ആളുന്ന മനുഷ്യസ്‌നേഹമായി മണ്ണാര്‍ക്കാട് കൃഷ്ണന്റെ ജീവിതം

Posted on: 04 Jan 2014

അയല്‍വീടിന് തീപിടിച്ചപ്പോള്‍ മറ്റൊന്നും നോക്കാതെ അതിനുള്ളിലേക്ക് കയറിപ്പോകുകയായിരുന്നു മണ്ണാര്‍ക്കാട് ആട്ടാംപുള്ളി വട്ടത്തൊടി വീട്ടില്‍ കൃഷ്ണന്‍. കത്തുന്ന ആ വീടിനുള്ളില്‍ രണ്ട് കുട്ടികളുണ്ടായിരുന്നു. സുഹൃത്ത് അലവിയുടെ മക്കളായ ഹംസയും മുഹമ്മദും. മുഹമ്മദിന് നാലും ഹംസയ്ക്ക് ഒരുവയസ്സുമേ ആയിരുന്നുള്ളൂ. തൊട്ടിലില്‍ക്കിടന്നിരുന്ന ഹംസയെ ആദ്യം കൃഷ്ണന്‍ പുറത്തേക്കെത്തിച്ചു. മുഹമ്മദിനെ ചോറ്റുകലംകൊണ്ട് മൂടി രക്ഷിച്ചു. രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞപ്പോഴേക്കും കൃഷ്ണന്റെ ശരീരം പാതിയിലധികവും വെന്തുകഴിഞ്ഞിരുന്നു. ആസ്പത്രിയില്‍ മരണക്കിടക്കയില്‍ കിടന്നുകൊണ്ട് കൃഷ്ണന്‍ പറഞ്ഞു: ''ഞാന്‍ മരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ സുഖമായിരിക്കട്ടെ''. മണിക്കൂറുകള്‍ക്കകം കൃഷ്ണന്‍ വിടപറഞ്ഞു.

ചിറക് കുരുക്കാത്ത രണ്ട് കുഞ്ഞുങ്ങളെയും നിരാലംബയായ ഭാര്യയെയും വാര്‍ധക്യദശയിലെത്തിയ അമ്മയെയും ജീവിതത്തിന്റെ മധ്യത്തില്‍ അഭയമില്ലാതാക്കിക്കൊണ്ടാണ് കൃഷ്ണന്‍ മരിച്ചത്. സമ്പാദ്യമായി ഒന്നും ആ മനുഷ്യന്‍ കാത്തുവെച്ചിരുന്നില്ല. തുണയും തുഴയുമില്ലാതെ ആ കുടുംബം മുങ്ങാന്‍പോവുമ്പോഴാണ് 'മനുഷ്യന്‍' എന്ന തലക്കെട്ടോടെ 'മാതൃഭൂമി' ഒരു മുഖപ്രസംഗം എഴുതുന്നത്. ആ മുഖപ്രസംഗം ഇങ്ങനെ തുടങ്ങുന്നു: 'അയല്‍വീടിന് തീ പിടിച്ചപ്പോള്‍ അതിലെ കുട്ടികളെ രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ച കൃഷ്ണന്‍ ഇന്നലെ ഗവര്‍മെന്റാസ്പത്രിയില്‍വെച്ച് മരിച്ചു. ഒരു മുസ്‌ലിമിന്റെ വീടിനാണ് തീപിടിച്ചത്. ഈ കര്‍മധീരന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്'. ഇങ്ങനെയൊരു വാര്‍ത്ത ഇന്നലത്തെ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മഹത്തായ മനുഷ്യത്വത്തിന്റെ ഒരു മാതൃകയാണ് ഈ ചിത്രം എന്ന് ഞങ്ങള്‍ക്ക് തോന്നുന്നു...'

