സാക്ഷിയാകാന്‍ തലമുറകളുടെ താര നിര

Posted on: 06 Jan 2014

കൊച്ചി: മാതൃഭൂമിയുടെ നവതിയാഘോഷച്ചടങ്ങ് എണ്‍പത്തിയഞ്ച് വര്‍ഷം പിന്നിട്ട മലയാള സിനിമയുടെ എല്ലാ തലമുറകളുടെയും സാന്നിധ്യം കൊണ്ട് അനുഗൃഹീതമായി. കെ.ജി. ജോര്‍ജ് മുതല്‍ ഏറ്റവും പുതിയ തലമുറയിലെ ബോബി-സഞ്ജയ് സഹോദരന്മാര്‍ വരെ ചടങ്ങിനെത്തി.

പ്രായത്തിന്റെ അവശതകള്‍ മറന്ന് ഉച്ചയ്ക്ക് ഒന്നരയോടെതന്നെ കെ.ജി. ജോര്‍ജ് എത്തി. തൊട്ടുപിന്നാലെ ജനാര്‍ദനന്‍ വന്നു. ഇരുവര്‍ക്കും അടുത്തടുത്തായിരുന്നു ഇരിപ്പിടങ്ങള്‍. സംവിധായകനും തിരക്കഥാകൃത്തുമായ എ.കെ. സാജനും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും ഒരുമിച്ചാണെത്തിയത്. മഞ്ജു വാര്യരുടെ തിരിച്ചുവരവിലെ ആദ്യ ചിത്രമായ 'ഹൗ ഓള്‍ഡ് ആര്‍ യു'വിന്റെ തിരക്കിട്ട ചര്‍ച്ചകള്‍ക്കിടയില്‍ നിന്നാണ് ബോബിയും സഞ്ജയും എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ ആന്‍ഡ്രൂസും ഇവര്‍ക്കൊപ്പമെത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും അവസാന നിമിഷമുണ്ടായ അസൗകര്യം മൂലം സാധിച്ചില്ല. കുക്കു പരമേശ്വരന്‍ സിനിമയില്‍ നിന്നുള്ള സ്ത്രീ സാന്നിധ്യമായി. ചടങ്ങിന് പുറപ്പെട്ട മീരാനന്ദനു മുന്നില്‍ പാതിവഴിയില്‍ ട്രാഫിക് കുരുക്ക് വില്ലനായി. പ്രധാനമന്ത്രി വരാറായ സമയമായതിനാല്‍ മറൈന്‍ ഡ്രൈവിലേക്കുള്ള റോഡിലെ ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതോടെ മീരയ്ക്ക് ചടങ്ങിനെത്താനാകാതെ പോയി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥി കൂടിയായ മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക് സ്വാഗതമോതി.





ovvijayan
Photos Navathi

 

ga