ദിവസവും മൂന്നു നേരം ഡയാലിസിസ് ചെയ്യുമ്പോള്‍ ഒരാളുടെ ദൈനംദിന ജീവിതക്രമങ്ങള്‍ താളം തെറ്റാറുണ്ട്. പക്ഷെ യു.ആര്‍. അനന്തമൂര്‍ത്തി എന്ന എഴുത്തുകാരന്‍ തന്റെ ചര്യകളെ മറ്റൊരു വീക്ഷണകോണിലൂടെയാണ് സമീപിക്കുന്നത്. എഴുത്തും വായനയും എപ്പോഴും കൊണ്ടുനടക്കുന്നു എന്ന അഭിമാനബോധം ഒരു ഡയാലിസിസിനും തോല്‍പ്പിക്കാനാവാത്തവിധം ഈ അക്ഷര സ്‌നേഹിയെ നിശ്ചയദാര്‍ഢ്യമുള്ള മനുഷ്യനാക്കി മാറ്റുന്നു. പ്രായവും രോഗവും നമ്മുടെ ശരീരത്തെ തളര്‍ത്തിയേക്കാം. പക്ഷേ മനസ്സിനെയും ചിന്തകളെയും അത് ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ബാംഗ്ലൂരിലെ ആര്‍.എം.വി. സെക്കന്‍ഡ് സ്‌റ്റേജിലെ വസതിയില്‍ രോഗാതുരമായ അവസ്ഥയില്‍ ഇതൊരു അനിവാര്യമായ 'വീട്ടുതടങ്കലാ'യേക്കാമെന്ന് അദ്ദേഹത്തിന് സാക്ഷ്യമുണ്ട്. എന്നാല്‍ വായനയും എഴുത്തും ജീവശ്വാസം പോലുള്ള അനുഭവമാകയാല്‍ അപ്രിയമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും അക്ഷരത്തനിമയുള്ള ഉത്തരങ്ങളുമായി ഒട്ടേറെ ചോദ്യങ്ങളെ നേരിടുകയാണ് അനന്തമൂര്‍ത്തി. അതിലൊന്നായിരുന്നു 'മാതൃഭൂമി'യുമായുള്ള ബന്ധം. അനന്തമൂര്‍ത്തിയുടെ മറുപടികള്‍ നമ്മെ രണ്ടു ദശകത്തോളം പിറകോട്ടു പായിക്കുന്നു. എം.ജി. സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്ന പദവിയിലിരുന്ന് കേരളത്തെ നല്ലവണ്ണം അറിഞ്ഞിട്ടുണ്ടായിരുന്നു അനന്തമൂര്‍ത്തി. ഈ മലയാള ഭൂമിയില്‍, സാഹിത്യത്തിന്റെ വളക്കൂറുള്ള മണ്ണില്‍ കൃഷിയിറക്കാന്‍ പാകത്തില്‍ അദ്ദേഹം ബന്ധങ്ങള്‍ നട്ടു നനച്ചു വളര്‍ത്തി. കേവലമൊരു പത്രമെന്ന രീതിയിലല്ല മാതൃഭൂമിയെ അദ്ദേഹം വിലയിരുത്തുന്നത്. മലയാളത്തില്‍ ചില പരിമിതികള്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും മാതൃഭൂമി അതിനെയൊക്കെ ഭേദിച്ചലക്ഷ്യസ്ഥാനങ്ങളിലൊന്നായിരുന്നു അനന്തമൂര്‍ത്തിക്ക്. ഒരു പത്രസ്ഥാപനം എങ്ങനെയാണ് മറുഭാഷയിലെ സാഹിത്യകാരന് ഇത്രമേല്‍ പ്രിയങ്കരമാകുന്നതെന്നുള്ള അര്‍ത്ഥപൂര്‍ണ്ണങ്ങളായ നിര്‍വ്വചനങ്ങളാണ് ഈ ജ്ഞാനപീഠ ജേതാവിന്റെ വാക്കുകളില്‍ നിഴലിച്ചുകണ്ടത്.
