്ങിയ വയുടെ കണക്കുകള്‍ കൂടിപരിശോധച്ചാല്‍ തുക എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാം!
ഇനി മറ്റുചില കാര്യങ്ങള്‍. ആയിരക്കണക്കിനു കോടി രൂപ മുടക്കി ഇന്ത്യയില്‍ ഫെയ്‌സ്ബുക്കില്‍ പങ്കെടുക്കുമ്പോള്‍ അതിന്റെ ലാഭം മുഴുവന്‍ എത്തിച്ചേരുന്നത് അമേരിക്കയിലാണ്. കാരണം ഫെയ്‌സ്ബുക്കിന്റെ ആസ്ഥാനം അമേരിക്കയാണ്. 2011 ലെ അവര്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഒരംഗം ഒരു വര്‍ഷത്തിലുണ്ടാക്കുന്ന 'വിവരങ്ങളുടെ' അടിസ്ഥാനത്തില്‍ ഏകദേശം 150 രൂപ പരസ്യവരുമാനത്തിലൂടെ ഫെയ്‌സ്ബുക്കിന് ലഭിക്കുന്നു്. 2013 ആയപ്പോള്‍ ആളോഹരി വരുമാനം ഏകദേശം 300 രുപയാകുന്നു. ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന് ഏകദേശം 8.2 കോടി അംഗങ്ങളുണ്ട്. 508.40 കോടി രൂപ ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ തങ്ങളുടെ അംഗങ്ങളുടെ പ്രവര്‍ത്തനഫലമായി സമ്പാദിക്കുന്നു.
ചുരുക്കത്തില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ആകെ 4619 തനതു തൊഴിലാളികള്‍ മാത്രമുള്ള കമ്പനിക്ക് വേണ്ടി 8.2 കോടി ഇന്ത്യക്കാര്‍ ഏകദേശം 1476.56 കോടി രൂപ സാമ്പത്തിക ചെലവു വരുത്തുന്നു, 508 കോടി രൂപ ഓരോ വര്‍ഷവും കമ്പനി സമ്പാദിക്കുകയും ചെയ്യുന്നു.
ഇതില്‍ നിന്നും എന്താണു മനസ്സിലാക്കേണ്ടത്?
ഫെയ്‌സ്ബുക്കില്‍ പങ്കെടുക്കന്നതു കൊണ്ടു ഒരു വ്യക്തിക്കു ജീവിതത്തിലുണ്ടാകുന്നത് ഒരു പക്ഷേ ലാഭത്തേക്കാള്‍ കൂടുതല്‍ നഷ്ടമായിരിക്കും. അതിലുപരി മുതലാളിത്ത സമ്പദ്‌വ്യവസ്ഥയില്‍ നിന്നുമുണ്ടാകുന്ന ആശയങ്ങള്‍, ആഗോളതലത്തില്‍ പൊതുജനങ്ങളെ എങ്ങനെയാണ് തങ്ങളുടെ വ്യാപാരത്തിനായി ഉപയോഗിക്കുന്നതെന്നും, ഒരു പക്ഷേ തങ്ങളുടെ 'വിവര' ഉത്പാദന വിതരണ തൊഴിലാളി വര്‍ഗ്ഗമായി മാറ്റുന്നതെന്നും കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു.
ഇത്തരത്തില്‍ വിവര സാങ്കേതികവിദ്യയുടെ യുഗത്തില്‍ ലോകത്തുണ്ടാകുന്ന
സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളുടെ പരിണതഫലം എത്തരത്തിലുള്ള ഒരു സമ്പദ്‌വ്യവസ്ഥയെയായിരിക്കും സൃഷ്ടിക്കുക? അത് സോഷ്യലിസമോ അതോ മുതലാളിത്തമോ? പുതിയ തലമുറ തൊഴിലാളികള്‍ ചിന്തിയ്ക്ക്‌ട്ടേ! സാങ്കേതികപരമായ് നോക്കിയാല്‍ നൂതന ഉല്പന്നമോ, ആശയമോ അല്ലാത്ത 45 കോടി അംഗങ്ങള്‍ ഉണ്ടെന്നു കരുതുന്ന വാട്‌സ് ആപ്പിനെ പോലുള്ള ഇന്റര്‍നെറ്റു അടിസ്ഥാനപ്പെടുത്തിയുള്ള ഉല്പന്നങ്ങള്‍ എന്തിനാണു ഫെയ്‌സ്ബുക്ക് വാങ്ങുന്നതെന്നു ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ!
(ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റികല്‍ സയന്‍സ് വിഭാഗത്തിലെ ഗവേഷകനും, ലോകബാങ്കിന്റെകണ്‍സള്‍ട്ടന്റ് മാണ് ലേഖകന്‍)
Email: rajeshmany@yahoo.com

 





1

 

ga