മാതൃഭൂമിയും എന്റെ അച്ഛനും

ഗീതാനസീര്‍ Posted on: 04 Jan 2014

അച്ഛനെക്കുറിച്ച് ഞങ്ങള്‍ മക്കള്‍ ആരും ഇതുവരെ ഒന്നുമെഴുതിയിട്ടില്ല. കാരണം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പലപ്പോഴും അച്ഛനത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. ഒരാത്മകഥയ്ക്ക് വേണ്ടതിലും അധികമുണ്ടായിരുന്നെങ്കിലും അതൊക്കെ വളരെ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ വാമൊഴിയായി മാറുകയാണുണ്ടായത്. വിഷയങ്ങളും പ്രശ്‌നങ്ങളും ചിന്തയുടേയും പ്രവൃത്തിയുടേയും മുക്കാല്‍ ഭാഗവും അപഹരിച്ചതുകൊണ്ട് ഈ വശം നിസ്സാരവത്കരിക്കപ്പെട്ടു എന്നാണ് തോന്നുന്നത്. മക്കളുടെ പേരുപോലും പലപ്പോഴും കൃത്യമായി വിളിക്കാന്‍ കഴിയാറില്ല. ഇത് കുടുംബത്തില്‍ അച്ഛനെ കളിയാക്കാനുള്ള വിഷയമായി ത്തീരാറുണ്ട്. വ്യക്തിപരമായ കാര്യങ്ങളില്‍ ഇത്തരത്തില്‍ 'ആബ്‌സന്റ്‌മൈന്‍ഡഡ്' ആകുന്ന അച്ഛനോട് ഭഗവതദ്ഗീതയുടെ ഏതധ്യായം ചോദിച്ചാലും ആ നിമിഷം പറയും. ചരിത്രത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും മനപ്പാഠമാണ്. ശാസ്ത്രം, സാഹിത്യം, ഭാഷ, നരവംശം, എന്തിന് സംഗീതംപോലും അച്ഛനെ വാചാലനാക്കും. ഒന്നും വിട്ടുപോകാതെ കൃത്യമായി പറയും. ഞങ്ങളൊക്കെ അന്തംവിട്ട് നില്‍ക്കും.

മാതൃഭൂമിയുടെ 90-ാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ സുവനീറിലേയ്ക്ക് അച്ഛനും മാതൃഭൂമിയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു ലേഖനം വേണമെന്ന് പറഞ്ഞതാണ് ഇത്രയും എഴുതാന്‍ പ്രേരിതമായത്. ധൈഷണികമായ വ്യവഹാരങ്ങളില്‍ ആണ്ട് അഭിരമിക്കുന്ന ഒരാളെന്ന നിലയില്‍ കേരളത്തിലെ ഏറ്റവും പ്രചാരവും പാരമ്പര്യവുമുള്ള മാതൃഭൂമി പ്രസിദ്ധീകരണങ്ങളോട് അച്ഛന് നല്ല ബന്ധമാണുണ്ടായിരുന്നത്. പ്രത്യേകിച്ചും കോഴിക്കോട് നിന്നുള്ളൊരു പ്രസിദ്ധീകരണമെന്ന നിലയില്‍-കോഴിക്കോട് ദേശാഭിമാനിയില്‍ പ്രവൃത്തിച്ച കാലത്ത് ചെറുപ്പക്കാര്‍ക്ക് ഏറെ കൗതുകമുണ്ടായിരുന്ന മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നതും ചര്‍ച്ചചെയ്യുന്നതും ശീലമായിരുന്നതായി കേട്ടിട്ടുണ്ട്. ഇന്ദുചൂഡനുമൊക്കെയായുള്ള ആ കാലത്തെക്കുറിച്ച് പ്രത്യേകിച്ചെവിടെയും അച്ഛന്‍ പരാമര്‍ശിച്ചുകണ്ടിട്ടില്ല. ഇടയ്‌ക്കൊക്കെ പറയുന്ന പഴയകഥകളില്‍നിന്ന് കേട്ട ഓര്‍മകളാണ്. അതാണ് തുടക്കത്തില്‍ത്തന്നെ പറഞ്ഞത് അച്ഛന്റെ ഇത്തരം കാര്യങ്ങള്‍ എഴുതുക വിഷമകരമാണെന്ന്. സത്യസന്ധമായി പറഞ്ഞാല്‍ അതിനി നിര്‍വഹിക്കാന്‍ കഴിയുന്നകാര്യവും സംശയമാണ്. ഉദാഹരണത്തിന് അച്ഛന്‍ ജനിച്ചത് പിണറായിയിലാണെന്നാണ് ഇക്കാലമത്രയും എഴുതിക്കൊണ്ടിരിക്കുന്നത്. ഒരിക്കല്‍പോലും അതുതിരുത്താന്‍ അച്ഛനും മിനക്കെട്ടിട്ടില്ല. അതിനത്രയ്‌ക്കേ അച്ഛന് പ്രാധാന്യമുണ്ടായിരുന്നുള്ളൂ. പ്രസാധകര്‍ അവരുടെ യുക്തിപോലെ പലതും ചെയ്യുന്നു എന്നൊരു ഭാവം വ്യക്തിപരമായ പലതിലും ഉണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. ഈ അടുത്തനാളില്‍ അച്ഛന്‍ ജനിച്ച തൊടീക്കളത്തെ ഞാലില്‍ ഇടവലത്ത് തറവാട് നിന്ന തറ കാണാന്‍ പോവുകയുണ്ടായി. ആ പറമ്പ് ഇന്ന് മറ്റാരുടെയോ കൈവശമാണ്. അച്ഛന്റെ അമ്മ ഉപയോഗിച്ച കിണറും അച്ഛന്‍ സന്ന്യാസിയായി ധ്യാനമിരുന്ന ഗുഹകളും കണ്ടെത്തി. അച്ഛന്റെ ബാല്യകാലസഖിയെ കണ്ടുമുട്ടി കേട്ട കഥകള്‍ എന്നെങ്കിലും എഴുതണമെന്ന് ഒരുനിമിഷം തോന്നിയിരുന്നു. അച്ഛനെ സ്ഫുടം ചെയ്‌തെടുത്ത ജന്മനാടിനെക്കുറിച്ച് അച്ഛന്റെ 10 വാള്യങ്ങളില്‍ പലയിടത്തും രാഷ്ട്രീയ പോരാട്ടങ്ങളില്‍ അവ വരുന്നുണ്ടെങ്കില്‍പ്പോലും അച്ഛനെന്ന വ്യക്തി എവിടെയുമില്ല.

