ചില ബന്ധങ്ങള്‍, വ്യക്തിയോടായാലും സംഘത്തോടോ സ്ഥാപനത്തോടോ ആയാലും കാലം കനിഞ്ഞുനല്‍കുന്നതാണ്. ചിലപ്പോള്‍ ആകസ്മികതയില്‍ വിരിയുന്ന സൗരഭ്യമാണ്. അത് തലമുറകളുമായുള്ള സുദൃഢബന്ധമാവുമ്പോള്‍, കാലത്തെ അതിജീവിക്കുന്ന സൗഭാഗ്യമാണ്. മാതൃഭൂമിയുമായി നാലു തലമുറകളുടെ ബന്ധം, കോഴിക്കോട്ടെ എന്‍.പി. കുടുംബത്തിന്റെ സൗരഭ്യം പടര്‍ത്തുന്ന സൗഭാഗ്യമാണ്.
ഉപ്പാപ്പയുടെ മാതൃഭൂമി
പരപ്പനങ്ങാടിയിലെ ഒരു യാഥാസ്ഥിതിക - ചെറുകിട കര്‍ഷക കുടുംബത്തില്‍നിന്ന്, ഓത്തുപള്ളി വിദ്യാഭ്യാസത്തിനപ്പുറം കൈമുതലില്ലാത്ത ഉപ്പാപ്പ, എന്‍.പി. അബു, സ്വാതന്ത്ര്യസമരാവേശത്തില്‍ കോഴിക്കോട്ടെത്തുന്നത് 1930-കളിലാണ്. ജന്മിത്വത്തിന്റെ അരികുകളില്‍ കണ്ടം മുറിച്ചിട്ട കാലം, കലാപാനന്തര ഭീകരതകളില്‍ മനസ്സ് കരിഞ്ഞ അനേകായിരങ്ങളിലൊരാളായിരുന്നു ഉപ്പാപ്പയും. ഉപ്പാപ്പകോഴിക്കോട്ടെത്തുന്ന ആ നാളുകളില്‍ മാതൃഭൂമി പിറന്നിരുന്നു. വായിച്ചോ അഭിമുഖീകരിച്ചോ പുത്തന്‍ ശബ്ദം സ്വീകരിക്കാന്‍ അതുവരെയും കാര്യമായ അവസരങ്ങളുണ്ടായിരുന്നില്ല, എന്നിട്ടും രാഷ്ട്രീയത്തില്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മതബോധത്തില്‍ പുരോഗമനപക്ഷത്തിന്റെയും എളിയ പ്രവര്‍ത്തകനായി. രാഷ്ട്രീയ നേതാവും ആത്മീയ ഗുരുവുമായി അബ്ദുറഹിമാന്‍ സാഹിബ്. മാധവമേനോന്‍, മൊയ്തുമൗലവി, കുട്ടിമാളു അമ്മ തുടങ്ങിയവര്‍ സഹപ്രവര്‍ത്തകര്‍. സമരത്തിലുണ്ടായിരുന്നവരുടെ പ്രതീക്ഷയും ആശ്വാസവുമായിരുന്നു മാതൃഭൂമിയും അല്‍ അമീനും. പ്രതികാര നടപടികള്‍ക്ക് വിധേയമായിക്കെണ്ടേയിരുന്ന അല്‍ അമീന്‍ ദിനപ്പത്രം നിലച്ചുപോവാതിരിക്കാന്‍ പാടുപെട്ടവരില്‍ ഉപ്പാപ്പയുമുണ്ടായിരുന്നു. സാമ്പത്തിക പരാധീനതകളിലും നിയമനടപടികളിലും അല്‍ അമീന്‍ പ്രസിദ്ധീകരണം നിന്നുപോയപ്പോള്‍, മാതൃഭൂമി മാത്രമായി അഭയം.
