ഏത് ചരക്കും എളുപ്പും വിറ്റഴിയുന്ന മികച്ച ഉപഭോക്തൃസംസ്ഥാനമാണ് കേരളം. എത്ര തരം കുളിസോപ്പ്, പൗഡര്‍, ഷാംപൂ, കരിമഷി... ഏത് കുഗ്രാമത്തിലെ പെട്ടിക്കടകളിലും ലഭ്യം. അതുപോലെയാണിവിടെ ആനുകാലിക പ്രസിദ്ധീകരണങ്ങളും. ഞെട്ടരുത്. നൂറ്റിനാല്പതില്‍ പരം ദിനപത്രങ്ങളും അത്രതന്നെ ആഴ്ചപ്പതിപ്പുകളും നൂറ്റിരുപതോളം ദ്വൈവാരികകളും അഞ്ഞൂറില്‍പരം മാസികകളും മുപ്പതോളം ത്രൈമാസികകളും ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. മുടങ്ങിയും വീണ്ടും തുടങ്ങി മുടന്തിയും തുടരുന്ന പത്രമാസികകളുടെ കണക്ക്. ഇന്ത്യയില്‍ ഏറ്റവുമധികം കാര്‍ട്ടൂണിസ്റ്റുകളുള്ളതും കേരളത്തിലാണ്. നേരം പുലര്‍ന്നാല്‍ ഒരു വിവാദപ്രസ്താവനയെങ്കിലും ഇറക്കിയില്ലെങ്കില്‍ ഉറക്കം വരാത്ത നേതാക്കളുടെ ബാഹുല്യവും ഇവിടെത്തന്നെ, സാക്ഷരത, പ്രബുദ്ധത, പ്രതികരണം, അസൂയ, കുശുമ്പ്, പൊങ്ങച്ചം, മദ്യാസക്തി, പെണ്ണാസക്തി- ഇവയിലും കൊടി പറത്തുകയാണ് കേരളം. എഴുതാന്‍ തുടങ്ങിയപ്പോള്‍ കേരളത്തിന്റെ ഈ വിശ്വരൂപമാണ് മനസ്സില്‍ തെളിഞ്ഞത്.
ജീവിതത്തില്‍ നവസരങ്ങളിലൂടെ നാം പ്രതികരിക്കുന്നു. ഏറ്റവും ഉദാത്തമായ നര്‍മ്മം പറയാനും ആസ്വദിക്കുവാനും കഴിയുക എന്നത് സുകൃതമാണ്. സാര്‍ഗാത്മകമായ ചരിയും ചിന്തയും വിമര്‍ശനവും, ആക്ഷേപഹാസ്യവും ഉയര്‍ന്ന നിലവാരത്തില്‍ എന്നും വായനക്കാരന് നല്‍കിക്കൊണ്ടിരിക്കുന്നു എന്നാണ് മാതൃഭൂമിയുടെ ചരിത്രം പറയുന്നത്.
സഞ്ജയന്റെ നിലാരത്തില്‍നിന്ന് തുടങ്ങുന്നു മാതൃഭൂമിയുടെ ചിരി. ലണ്ടനിലെ പഞ്ച് ഹാസ്യമാസികയുടെ നിലവാരമായിരുന്നു സഞ്ജയന് മാതൃക. കുട്ടികൃഷ്ണമാരാരെക്കൊണ്ടുപോലും 'കു.മാ.ര്‍' എന്ന തൂലികാനാമത്തില്‍ നര്‍മ്മലേഖനങ്ങള്‍ എഴുതിച്ചിട്ടുണ്ട് സഞ്ജയന്‍. ഒരു സഞ്ജയഫലിതം ഇതാ - രണ്ട് സ്നേഹിതന്മാര്‍ വലിയ ബേജാറോടുകൂടി കൃഷ്ണന്‍നായരുടെ വീട്ടില്‍ കയറിച്ചെന്നു.
കൃഷ്ണന്‍നായര്‍: എന്താണിത്ര പരിഭവം?
സ്നേഹിതന്‍: ഈശ്വരാ അതൊന്നും പറയണ്ട. ഞങ്ങള്‍ വരുന്നവഴിക്ക് തീവണ്ടിയുടെ അടിയില്‍പ്പെട്ട ഒരാളുടെ ശവം കണ്ടു. തലയില്ല. കാഴ്ചയില്‍ നിങ്ങളെപ്പോലെ തന്നെ.