സന്ദര്‍ഭവശാല്‍ പറഞ്ഞു എന്നേയുള്ളൂ. മാതൃഭൂമിയുമായുള്ള അച്ഛന്റെ സൗഹൃദത്തിന്റെ ഏറ്റവും തെളിഞ്ഞ ഓര്‍മ എന്‍.വി. കൃഷ്ണവാരിയരുമായുള്ള സൗഹൃദകാലമാണ്. ഒരു പത്രത്തിന്റെ പ്രൂഫ് വായനയുടെ മികവിനെപ്പറ്റി അച്ഛന്‍ പലപ്പോഴും എടുത്തുപറയാറുണ്ട്. കൃഷ്ണവാരിയരെപ്പോലൊരാള്‍ അത് ചെയ്യുന്നതാണ് മാതൃഭൂമിയുടെ വളര്‍ച്ചയ്ക്ക് നിദാനം എന്നായിരുന്നു പക്ഷം. ഈടുറ്റ സാംസ്‌കാരിക സാഹിത്യ ലേഖനങ്ങള്‍ അക്കാലത്ത് വരുന്ന ഏകവാരിക മാതൃഭൂമിയാണുതാനും. അതുകൊണ്ടുതന്നെ അവ വായിച്ച് കൃഷ്ണവാരിയരുമായി തര്‍ക്കിക്കുന്നതും നിര്‍ദേശങ്ങളും വിലയിരുത്തലുകളും നടത്തുന്നതും ഓര്‍മയിലുണ്ട്. കൃഷ്ണവാരിയരുടെ മകള്‍ ഉഷയും ഞങ്ങളും സുഹൃത്തുക്കളാണെന്നതും കുടുംബസൗഹൃദംതന്നെ ഉള്ളതുകൊണ്ടും ഇവരുടെ സംവാദങ്ങളൊക്കെ ഞങ്ങള്‍ കൗതുകത്തോടെയാണ് കണ്ടിരുന്നത്. എല്ലാം മനസ്സിലാക്കാനുള്ള പ്രായമില്ലായിരുന്നതുകൊണ്ട് പല നിലപാടുകളും എന്തായിരുന്നെന്ന് പറയാനാകില്ല. പക്ഷേ, മാതൃഭൂമി ഒരു ചര്‍ച്ചാവിഷയമായിരുന്നു.

മാതൃഭൂമി വാരികയില്‍ അച്ഛനെഴുതിയ രണ്ട് ലേഖനങ്ങളേ ശേഖരത്തിലുള്ളൂ. ഒന്ന് 1987 ആഗസ്തില്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 24-ാം സമ്മേളനത്തില്‍ പങ്കെടുത്തത് സംബന്ധിച്ച് എഴുതിയ ലേഖനമാണ് - 'ചിക്കാഗോവിലേക്കുള്ള യാത്ര'. മൂന്ന് ലക്കമായാണ് അത് പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഒരു പ്രതിനിധി അമേരിക്കന്‍ പാര്‍ട്ടിസമ്മേളനത്തില്‍ ആദ്യമായി പങ്കെടുക്കുന്നത് അന്നാണ്. ആ ലേഖനപരമ്പര ഇന്ന് വീണ്ടും വായിച്ചപ്പോള്‍ വളരെ അത്ഭുതം തോന്നി. പരിസ്ഥിതി, സാഹിത്യം, നാടകം, മെയ്ദിന ചരിത്രമുറങ്ങുന്ന ഹേ നഗരചരിത്രം തുടങ്ങി അതില്‍വരുന്ന വിഷയങ്ങള്‍ക്ക് എന്തൊരു വൈവിധ്യം. അച്ഛന്‍ ഒരു യാത്രപോലും വീക്ഷിക്കുന്നത് എത്ര വ്യത്യസ്തമായാണ്. മാതൃഭൂമി അത് പ്രസിദ്ധീകരിച്ചത് കേവലമൊരു യാത്രാവിവരണമായിട്ടായിരിക്കില്ല എന്നാണ് തോന്നുന്നത്.