കോഴിക്കോട്ടെ തീരപ്രദേശത്തെ പുതിയാപ്പിള സമ്പ്രദായം പിന്തുടരുന്ന തെക്കെപ്പുറം മുസ്‌ലിംകളുടെ കൊച്ചുവട്ടത്തിലായിരുന്നു പരപ്പനങ്ങാടിയില്‍നിന്നുള്ള ഉപ്പാപ്പയുടെ പറിച്ചുനടല്‍. കോഴിക്കോടന്‍ കച്ചവടപ്രതാപവും കൊളോണിയല്‍ ഭരണകാര്യബാന്ധവവുമുള്ള കുടുംബത്തിലായിരുന്നു ഉപ്പാപ്പയുടെ വിവാഹം. ദേശീയ പ്രസ്ഥാനവുമായുള്ള അടുപ്പം ഉപ്പാപ്പയെ ഭാര്യാകുടുംബത്തില്‍നിന്ന് അകറ്റി. പടിഞ്ഞാറന്‍ കല്ലായിയിലെ എണ്ണപ്പാടത്ത് യാഥാസ്ഥിതിക മാപ്പിളമാര്‍ക്കിടയില്‍ ഒരെതിരനായിക്കഴിഞ്ഞു. എണ്ണപ്പാടത്തുനിന്ന് വലിയങ്ങാടിയും അതിനോടടുത്തുള്ള മാതൃഭൂമി ഓഫീസും വലിയ ദൂരത്തായിരുന്നില്ല. സ്വാതന്ത്ര്യസമര സഹപ്രവര്‍ത്തകരുമായുള്ള നിത്യസമ്പര്‍ക്കം, അതിരാണിപ്പാടവും റെയില്‍വെ ഗുഡ്‌ഷെഡ് പരിസരവും നടന്നുകേറി ഉപ്പാപ്പയെ മാതൃഭൂമിയുടെ പടികള്‍ കേറാന്‍ പലവട്ടം കാരണമാക്കിയിട്ടുണ്ടാവണം. പിന്നീടെപ്പോഴോ ഈ ബന്ധമാവണം ഉപ്പാപ്പയെ മാതൃഭൂമിയുടെ തെക്കേപ്പുറത്തെ ഏജന്റാക്കി മാറ്റുന്നത്.
ഉമ്മയുടെ വീട്ടില്‍ ജനിച്ചുവളരുന്ന നാളുകളില്‍ ഞങ്ങള്‍, കുട്ടികള്‍ ഇടയ്ക്കിടെ ഇടിയങ്ങരയില്‍നിന്ന് അത്രയൊന്നും ദൂരത്തല്ലാത്ത എണ്ണപ്പാടത്ത് പോവാറുണ്ടായിരുന്നു. ഉപ്പയുടെ വീട്ടില്‍ അവധിദിനങ്ങളില്‍ രാപ്പാര്‍ക്കും. ആ നാളുകളിലാണ് ഉപ്പാപ്പയുടെ മാതഭൂമി ബന്ധം അടുത്തറിയാനായത്. മാതൃഭൂമിയുടെ പഴയ കോപ്പികളുടെ കൊച്ചുകെട്ടുകള്‍ ഒരു മുറിയില്‍ അട്ടിക്കിട്ടുവെച്ചിട്ടുണ്ടാവും. മഞ്ഞിച്ച ന്യൂസ്പ്രിന്റില്‍ പൊതിഞ്ഞ കെട്ടുകള്‍ക്ക് മീതെ ഒട്ടിച്ച സ്ലിപ്പില്‍ കാണാം: എന്‍.പി. അബു, ഏജന്റ്, കുറ്റിച്ചിറ.
കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായി മൂന്നു തവണ ഉപ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പല ആവശ്യങ്ങളുമായി ആളുകളെത്തും. ഇരുമ്പുപാലത്തിനടുത്തും മനന്തലപ്പാലത്തിനടുത്തും വട്ടാമ്പൊയിലിലും കുണ്ടുങ്ങലിലും അണഞ്ഞ വിളക്കുകാലുകളില്‍ പുതുബള്‍ബ് ഇടുവിക്കാനും വിധവാ സഹായമോ റേഷന്‍കാര്‍ഡോ ശരിയാക്കിയെടുക്കാനും ഓവുചാലുകള്‍ വൃത്തിയാക്കിക്കാനും ഓഫീസുകള്‍ കയറിയിറങ്ങുകയെന്നതായിരുന്നു പ്രധാന കൃത്യനിര്‍വഹണ പരിപാടി. ഉപ്പാപ്പയ്ക്ക് നടത്തം ഒരു സമരമായിരുന്നു. കണങ്കാലിനു മീതെ ഖദര്‍മുണ്ടുടുത്ത്, വെളുത്തതോ ഇളംമഞ്ഞയിലോ ഉള്ള നീണ്ട ജുബ്ബയിട്ട്, വെളുത്ത ഖദര്‍ തൊപ്പി അല്പം ഇടത്തോട്ട് ചരിച്ചണിഞ്ഞ് കൈയില്‍ വളഞ്ഞ കാലുള്ള കുടയുമായി ഉപ്പാപ്പ അങ്ങനെ നടക്കും. (സുഹൃത്തിന്റെ ചോദ്യം ഓര്‍മയിലുണ്ട്: ''ആരിത് ലാല്‍ബഹാദൂര്‍ ശാസ്ത്രിയോ മൊറാര്‍ജി ദേശായിയോ?). കുടയാണ് ഉപ്പാപ്പയ്ക്ക് വഴികാണിക്കുന്നതെന്നാണ് തോന്നുക. കറുത്ത ബാഗ് ഒക്കത്തുണ്ടാവും. ഉപ്പാപ്പ നടന്ന ദൂരം അപ്പപ്പോളറിയിക്കുന്ന തേയ്മാനം വന്ന തുകല്‍ച്ചെരുപ്പ് എണ്ണപ്പാടത്തെ പടാപ്പുറത്തെ വാതിലിന് പുറത്തുണ്ടാവും.