കൃഷ്ണന്‍നായര്‍: എന്നെപ്പോലെ തടിച്ചിട്ടാണോ?
സ്നേഹിതന്‍: അതെ.
കൃഷ്ണന്‍നായര്‍: ഉയരം?
സ്നേഹിതന്‍: തുല്യം
കൃഷ്ണന്‍നായര്‍: നിറം?
സ്നേഹിതന്‍: നിങ്ങളുടെ നിറം തന്നെ?
കൃഷ്ണന്‍നായര്‍: കുപ്പായം ഇട്ടിട്ടുണ്ടോ?
സ്നേഹിതന്‍: ഉണ്ട്. ഒരു ഷര്‍ട്ട്
കൃഷ്ണന്‍നായര്‍: വെറും വെള്ളയോ വരയുള്ളതോ?
സ്നേഹിതന്‍: വരയുള്ളത്.
കൃഷ്ണന്‍നായര്‍: ആവൂ, എന്നാല്‍ ഞാനല്ല, എനിക്ക് വരയുള്ള ഷര്‍ട്ടില്ല.
ബുദ്ധിയേയും ഹൃദയത്തേയും തൊടുന്ന സഞ്ജയ ഫലിതങ്ങള്‍ ജനകീയവുമാണ്. സഞ്ജയന്റെ സുഹൃത്തും മാതൃഭൂമി പത്രാധിപരുമായിരുന്ന സി.എച്ച്. കുഞ്ഞപ്പയാണ്‌സഞ്ജയന്റെ മരണാനന്തരം സഞ്ജയന്റെ കൃതികള്‍ പ്രകാശനം ചെയ്തത്. ഉള്ളില്‍ നിത്യദുഃഖത്തിന്റെ കടലിരമ്പം ഒളിപ്പിച്ച്, ചിരിക്കാനും ചിരിപ്പിക്കാനും കഴിഞ്ഞ മറ്റൊരു സഞ്ജയനായിരുന്നു ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് മാതൃഭൂമിയില്‍ തന്നെ മരിച്ചുവീണ ചിത്രകാരന്‍ എ.എസ്. നായര്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പേജില്‍ അദ്ദേഹം വരച്ച 'അകവും പുറവും' എന്ന പംക്തി മാതൃഭൂമിയിലെ ചിരിക്ക് ക്ലാസിക് പദവി നല്‍കി. ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരു ചിരി ഇതാ- വല്ലാത്ത മദ്യപാനാസക്തിയുള്ള ഒരാള്‍. മദ്യപിച്ച് വീട്ടില്‍ പോകുന്നത് ഭാര്യക്ക് ഇഷ്ടമല്ല. അയാള്‍ക്ക് കുടിക്കാതിരിക്കാനും പറ്റില്ല. ഭാര്യയോട് മദ്യത്തോടെന്നപോലെ സ്നേഹവുമാണ്. ഒരു ദിവസം കുടിക്കാതെ വന്ന ഭര്‍ത്താവിനെ ഭാര്യ കെട്ടിപ്പുണര്‍ന്ന് സ്വീകരിച്ചു. അവസാനത്തെ ഫ്രെയിം. സഹശയനത്തിനിടെ അയാള്‍ പെട്ടെന്ന് ചാടി എഴുന്നേറ്റ് പുറത്തേക്കോടി ഛര്‍ദ്ദിച്ചു. ഛര്‍ദ്ദിച്ചത് മദ്യക്കുപ്പികള്‍...
അത്ഭുതരചനയായ അദ്ദേഹത്തിന്റെ 'യയാതി' ചിത്രങ്ങള്‍ മാതൃഭൂമിയുടെയും ചിത്രണകലയുടെയും യശസ്സ് ഉയര്‍ത്തിയ കാര്യവും സഹൃദയര്‍ മറന്നിട്ടില്ല.
