വലിയ റോട്ടറി വരുന്നതില്‍ എല്ലാവര്‍ക്കും വലിയ സന്തോഷവും
അഭിമാനവുമായിരുന്നു. അതിന് തൊട്ടുമുമ്പാണ് ആഴ്ചപ്പതിപ്പിന്റെ
കവര്‍പ്പേജ് അച്ചടിക്കാന്‍ പറ്റിയ രണ്ട് ഹൈഡല്‍ബര്‍ഗ് മെഷീനുകള്‍ വന്നത്.
ദക്ഷിണേന്ത്യയില്‍ ഹൈഡല്‍ബര്‍ഗിനെപ്പറ്റി ആദ്യം കേള്‍ക്കുന്നത്
കോയമ്പത്തൂരിലെ ഒരു ജി.കൃഷ്ണന്‍ അതുപയോഗിച്ച് നൂറുറുപ്പികയുടെ
കള്ളനോട്ടടിക്കാന്‍ തുടങ്ങിയപ്പോഴാണ്
മാതൃഭൂമിക
എന്‍.വി. കൃഷ്ണവാരിയര്‍ നേരത്തേ ഊണുകഴിച്ച് പതിനൊന്ന്, പതിനൊന്നരയ്ക്കാണ് ഓഫീസില്‍ എത്തുക പതിവ്. പിന്നെ വൈകുന്നേരം ഒരഞ്ചരവരെ തിരക്കിട്ട് ജോലിചെയ്യും. വരുന്ന മാറ്ററുകള്‍ പരിശോധിക്കുക, തിരഞ്ഞെടുക്കുന്നവ തിരുത്തുക... അങ്ങനെ ധാരാളം ജോലികളുണ്ട്. അതിനിടയ്ക്ക് സന്ദര്‍ശകര്‍. പക്ഷേ, അവരെ വളരെ വേഗത്തില്‍ ഒഴിവാക്കും.
ഒറ്റനോട്ടത്തില്‍ ഒരു തിരഞ്ഞെടുപ്പുനടത്തി കുറേ മാറ്ററുകള്‍ എന്റെ മേശപ്പുറത്തേക്ക് മാറ്റിവെക്കും. അത് വിസ്തരിച്ച് വായിച്ച് അഭിപ്രായം പറയുന്നത് എന്റെ ജോലിയാണ്. പത്രപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തില്‍നിന്ന് ചില പാഠങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ''ഏത് വലിയ എഴുത്തുകാരന്റെ കൃതിയായാലും അക്ഷരത്തെറ്റും വാചകത്തെറ്റും ഉണ്ടായെന്നുവരും. അത് തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്''
-അദ്ദേഹമൊരിക്കല്‍ പറഞ്ഞു. ''ഘനഗംഭീരമായി മാത്രമേ എഴുതൂ എന്ന് നിര്‍ബന്ധമുള്ള ചിലരുണ്ട്. നമുക്ക് വായിച്ചാല്‍ മനസ്സിലാവില്ലെങ്കില്‍ എങ്ങനെ സാധാരണവായനക്കാര്‍ക്ക് ഗ്രഹിക്കാനാവും? അതുകൊണ്ട് വെട്ടലും തിരുത്തലും നടത്തുന്നത് തെറ്റല്ല, ആവശ്യംകൂടിയാണ്'' -അദ്ദേഹം പറഞ്ഞുതന്ന മറ്റൊരു പാഠമാണത്.
ഡി.ടി.പി. സങ്കേതങ്ങളൊന്നും വന്നിട്ടില്ലാത്ത അക്കാലത്ത് കമ്പോസിങ് പഴയരീതിയില്‍ അച്ചുപെറുക്കി നിരത്തിയിട്ടാണ്. ആദ്യം കോളം പ്രൂഫ്. അത് പ്രൂഫ് വിഭാഗം വായിച്ച് ഞങ്ങളുടെ മേശപ്പുറത്തെത്തുന്നു. തിരുത്തലുകള്‍ വല്ലതുമുണ്ടെങ്കില്‍ അത് നിര്‍വഹിച്ച് വീണ്ടും കമ്പോസിങ്ങിലെത്തുന്നു. കോളം പ്രൂഫുവെച്ച് അവരത് പേജുകളാക്കുന്നു. പേജുകള്‍ വീണ്ടും ഞങ്ങളുടെ മേശപ്പുറത്തേക്ക്. തിരുത്തിയ പേജുകള്‍ സെറ്റുചെയ്തുകഴിഞ്ഞാല്‍ അച്ചടിയന്ത്രത്തില്‍ കയറ്റാന്‍ തയ്യാറാവുന്നു.