കൗണ്‍സിലര്‍സ്ഥാനം നഷ്ടമായപ്പോഴാണ് ഉപ്പാപ്പയുടെ മാതൃഭൂമി ബന്ധം സുദൃഢമാവുന്നത്. വരിക്കാരെ ചേര്‍ക്കാനും വരിസംഖ്യ പിരിപ്പിക്കാനും ഉപ്പാപ്പ നേരിട്ടിറങ്ങും. കറുത്ത ബാഗില്‍ മാതൃഭൂമിയുടെ രശീത് പുസ്തകവും കടക്കണക്ക് രേഖപ്പെടുത്തിയ കടലാസും ഉണ്ടാവും. വരിക്കാരുടെ പരാദീനതകള്‍ക്കോ അലംഭാവത്തിനോ ഉപ്പാപ്പയുടെ പ്രതികരണം കരുണനിറഞ്ഞ മൗനമായിരിക്കും. ഒരു വരിക്കാരനെയെന്തിന് പിണക്കണമെന്നതാവും ഉപ്പാപ്പയുടെ ചിന്ത. വരിക്കാരെ പിണക്കാതിരിക്കാനോ അവര്‍ വിട്ടുപോവാതിരിക്കാനോ ഉള്ള ഓരോ നടത്തവും ഉപ്പാപ്പയ്ക്ക് പ്രാര്‍ഥനയായിരുന്നു. മാതൃഭൂമി ഉപ്പാപ്പയുടെ വിശ്വാസവുമായിരുന്നു.
പത്രവിതരണം പ്രധാനമായും ഉപ്പയുടെ അനിയന്‍, സലീമെളാപ്പയുടെ ചുമതലയായിരുന്നു. സലീമെളാപ്പ അതിരാവിലെ എണീക്കും. പത്രവിതരണം നടത്തുന്ന കോയക്കയാണ് കൂട്ട്. സൈക്കിളിനു പിന്നില്‍ പത്രക്കെട്ട് കെട്ടിവെച്ച്, കുറച്ച് പത്രങ്ങള്‍ ഹാന്‍ഡ്‌ലിനോട് ചേര്‍ത്ത് കറുത്ത റബര്‍ബാന്‍ഡിട്ട് കരുതിവെച്ച്, സലീമെളാപ്പ സൈക്കിളില്‍ കറങ്ങിക്കൊണ്ടേയിരിക്കും. കോയക്ക അവധിയാണെങ്കില്‍ സലീമെളാപ്പയ്ക്ക് നല്ല പണിയാവും. രാവിലത്തെ വിതരണം കഴിഞ്ഞ് സലീമെളാപ്പയെത്തിയാല്‍ ആ രാവിലെയുടെ കഥ പറയും. ഓരോ രാവിലെയും സലീമെളാപ്പ പറഞ്ഞ കഥകളില്‍ ഉപ്പാപ്പയുടെ മൗനം വളരുന്നു. സലീമെളാപ്പ ചില വരിക്കാരെ അടിയന്തരമായി ഒഴിവാക്കുന്നതാണ് നല്ലതെന്നു പറയുമ്പോള്‍ ഉപ്പാപ്പയുടെ സൗമ്യസ്വരം: ''അത് വേണ്ട സലീമേ''. ഉപ്പാപ്പയുടെയും സലീമെളാപ്പയുടെയും രീതികള്‍ വ്യത്യസ്തമായിരുന്നു. ബാപ്പയാണ് വരിക്കാരെ ചീത്തയാക്കുന്നതെന്ന് സലീമെളാപ്പ പറയും. ഉപ്പാപ്പയ്ക്ക് മാതൃഭൂമി വായിക്കുന്ന ആരോടും കാരുണ്യം നിറഞ്ഞ സ്‌നേഹമായിരുന്നു. മാതൃഭൂമിയുടെ ഓഫീസില്‍ കൃത്യത്തിന് പണമടയ്ക്കാനാവാതെ പോകുന്നത് ബാപ്പയുടെ സ്വഭാവംകൊണ്ടാണെന്ന് സലീമെളാപ്പ പറയും. മാസത്തിന്റെ അറ്റങ്ങളില്‍ മാതൃഭൂമിയില്‍ പണമടയ്ക്കാന്‍ പാടുപെടുമ്പോള്‍ ഉപ്പ ചോദിച്ചിട്ടുണ്ട്: ''ഇത് നിര്‍ത്തിക്കൂടേ?'' ഉപ്പാപ്പ പറയും: ''വേണ്ട മുഹമ്മദേ, പോകുന്നിടത്തോളം പോവട്ടെ.'' ഉപ്പാപ്പയ്ക്ക് മാതൃഭൂമിയുടെ വിതരണം പരിശുദ്ധമായ ഒരനുഷ്ഠാനമായിരുന്നു.