മാതൃഭൂമിയിലെ ചിരിയുടെ അന്തസ്സ് ഉയര്‍ന്നത് അരവിന്ദന്റെ പംക്തിയോടെയാണ്. 'ചെറിയ മനുഷ്യരും വലിയ ലോകവും' പരമ്പര വര്‍ഷങ്ങളോളം ആഴ്ചപ്പതിപ്പില്‍ തുടര്‍ന്നു. ആഴ്ചതോറും സഹൃദയലോകം ആകാംക്ഷയോടെ കാത്തിരുന്നു രാമുവിനെ കാണാന്‍. ആ കാത്തിരിപ്പും കാണലും മാതൃഭൂമിയെ ചുറ്റിപ്പറ്റിയുള്ള സാംസ്‌കാരികകേരളത്തിന്റെ പ്രതിവാര ചര്‍ച്ചകളും ചിരിയുടെ പുതിയ മാനങ്ങളിലേക്ക് മാതൃഭൂമിയെ ഉയര്‍ത്തി. ചിത്രിതസംവേദനത്തിന്റെ ഈ പുതിയ ആകാശത്തില്‍ നര്‍മ്മവും ആക്ഷേപഹാസ്യവും ആത്മവിമര്‍ശനവും ആത്മവിലാപങ്ങളുമെല്ലാം ഒരു ഗ്രാഫിക് സിനിമയായി നാം അനുഭവിച്ചു.
തൊഴില്‍രഹിതനായ രാമുവിനെ ഒരു ദിവസം പോസ്റ്റ്‌മേന്‍ തിരക്കി എത്തുന്നു. ഇന്‍റര്‍വ്യുകള്‍ കഴിഞ്ഞ് വെറുതെ നടക്കുന്ന കാലം. പോസ്റ്റ് മാനേ കണ്ടതോടെ ഉദ്യോഗം കിട്ടിയതായി സങ്കല്‍പ്പിച്ച് രാമു നെഞ്ച് വിരിച്ചുനടന്നു. പിന്നില്‍ ഫയലും പിടിച്ച് തന്നെ അനുഗമിക്കുന്ന പ്യൂണിനെയും രാമു സങ്കല്‍പ്പിക്കുന്നുണ്ട്. പോസ്റ്റ്‌മേന്‍ അടുത്തെത്തി കവര്‍ നീട്ടിക്കൊണ്ട് പറഞ്ഞു, ''ഒരു ഇരുപത് പൈസ സ്റ്റാമ്പുകൂടി എടുത്തോളൂ രാമൂ. മദ്രാസില്‍നിന്ന് ഒരു കൂലിക്കത്തുണ്ട്. സ്റ്റാമ്പ് തികയാത്തതുകൊണ്ട് തിരികെ വന്നതാണ്''.
നോ വേക്കന്‍സി ബോര്‍ഡുകളും രാമുവിന്റെ ബിരുദവും നോക്കുകുത്തികളാകുന്ന സന്ദര്‍ഭങ്ങള്‍ നിരവധി. '' കണ്ടോളന്‍സ് മിസ്റ്റര്‍ രാമു. ഞങ്ങള്‍ക്ക് എസ്.എസ്.എല്‍.സി. ക്കാരെ മതി. നിങ്ങള്‍ക്ക് ക്വാളിഫിക്കേഷന്‍ അധികമാണ്''. മറ്റൊരു അവസാന ഫ്രെയിം- ഈ പരമ്പരയെ ദാര്‍ശനികതലത്തിലേക്ക് ഉയര്‍ത്തിയത്. അതിലെ ഗുരുജിയാണ്. അരവിന്ദന്റെ മനസ്സും നിഴുമാണ് ഗുരുജി. ''ഞാനൊരുക്കിലും ഒറ്റക്കാവില്ല. എനിക്ക് ഞാന്‍ കൂട്ടുണ്ട്''. എന്ന് പറഞ്ഞാണ് പരമ്പരയുടെ അവസാനം ഗുരുജി സ്ഥലം വിടുന്നത്.
ചിരിയും ചിന്തയും ദര്‍ശനവും ഉയര്‍ന്ന നിലവാരത്തില്‍ സര്‍ഗാത്മകമായി അവതരിപ്പിക്കാറുള്ള ഒ.വി. വിജയനെയും അബു എബ്രഹാമിനെയും (മേമ്പൊടി) കുട്ടിയെയും കേരളവര്‍മ്മയേയും (ഭാരത ദര്‍ശനം) മാതൃഭൂമിയുടെ വായനക്കാര്‍ ഹൃദയത്തില്‍ സ്വീകരിച്ചു. ബി.എം. ഗഫൂര്‍ കാര്‍ട്ടൂണിസ്റ്റായി മാതൃഭൂമിയില്‍ ചേരുന്നതിന് മുമ്പ് ഒ.വി. വിജയന്റെ കാര്‍ട്ടൂണുകളാണ് പത്രത്തില്‍ വന്നുകൊണ്ടിരുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍, എ.പി. ഉദയഭാനു, തിക്കോടിയന്‍, വി.കെ.എന്‍., സി.ആര്‍. കേരളവര്‍മ്മ (വിക്രമന്‍), ഇ.എം. കോവൂര്‍, ജെ.കെ.വി., മലയാറ്റൂര്‍ തുടങ്ങിയവര്‍. മാതൃഭൂമിയുടെ ചിരിയെ സമ്പന്നവും സര്‍ഗാത്മകവുമാക്കി.
