മലയാളത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുന്നതോടൊപ്പം ഇപ്പോഴും പത്രധര്‍മം പരിപാലിക്കുന്ന ദിനപ്പത്രമാണ് മാതൃഭൂമി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ശക്തമായ പങ്കുവഹിച്ച മാതൃഭൂമി അക്കാലത്ത് ആ പ്രസ്ഥാനത്തിന് നല്‍കിയ സഹായവും ഊര്‍ജവും വലുതാണ്. ഇന്നും മാതൃഭൂമിയെ ശക്തമായ പത്രമായി നിലനിര്‍ത്തുന്നത് അത്തരം മൂല്യങ്ങളാണ്. ഭൂരിപക്ഷം ജനതയുടെ വിശ്വാസം ഏറ്റുവാങ്ങിയ പത്രമാണിത്. ജനതയുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ജനങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കുകയും വഴിയാണ് മാതൃഭൂമി അതിന്റെ വളര്‍ച്ചയുടെ പടവുകള്‍ ആര്‍ജിച്ചത്. എക്കാലവും സ്വതന്ത്രവും മതേതരവുമായ നിലപാട് ഈ പത്രം എടുത്തിട്ടുണ്ട്.
എന്റെ വിദ്യാഭ്യാസകാലം മുതല്‍ മാതൃഭൂമി വായനക്കാരനാണ്. അന്നുമുതല്‍ മാതൃഭൂമിയുടെ പ്രത്യേകതയായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കുക എന്ന രീതിയാണ്. ജനാധിപത്യം പുലരണമെന്നാഗ്രഹിക്കുന്ന പത്രം സ്വീകരിക്കേണ്ട രീതിതന്നെയാണ് മാതൃഭൂമി എക്കാലവും അനുവര്‍ത്തിച്ചിട്ടുള്ളതെന്ന് എന്റെ അനുഭവത്തില്‍നിന്ന് പറയാനാവും. മാതൃഭൂമി ഉണ്ടായകാലത്ത് നിലനിന്നിരുന്ന പല പത്രങ്ങളും നിന്നുപോയി. എന്നാല്‍ മാതൃഭൂമി ഇപ്പോഴും നിലനില്‍ക്കാനും ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ച് വളരാനും കാരണം അത് ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവുകയും അക്കാര്യത്തെ രൂപപ്പെടുത്തുകയും ചെയ്തതിനാലാണ്. ജനങ്ങള്‍ക്ക് എന്നും മാതൃഭൂമി അവശ്യമായിരുന്നു. അതുകൊണ്ടുതന്നെ എക്കാലവും നിലനില്‍ക്കുകയും ചെയ്യും.
മാതൃഭൂമിയുടെ തുടക്കകാലത്ത് എട്ട് പേജായിട്ടാണ് ഇറങ്ങിയത്. മലബാറിലെ പ്രധാനപത്രം എന്നനിലയിലും സ്വാതന്ത്ര്യസമരത്തിനൊപ്പം നിന്ന പത്രം എന്നനിലയിലും ആദ്യം മാതൃഭൂമിയാണ് വായിക്കുക. മാതൃഭൂമിയില്‍ വരുന്ന ലേഖനങ്ങള്‍ വായിക്കും. എല്ലാം വായിക്കും. ഭാഷ നന്നായതോടൊപ്പം രാജ്യകാര്യങ്ങളില്‍ വിവരവും സാഹിത്യബന്ധവും സാധ്യമായി എന്നതാണ്.
അക്കാലത്ത് റേഡിയോ തന്നെ വളരെ കുറവാണ്. പത്രമാണ് ഏക ആശ്രയം. പത്രം എന്നുപറഞ്ഞാല്‍ എന്റെ മനസ്സില്‍ ഓടിയെത്തുക മാതൃഭൂമി തന്നെയാണ്. മാതൃഭൂമി ഷൊര്‍ണൂര്‍ ഏജന്‍സിക്കൊപ്പം സ്വന്തം ലേഖകനായും ഞാന്‍ മാതൃഭൂമിയുടെ ഭാഗമായിട്ടുണ്ട്. വാര്‍ത്ത അയച്ചാല്‍ സ്റ്റാമ്പിന്റെ കാശുതരും. പത്തുരൂപയോളം ലഭിച്ചിരുന്നു. അക്കാലത്ത് അത് വലിയ തുകയാണ്. കേശവമേനോന്‍, ദാമോദരമേനോന്‍, എ.പി. ഉദയഭാനു, വി.എം. നായര്‍ ഉള്‍പ്പെടെയുള്ള എല്ലാ മാതൃഭൂമി പത്രാധിപന്മാരുമായും അടുത്തബന്ധമുണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായതോടെ പത്രപ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. മാതൃഭൂമി ലേഖകന്‍ എന്നത് അക്കാലത്തെ ശക്തമായ മേല്‍വിലാസമായിരുന്നു. പൂര്‍ണസമയ രാഷ്ട്രീയക്കാരനായതോടെ ഞാന്‍തന്നെ വി.എം. നായരോട് പറയുകയായിരുന്നു, ഇനി ഞാന്‍ എഴുതുന്നതില്‍ നിഷ്പക്ഷത ഉണ്ടാവില്ല. അതുകൊണ്ട് ലേഖകന്റെ ജോലി ഉപേക്ഷിക്കുന്നുവെന്ന്.