എണ്‍പതുകളുടെ മധ്യേ സലീമെളാപ്പ ഒരു കച്ചവടത്തില്‍ പങ്കാളിയാവുന്നതോടെ ഉപ്പാപ്പ മാതൃഭൂമി വിതരണം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. പിന്നീട് എന്നും രാവിലെ കോലായയിലെ ചാരുകസേരയില്‍ അല്പം മുന്നോട്ട് ചാഞ്ഞിരുന്ന്, നാവറ്റം കൂര്‍പ്പിച്ച് മേല്‍ച്ചുണ്ട് തൊട്ട്, മാതൃഭൂമി ദിനപത്രം അരിച്ചുപെറുക്കി വായിക്കുമ്പോള്‍ തോന്നിയിട്ടുണ്ട്: ഉപ്പാപ്പ ആത്മാവുമായ് ഹൃദയഭാഷണം നടത്തുകയാണ്. മറ്റാര്‍ക്കും തിരിച്ചറിയാനാവാത്ത ഭാഷണം.
ഉപ്പയും മാതൃഭൂമിയും
ഉപ്പ കല്യാണം കഴിച്ചത് പുതിയാപ്പിള സമ്പ്രദായം പിന്തുടരുന്ന കോഴിക്കോട്ടെ ഒരു കുടുംബത്തില്‍നിന്നായിരുന്നു. വീട്ടുപുതിയാപ്പിളയായ ഉപ്പയോടൊപ്പമാവണം ഇടയങ്ങരയിലെ ഞങ്ങള്‍ ജനിച്ചുവളര്‍ന്ന വീട്ടില്‍ മാതൃഭൂമിയുമെത്തിയത്. രാവിലെ മാതൃഭൂമി പടിപ്പുരയില്‍ വന്നു വീഴുന്നതോടെ സജീവമാകുന്ന കുട്ടിക്കാലനാളുകം ഓര്‍മിച്ചെടുക്കാനാവുന്നു. ഉപ്പയുടെ വായനയ്ക്കു ശേഷമാണ് പത്രം കിട്ടുക. ഞാനും ഏട്ടനും പേജുകള്‍ വീതംവെച്ച് വായിക്കും. മാതൃഭൂമി കുടുംബത്തില്‍ ഒരു ശിലമായി മാറുകയായിരുന്നു.
പിന്നീടാണ് ഉപ്പയുടെ മാതൃഭൂമി ബന്ധം അറിയുന്നത്. മാതൃഭൂമി ഓണപ്പതിപ്പിലേക്ക് കഥയാവശ്യപ്പെട്ടുകഴിഞ്ഞാല്‍ എഴുതിക്കൊടുക്കുംവരെ ഉപ്പയ്ക്ക് വെപ്രാളമാണ്. കഥയെഴുത്ത് പല കാരണങ്ങളാല്‍ നീണ്ടുപോകുമ്പോള്‍ ഉപ്പ എരിപൊരികൊള്ളും. എഴുതാനിരുന്നാലോ, ഇടയങ്ങര മീന്‍മാര്‍ക്കറ്റില്‍ നിന്ന് ഇഴഞ്ഞെത്തുന്ന മണമോ തോട്ടില്‍നിന്ന് പറന്നുവരുന്ന കൊതുകിന്‍പടയോ ഉപ്പയ്ക്ക് പ്രശ്‌നമല്ല. കുത്തിയിരുന്ന് മാറ്റിയെഴുതിക്കൊണ്ടേയിരിക്കും. ഒടുവില്‍ അവസാനരൂപമായാല്‍, പതിന്നാലാംരാവിലെ അമ്പിളി മുഖത്ത് വിടരും. പാതിമുറിച്ച നീണ്ട കടലാസിലെ കഥ കവറിലിട്ട് പറയും: ''വാസുവിനിതെത്തിക്കണം''. ഉപ്പയുടെ ആത്മസുഹൃത്ത്, 'അറബിപ്പൊന്ന്' ഊതിക്കാച്ചിയെടുത്തതിലെ പങ്കാളി, എം.ടി. വാസുദേവന്‍ നായര്‍ മാതൃഭൂമിയിലാണെന്ന് അറിഞ്ഞത് അന്നേരം.