ദിനപത്രത്തിലെ ഒന്നാംപേജിലെ പോക്കറ്റ് കാര്‍ട്ടൂണ്‍, പ്രശസ്ത ചിത്രകാരന്‍ നമ്പൂതിരിയുടെ നാണിയമ്മയും ലോകവും, ബി.എം. ഗഫൂറിന്റെ കുഞ്ഞമ്മാവനും കടന്ന് ഗോപീകൃഷ്ണന്റെ കാകദൃഷ്ടിയിലെത്തി നില്‍ക്കുകയാണ്.
രാഷ്ട്രീയ കാര്‍ട്ടൂണുകളേക്കാള്‍ ഗഫൂറിന്റെ കുഞ്ഞമ്മാവനാണ് കസറിയിരുന്നത്. കുഞ്ഞമ്മാവനില്‍ ചിത്രീകരിക്കപ്പെടാനും പരാമര്‍ശിക്കപ്പെടാനും നേതാക്കള്‍ ഇടക്കിടെ വിളിക്കുമായിരുന്നെന്ന് ഗഫൂര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. 'അല്ലപ്പാ... എന്നെ മറന്നോ' എന്ന്.
ആഴ്ചപ്പതിപ്പില്‍ ഏറെക്കാലം മറ്റൊരു ഗഫൂര്‍ വരച്ചിരുന്നു- കെ.എ. ഗഫൂര്‍. കുട്ടികളും മുതിര്‍ന്നവരു മടക്കമുള്ള പുതിയൊരു സഹൃദയസമൂഹത്തെ മാതൃഭൂമിക്ക് സംഭാവന ചെയ്ത പരമ്പരകളായിരുന്നു അദ്ദേഹത്തിന്റെ മാന്ത്രികക്കട്ടില്‍, പറക്കും തൂവാല, മണ്ണുണ്ണി, അജ്ഞാതസഹായി, സിന്ദ്ബാദിന്റെ കപ്പല്‍ യാത്ര, റോബിന്‍സണ്‍ ക്രൂസോ എന്നിവ. മണ്‍പാത്രം ഉണ്ടാക്കുന്നതിനിടെ വെറുതെ ഒരു മണ്‍പാവയെ ഉണ്ടാക്കിയതാണ്. പെട്ടെന്ന് അതിന് ജീവന്‍ വെക്കുന്നു. തുടര്‍ന്ന് ആ മണ്ണുണ്ണി കാട്ടിക്കൂട്ടിയ സാഹസികതകള്‍ വായനക്കാര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്.