തത്വചിന്താപരമായ ചര്‍ച്ചകളില്‍ കേരളത്തിലെ ഒട്ടുമിക്ക വാരികകളും അച്ഛന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മനുഷ്യോല്പത്തിയും വേദാന്തവുമാണ് അച്ഛന്റെ പ്രിയപ്പെട്ട വിഷയങ്ങള്‍ എന്നുവേണം അനുമാനിക്കാന്‍- തര്‍ക്കശാസ്ത്രത്തില്‍ വല്ലാത്തൊരു കമ്പം അച്ഛനുണ്ടായിരിക്കുന്നു. ഇ.എം.എസ്സുമായിട്ടുള്ള തര്‍ക്കത്തില്‍ ന്യായാന്യായ വാദങ്ങള്‍ നിരത്തിയ സന്ദര്‍ഭങ്ങളില്‍ ഇത് പ്രകടമായിരുന്നു. അതുപോലെത്തന്നെ സമയവും ചിന്തകളും വേണ്ടുവോളം നല്‍കി അച്ഛന്‍ വളര്‍ത്തിയെടുത്ത ഭാരതീയ പൈതൃകചിന്തകളുടെ അന്തര്‍ധാര വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഹൈജാക്ക് ചെയ്യുന്നതിനെതിരെ എടുത്ത നിലപാടുകളാണ് മറ്റൊന്ന്. വര്‍ഗീയതയുടെ വേരുകള്‍തേടി മാതൃഭൂമി നടത്തിയ ചര്‍ച്ചയില്‍ അച്ഛനും സജീവമായി പങ്കെടുത്തു. പി. പരമേശ്വരനെ പ്പോലുള്ളവരും ചര്‍ച്ചയിലുണ്ടായിരുന്നു. 1992-ലാണ് ഇതുസംബന്ധിച്ച അച്ഛന്റെ ലേഖനം മാതൃഭൂമിയില്‍ വന്നത്. ഏതാണ്ട് ആ കാലഘട്ടത്തിലായിരിക്കണം അച്ഛന് പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ഭാരതദര്‍ശനത്തെക്കുറിച്ചുള്ള ഗ്രന്ഥത്തിന്റെ പണി അച്ഛന്‍ തുടങ്ങിയിരിക്കുന്നത്. ധാരാളം നോട്ടുകള്‍ ഇതിനായി പഠിച്ച് തയ്യാറാക്കിയിരുന്നു. ഒരു വിള്ളലും അസത്യവും അതില്‍ കടന്നുവരാന്‍ പാടില്ല എന്ന നിഷ്‌കര്‍ഷയോടെ ചെയ്ത പഠനത്തിലെ ചില ബിംബങ്ങള്‍ മാതൃഭൂമിയിലെ ലേഖനത്തിലുണ്ട്. അത് സത്യസന്ധമായ, മനുഷ്യപക്ഷത്തുനിന്നുള്ള ഒരു വേദാന്ത പഠനഗ്രന്ഥമാക്കാനുള്ള സമയം പക്ഷേ, ലഭിച്ചില്ല. കര്‍മനിരതമാകുന്ന മനസ്സായിരുന്നു അവസാനനിമിഷവും. ജാതിമതവര്‍ണലിംഗ ഭേദമില്ലാത്ത മനുഷ്യര്‍ ലോകത്ത് പുലര്‍ന്നുകാണാന്‍ ആഗ്രഹിച്ച് അവസാനശ്വാസംവരെയും നടത്തിയ പോരാട്ടത്തില്‍ മാതൃഭൂമിക്കും ഒരു പങ്കുവഹിക്കാനായിട്ടുണ്ട്- അവിതര്‍ക്കിതമാണത്. ഒരു പോരാളിക്ക് ആ സഹായഹസ്തം എത്ര വലുതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ- മാതൃഭൂമിയുടെ 90-ാം ജന്മദിനത്തിന് അച്ഛന്റെ കുടുംബത്തിന്റെ ഊഷ്മള ആശംസകള്‍.



്‌



ovvijayan
Photos Navathi

 

ga