ഉപ്പയുടെ കോഴിക്കോടന്‍ സുഹൃത്‌സംഘത്തിലെ കൂട്ടുകാര്‍ പലരും മാതൃഭൂമിയിലുള്ളവരോ മാതൃഭൂമിയുമായി ബന്ധപ്പെട്ടവരോ ആയിരുന്നു. ഗുരുതുല്യനായ കുട്ടികൃഷ്ണമാരാര്. കാരണവരായി എന്‍.വി. കൃഷ്ണവാരിയര്‍, ചിത്രകാരന്മാരായ എം.വി. ദേവനും നമ്പൂതിരിയും മാതൃഭൂമിയിലായിരുന്നു. അരവിന്ദനും തിക്കോടിയനും പട്ടത്തുവിളയും ഉറൂബും എസ്.കെ.യുമൊക്കെ ആ സംഘത്തിലുണ്ടായിരുന്നു. ഉപ്പ പറഞ്ഞിട്ടുണ്ട്, പല വൈകുന്നേരങ്ങളിലും വൈ.എം.സി.എ. ക്രോസ്‌റോഡിലെ ഭവനനിര്‍മാണ സഹകരണസംഘം ബാങ്കില്‍നിന്ന് നടന്ന് ചെന്നെത്തുക മാതൃഭൂമിയിലായിരിക്കും. അല്ലെങ്കില്‍ കോര്‍ട്ട് റോഡിലെ കറന്റ് ബുക്‌സില്‍. വൈകുന്നേര ഒത്തുചേരലുകളില്‍ അവര്‍ വായനയും രചനയും കൈമാറി. സംവാദസന്ധ്യകളുണ്ടായി. വൈകുന്നേരങ്ങള്‍ക്ക് മാതൃഭൂമിയും ആകാശവാണിയും ഒരു കണ്ണിയായി.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉപ്പയുടെ കഥകള്‍ വന്നിരുന്നു. ഓര്‍മയില്‍ ആദ്യം വന്നുനില്‍ക്കുന്നത് 'കാള'യാണ്. ഞായാറാഴ്ചകളിലെ ഒത്തുചേരലില്‍ ഉപ്പ 'കാള' വായിച്ചിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വീട്ടില്‍വെച്ച് നടന്ന ആ 'കോലായ'യില്‍ ഉപ്പയോടൊപ്പം ഞാനുമുണ്ടായിരുന്നു. പിന്നീട് പല കഥകളും മാതൃഭൂമിയില്‍ വന്നു: മുഹമ്മദിന്റെ ജനനം, ലോകാവസാനം, തീവ്രവാദം - ഒരു പടുകുറിപ്പ് തുടങ്ങിയ പലതും.
എം.ടി.യുടെ മാതൃഭൂമിയിലെ രണ്ടാമൂഴക്കാലത്ത് ഉപ്പയും സജീവമായി. തൊണ്ണൂറുകളില്‍ ഉപ്പ വീണ്ടും നിരന്തരമായെഴുതി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രണ്ടു പ്രധാന രചനകള്‍: ആഴ്ചയിലൊരിക്കല്‍ കലാ സാംസ്‌കാരിക കാര്യങ്ങളെക്കുറിച്ച് തനത്‌വിചാരം നടത്തിയ 'കാഴ്ചപ്പാടുകള്‍' എന്ന പംക്തി. പിന്നെ, ഉപ്പയുടെ നോവലുകളില്‍ ഏറ്റവും ശ്രദ്ധേയമായി മാറിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരമ്പരയായി വന്ന 'ദൈവത്തിന്റെ കണ്ണ്'. ഉപ്പയുടെ വായനയില്‍നിന്നും വിശകലനത്തില്‍നിന്നുമാണ് കാഴ്ചപ്പാടുകള്‍ വിരിഞ്ഞത്. ഉപ്പ സ്വന്തം കുട്ടിക്കാലത്തുനിന്ന് കുഴിച്ചെടുത്തതാണ് 'ദൈവത്തിന്റെ കണ്ണ്'. എം.ടി.യും മാതൃഭൂമിയും ഉള്ളതുകെണ്ട് മാത്രമാണ് ഉപ്പ അന്ന്, രണ്ടും എഴുതിത്തീര്‍ത്തതെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.
ഉപ്പയുടെ മാതൃഭൂമിയുമായുള്ള അടുപ്പത്തില്‍ ഏറ്റവും തിളക്കമുറ്റ സന്ദര്‍ഭം വിഷുപ്പതിപ്പ് സാഹിത്യമത്സരക്കാലമാണ്. പുതുതായെഴുതുന്നവരുടെ സ്വപ്നമായിരുന്നു വിഷുപ്പതിപ്പ് സമ്മാനം. ശ്രദ്ധേയരായ എഴുത്തുകാരെ കണ്ടെത്തുന്നതിനുള്ള വേദിയുമായിുന്നു അത്. ഉപ്പ പലതവണ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ വിധികര്‍ത്താവായിട്ടുണ്ട്. പില്‍ക്കാലത്ത് പ്രശസ്തരായ പല എഴുത്തുകാരുടെയും ആദ്യകാല രചനകള്‍ കണ്ടെത്തി, ഓരോരുത്തരും അര്‍ഹിക്കുന്ന സ്ഥാനനിര്‍ണയം നടത്താന്‍ ഉപ്പ ശ്രദ്ധിക്കാറുണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പ് കണ്ടറിയാനും രചനകള്‍ പ്രസിദ്ധീകരിക്കുംമുമ്പ് വായിച്ചറിയാനുമുള്ള അവസരമാണ് മാതൃഭൂമി ഒരുക്കിത്തന്നിരുന്നത്.
