മാതൃഭൂമിയും വടക്കന്‍ കേരളവും

മംഗലാട്ട് രാഘവന്‍ Posted on: 04 Jan 2014

ഉത്തര കേരളത്തിലെ പത്രപാരമ്പര്യത്തെയും പത്രപ്രവര്‍ത്തകരെയും കുറിച്ച് പറയുമ്പോള്‍ ഒരുപാട് പേരുകള്‍ പറയാനുണ്ട്. മറ്റുപല സാംസ്‌കാരിക സംരംഭങ്ങളുടെയും എന്നപോലെ പത്രപ്രവര്‍ത്തനത്തിന്റെയും ഉദയം തലശ്ശേരിയിലാണ്. വടക്കെ മലബാര്‍ പ്രദേശത്തിന്റെ തലസ്ഥാനം തലശ്ശേരിയും തെക്കെ മലബാറിന്റേത് കോഴിക്കോടുമായിട്ടാണ് ബ്രിട്ടീഷ് ഭരണം മലബാറില്‍ നിലയുറപ്പിച്ചത്. ഇതാണ് ഉത്തര കേരളത്തിലെ പത്രപ്രവര്‍ത്തനകേന്ദ്രം തലശ്ശേരിയാകാന്‍ കാരണം.
മലയാളം ഇംഗ്ലീഷ് നിഘണ്ടുവിലൂടെയും വ്യാകരണ ഗ്രന്ഥത്തിലൂടെയും മറ്റും മലയാളത്തിന് മഹത്തായ സംഭാവന അര്‍പ്പിച്ച നിത്യസ്മരണീയനായ ജര്‍മന്‍ മിഷനറി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തന്നെയാണ് മലയാളത്തിലെ ആദ്യപത്രമായ 'രാജ്യസമാചാര'ത്തിന്റെ പ്രാരംഭകന്‍. തലശ്ശേരിയിലെ ഇല്ലിക്കുന്നിലായിരുന്നു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍സഭയുടെ പ്രവര്‍ത്തനകേന്ദ്രം. ക്രിസ്തുമത പ്രചാരണത്തിനുള്ള ഒരു ഉപകരണമായിട്ടാണ് രാജ്യസമാചാരം ഉദ്ദേശിക്കപ്പെട്ടത്. ഇല്ലിക്കുന്നില്‍ സ്ഥാപിതമായ ലിത്തോ പ്രസ്സിലാണ് അതിന്റെ അച്ചടി. 1847 ജൂണ്‍ മാസത്തിലാണ് മാസികാരൂപത്തില്‍ അത് പിറന്നുവീണത്. കോഴിക്കോട് സര്‍വകലാശാല മലയാളം വിഭാഗത്തില്‍ രാജ്യസമാചാരത്തിന്റെ ഫയല്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ ആദ്യപത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ - ഡെമ്മി 8 ല്‍ ഒന്ന് വലിപ്പം സ്ഥിരമായി ആറ് പേജ് (ചിലപ്പോള്‍ 8 പേജ്) 1850 ഡിസംബര്‍വരെ 42 ലക്കങ്ങള്‍ പുറത്തുവന്നു. പത്രാധിപരുടെ പേരോ പത്രത്തിന്റെ വിലയോ കാണിച്ചിട്ടില്ല. ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി വിതരണം.


ലക്ഷ്യപ്രസ്താവന


പത്രത്തിന്റെ ലക്ഷ്യപ്രസ്താവന ഉദ്ധരണാര്‍ഹമാണ്. ''വെളിച്ചം പൂര്‍വദിക്കില്‍ നിന്ന് മാത്രമല്ല പശ്ചിമദിക്കില്‍ നിന്നും വരുന്നത് ആശ്ചര്യം തന്നെ. ഈ കേരളം ദൈവവശാല്‍ ഇംഗ്ലീഷുകാര്‍ക്ക് അധീനമായി വന്നതിനാലോ ഈ നാട്ടില്‍ അറിഞ്ഞുകൂടാത്ത ചില സംഗതികളെ പടിഞ്ഞാറ്റില്‍നിന്ന് ഇങ്ങോട്ട് കടന്നുവരാന്‍ പാലമുണ്ടായിരിക്കുന്നു. ഇവിടെ നടപ്പായ വിദ്യകളും ശാസ്ത്രങ്ങളും ഒഴികെ ബിലാത്തിയില്‍ നടക്കുന്ന പലതുമുണ്ട്. രണ്ട് വകയ്ക്കും തമ്മില്‍ വളരെ ഭേദമുണ്ട്താനും.'' പരമാത്മാ, ജീവാത്മാ തുടങ്ങിയുള്ള മര്‍മോപദേശങ്ങളെ ധ്യാനിച്ച് ഓരോന്നും 'കറ്റു'ണ്ടാക്കി ദിവ്യശ്ലോകങ്ങളെ ചമച്ച് വിദ്വാന്മാരെ രസിപ്പിക്കുന്നത് ഹിന്ദുജ്ഞാനത്തിന്റെ മര്യാദ തന്നെ. കാലദേശാവസ്ഥകളു െസൂക്ഷ്മം നിദാനിച്ചറിഞ്ഞ് കുട്ടികളുടെ ഉപകാരത്തിനായി ലഭ്യമാക്കിപ്പറയുന്നത് ബിലാത്തി ജ്ഞാനത്തിന്റെ ലക്ഷണമത്രെ. ഈ വക വായ്പാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ മാസംതോറും ബിലാത്തി ശാസ്ത്രങ്ങളില്‍ നിന്ന് പറ്റുന്നത് ഓരോന്നും ഇതിന്‍ കീഴില്‍ കാണിച്ച മാതിരിയായി മലയാളികള്‍ക്ക് തോന്നുവാന്‍ തക്കവണ്ണം ഭാഷയിലാക്കി അച്ചടിച്ച് ആവശ്യമുള്ളവര്‍ക്ക് അയക്കുകയും ചെയ്യും. വില ഒരുവര്‍ഷത്തിന് അര 'രൂപിക'.

