ആദ്യം വായിക്കുന്നത് മാതൃഭൂമി പത്രം

കെ.ആര്‍. ബൈജു Posted on: 04 Jan 2014

ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്റെ അഭിമുഖം


ബാംഗ്ലൂരിലെ ഐ.എസ്.ആര്‍.ഒ. ആസ്ഥാനത്ത് ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ എന്ന ബഹിരാകാശ ശാസ്ത്രജ്ഞന്റെ ഔദ്യോഗിക കാബിന്‍ ഒരു ആര്‍ട്ട് ഗാലറിയെപ്പോലെ തോന്നിപ്പിക്കും. കഥകളിയുടെ മുദ്രകളും ഭാവങ്ങളും തുളുമ്പുന്ന ചിത്രങ്ങള്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്നു. പ്രഗത്ഭ സംഗീതജ്ഞരുടെ പോര്‍ട്രെയിറ്റുകള്‍ അകത്തളങ്ങളില്‍ മനോഹരമായി വിന്യസിച്ചിരിക്കുന്നു. അവയ്ക്കിടയിലിരുന്നാണ് ഈ ഇരിങ്ങാലക്കുടക്കാരന്‍ ഭൂതകാലത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ അദ്ദേഹത്തിന്റെ സ്മൃതിപഥങ്ങളില്‍ മാതൃഭൂമിയോടൊപ്പമുള്ള അനുഭവങ്ങള്‍ ബാക്കികിടക്കുന്നു. ആര്‍.ടി. നഗറിലെ വസതിയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്കും പ്രമുഖ മലയാളപത്രങ്ങള്‍ക്കും ഇടയില്‍നിന്ന് ഡോ. രാധാകൃഷ്ണന്‍ എന്ന ഇന്ത്യയുടെ അഭിമാനഭാജനം എന്നും അതിരാവിലെ ആദ്യം കണ്ടെത്തുന്നത് മാതൃഭൂമി പത്രത്തെയാണ്. രാവിലെ മാതൃഭൂമി വായനയില്‍ നിന്നാരംഭിക്കുന്ന ദിവസം അര്‍ഥപൂര്‍ണമാകുന്നതിങ്ങനെയെന്ന് രാധാകൃഷ്ണന്‍ സാക്ഷ്യപ്പെടുത്തുന്നു.

ആരംഭം മുതല്‍ പത്രം പുലര്‍ത്തുന്ന വിശ്വാസ്യതയില്‍ അടിയുറച്ച നയങ്ങളാണ് മാതൃഭൂമിയെ പ്രിയപ്പെട്ട വായനാനുഭവമാക്കിമാറ്റുന്നതെന്ന് രാധാകൃഷ്ണന്‍ പറയുന്നു. തന്റെ കാര്യത്തില്‍ പത്രവും ആഴ്ചപ്പതിപ്പും രണ്ടും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ചെറുപ്പകാലം മുതല്‍ വീട്ടില്‍ വാങ്ങുന്നത് മാതൃഭൂമിയാണ്. സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്റെ 'നാം മുന്നോട്ട്' എന്ന പംക്തി ഉപദേശങ്ങളുടെ ആഴമടങ്ങിയ വിലപ്പെട്ട നിധിയായിരുന്നു. പുതുതലമുറയിലേക്ക് വിജ്ഞാനം പ്രസരിപ്പിക്കുന്നതിനുള്ള ഉപാധിയായി കേശവമേനോന്‍ സ്വന്തം പംക്തിയെ കണ്ടു. കുട്ടിക്കാലത്ത് തന്നില്‍ സാഹിത്യാഭിരുചി വളര്‍ത്താനും സാഹിത്യരംഗത്തെക്കുറിച്ച് കൂടുതലറിയാനും മാതൃഭൂമി ആഴ്ചപ്പതിപ്പ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. വാരികയിലെ ബാലപംക്തി, മാലിയുടെ കഥകള്‍ അതുപോലെ മറ്റു കൊച്ചുകൊച്ചു കഥകള്‍ എല്ലാം മുതിര്‍ന്നവര്‍ വായിച്ചുകേള്‍പ്പിച്ചുതരുമായിരുന്നു. പിന്നീട് സ്വയം വായിച്ചുതുടങ്ങി. ടി.വി. രാജലക്ഷ്മിയുടെ നോവലുകള്‍, 'പഥേര്‍ പാഞ്ചാലി' ഉള്‍പ്പെടെയുള്ള ബംഗാളി നോവലുകളുടെ മനോഹരമായ തര്‍ജമകള്‍ എന്നിവയൊക്കെ മാതൃഭൂമിയിലൂടെയാണ് ആസ്വദിക്കാനായത്. മറുഭാഷാ സാഹിത്യങ്ങളുടെ മികച്ച ചേരുവകള്‍ ഒട്ടേറെ ഈ താളുകളിലൂടെ വായിച്ചെടുക്കാനായി.

