
കൊച്ചി: ചായ, കോഫി, ബ്ലാക്ക് ടീ, ജ്യൂസ്... പാനീയങ്ങളുടെ നിരയില്‍ നിന്ന് പ്രധാനമന്ത്രി തിരഞ്ഞെടുത്തത് കരിക്കിന്‍ വെള്ളമായിരുന്നു. ഒപ്പം ഒരു കാഷ്യുനട്ട് കുക്കിയും. കൂടെയുണ്ടായിരുന്ന പത്‌നി ഗുര്‍ശരണ്‍ കൗറും അതുതന്നെ മതിയെന്നു പറഞ്ഞു.
മാതൃഭൂമി നവതിയാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം മറൈന്‍ ഡ്രൈവിലെ വേദിക്ക് സമീപമൊരുക്കിയ പന്തലില്‍ നടന്ന ചായ സത്കാരത്തിലാണ് പ്രധാനമന്ത്രി കേരളത്തിന്റെ സ്വന്തം പാനീയം തന്നെ തിരഞ്ഞെടുത്തത്.
പന്തലിന്റെ ചുവരില്‍ ഫ്രെയിം ചെയ്തു തൂക്കിയ മാതൃഭൂമി പത്രത്തിന്റെ ചരിത്രത്താളുകളിലൂടെ പ്രധാനമന്ത്രി കണ്ണോടിച്ചു. മഹാത്മജി കോഴിക്കോട് മാതൃഭൂമിയിലെത്തിയതിന്റെ വിശേഷങ്ങളുമായി ഇറങ്ങിയ 1934 ജനവരി 14-ന്റെ പത്രം പ്രധാനമന്ത്രി കൗതുകത്തോടെ നോക്കിക്കണ്ടു. മാതൃഭൂമിയെ നയിച്ച പ്രഗത്ഭരുടെ ചിത്രങ്ങള്‍ ഗുര്‍ശരണ്‍ കൗര്‍ നോക്കിക്കണ്ടു.
മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക്‌സ് മീഡിയ) എം.വി. ശ്രേയാംസ് കുമാര്‍, ഡയറക്ടര്‍മാരായ പി.വി. ഗംഗാധരന്‍, എം.ജെ. വിജയപത്മന്‍, പി.വി. നിധീഷ് (എഡിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍) തുടങ്ങിയവരുമായി അല്പനേരം പ്രധാനമന്ത്രി കുശലം പറഞ്ഞു. ഡയറക്ടര്‍മാരായ കല്പന കൃഷ്ണമോഹന്‍, ഡോ. ടി.കെ. ജയരാജ്, അഡ്വ. വി. ഭാസ്‌കര മേനോന്‍, എം.കെ. ജിനചന്ദ്രന്‍, പത്രാധിപര്‍ എം. കേശവ മേനോന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.ചായ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും പ്രധാനമന്ത്രി സമയം കണ്ടെത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, മനോരമ മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, ഡോ. ജി.പി.സി. നായര്‍, സത്യന്‍ അന്തിക്കാട്, എസ്.എന്‍. സ്വാമി, സുരേഷ് കൃഷ്ണ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചായ സത്കാരത്തില്‍ സംബന്ധിച്ചു. ഡ്രീം ഹോട്ടലിലെ ഫിനോ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിക്കായി വിഭവങ്ങള്‍ ഒരുക്കിയത്.