ആയിടയ്ക്കാണ് 'മാതൃഭൂമി' പുതിയ റോട്ടറി വാങ്ങുന്നത്. ഈസ്റ്റ് ജര്‍മനിയില്‍നിന്നുള്ള പ്ലമാഗ് കമ്പനി അയച്ച നാല് ജര്‍മന്‍കാരും മാതൃഭൂമിയിലെ എന്‍ജിനീയര്‍ നാരായണന്‍നായരും ചേര്‍ന്ന് അത് സ്ഥാപിക്കുന്നത് ഞങ്ങള്‍ ഇടയ്‌ക്കൊരു കൗതുകത്തോടെ നോക്കും. രാവിലെ ഒമ്പതരയോടെയെത്തുന്ന ജര്‍മന്‍കാര്‍ ഉച്ചഭക്ഷണത്തിനുകൂടി പോകാതെ വൈകുന്നേരംവരെ പണിയെടുക്കും. വെള്ളവും പലതരം പഴച്ചാറുകളും അടങ്ങിയ ടിന്നുകള്‍ അവരുടെ സഞ്ചിയിലുണ്ടാവും. ഒട്ടും വിശ്രമമില്ലാതെ അവര്‍ പണിയെടുക്കുന്നത് നോക്കിനില്‍ക്കാന്‍തന്നെ ഒരു രസമായിരുന്നു.
വലിയ റോട്ടറി വരുന്നതില്‍ എല്ലാവര്‍ക്കും വലിയ സന്തോഷവും അഭിമാനവുമായിരുന്നു. അതിന് തൊട്ടുമുമ്പാണ് ആഴ്ചപ്പതിപ്പിന്റെ കവര്‍പ്പേജ് അച്ചടിക്കാന്‍ പറ്റിയ രണ്ട് ഹൈഡല്‍ബര്‍ഗ് മെഷീനുകള്‍ വന്നത്. ദക്ഷിണേന്ത്യയില്‍ ഹൈഡല്‍ബര്‍ഗിനെപ്പറ്റി ആദ്യം കേള്‍ക്കുന്നത് കോയമ്പത്തൂരിലെ ഒരു ജി.കൃഷ്ണന്‍ അതുപയോഗിച്ച് നൂറുറുപ്പികയുടെ കള്ളനോട്ടടിക്കാന്‍ തുടങ്ങിയപ്പോഴാണ്.
റോട്ടറിയില്‍ ദിനപ്പത്രത്തിന്റെ എട്ടുപേജുകള്‍ ഒന്നിച്ചടിക്കാം. യന്ത്രത്തിന്റെ മുഴുവന്‍ ശക്തി ഉപയോഗപ്പെടുത്തിയാല്‍ മണിക്കൂറില്‍ മുപ്പതിനായിരം കോപ്പി. അതില്‍ത്തന്നെയാണ് ആഴ്ചപ്പതിപ്പും അടിക്കാന്‍ തുടങ്ങിയത്. 32 പേജുകള്‍ ഒരുമിച്ച്. പേജുകള്‍ സെറ്റുചെയ്ത്, അതിന്റെ മീതെ കാര്‍ഡ്‌ബോര്‍ഡ് പോലുള്ള പ്രത്യേക കടലാസുവെച്ച് യന്ത്രത്തിലമര്‍ത്തിയെടുത്താല്‍-അതിന് 'ഫ്ലോങ്' എന്നുപറയും-അക്ഷരങ്ങളെല്ലാം കൃത്യമായി പതിഞ്ഞിരിക്കും. ഈ 'ഫ്ലോങ്' സിലിണ്ടറിന്റെ ആകൃതിയാക്കി മറ്റൊരു മെഷീനിലേക്ക് അതിലൂടെ ഉരുകിയ ലോഹം ഒഴിക്കുന്നു. മിനിട്ടുകള്‍ക്കകം അതുറയ്ക്കുന്നു. ഈ സിലിണ്ടറുകള്‍ അഴിച്ചെടുത്താണ് റോട്ടറിയില്‍ കയറ്റുന്നത്. മിക്കവാറും സന്ധ്യയ്ക്കായിരിക്കും ആഴ്ചപ്പതിപ്പിന്റെ പേജുകള്‍ കയറ്റുന്നത്. അതുകഴിഞ്ഞാല്‍ ദിനപ്പത്രത്തിന്റെ അച്ചടിയാണ്. അത് രാത്രി രണ്ടുമണിവരെ നീളും.

പേജ് പ്രൂഫുകള്‍ എല്ലാം നോക്കിയതാണെങ്കിലും റോട്ടറിയില്‍ കയറ്റി ആദ്യത്തെ 32 പേജുകള്‍ വന്നാല്‍ ഒന്ന് മൊത്തത്തില്‍ കണ്ണോടിക്കണം. വിസ്തരിച്ച തിരുത്തലിനൊന്നും അപ്പോള്‍ സമയമില്ല. മിക്കവാറും തലക്കെട്ടുകളാണ് നോക്കുക. കൃഷ്ണവാരിയര്‍ ആ സമയത്ത് ഉണ്ടാവില്ലല്ലോ. അതുകൊണ്ട് ഞാനൊന്ന് ഒപ്പിട്ടുകഴിഞ്ഞാല്‍ അവര്‍ക്ക് അച്ചടി തുടങ്ങാം.