മാതൃഭൂമിയുടെ അമരത്തിരിക്കുന്ന പലരുമായും ഉപ്പയ്ക്ക് ബന്ധമുണ്ടായിരുന്നു. പി.വി. ചന്ദ്രന്‍, പി.വി. ഗംഗാധരന്‍ എന്നിവര്‍ ആഴ്ചവട്ടത്തുകാര്‍. അയല്‍പക്കക്കാര്‍. എം.പി. വീരേന്ദ്രകുമാറുമായുള്ള അടുപ്പം എഴുത്തുകാരനെന്ന നിലയിലും സുദൃഢമായിരുന്നു. 'രാമന്റെ ദുഃഖ'ത്തിന് അവതാരികയെഴുതിയത് ഉപ്പ. പഴയ തലമുറയിലുള്ള കെ.പി.കേശവമേനോന്‍, എ .പി. ഉദയഭാനു തുടങ്ങിയവരുമായുള്ള ബന്ധം പിന്‍തലമുറയിലേക്കും പടര്‍ന്നു. മോഹന്‍ദാസ് രാധാകൃഷ്ണനുമായുള്ള അടുപ്പം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക സമിതിയിലൂടെ സുദൃഢമായിരുന്നു. ഉപ്പയുടെ മരണാനന്തരമാണ് മാതൃഭൂമി ബുക്‌സുമായുള്ള കണ്ണി ശക്തമാവുന്നത്. ഉപ്പയുടെ ഗ്രന്ഥങ്ങളില്‍ ചിലത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. 'ഇന്ത്യന്‍ മുസ്‌ലിങ്ങളും സെക്കുലര്‍ ഡെമോക്രസിയും', 'ഉള്‍വിളി' എന്നീ ലേഖനസമാഹാരങ്ങള്‍. 'രാത്രിയുടെ ചിറകുകള്‍' എന്ന കഥാസമാഹാരം. 'അവര്‍ നാലു പേര്‍' എന്ന കുട്ടികള്‍ക്കുള്ള നോവല്‍. ഉപ്പ വേര്‍പിരിഞ്ഞിട്ടും തുടരുന്ന ആത്മബന്ധം.
മാതൃഭൂമിയും മൂന്നാം തലമുറയും
ആഴ്ചയിലൊരിക്കലെത്തുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് ഞാന്‍ മാതൃഭൂമിയുടെ ഭാഗമാവുന്നത്. ബാലപംക്തിയായിരുന്നു വേദി. കുട്ടേട്ടന്‍ എന്ന കുഞ്ഞുണ്ണിമാഷുമായി ഗുരുശിഷ്യബന്ധം ഉരുത്തിരിയുന്നത് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. ബാലപംക്തിയുടെ അംഗമാവാന്‍ അപേക്ഷ അയയ്ക്കുന്നതില്‍നിന്നാണതിന്റെ തുടക്കം. കുട്ടേട്ടന്‍ ഒപ്പിട്ട, ഓറഞ്ച് കരയുള്ള ദേവേട്ടന്റെ ചിത്രങ്ങളുള്ള അംഗത്വ കാര്‍ഡ് കിട്ടി. എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ബാലപംക്തിയിലേക്ക് ആരുമറിയാതെ രണ്ടു രചനകള്‍ അയയ്ക്കുന്നത്: ഞാന്‍ ചിത്രകാരനായ കഥ, എന്റെ സമരം. കുട്ടേട്ടന്റെ കത്ത് കിട്ടി: എന്റെ സമരം തിരഞ്ഞെടുത്തിരിക്കുന്നു. ചിത്രകാരനായ കഥ തിരിച്ചയയ്ക്കുന്നു. മാതൃഭൂമിയുമായി ബന്ധപ്പെട്ട ഒരാള്‍ എന്റെ രചനയുടെ ആദ്യവായനക്കാരനായി. 1968-ല്‍ എന്റെ സമരം ബാലപംക്തിയില്‍ വന്നു. സ്‌കൂളില്‍ ഞാനൊരു കഥാകാരനായി. വീണ്ടുമെഴുതാനുള്ള പ്രേരണയുമായി.
