ഓളച്ചിറകേറി മമ്മൂട്ടി അന്തിക്കാടിനൊപ്പം ലാല്‍

Posted on: 06 Jan 2014

കൊച്ചി: ആവേശത്തിന്റെ ഓളപ്പരപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ വരവ്. പ്രിയപ്പെട്ട സത്യന്‍ അന്തിക്കാടിനൊപ്പം ഗൃഹാതുരമായ ഒരു കൂട്ടുകെട്ടിനെ ഓര്‍മപ്പെടുത്തി മോഹന്‍ലാലുമെത്തി. മാതൃഭൂമിയുടെ നവതിയാഘോഷം അങ്ങനെ മലയാള സിനിമയിലെ ഏറ്റവും തിളക്കമാര്‍ന്ന രണ്ട് നക്ഷത്രങ്ങളും തെളിഞ്ഞ ആകാശം കൂടിയായി.

ഫോര്‍ട്ട്‌കൊച്ചിയില്‍ 'ഗ്യാങ്‌സ്റ്റര്‍' എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പ്രത്യേക സ്പീഡ് ബോട്ടിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. 'ചാനല്‍' എന്ന ബോട്ടിന്റെ വേഗച്ചിറകിലേറി ഉച്ചയ്ക്ക് രണ്ടരയോടെ മമ്മൂട്ടി കിന്‍കോ ജെട്ടിയിലെത്തി. എപ്പോഴത്തെയും പോലെ എസ്. ജോര്‍ജായിരുന്നു ഒപ്പം. അവിടെ നിന്ന് പ്രത്യേക വാഹനത്തില്‍ വേദിയിലേക്ക്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ അതീവ സുരക്ഷയിലായിരുന്നു കായല്‍ മേഖല. അതുകൊണ്ട് എസ്.പി.ജി., നാവികസേന, കോസ്റ്റ് ഗാര്‍ഡ്, സി.ഐ.എസ്.എഫ്. എന്നിവരുടെ അനുമതിയോടെയും സഹകരണത്തോടെയുമായിരുന്നു നവതിയാഘോഷ സ്ഥലത്തേക്ക് മമ്മൂട്ടിയുടെ കായല്‍ യാത്ര. പോലീസ് സംഘവും സഹായത്തിനുണ്ടായിരുന്നു.

വേദിയിലെത്തിയ ഉടന്‍ മമ്മൂട്ടി പ്രിയ ഗുരുനാഥ എം. ലീലാവതിയുടെ അടുത്തേക്കാണ് പോയത്. ഗുരു-ശിഷ്യ സംഗമത്തിന്റെ നിമിഷം. തുടര്‍ന്നാണ് അദ്ദേഹം വേദിയുടെ മുന്‍നിരയിലെ ഇരിപ്പിടത്തിലെത്തിയത്. മമ്മൂട്ടിയുടെ വരവിന് പത്തുനിമിഷം മുമ്പ് മോഹന്‍ലാല്‍ വേദിയിലേക്കെത്തി. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നടന്‍ സുരേഷ് കൃഷ്ണ, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പമാണ് ലാല്‍ വന്നത്. മമ്മൂട്ടിയെത്തിയതോടെ സൗഹൃദത്തിന്റെ തിരശ്ശീലയുണര്‍ന്നു. അടുത്തടുത്തുള്ള ഇരിപ്പിടങ്ങളില്‍ മലയാള സിനിമയുടെ നായകര്‍ മാതൃഭൂമിയുടെ നവതിക്ക് സാക്ഷികളായി. മാതൃഭൂമി ചീഫ് പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍. പ്രമോദിന്റെ നേതൃത്വത്തിലാണ് ഇരുവരെയും സ്വീകരിച്ചത്. മാതൃഭൂമിയുടെ എല്ലാ സാരഥികളെയും പരിചയപ്പെട്ടും ആശംസ നേര്‍ന്നുമാണ് ലാലും മമ്മൂട്ടിയും മടങ്ങിയത്.




ovvijayan
Photos Navathi

 

ga