അച്ചടിമാധ്യമത്തിന്റെ ശക്തി വിശ്വാസ്യത: പ്രധാനമന്ത്രി

Posted on: 06 Jan 2014

മാതൃഭൂമി നവതി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ തുടങ്ങി വിവിധ മേഖലകളിലായി മാധ്യമരംഗം വികാസം പ്രാപിച്ചെങ്കിലും, വിശ്വാസ്യതയിലും കൂടുതല്‍ വിവരം നല്‍കുന്ന കാര്യത്തിലും അച്ചടിമാധ്യമത്തിന് ഇന്നും സവിശേഷമായ പ്രസക്തിയുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. മാതൃഭൂമിയുടെ നവതി ആഘോഷം കൊച്ചി മറൈന്‍ ഡ്രൈവില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

സമൂഹത്തിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാധ്യമങ്ങള്‍ തന്നെ ചിലപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിക്കുന്നു. നിത്യജീവിതത്തില്‍ അനുദിനം ഇടം വര്‍ധിച്ചുവരുന്ന സോഷ്യല്‍ മീഡിയയുടെ ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാണ്.

മാനവരാശിയുടെ ചരിത്രത്തില്‍ മറ്റൊരു മാധ്യമത്തിനും ലഭിച്ചിട്ടില്ലാത്ത വ്യാപ്തി ഇന്റര്‍നെറ്റിന് കൈവരിക്കാന്‍ കഴിഞ്ഞു. എങ്കിലും അച്ചടി മാധ്യമത്തിനുള്ള സവിശേഷമായ പ്രസക്തിയും ശക്തിയും കുറച്ചുകാണാന്‍ കഴിയില്ല. 90 വര്‍ഷം കേരള ജനത 'മാതൃഭൂമി'യില്‍ അര്‍പ്പിച്ച വിശ്വാസം അച്ചടിമാധ്യമത്തിന്റെ വിശ്വാസ്യതയ്ക്കുള്ള ഉത്തമ ഉദാഹരണമാണ്.

നിഷ്പക്ഷ പത്ര പ്രവര്‍ത്തനത്തിലൂടെ മലയാളി സമൂഹത്തെ ഒമ്പത് പതിറ്റാണ്ട് നേരിന്റെ പാതയില്‍ നയിച്ച 'മാതൃഭൂമി'യുടെ സേവനം മഹത്തരമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അച്ചുകൂടത്തില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക് കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വളര്‍ന്നപ്പോഴും പാരമ്പര്യത്തെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കാന്‍ 'മാതൃഭൂമി'ക്ക് കഴിഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട ധീര ദേശാഭിമാനികളാണ് 'മാതൃഭൂമി'യുടെ സ്ഥാപകരായ കെ.പി. കേശവ മേനോന്‍, കെ. മാധവന്‍ നായര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കേരള ഗാന്ധിയെന്ന് അറിയപ്പെടുന്ന കെ. കേളപ്പന്‍ തുടങ്ങിയവര്‍. ഇവരെല്ലാവരും നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ട വീഥിയില്‍ മുന്നണിപ്പോരാളികളായിരുന്നു. വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, ഐക്യകേരള പ്രസ്ഥാനം തുടങ്ങിയ പോരാട്ടങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കി. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ പങ്കെടുത്തതിന് 'മാതൃഭൂമി'യുടെ സ്ഥാപക പത്രാധിപര്‍ കെ.പി. കേശവ മേനോന്‍ ഉള്‍പ്പെടെ പല പത്രാധിപന്‍മാരേയും ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്.

മുഖപ്രസംഗം എഴുതുമ്പോഴാണ് പത്രാധിപര്‍ കെ.എ. ദാമോദര മേനോനെ അറസ്റ്റ് ചെയ്തത്. മലയാള സാഹിത്യത്തിലെ നക്ഷത്രങ്ങളായ എന്‍.വി. കൃഷ്ണ വാര്യര്‍, എം.ടി. വാസുദേവന്‍ നായര്‍, ബാലാമണി അമ്മ തുടങ്ങിയവര്‍ മാതൃഭൂമിയുടെ ഭാഗമാണ്. 1934-ല്‍ മഹാത്മാഗാന്ധി 'മാതൃഭൂമി' സന്ദര്‍ശിച്ചത് അവിസ്മരണീയ മുഹൂര്‍ത്തമാണ്. 'മഹാത്മജിയും മാതൃഭൂമിയും' എന്ന പേരില്‍ 2010-ല്‍ ഒരു വര്‍ഷം ഇതിന്റെ അനുസ്മരണ പരിപാടികള്‍ നടന്നു. തന്റെ കൃതികളുടെ മലയാളത്തിലെ പ്രസാധകര്‍ എന്നാണ് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റു മാതൃഭൂമിയെ വിശേഷിപ്പിച്ചത്.

