മലമ്പുഴ: സമീപത്തെ തോട്ടങ്ങളില്‍ പണിയെടുത്ത് അമ്മയ്ക്ക് മരുന്നിനും വീട്ടിലേക്ക് അരിക്കുമുള്ള പണവുമായെത്തിയിരുന്ന മുകേഷ് എന്ന ആദിവാസി ബാലന്റെ ചിത്രം ഇപ്പോള്‍ പാടെ മാറിയിരിക്കുന്നു. ആശങ്കയും അനിശ്ചിതത്വവും നിറഞ്ഞിരുന്ന അവന്റെ കണ്ണുകളില്‍ ഇപ്പോഴുള്ളത് ബാല്യത്തിന്റെ തിളക്കം. ഒരല്പം ആശ്വാസം അവന്റെ മുഖത്തുണ്ട്. ധാരാളം കൂട്ടുകാര്‍, മുന്‍പുണ്ടായിരുന്ന ഒറ്റ യൂണിഫോമിന് പകരം ആവശ്യത്തിന് വസ്ത്രങ്ങള്‍, വീട്ടില്‍ അത്യാവശ്യ സൗകര്യങ്ങള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസം..., മുകേഷിന്റെ ജീവിതം പതുക്കെ മെച്ചപ്പെടുകയാണ്. ഒലവക്കോട് ജി.ഡബ്ല്യൂ.എല്‍.പി. സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് മുകേഷ് ഇപ്പോള്‍.
അര്‍ബുദ രോഗിയായ അമ്മയ്ക്ക് മരുന്നിനും ഭക്ഷണത്തിനുമായി തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന 13 കാരനായ മുകേഷിന്റെ കഥ മാതൃഭൂമിയില്‍ വാര്‍ത്തയായിരുന്നു. 'അമ്മയ്ക്ക് അര്‍ബുദം, അച്ഛന് ആസ്ത്മ, കുടുംബഭാരം കുഞ്ഞുമുകേഷിന്' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്ന് നിരവധി വായനക്കാര്‍ മുകേഷിന് സഹായഹസ്തവുമായെത്തി.
മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രത്യേക നിര്‍ദേശത്തെത്തുടര്‍ന്ന് മുകേഷിന്റെ വീട് നിര്‍മിക്കുന്നതിന് പാലക്കാട് നിര്‍മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തി. നിര്‍മിതികേന്ദ്രം തയ്യാറാക്കിയ അടങ്കല്‍ ട്രൈബല്‍ ഡയറക്ടര്‍ക്ക് അയച്ചുകഴിഞ്ഞു. ഒന്നര മാസത്തിനുള്ളില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള വീട് മുകേഷിനായൊരുങ്ങും.
കൂടാതെ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഒട്ടേറെ സഹായം മുകേഷിനെത്തേടിയെത്തി. പാലക്കാട് എസ്.ബി.ടി.യുടെ പ്രധാന ശാഖയില്‍ മുകേഷിനായി ഇതുവരെയെത്തിയത് 1,62,231 രൂപ. മുകേഷിന്റെ വീട്ടിലെത്തി നേരിട്ടും തപാല്‍ മുഖേനയും വായനക്കാര്‍ സഹായം കൈമാറി.
ഇതിനിടയില്‍ മരുന്നും ഭക്ഷണവും നല്കി മുകേഷ് ശുശ്രൂഷിച്ചുവന്ന അമ്മ നഷ്ടപ്പെട്ടതാണ് മുകേഷിനുണ്ടായ നഷ്ടം. കഴിഞ്ഞ ആഗസ്ത് 12ന് അര്‍ബുദരോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മുകേഷിന്റെ അമ്മ വെള്ളച്ചി മരിച്ചിരുന്നു. ഇപ്പോള്‍ അച്ഛനാണ് മുകേഷിന് എല്ലാം.
പ്രതിസന്ധികളെ മുകേഷ് പൂര്‍ണമായും മറികടന്നെന്നും പറയാന്‍ കഴിയില്ല. അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തണലില്‍ കഴിഞ്ഞിരുന്ന ബാലന് പെട്ടെന്നൊരു ദിവസം ഹോസ്റ്റലിലേക്ക് പറിച്ചുനട്ടത് ഉള്‍ക്കൊള്ളുവാനും കഴിഞ്ഞിട്ടില്ല. ചിലപ്പോഴൊക്കെ പഠനം മുടങ്ങുന്നുമുണ്ട്. എങ്കിലും ഹോസ്റ്റലധികൃതരുടെ അഭിപ്രായത്തില്‍ മുകേഷ് ശാന്തനും അനുസരണയുമുള്ള കുട്ടിയാണ്.