ജി. ശങ്കരക്കുറുപ്പിന്റെയും വെണ്ണിക്കുളത്തിന്റെയും വൈലോപ്പിള്ളിയുടെയും കവിതകളിലൂടെ മേഞ്ഞുനടന്ന കാലഘട്ടമാണ് മാതൃഭൂമി വായനയെ മഹത്തരമായ ഓര്‍മയാക്കിയത്. സിനിമ-സാഹിത്യ നിരൂപണങ്ങളൊക്കെയും അര്‍ഥവത്തായിരുന്നു. ഡിസ്‌ക്രിപ്ഷന്‍ എന്നതിലുപരി ഗൗരവമേറിയ പഠനങ്ങളായിരുന്നു ഓരോന്നും. സംഗീതത്തിന്റെ വിവിധ ശാഖകളിലൂടെ കടന്നെത്തിയ ലേഖന പരമ്പരകള്‍ ഹൃദിസ്ഥമാക്കാന്‍ അവസരം ലഭിച്ചത് വലിയ നേട്ടംതന്നെയാണ്. കൃതികള്‍ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കോട് കൃഷ്ണമൂര്‍ത്തിയാണ് അത് ചെയ്തുകൊണ്ടിരുന്നതെന്നാണ് ഓര്‍മ. ആഴ്ചപ്പതിപ്പ് ഇരിങ്ങാലക്കുടയിലെ വീട്ടില്‍ സ്ഥിരമായി വരുത്താറുണ്ടായിരുന്നു. വായിക്കുക എന്നല്ല പറയുക, പഠിക്കുകയായിരുന്നു യഥാര്‍ഥത്തില്‍. ഉള്ളടക്കം മികച്ചതെന്നതുമാത്രമല്ല, വായനക്കാരുടെ കത്തുകളും സമ്പുഷ്ടംതന്നെ.

സന്തുലിതമായ കാഴ്ചപ്പാട് പുലര്‍ത്തുന്നു എന്നതാണ് മാതൃഭൂമിയെ മറ്റ് പത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും എന്നെ ഏറ്റവും ആകര്‍ഷിച്ചതുമായ ഘടകം. അതിനൊരു മികച്ച മാതൃകയുണ്ട്. വിശ്വാസ്യതയിലും സത്യത്തിലും ഉറച്ച മാതൃക. ഇപ്പോഴും മാതൃഭൂമി അത് പിന്തുടരുന്നുണ്ടെന്നുതന്നെയാണ് എന്റെ വിശ്വാസം. മാതൃഭൂമിയില്‍ വാര്‍ത്ത വന്നെന്നുപറഞ്ഞാല്‍ അതിലൊരു ശരിയുടെ അംശം കാണാതിരിക്കില്ല. അതില്‍പ്പരം ഒരു പത്രത്തിന്റെ പ്രവര്‍ത്തനത്തിന് വിജയകരമായിത്തീരുന്ന ഘടകമേതാണ്. ഭാഷയെ നന്നാക്കിയെടുക്കുന്ന പ്രക്രിയയും പത്രങ്ങള്‍ ചെയ്യണമെന്നാണ് നിര്‍ദേശിക്കാനുള്ളത്. ഒരളവോളംഇതിലും നിഷ്‌കര്‍ഷ പുലര്‍ത്തുന്നതില്‍ മാതൃഭൂമിയുടെ ശാഠ്യം വ്യക്തമാകുന്നു. കാലത്തിനൊപ്പം മാധ്യമങ്ങള്‍ അവരുടെ ശൈലിയിലും സമീപനത്തിലും മാറ്റം വരുത്താറുണ്ട്. നാല്പത് വര്‍ഷം മുന്‍പ് കണ്ട പത്രമായിരിക്കില്ല ഇപ്പോഴത്തേത്. പരിഷ്‌കരണം ഏതൊരു മേഖലയിലും കടന്നുചെല്ലണം. മത്സരാധിഷ്ഠിത ലോകത്ത് ഇതില്ലാതെ പിടിച്ചുനില്ക്കാനാവില്ല. ദീര്‍ഘകാലത്തേക്ക് ഇത്തരം തന്ത്രങ്ങള്‍ സ്വീകരിക്കാതെ പത്രങ്ങള്‍ക്ക് മുന്നേറാനാവില്ല.
മാതൃഭൂമിക്ക് അതിന്റേതായ സ്ഥാനമുണ്ട്. അതില്‍ നിന്ന് മാറരുത്. ഒരു പ്രത്യേക സ്ഥാനത്ത് നിന്നാലും വായനക്കാരുണ്ടാകും.



ovvijayan
Photos Navathi

 

ga