ഇന്നും മലയാളത്തില്‍ നെഹ്‌റുവിന്റെ കൃതികളുടെ കോപ്പിറൈറ്റ് അവകാശി മാതൃഭൂമിയാണ്. മാതൃഭൂമിയുമായി പ്രത്യേക അടുപ്പം നെഹ്‌റു കാത്തുസൂക്ഷിച്ചിരുന്നു. തുടങ്ങിയ കാലം മുതല്‍ മാധ്യമ ലോകത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന സ്ഥാപനമായി 'മാതൃഭൂമി' വളര്‍ന്നു. നിഷ്പക്ഷതയും കൃത്യതയും സത്യസന്ധതയുമാണ് മാതൃഭൂമിയുടെ കൈമുതല്‍.

പത്ര പ്രവര്‍ത്തനത്തില്‍ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്ന് നല്ല മാതൃക സൃഷ്ടിച്ചതാണ് മാതൃഭൂമിയുടെ വിജയത്തിന് ആധാരം. ഇന്ന് കേരളത്തിലെ 10 എഡിഷനുകള്‍ക്കു പുറമേ, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ന്യൂഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും എഡിഷനുകള്‍ തുടങ്ങി. നിരവധി പ്രസിദ്ധീകരണങ്ങളും മാതൃഭൂമിക്കുണ്ട്. ക്ലബ് എഫ്എം റേഡിയോയ്ക്ക് പിന്നാലെ മാതൃഭൂമി ന്യൂസ് ചാനലും തുടങ്ങി. ജനവരി 23 ന് ചാനല്‍ ഒന്നാം പിറന്നാളിലേക്ക് കടക്കുകയാണ്. വിനോദ ചാനലായ 'കപ്പ'യും ഏറെ ശ്രദ്ധേയമായി.

സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിലും മാതൃഭൂമി പിറകോട്ട് പോയിട്ടില്ല. 6000 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളിലൂടെ വരും തലമുറയില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്ന മാതൃഭൂമിയുടെ സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡവലപ്‌മെന്റ് (സീഡ്) ഈ ദിശയിലുള്ള കാല്‍വെപ്പാണ്. സമൂഹത്തില്‍ വ്യത്യസ്തമായ ഇടപെടല്‍ നടത്തുന്ന ഗൃഹലക്ഷ്മി വേദി, മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ എന്നിവയുടെ സേവനവും പ്രശംസനീയമാണ്.

കഴിഞ്ഞ 34 വര്‍ഷമായി സ്ഥാപനത്തിന് ദിശാബോധം പകരുന്ന ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്റെ മികവുറ്റ നേതൃത്വം മാതൃഭൂമിക്ക് മുതല്‍ക്കൂട്ടാണ്. വ്യത്യസ്ത മണ്ഡലങ്ങളില്‍ കഴിവ് തെളിയിച്ച ഡയറക്ടര്‍മാരുടെ സേവനവും മാതൃഭൂമിയുടെ ഭാവി ശോഭനമാക്കുന്നു.

കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടായി മലയാളി സമൂഹത്തിന് നല്‍കിവരുന്ന സേവനം, അതേ പ്രതിബദ്ധതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും തുടര്‍ന്നും നല്‍കാന്‍ മാതൃഭൂമിക്ക് സാധിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ നിഖില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ സ്വാഗതവും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

നവതിയുടെ സപ്ലിമെന്റ് എം.ടി. വാസുദേവന്‍ നായരി ല്‍ നിന്ന് ഏറ്റുവാങ്ങി പ്രധാനമന്ത്രി പ്രകാശനം ചെയ്തു. മാതൃഭൂമിയുടെ ഉപഹാരമായ ആറന്മുള കണ്ണാടി ഡയറക്ടര്‍ എം.ജെ. വിജയപത്മന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.



ovvijayan
Photos Navathi

 

ga