കുഞ്ഞുണ്ണിമാഷിന്റെ കത്തുകള്‍ പാഠശാലയായിരുന്നു. ബാലപംക്തിയില്‍ മാഷെഴുതിയിരുന്ന കുറിപ്പുകള്‍ രചനയില്‍ പ്രധാനപാഠങ്ങളുമായിരുന്നു. രചനയുടെ മര്‍മവും തന്ത്രവും അറിയിച്ച ബാലപംക്തിയെന്ന ശില്പശാല ഒരുക്കിത്തന്ന മാതൃഭൂമിയോട് എന്റെ പ്രായവിഭാഗത്തിലെ പല എഴുത്തുകാരും കടപ്പെട്ടിരിക്കുന്നു. പലരുടെയും ആദ്യരചനകള്‍ പലതും മാതൃഭൂമി ബാലപംക്തിയിലാണ് വെളിച്ചം കണ്ടത്.
എഴുപതുകളുടെ മധ്യേ മറ്റൊരു ഭാഗ്യമുണ്ടായി. അക്കാലത്ത് മാതൃഭൂമി വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്റ്റഡിസര്‍ക്കിള്‍ ആരംഭിച്ചു. ആഴ്ചവട്ടത്ത് ഞങ്ങള്‍ കുട്ടികള്‍ ഒരു യൂണിറ്റുണ്ടാക്കി: ഉര്‍വശി സ്റ്റഡിസര്‍ക്കിള്‍. വിവിധ യൂണിറ്റുകളൊത്തുചേരുന്ന ജില്ലാ കലോത്സവത്തില്‍ ഞങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. സുഹൃത്ത് കെ. ശ്രീകുമാറിനെ കണ്ടുമുട്ടുന്നത് സ്റ്റഡിസര്‍ക്കിളിലൂടെയാണ്. പിന്നീട് സ്റ്റഡിസര്‍ക്കിള്‍ സംഘാടനത്തില്‍ കോ-ഓര്‍ഡിനേറ്ററായ സി.എച്ച്. ഹരിദാസിനെ സഹായിക്കാന്‍ ഞങ്ങളിരുവരും നിയുക്തരായി. മാതൃഭൂമി ഓഫീസിലെ ഹരിദാസേട്ടന്റെ കൊച്ചുമുറിയില്‍ ഞങ്ങള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഒത്തുകൂടി. സ്റ്റഡിസര്‍ക്കിള്‍ സംസ്ഥാനതല നേതാക്കളായി ഞങ്ങള്‍ മാറിയതങ്ങനെ.
ആയിടെ കോഴിക്കോട്ടുവെച്ച് മാതൃഭൂമി സ്റ്റഡിസര്‍ക്കിള്‍ ഒരു ത്രിദിന സാഹിത്യശില്പശാല നടത്തി. സാഹിത്യ ക്യാമ്പുകള്‍ അപൂര്‍വമായ അക്കാലത്ത് കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ വെച്ച് നടന്ന ശില്പശാല അസാധാരണമായ അനുഭവമായിരുന്നു. കെ.പി. കേശവമേനോനായിരുന്നു ഉദ്ഘാടകന്‍. പ്രഗത്ഭരായ എഴുത്തുകാരതില്‍ പങ്കെടുത്തിരുന്നു. ആ 'അനര്‍ഘനിമിഷങ്ങളുടെ അനുഭവം' രേഖപ്പെടുത്താനുള്ള ഭാഗ്യമുണ്ടായി. സി.എച്ച്. ഹരിദാസും വി. രാജഗോപാലും നിര്‍ദേശിച്ച് തയ്യാറാക്കിയ അനുഭവരേഖ മാതൃഭൂമി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അരപ്പേജിലധികം വലിപ്പമുള്ള രചനയായിരുന്നു അത്. മറ്റൊരു ഭാഗ്യംകൂടി: മാതൃഭൂമി നടത്തിയ സംസ്ഥാനതല കൈയെഴുത്തുമാസിക മത്സരത്തില്‍ സമ്മാനം.
നാലഞ്ചു വര്‍ഷം കഴിഞ്ഞ് സോഷ്യോളജി അധ്യാപകനായി ഫാറൂഖ് കോളേജില്‍ ചേര്‍ന്ന ശേഷം വീണ്ടും മാതൃഭൂമിയിലെഴുതി. ബാലപംക്തിക്കപ്പുറമുള്ള ആദ്യകഥ പ്രസിദ്ധീകരിച്ചത് ഗോപി പഴയന്നൂര്‍ ആഴ്ചപ്പതിപ്പിന്റെ മേല്‍നോട്ടക്കാരനായിരിക്കുമ്പോഴാണ്. കഥ, ചാരനിറമുള്ള പൂവ്. പിന്നീട് പല കഥകളും വന്നു. 2012-ല്‍ പ്രസിദ്ധീകരിച്ച 'ദ ലാസ്റ്റ് പണിയ' വരെ.