ആഴ്ചപ്പതിപ്പിന്റെ 'മണിമുഴക്ക'മായിരുന്നു കാര്‍ട്ടൂണിസ്റ്റ് തോമസിന്റെ അഭ്യാസ സിദ്ധമായ ബ്രഷ് രേഖകളിലൂടെ വായനക്കാരെ ത്രസിപ്പിച്ച 'വീക്ഷണവിശേഷം' എന്ന പംക്തി. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളുടെ നര്‍മ്മഭാവങ്ങളും മുഹൂര്‍ത്തങ്ങളും മറക്കാനാവില്ല. 'സുന്ദരന്‍ എന്ന സുന്ദരന്‍' എന്ന ഇ. സുരേഷിന്റെ പംക്തിയും വിസ്മരിക്കുന്നില്ല. ഫ്രീലാന്‍ഡ് കാര്‍ട്ടൂണിസ്റ്റുകള്‍ക്കായി ആഴ്ചപ്പതിപ്പില്‍ 'ദേശീയരേഖ' എന്ന പംക്തിയും പത്രത്തോടൊപ്പം ആഴ്ചയിലൊരിക്കല്‍ നാലുപേജുള്ള 'നര്‍മ്മഭൂമി' എന്ന ചെറുപത്രവും മാതൃഭൂമി നീക്കിവെച്ചിരുന്നു. നിരവധി കാര്‍ട്ടൂണിസ്റ്റുകളും നര്‍മ്മലേഖകരും ഇതില്‍ അവസരത്തിനൊത്തുയര്‍ന്ന് രചനകള്‍ നടത്തി. രണ്ടും ഇപ്പോഴില്ല. അതിലെ സി. ഹരികുമാറിന്റെ മൂര്‍ച്ചയുള്ള നര്‍മ്മലേഖനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എഡിറ്റോറിയല്‍ പേജില്‍ വരാറുള്ള എന്‍.പി. രാജേന്ദ്രന്റെ (ഇന്ദ്രന്‍സ്) കാലികസംഭവങ്ങളുടെ തീ പാറുന്ന നിരീക്ഷണങ്ങള്‍ ചിരിയില്‍ ചാലിച്ചതാണ്. മാതൃഭൂമിയിലെ ഇപ്പോഴത്തെ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ സഹൃദയലോകത്തിന്റെ ഇഷ്ടതാരമാണെന്ന് പറയാന്‍ മടിയില്ല. ആയുധഇടപാടിലേയും ഹെലികോപ്റ്റര്‍ ഇടപാടിലേയും അഴിമതിവിവാദം വിഷയമാക്കി അടുത്തിടെ മാതൃഭൂമി പത്രത്തില്‍ വന്ന ഗോപികൃഷ്ണന്റെ കാര്‍ട്ടൂണ്‍ ഈ ഇഷ്ടത്തിന് അടിവരയിടുന്നു. കട്ടിലില്‍ ഫോംമെത്തയില്‍ പുതച്ചുറങ്ങുന്ന സൈനിക മേധാവി. പുതപ്പിനുള്ളില്‍ മറ്റൊരാളുകൂടിയുണ്ടെന്ന് സൂചന- പുതപ്പിന് താഴെയായി നാല് പാദങ്ങള്‍ കാണുന്നു. നിലത്ത് പാവം പ്രതിരോധമന്ത്രി എ.കെ. ആന്‍റണി. സ്വന്തം ചെരിപ്പ് തലയണയാക്കി സുഖമായി ഉറങ്ങുന്നു. കാര്‍ട്ടൂണിന് 'ത്യാഗി' എന്ന തലക്കെട്ടും. കാര്‍ട്ടൂണ്‍ വന്ന് മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ആന്‍റണിയുടെ ഒരു പ്രസ്താവന പുറത്തുവരുന്നു. പ്രതിരോധവകുപ്പിലെ അഴിമതിയുടെ മുന്നില്‍ താന്‍ നിസ്സഹായനാണെന്നും ഒന്നും ചെയ്യാനാവുന്നില്ലെന്നും. അതോടെ ആ കാര്‍ട്ടൂണിന് പ്രവചനത്തിന്റെ മാനം കൂടി കൈവന്നു.
സിനിമാ നടന്‍ തിലകന്‍ മരിച്ചപ്പോള്‍ തിലകനെ വിലക്കി അകറ്റിനിര്‍ത്തിയ സൂപ്പര്‍ താരങ്ങളുടെ സൂപ്പര്‍ ഞെട്ടലും കരച്ചിലും കണ്ട് സ്വര്‍ഗത്തില്‍നിന്ന് തിലകന്‍ 'ഉവ്വേ... ഉവ്വേ...' എന്ന് പറയുന്ന കാര്‍ട്ടൂണ്‍ ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ഞെട്ടലും കാര്‍ട്ടൂണും ഒരേ ദിവസത്തെ പത്രത്തില്‍ വന്നപ്പോള്‍ ശക്തി ഇരട്ടിച്ചു.
തിങ്കളാഴ്ചകളില്‍ മാതൃഭൂമി ദിനപത്രത്തില്‍ വരുന്ന ഉണ്ണികൃഷ്ണന്റെ കാര്‍ട്ടൂണുകളും മാതൃഭൂമിച്ചിരിയുടെ ശ്രുതിയുമായി ചേര്‍ന്നുപോകുന്നുതാണ്.
