മാതൃഭൂമിക
ഏതുകളി കാണാനും ആളുകള്‍ വരുന്ന നഗരമാണ് കോഴിക്കോട് എന്നായിരുന്നു പലരുടെയും ധാരണ. ഗുസ്തിയുടെ ലോകസംഘടനയുടെ ഏഷ്യന്‍ വിഭാഗം പ്രസിഡന്റാണെന്നുപറഞ്ഞ ഒരാളെയുംകൊണ്ട് അക്കാലത്തെ എന്റെ അടുത്ത സുഹൃത്തും ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥനുമായിരുന്ന നാരായണന്‍കുട്ടി എന്നെ കാണാന്‍ 'മാതൃഭൂമി'യില്‍ വന്നു. അയാള്‍ കോഴിക്കോട്ടുവെച്ച് വലിയതോതില്‍ ഒരു ഗുസ്തിമത്സരം നടത്തുന്നു.
ദാരാസിങ് അടക്കമുള്ള പ്രമുഖ ഗുസ്തിക്കാര്‍ പങ്കെടുക്കും. അയാള്‍ക്കുവേണ്ടത് പത്രത്തില്‍ മുന്‍കൂട്ടിയുള്ള ഒരു പ്രചാരണമാണ്. മലയാളിയെങ്കിലും സിംഗപ്പൂര്‍വാസിയായ അയാളുടെ വിസിറ്റിങ്കാര്‍ഡിലും ലെറ്റര്‍പാഡിലുമെല്ലാം 'പി.എസ്. ധര്‍' എന്നാണ് അച്ചടിച്ചിട്ടുള്ളത്.
ഞാന്‍ അയാളെയുംകൂട്ടി വി.എം. ബാലചന്ദ്രന്റെ മുറിയിലെത്തി. ''മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവരൊക്കെ ലോകനിലവാരത്തിലുള്ള ഗുസ്തിതാരങ്ങളാണ്''- അയാള്‍ വിവരണം തുടങ്ങി. കുറേ കേട്ടുകഴിഞ്ഞപ്പോള്‍ ബാലചന്ദ്രന്‍ പറഞ്ഞു-''ആട്ടെ, നിങ്ങള്‍ തുടങ്ങൂ. എന്താ ചെയ്യാന്‍ പറ്റുകയെന്ന് അപ്പോ നോക്കാം''. മിസ്റ്റര്‍ ധര്‍ സ്ഥലംവിട്ടപ്പോള്‍ ബാലചന്ദ്രന്‍ എന്നോട് പറഞ്ഞു. ''എടോ വാസൂ, ഇതൊക്കെ ശുദ്ധ തട്ടിപ്പാണ്. ചില പിള്ളേരൊക്കെ കാണാന്‍ പോകും.''
മാനാഞ്ചിറയിലായിരുന്നു ഗോദ ഗംഭീരമായി കെട്ടിയുണ്ടാക്കിയത്. വലിയ നിരക്കുകളില്‍ ടിക്കറ്റുകള്‍. സംഘാടകനായ മിസ്റ്റര്‍ ധര്‍ എന്റെ സുഹൃത്ത് നാരായണന്‍കുട്ടി മുഖേന എനിക്ക് അഞ്ച് പാസുകള്‍ കൊടുത്തയച്ചു. നഗരത്തില്‍ പലയിടത്തും ദാരാസിങ്, കിങ്‌കോങ് തുടങ്ങിയവരുടെ വലിയ ചിത്രപ്പലകകള്‍ നിരന്നു. വൈകുന്നേരം ഏഴുമണിതൊട്ട് മൂന്ന് മത്സരങ്ങളാണ്. തിക്കോടിയനെയും എന്‍.പി.മുഹമ്മദിനെയും മറ്റും ക്ഷണിച്ചു. ആര്‍ക്കും പാസ്‌വേണ്ട.
മൈതാനിയില്‍ ആയിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. പക്ഷേ, കഷ്ടിച്ച് ഇരുന്നൂറുപേര്‍ മാത്രമായിരുന്നു കാഴ്ചക്കാര്‍. മൂന്നാമത്തെ മത്സരമായിരുന്നു ദാരാസിങ്ങിന്റേത്. 'ലോകചാമ്പ്യന്‍' എന്നാണ് അദ്ദേഹത്തെ അനൗണ്‍സ്‌മെന്റുകളില്‍ വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹത്തെ നേരിടുന്നത് ഇതുവരെ ആരോടും തോറ്റിട്ടില്ലാത്ത 'മനുഷ്യപര്‍വതം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിങ്‌കോങ്! കാഴ്ചയ്ക്ക് മനുഷ്യപര്‍വതംതന്നെ. ശരീരഭാരംകൊണ്ടായിരിക്കാം, വേച്ചുവേച്ചാണ് നടക്കുന്നത്. കുറേനേരം ഏറ്റുമുട്ടലുണ്ടായി. പ്രേക്ഷകരെ രസിപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് കിങ്‌കോങ്ങിന്റെ അലര്‍ച്ചകളുമുണ്ട്.
