നവതിയാഘോഷം കൊച്ചി ഉത്സവമാക്കി
നാടും നക്ഷത്രങ്ങളും സര്‍വമേഖലകളിലെയും നായകരും സാക്ഷി. മാതൃഭൂമി എന്ന പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് പ്രകാശം പകര്‍ന്ന സായാഹ്നത്തില്‍ മലയാളിയുടെ മധുരാക്ഷരമായ മാതൃഭൂമി നവതിയുടെ നിറവെളിച്ചത്തിലേക്ക് നടന്നു. ആയിരങ്ങള്‍ നിറഞ്ഞ അവിസ്മരണീയ മുഹൂര്‍ത്തത്തില്‍ തൊണ്ണൂറാം പിറന്നാളാഘോഷങ്ങള്‍ക്ക് അതുല്യമായ തുടക്കം. മലയാള മനസ്സിന്റെ പ്രതീക്ഷകളുമായി ഇനിയുള്ള യാത്ര ഒരുനൂറ്റാണ്ടിലേക്ക്.......
കൊച്ചി:മാതൃഭൂമിയുടെ നവതിയാഘോഷം കൊച്ചി ഉത്സവമാക്കി. മറൈന്‍ ഡ്രൈവിലേക്ക് ഒഴുകിയെത്തിയ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ നിര ഉത്സവത്തിന് ഗരിമ പകര്‍ന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മടിത്തട്ടില്‍ പിറന്ന മാതൃഭൂമിയുടെ പിറന്നാളാഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ചരിത്ര മുഹൂര്‍ത്തമായി. മാതൃഭൂമിയെ നെഞ്ചേറ്റുന്ന മലയാളികള്‍ ഇത് ഉത്സവമാക്കി.
കൊച്ചി മറൈന്‍ ഡ്രൈവില്‍ തയ്യാറാക്കിയ ശീതീകരിച്ച ഹാളിലായിരുന്നു പരിപാടി. ഹാള്‍ നിറഞ്ഞ പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മാതൃഭൂമിയുടെ പാരമ്പര്യവും വളര്‍ച്ചയും നേട്ടങ്ങളും എണ്ണിപ്പറഞ്ഞു.
രാഷ്ട്രീയ-സാഹിത്യ- സിനിമാ രംഗങ്ങളിലെ മുന്‍നിരക്കാരും മാധ്യമ-സാംസ്‌കാരിക മേഖലകളിലെ കുലപതികളും ന്യായാധിപന്മാരുമുള്‍പ്പെട്ട സദസ്സ് ആഹ്ലാദത്തോടെ എല്ലാം കേട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രിയുമെല്ലാം പ്രകീര്‍ത്തിച്ചത് 'മാതൃഭൂമി'യുടെ നിഷ്പക്ഷതയേയും സത്യസന്ധതയേയുമാണ്.മൂന്നേകാലിനുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ടുമണി മുതല്‍ക്കേ ഹാളിലേക്ക് ജനം ഒഴുകിയെത്തിത്തുടങ്ങിയിരുന്നു. ആഘോഷത്തിനെത്തിയവരെ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും തുടങ്ങി ജീവനക്കാര്‍വരെയുള്ളവര്‍ വിവിധ കവാടങ്ങളില്‍ സ്വീകരിച്ചു.കുശലം പറഞ്ഞ് സന്തോഷം പങ്കിട്ട് മുന്‍നിരയില്‍ ഓടി നടന്നവരില്‍ മന്ത്രിമാരും ചലച്ചിത്ര താരങ്ങളുമൊക്കെയുണ്ടായിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ നവാഗതന്‍ രമേശ് ചെന്നിത്തലയ്ക്ക് പ്രത്യേക ശ്രദ്ധ കിട്ടി.
യോഗം ആരംഭിക്കുന്നതിന് വളരെ മുമ്പേയെത്തിയ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമൊക്കെ ഇഷ്ടം പ്രകടിപ്പിക്കാനെത്തിയവരില്‍ മന്ത്രിമാരും സാഹിത്യകാരന്മാരുമുണ്ടായിരുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഇസ്‌ലാമിക പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂര്‍, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ചിത്തശുദ്ധന്‍ തുടങ്ങി വിവിധ മത നേതാക്കളും സദസ്സിനെ സമ്പന്നമാക്കി.ജ്ഞാനപീഠകാരനും ആഴ്ചപ്പതിപ്പിന്റെ മുന്‍ പത്രാധിപരുമായ എം.ടി. വാസുദേവന്‍ നായര്‍, മുന്‍ പത്രാധിപന്മാരായ വി.പി. രാമചന്ദ്രന്‍, കെ. ഗോപാലകൃഷ്ണന്‍ തുടങ്ങി പോയ കാലത്തിന്റെ അമരക്കാരുമുണ്ടായിരുന്നു മാതൃഭൂമി തറവാടിന്റെ നവതിയാഘോഷത്തിന്റെ സന്തോഷം പങ്കിടാന്‍.തൊണ്ണൂറു വയസ്സിലെത്തിയ മാതൃഭൂമിയുടെ പിറന്നാളാഘോഷത്തിന് 99-കാരന്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ആശംസകളുമായി എത്തിയതും ശ്രദ്ധേയമായി. മൂന്നേകാലിന് ആരംഭിച്ച ചടങ്ങ് നാല്പത്തഞ്ച് മിനുട്ടില്‍ അവസാനിച്ചു.