ഇതിനുമുമ്പ് വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്ന അവസരം. ഉണ്ണികൃഷ്ണന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഇന്നും പ്രസക്തമാണ്. സ്‌കൂള്‍ തുറക്കുന്ന സമയം. കോടിയേരിയും തോമസ് ഐസക്കും പി.കെ. ശ്രിമതിയും അടിപൊളി യൂനിഫോമില്‍ കുടയും ബാഗുമായി സ്‌കൂളിലേക്ക് വരുന്ന കുട്ടികള്‍. മഴയുണ്ട്. അതേ സ്‌കൂളിലേക്ക് കയ്യില്‍ ഒരു സ്ലേറ്റുമായി ദരിദ്ര ബാലന്‍ വി.എസ്സും വരുന്നുണ്ട്. അപ്പോള്‍ പിണറായി മാഷ് മറ്റേ മൂന്നു കുട്ടികളോടായി പറയുന്നു -'കൂട്ടുകൂടി ചീത്തയാവരുത്'. ഏറെ ജനകീയമായ ഒരു കാര്‍ട്ടൂണ്‍.
പത്രത്തിന്റെ പരസ്യപേജില്‍ ഒളിച്ചിരുന്ന് കമന്‍റടിക്കുന്ന 'എക്‌സിക്കുട്ടനും' ചില്ലറക്കാരനല്ല. പയ്യന്‍ ചിന്തിക്കുന്നതും പറയുന്നതും വലിയവലിയ കാര്യങ്ങളാണ്. രജീന്ദ്രകുമാറിന്റെ എക്‌സിക്കുട്ടന്റെ ഒരു കമന്‍റ് ഇപ്പോഴും മനസ്സിലുണ്ട്. തിരവമ്പാടി ഉപതിരിഞ്ഞെടുപ്പാണ് വിഷയം. അങ്ങകലെ ജയിലില്‍ ഇരുമ്പഴിക്കുള്ളില്‍ ഇരുന്നുകൊണ്ട് സദ്ദാംഹുസൈന്‍ വല്ലാതെ ഉത്കണ്ടപ്പെടുകയാണ്. ''തിരുവമ്പാടി തിരഞ്ഞെടുപ്പ് ഫലം എന്താവ്വ്വോ?'' എന്ന്. ഒരു പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലോക്കല്‍ കാര്യങ്ങള്‍ മറന്ന് സ്ഥാനാര്‍ത്ഥികളും കക്ഷികളും സദ്ദാംഹുസൈന്‍ പ്രശ്‌നം വിഷയമാക്കിയ പ്രവണതയെ പരിഹരിക്കുന്നതായിരുന്നു ആ കാര്‍ട്ടൂണ്‍.
എനിക്കും മാതൃഭൂമിയില്‍ കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും ഓണപ്പതിപ്പുകളിലും നര്‍മ്മഭൂമിയിലും. ഒരു ആദര്‍ശ പത്രപ്രവര്‍ത്തകനെ അവതരിപ്പിച്ചുകൊണ്ട് 'കുട്ടന്‍ കണ്ടതും കേട്ടതും' എന്ന പരമ്പര അരവിന്ദനുശേഷം ആഴ്ചപ്പതിപ്പില്‍ രണ്ട് വര്‍ഷത്തോളം വരച്ചു. ഓണപ്പതിപ്പില്‍ ഒരിക്കല്‍ വന്ന എന്റെ 'വിപ്ലവം' എന്ന കാര്‍ട്ടൂണ്‍ ഓര്‍മ്മിച്ചുകൊണ്ട് ഞാനീ കുറിപ്പ് അവസാനിപ്പിക്കാം. ഒരാള്‍ നടന്നുപോയപ്പോള്‍ കാലിനിടയില്‍പ്ലെട്ട് ഒരു ഉറുമ്പ് ചത്തു. മറ്റു ഉറുമ്പുകള്‍ യോഗംകൂടി പ്രതിഷേധിച്ചു. ''അവന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചേ നമുക്കിനി വിശ്രമമുള്ളൂ''. എല്ലാ ഉറുമ്പും ഒന്നൊന്നായി അയാളുടെ കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ പോയി. അവസാനത്തെ ഫ്രെയിമില്‍ അയാളുടെ മുഖത്തിന്റെ ക്ലോസപ്പ്. പോയ ഉറുമ്പുകളെല്ലാം അയാളുടെ വായയ്ക്ക് ചുറ്റും വട്ടം കറങ്ങുകയാണ്. കാരണം അയാള്‍ മധുരപലഹാരം കഴിച്ചിരുന്നു.