എം.ടി. വാസുദേവന്‍നായര്‍ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ കാലഘട്ടമാണ് മലയാളത്തിലെ യുവ എഴുത്തുകാര്‍ ഏറ്റവും പ്രചോദിതരായ മുഹൂര്‍ത്തമെന്ന് അനന്തമൂര്‍ത്തി ഓര്‍ത്തെടുക്കുന്നു. ഒട്ടനവധി എഴുത്തുകാര്‍ മാതൃഭൂമിയിലൂടെ എഴുതിത്തെളിഞ്ഞു. അര്‍ഹമായ പ്രാതിനിധ്യം പോലെ സാഹിത്യഭൂമികയില്‍ കഴിവുറ്റവര്‍ക്ക് അനുയോജ്യമായ ഇരിപ്പിടവും ലഭിച്ചു. ആഴ്ചപ്പതിപ്പില്‍ അന്യഭാഷാ കൃതികള്‍ അതിന്റെ സാഹിത്യ ഭംഗി ചോരാതെ വിവര്‍ത്തനം ചെയ്യുക വഴി മറുഭാഷാ സാഹിത്യത്തിന്റെ രുചിയും മണവും ആസ്വദിക്കാനായി വായനക്കാര്‍ക്ക്. അനന്തമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവലുകളായ സംസ്‌കാര, ഭാരതീപുരം എന്നിവയൊക്കെ മാതൃഭൂമിയിലൂടെയാണ് മലയാളി വായനക്കാര്‍ അറിഞ്ഞത്. ഇതിനു പുറമെ കഥകള്‍... സി. രാഘവന്റെ മനോഹരമായ തര്‍ജ്ജമ കന്നഡ സാഹിത്യ ലോകത്തേക്ക് സാഹിത്യ തല്‍പ്പരരായ ആളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു രംഗപ്രവേശമായി മാറി. ഒരു കാലഘട്ടത്തിനൊപ്പം നടന്നു കഴിഞ്ഞെന്ന ചാരിതാര്‍ത്ഥ്യമുണ്ട് അനന്തമൂര്‍ത്തിക്ക്. കാരണം അദ്ദേഹത്തിന് എണ്‍പതു വയസ്സു പിന്നിട്ടു. മാതൃഭൂമിയാണെങ്കില്‍ നവതിയിലെത്തി നില്‍ക്കുന്നു. ഒരു മഹാപ്രസ്ഥാനത്തിനോടൊപ്പം ചേര്‍ന്നു സഞ്ചരിക്കാനായതിന്റെ അനുഭവ പരിചയം ഇപ്പോഴും എന്റെ കരുത്താണ്. എം. ഗംഗാധരന്‍ എഡിറ്റുചെയ്ത അനന്തമൂര്‍ത്തിയെക്കുറിച്ചുള്ള പുസ്തകമാണ് മാതൃഭൂമിയും അനന്തമൂര്‍ത്തിയും തമ്മിലുള്ള ഏറ്റവും ഒടുവിലത്തെ അക്ഷരസപര്യ. ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെങ്കിലും മാതൃഭൂമി വെട്ടിത്തെളിച്ച വഴികള്‍ മലയാള സാഹിത്യത്തിലെ ഔന്നത്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
മാതൃഭൂമിയെക്കുറിച്ചുള്ള അനന്തമൂര്‍ത്തിയുടെ സ്മരണകള്‍ ഒരിക്കലും ഒരു പ്രത്യേക സംഭവവുമായി ഇഴ ചേര്‍ക്കാവുന്ന ഒന്നല്ല. അദ്ദേഹത്തിന്റെ ഭാഷയില്‍ 'കേരളത്തിന്റെ സാംസ്‌കാരികമൂല്യങ്ങളും നവോത്ഥാനത്തിന്റെ നാള്‍വഴികളും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലമായ ഓര്‍മ്മകളും പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുന്നു മാതൃഭൂമി. കരുത്തുറ്റ ആശയ സംഹിതകളും കാലത്തിനൊത്ത് നീങ്ങാനുള്ള ത്വരയും പ്രശംസിക്കപ്പെടേണ്ടതാണ്. മുന്‍കാല സാരഥികള്‍ അവരുടെ തെളിമയുള്ള പ്രവര്‍ത്തന ശൈലിയിലൂടെ ബോധ്യപ്പെടുത്തിയ ജീവിത പാഠങ്ങളാണ് പത്രത്തിന്റെ ശക്തി. ഇപ്പോഴും അത് തുടരാനാകുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ശ്രദ്ധേയമായ മുഖപ്രസംഗങ്ങളിലൂടെയാണ് ഈ പത്രം വായനക്കാരെ ആകര്‍ഷിച്ചു തുടങ്ങിയത്. മാത്രമല്ല, മുന്‍കാല എഡിറ്റര്‍മാര്‍ പത്രത്തിന്റെ ഭാഷയും സംസ്‌കാരവും വായനക്കാരിലെത്തിക്കാന്‍ നടത്തിയ ശ്രമം, അതിന്റെ കര്‍മ്മ പദ്ധതികള്‍, വാര്‍ത്തയിലെ വിശുദ്ധി കാത്തു സൂക്ഷിക്കാനുള്ള അക്ഷീണപ്രയത്‌നം... ഇതിന്റെയൊക്ക ഫലമാണ് നവതിയിലും തലയെടുപ്പോടെ തുടരാന്‍ പത്രത്തെ പ്രാപ്തമാക്കുന്നത്.