ഏതെല്ലാം സമ്മാനം കിട്ടി എന്നറിയില്ല. എന്തായാലും ദാരാസിങ്ങിന്റെ രൂപം അത്രയ്ക്ക് ആകര്‍ഷകമായിരുന്നു. ഗുസ്തിയില്‍നിന്ന് വിരമിച്ചശേഷമാണ് അദ്ദേഹം സിനിമയില്‍ പ്രവേശിക്കുന്നത്. അഭിനയത്തിലെ മിടുക്കൊന്നുമായിരുന്നില്ല കാര്യം. ആരും നോക്കിനില്‍ക്കുന്ന ആ ശരീരഘടനതന്നെ അദ്ദേഹത്തെ തുണച്ചു.
പിറ്റേന്ന് മിസ്റ്റര്‍ ധര്‍ മറ്റൊരു വന്‍താരത്തെ ഇറക്കി-ബാരണ്‍ വോണ്‍ ഹെക്‌സി! അദ്ദേഹവും അവകാശപ്പെടുന്നത് ഇതുവരെ ഒരുമത്സരത്തിലും തോറ്റിട്ടില്ലെന്നാണ്. ദാരാസിങ്ങിനോളം വലിപ്പമുണ്ട്. ചെറിയ താടി. അയാള്‍ക്ക് പ്രതിയോഗിയായി വന്നത് അജിത്‌സിങ് എന്ന ഗുസ്തിക്കാരനായിരുന്നു. കാഴ്ചക്കാര്‍ക്കിടയില്‍ സ്ത്രീയായി തമിഴിലെ ഒരുചെറുകിട നടിമാത്രമാണുണ്ടായിരുന്നത്. അജിത്‌സിങ് പഞ്ചാബിയൊന്നുമല്ല, തമിഴനാണ്. ബാരണ്‍ അയാളെ എടുത്തെറിയുമ്പോഴൊക്കെ ആ സ്ത്രീ 'അജിത്, അജിത്' എന്നുവിളിച്ച് വീണേടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
അടുത്തദിവസം, ഒരിക്കലും മുഖംമൂടിയഴിച്ചിട്ടില്ലാത്ത ഒരു ഗുസ്തിക്കാരനെ ഗോദയിലിറക്കുന്നുണ്ട് എന്നാണ് പരസ്യം. തോറ്റാല്‍മാത്രമേ അയാള്‍ മുഖംമൂടിയഴിക്കൂ. അതിന്റെ ആവശ്യം ഇതുവരെ വന്നിട്ടില്ലത്രേ.
ഫ്രീ പാസുകള്‍ കൈയിലുണ്ടെങ്കിലും കൂട്ടിനാരുമില്ലാത്തതുകൊണ്ട് ഞാന്‍ ഗുസ്തിമത്സരം കാണാന്‍ പിന്നെ പോയില്ല.
ബാലചന്ദ്രന്റെ കണക്കുകൂട്ടല്‍ വളരെ ശരിയായിരുന്നു. ചെറിയ ക്ലാസുകളിലായി വളരെ കുറച്ചുപേര്‍ മാത്രമാണ് ഗുസ്തി കാണാനെത്തിയിരുന്നത്.
കിങ്‌കോങ്ങും ബാരണ്‍ വോണ്‍ ഹെക്‌സിയും ബീച്ച്‌ഹോട്ടലിലാണ് താമസിച്ചിരുന്നത്. 'മനുഷ്യപര്‍വത'മായ കിങ്‌കോങ്ങിന്റെ ഭക്ഷണരീതി, മത്സരങ്ങളിലെ നേട്ടങ്ങള്‍, ജീവിതകഥ എന്നിവയെല്ലാം ചേര്‍ത്ത് ഒരു ഫീച്ചറുണ്ടാക്കിയാലോ?''- ഞാന്‍ ഒരുനാള്‍ ബാലചന്ദ്രനോട് ചോദിച്ചു. ബാലചന്ദ്രന്‍ ചിരിച്ചു. പിന്നെ, ഇങ്ങനെ പറഞ്ഞു-''കുട്ടികള്‍ക്ക് വല്ല മാസികയുമുണ്ടെങ്കില്‍ കൊടുക്കാമായിരുന്നു. അവരുടെ ജാട കോഴിക്കോട്ട് ചെലവാകില്ലെന്ന് ആ സിംഗപ്പൂരുകാരന് ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമല്ലോ?''.
സ്‌പോര്‍ട്‌സിലും ഗെയിംസിലുമൊക്കെ ബാലചന്ദ്രന്റെ വിലയിരുത്തല്‍ എപ്പോഴും ശരിയായിരുന്നു. കളികളില്‍ എനിക്ക് കമ്പംവളര്‍ന്നത് ബാലചന്ദ്രന്റെ സഹവാസംകൊണ്ട് മാത്രമായിരുന്നു.
(തയ്യാറാക്കിയത്: കെ. ശ്രീകുമാര്‍)