ജനങ്ങള്‍തന്നെ രൂപംകൊടുത്ത പത്രം എക്കാലവും നിലനിന്നത് സമൂഹത്തിനുവേണ്ടിതന്നെയാണ്. മാതൃഭൂമിയുടെ അഭിപ്രായം വേറെയാണെങ്കിലും വാര്‍ത്ത നല്‍കുന്ന കാര്യത്തില്‍ ഒരിക്കലും പക്ഷപാതം കാട്ടിയിട്ടില്ല. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂപംനല്‍കിയ പ്രസ്ഥാനമാണ് മാതൃഭൂമിയെങ്കിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ നടപ്പാക്കിയ പരിപാടികളെ അതിനിശിതമായി മാതൂഭൂമി വിമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ്സിനെതിരായ പത്രമായി മാറിയിട്ടില്ല. പത്രത്തിന്റെ നടത്തിപ്പുകാര്‍ മാറിയാലും പത്രത്തിന് അടിസ്ഥാനപരമായ മാറ്റങ്ങള്‍ വന്നിട്ടില്ല. കാലികമായ മാറ്റം മാത്രമാണ് മാതൃഭൂമിയില്‍ കടന്നുവന്നിട്ടുള്ളത്. മാതൃഭൂമി എന്തിനായിരുന്നു നിലകൊണ്ടത്. സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായും ജനാധിപത്യത്തിനും വികസനത്തിനും നിലകൊണ്ട പത്രം അത്തരം മൂല്യങ്ങളില്‍ ഇപ്പോഴും നിലകൊള്ളുന്നതില്‍ ആഹ്ലാദമുണ്ട്, ആദരവുണ്ട്.
മാതൃഭൂമിയുടെ ആദ്യ പത്രാധിപര്‍ കേശവമേനോനുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. സമയനിഷ്ഠയുള്ള ആളായതിനാല്‍ കേശവമേനോന്‍ പങ്കെടുക്കുന്ന യോഗത്തില്‍ മന്ത്രിയായിരുന്നപ്പോഴും കൃത്യസമയത്തുതന്നെ പങ്കെടുക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. എല്ലാ കാലത്തും കേശവമേനോനോട് പ്രത്യേകമായ ബഹുമാനം എല്ലാവരും സൂക്ഷിച്ചിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരെ വളര്‍ത്തിയെടുക്കുന്നതിലും മാതൃഭൂമി നല്‍കിയ സേവനം എക്കാലത്തും വിലമതിക്കാവുന്നതാണ്.
പത്രം വായിക്കുന്നത് വാര്‍ത്തകള്‍ അറിയാന്‍ മാത്രമല്ല, കാഴ്ചപ്പാടും അറിയാന്‍ കൂടിയാണ്. എത്രയോ ടെലിവിഷന്‍ ചാനലുകള്‍ ഉണ്ടായാലും പത്രം വായിച്ചാല്‍ മാത്രം തൃപ്തമാകുന്ന മനസ്സാണ് എന്റേത്. അതാണ് നമ്മുടെ ശീലവും. ഞാന്‍ മാതൃഭൂമി കുടുംബാംഗത്തെപ്പോലെയാണ്, അന്നും ഇന്നും അക്കാര്യം നിലനിര്‍ത്തുന്നുണ്ട്. മാതൃഭൂമിയുടെ തലപ്പത്തുള്ളവരുമായും അടുപ്പവും സ്‌നേഹവും പരിചയവും ഇപ്പോഴുമുണ്ട്. തൊണ്ണൂറാം വര്‍ഷത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.