1990-ല്‍ കുട്ടികള്‍ക്കുവേണ്ടി ആദ്യ നോവലെഴുതി. എം.ടി. ആഴ്ചപ്പതിപ്പിന്റെ അമരത്ത് തിരിച്ചെത്തിയ കാലം. ആദ്യ കഥപോലെ, ആദ്യ നോവലും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നു. മദനന്റെ ചിത്രങ്ങളോടെയാണ് 'തള്ളക്കുരങ്ങും പുള്ളിപ്പുലിയും' പ്രസിദ്ധീകരിച്ചത്. ആയിടെ, മറക്കാനാവാത്ത രണ്ടനുഭവങ്ങള്‍ കൂടിയുണ്ടായി: എം.ടി.യുടെ നിര്‍ദേശപ്രകാരം പാരിസ് മോഹന്‍കുമാര്‍ എന്ന ചിത്രകാരനുമായി അഭിമുഖം നടത്തി. ആദ്യമായി ഞാനെഴുതിയ രചന കവര്‍സ്റ്റോറിയായി ആഴ്ചപ്പതിപ്പില്‍ വന്നു: മയ്യഴിയുടെ ചിത്രകാരന്‍. അക്ബര്‍ കക്കട്ടിലിനൊപ്പം ടി. പത്മനാഭനുമായി നടത്തിയ നീണ്ട അഭിമുഖം മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. എട്ടിലധികം പേജുകളിലുള്ള അഭിമുഖം, റസാഖ് കോട്ടക്കലിന്റെ ചിത്രങ്ങളോടെ മാതൃഭൂമിയില്‍ വന്നപ്പോള്‍, എം.ടി. എന്ന പത്രാധിപരുടെ വലുപ്പമറിയാനുള്ള സന്ദര്‍ഭംകൂടിയായി.
ഒ.കെ. ജോണിയിലൂടെയാണ് മാതൃഭൂമി ബുക്‌സുമായുള്ള ബന്ധം തുടങ്ങുന്നത്. തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ 'ഹാഫിസ് മുഹമ്മദിന്റെ കഥകള്‍' പ്രസിദ്ധീകരിച്ചു. ലഹരി പദാര്‍ഥത്തിന് കീഴടങ്ങിയവരുടെ മുക്തി ആഗ്രഹിക്കുന്നവരുടെ കൈപ്പുസ്തകമായ 'മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും ശാശ്വത മോചനം' ബാലസാഹിത്യകൃതികളായ 'തള്ളക്കുരങ്ങും പുള്ളിപ്പുലിയും' 'സിംഹാസനത്തിന് മേല്‍ പ്രകാശം' എന്നീ ഗ്രന്ഥങ്ങള്‍ നൗഷാദ് വഴി മാതൃഭൂമി ബുക്‌സിലൂടെ പുറത്തുവന്നിരിക്കുന്നു.
മാതൃഭൂമി ചില നല്ല മുഹൂര്‍ത്തങ്ങള്‍ കൂടി നല്കിക്കഴിഞ്ഞിരിക്കുന്നു. മഹാത്മാഗാന്ധി മാതൃഭൂമി സന്ദര്‍ശിച്ച ചരിത്രമുഹൂര്‍ത്തം ആഘോഷിച്ചപ്പോള്‍ കോട്ടയ്ക്കലില്‍ വെച്ച് മഹാത്മാവിന്റെ പൗത്രിയുമായി വേദി പങ്കിടാനായത്. ബഷീര്‍, എസ്.കെ. അനുസ്മരണ സമ്മേളനങ്ങളില്‍ പങ്കെടുക്കാനായത്, മറന്നിട്ടില്ല. എന്റെ തലമുറയിലെ മറ്റൊരാള്‍ക്കുകൂടി മാതൃഭൂമിയുമായി അഭേദ്യമായ ബന്ധമുണ്ട്. മാതൃഭൂമിയുടെ ഏറ്റവും പുതിയ സംരംഭമായ മാതൃഭൂമി ന്യൂസ് ടെലിവിഷന്‍ ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന അബു ഫൈസി.
പുതുതലമുറയിലേക്ക്
വിസ്മയിപ്പിക്കുന്ന മറ്റൊന്നുകൂടി 2012 പകുത്തുതന്നിരിക്കുന്നു. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിങ്ങില്‍ നിന്ന് പഠനം കഴിഞ്ഞെത്തിയ മകന്‍ ബാസിം അബുവിന് ചിത്രരചനയും കവര്‍ ഡിസൈനിങ്ങും നടത്താന്‍ മാതൃഭൂമി ബുക്‌സ് അവസരം നല്കിയിരിക്കുന്നു. ഒരു കുടുംബത്തിലെ നാലാം തലമുറയും മാതൃഭൂമിയുമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. ഒരുപക്ഷേ, മറ്റൊരു കുടുംബത്തിനും അവകാശപ്പെടാനാവാത്ത സൗഭാഗ്യം. മാതൃഭൂമിക്ക് നന്ദി, കാലത്തിനും.
എന്‍.പി. ഹാഫിസ് മുഹമ്മദ്,
മാനസം, ഹരിതപുരം, ചേവായൂര്‍,
കോഴിക്കോട്-673017.