ആ ഉത്തരവാദിത്വം തീര്‍ത്ത് ഒരുനാള്‍ ഞാന്‍ കമ്മത്തിലെയ്‌നിലൂടെ നടന്ന് ആനിഹാള്‍ റോഡിലെത്തിയപ്പോള്‍ ഫോര്‍മാന്‍ കെ.ടി.ബാലന്‍ സൈക്കിളില്‍ എന്റെ മുന്നില്‍. കൂടെ മെഷീനിലെ ഒരു ജോലിക്കാരനുമുണ്ട്. ഞാന്‍ പോന്നശേഷം അവരെന്തോ ഒരു തെറ്റ് കണ്ടിരിക്കുന്നു. സംശയം തീര്‍ക്കാന്‍ ബാലനെ വിളിച്ചതാണ്. ഞാന്‍ ഇരുണ്ട കമ്മത്തിലെയ്‌നിലൂടെ ഓടി പ്രസ്സിലെത്തി. അപ്പോഴേക്ക് ബാലനും വന്നു. ഒരു പ്രധാന ലേഖനമായി ആ ലക്കത്തിലുണ്ടായിരുന്നത് എം.പി.ശങ്കുണ്ണിനായരുടെ ഒരു നാടകപഠനമായിരുന്നു. 'എം.പി. ശങ്കുണ്ണിനായര്‍' എന്ന പേരിന്റെ അവസാനം 'ര്‍' എന്നതിനുപകരം 'ന്‍' എന്നായിരിക്കുന്നു!
ഞാനാകെ തളര്‍ന്നുപോയി. പ്രൂഫുകാരനും കൃഷ്ണവാരിയരും പിന്നെ ഞാനും നോക്കിയതാണ്. എന്നിട്ടും ഈ തെറ്റ് വന്നിരിക്കുന്നു. പുതിയ 'ഫ്ലോങ്ങെ'ടുത്ത് മറ്റൊരു സിലിണ്ടര്‍ കാസ്റ്റുചെയ്ത്, മെഷീനില്‍ കയറ്റിയാലേ തെറ്റ് തിരുത്താനാവൂ. അതത്ര എളുപ്പമല്ല. അപ്പോഴേക്കും ബാലന്‍ പ്ലേറ്റ്‌മെയ്ക്കിങ്ങില്‍നിന്ന് ആരെയോ വിളിച്ചുകൊണ്ടുവന്നു. അയാള്‍ സിലിണ്ടര്‍ അഴിക്കാതെതന്നെ ഉളികൊണ്ട് ചെത്തി 'ന്‍' 'ര്‍' ആക്കി. ഒറ്റ നോട്ടത്തില്‍ ആരും അപകടം കാണില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. അച്ചടിതുടരാം. ആരോടാണ് ഞാന്‍ നന്ദിപറയേണ്ടത്? റോട്ടറി ഓടാന്‍ തുടങ്ങി. ഞാന്‍ പതുക്കെ പുറത്തേക്ക്.
വളരെക്കാലം കെ.ടി.ബാലനായിരുന്നു വീക്ക്‌ലി കമ്പോസിങ്ങിന്റെ ചുമതലയുള്ള ഫോര്‍മാന്‍. അന്ന് ആ വിഭാഗത്തില്‍ നടന്‍ കുഞ്ഞാണ്ടിയുമുണ്ട്. ബാലന്‍ വിരമിച്ച ശേഷമാണ് കുഞ്ഞാണ്ടി ഫോര്‍മാനാവുന്നത്. അതിനുശേഷം ചന്ദ്രശേഖരനും.
കമ്പോസിങ്ങിനുള്ള മാറ്റര്‍ കിട്ടേണ്ട ദിവസം രാവിലെ മുതല്‍ ബാലന്‍ ഞങ്ങളുടെ മുറിയില്‍ ചുറ്റിപ്പറ്റി നില്‍ക്കും. വൈകുന്തോറും ആ മുഖത്ത് അക്ഷമ കാണാം. വൈകുന്നേരത്തിനുമുമ്പേ മാറ്റര്‍ കൈയില്‍ കിട്ടിയാല്‍ ബാലന് ആശ്വാസമാവും. ബാലന് സാഹിത്യമൊന്നുമറിയില്ല. പക്ഷേ, ഒരു കെട്ട് മാറ്റര്‍ കൊടുത്താല്‍ നമ്മള്‍ പ്രത്യേകം പറയാതെതന്നെ ഏതാദ്യം വരണം, ഏത് പിന്നെവരണം എന്നൊക്കെ ബാലന് ധാരണയുണ്ട്. അത് പലപ്പോഴും കൃത്യമായിരിക്കും.
തെറ്റ് കണ്ടെത്തിയ രാത്രിയില്‍ ഉളികൊണ്ട് ചെത്തി അപകടം ആരുടെ ശ്രദ്ധയിലും പെടാത്തവിധം തിരുത്താമെന്ന് കണ്ടെത്തിയത് ബാലനായിരുന്നു.
(തയ്യാറാക്കിയത് കെ. ശ്രീകുമാര്‍)