മനുഷ്യത്വത്തെയും ത്യാഗസന്നദ്ധതയെയും കൃഷ്ണന്‍ എന്ന സാധാരണ മനുഷ്യന്റെ അസാധാരണ മനുഷ്യസ്‌നേഹത്തെയും എടുത്ത് പറഞ്ഞ് തുടരുന്ന മുഖപ്രസംഗത്തില്‍ കൃഷ്ണനെ കാണ്‍പൂരിലെ ലഹളക്കാലത്ത് ലഹള ശമിപ്പിക്കാന്‍വേണ്ടി സ്വയം മരണത്തെ വരിച്ച ഗണേശശങ്കര്‍ വിദ്യാര്‍ത്ഥിയോടാണ് ഉപമിച്ചത്. മുഖപ്രസംഗം ഇങ്ങനെ അവസാനിക്കുന്നു: 'ഈ മാതിരി സംഭവങ്ങളാണ് എണ്ണമറ്റ യാതനകളുടെ നടുവിലും മനുഷ്യത്വത്തില്‍ വിശ്വാസം പുലര്‍ത്താന്‍ നമ്മെ സഹായിക്കുന്നത്'.

1957 ഡിസംബര്‍ 7ന്റെ മാതൃഭൂമിയുടെ മൂന്നാം പേജില്‍ വിവിധ ചിത്രങ്ങള്‍ സഹിതം കൃഷ്ണന്റെ ത്യാഗത്തിന്റെ വാര്‍ത്ത പുനഃപ്രസിദ്ധീകരിച്ചു. അതോടൊപ്പം കൃഷ്ണന്റെ കുടുംബത്തെ സഹായിക്കാന്‍ ഒരു ഫണ്ടും മാതൃഭൂമി തുറന്നു. മാതൃഭൂമി പത്രാധിപരുടെ പേരില്‍ 'ഒരഭ്യര്‍ഥന' എന്ന തലക്കെട്ടിലാണ് ഫണ്ട് ശേഖരണത്തിനുള്ള ഈ ആഹ്വാനം വന്നത്. തൊണ്ണൂറ് രൂപയ്ക്ക് ഒരു പവന്‍ കിട്ടുമായിരുന്ന, ഒരു രൂപയ്ക്ക് പതിനാറ് ചായ കിട്ടുമായിരുന്ന അക്കാലത്ത് 25,000 രൂപയാണ് കൃഷ്ണന്റെ കുടുംബത്തിന് വേണ്ടി മാതൃഭൂമി സ്വരൂപിച്ചത്. 1958 ഫിബ്രവരി 13ന് കോഴിക്കോട്ടുവെച്ച് അന്നത്തെ കേരളാ ഗവര്‍ണര്‍ ബി.കൃഷ്ണറാവു കൃഷ്ണന്റെ കുടുംബത്തിന് കൈമാറി. കെ.പി.കേശവമേനോനും സുകുമാര്‍ അഴീക്കോടും പ്രസംഗിച്ചു. ബാലാമണിയമ്മ കവിത ചൊല്ലി. ആ പണം കൃഷ്ണന്റെ കുടുംബത്തിന് തുടര്‍ ജീവിതം നല്‍കി.

കൃഷ്ണന്‍ ജീവന്‍കൊടുത്ത് രക്ഷപ്പെടുത്തിയ മുഹമ്മദും ഹംസയും ഇന്നും മണ്ണാര്‍ക്കാട്ട് കൂലിപ്പണി ചെയ്ത് ജീവിക്കുന്നു. കൃഷ്ണന്റെ മക്കളായ വാസുവും ശാന്തയും മണ്ണാര്‍ക്കാട്ട് തന്നെയുണ്ട്. അവര്‍ ഇടയ്ക്ക് കാണാറുണ്ട്. നന്ദിയും സ്‌നേഹവും പങ്കുവെക്കാറുണ്ട്.
അറുപതില്‍പ്പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മനുഷ്യന്റെ ത്യാഗത്തെയും ധീരതയെയും കണ്ടറിയാനും അയാളുടെ കുടുംബത്തിന്റെ ജീവിതം ഭദ്രമാക്കാനും 'മാതൃഭൂമി' അതിന്റെ അച്ച് നിരത്തിയപ്പോള്‍ അതില്‍നിറച്ച മഷി മനുഷ്യസ്‌നേഹത്തിന്റേതായിരുന്നു. അതാണ് മാതൃഭൂമിയെ നൂറ്റാണ്ടിലേക്ക് കാലിടറാതെ നടത്തുന്നത്.



ovvijayan
Photos Navathi

 

ga