മലയാളിയായ ഫ്രഞ്ച് പത്രാധിപര്‍


ഉത്തര കേരളത്തിലെ പത്രപ്രവര്‍ത്തകരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഉദിക്കുന്ന പേര് പണ്ടത്തെ ഫ്രഞ്ച് മയ്യഴിക്കാരനായ കല്ലാട്ട് ഗോപാലന്റെതാണ്. മയ്യഴിയില്‍ ഞങ്ങള്‍ക്കെല്ലാം പരന്ത്രീസ് പഠനത്തിന് അവസരം ഒരുക്കിത്തന്ന ഫ്രഞ്ച് സ്‌കൂളിലെ പഠിപ്പിനുശേഷം ഫ്രാന്‍സില്‍ പോവുകയും അവിടെ പത്രപ്രവര്‍ത്തകനാവുകയും ചെയ്ത ഈ ബുദ്ധിശാലി ഫ്രഞ്ച് സാംസ്‌കാരിക പത്രമായ 'LES ANNALES' ന്റെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. ഈ മാസിക മയ്യഴിയില്‍ കിട്ടിക്കൊണ്ടിരുന്നു. ഹതവിധി എന്നുപറയട്ടെ അദ്ദേഹം ഫ്രാന്‍സില്‍ അകാലചരമമടഞ്ഞു.

തലശ്ശേരിയിലെ പത്രയുദ്ധം


ഇതേവരെ മറ്റെവിടെയും നടന്നിട്ടില്ലെന്ന് കരുതപ്പെടുന്ന ഒരു പത്രയുദ്ധം തലശ്ശേരിയില്‍ നടക്കുകയുണ്ടായി. പ്രമുഖ അഭിഭാഷകനും സാഹിത്യനിരൂപകനുമായ കെ.ടി.ചന്തുനമ്പ്യാരും പ്രശസ്ത പത്രാധിപര്‍ മൂര്‍ക്കോത്ത് കുമാരനും തമ്മിലുണ്ടായ ഈ പോരാട്ടം തുടങ്ങിയത് മൂര്‍ക്കോത്ത് കുമാരന്‍ പത്രാധിപരായ 'ഗജകേസരിയി'ലും ചന്തുനമ്പ്യാര്‍ പത്രാധിപത്വം വഹിച്ച 'സ്വാഭിമാനിയി'ലും ആയിരുന്നു. പോര് മുറുകിയപ്പോള്‍ ഇരുവരും ഇതിനായി മാത്രം ഒരു ചെറുപത്രം തുടങ്ങി. മൂര്‍ക്കോത്തിന്റേത് 'കഠോരകുഠാരം'. ചന്തുനമ്പ്യാരുടേത് 'രാമബാണം'. വലിയ ജനശ്രദ്ധയാകര്‍ഷിച്ച ഒരു പോരാട്ടമായിരുന്നു ഇത്.

15 വയസ്സുള്ള ഒരു പത്രാധിപരെക്കുറിച്ച് പറയട്ടെ. വടകരക്കടുത്ത് നാദാപുരത്ത് കടത്തനാട്ട് രാജാക്കന്മാരുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'ജനരഞ്ജിനി' പത്രത്തിന്റെ അധിപന്‍ കെ.സി.എന്‍. നമ്പ്യാര്‍ എന്ന 15 വയസ്സുകാരനായിരുന്നു ഈ പത്രാധിപര്‍. പിന്നീട് പ്രസിദ്ധ നിമിഷകവിയായി പേരെടുത്ത കെ.സി. നാരായണന്‍ നമ്പ്യാരാണ് ഈ പ്രതിഭാശാലി. തിരുവനന്തപുരത്ത് ഉള്ളൂരും മറ്റും പങ്കെടുത്ത ഒരു കവിതാമത്സരത്തില്‍ ഒന്നാംസമ്മാനമായി സ്വര്‍ണമെഡല്‍ നേടിയ കവി. എപ്പോള്‍ വേണമെങ്കിലും പ്രാസദീക്ഷയോടുകൂടി ശ്ലോകങ്ങള്‍ രചിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

കേരളത്തിന് വെളിയില്‍ പ്രവര്‍ത്തിച്ച വടക്കെ മലബാറുകാരായ പത്രപ്രവര്‍ത്തകര്‍ പലരുമുണ്ട്. ഇതില്‍ പ്രഥമഗണനീയര്‍ എ.സി.എന്‍. നമ്പ്യാരാണ്. (അറത്തില്‍ കണ്ടോത്ത് നാരായണന്‍ നമ്പ്യാര്‍). പഠനാര്‍ഹമായ ഒരു ജീവിതകഥയാണ് അദ്ദേഹത്തിന്റെത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ അസാധാരണ ബുദ്ധിവൈഭവം പ്രകടിപ്പിച്ച നാരായണന്‍ നമ്പ്യാര്‍ പഴയ തലമുറയിലെ കേസരി നായനാരുടെ മകനാണ്. ഇന്ത്യയിലെ പഠനത്തിനുശേഷം നാരായണന്‍ നമ്പ്യാര്‍ ഇംഗ്ലണ്ടില്‍പോയി പത്രപ്രവര്‍ത്തകനായി. പാരീസ് ആസ്ഥാനമായി യൂറോപ്പില്‍ ബ്രിട്ടനെതിരെ പ്രവര്‍ത്തിച്ചിരുന്ന വിപ്ലവകാരികളില്‍ ഒരാളായി അദ്ദേഹം മാറി. ബര്‍ലിനിലായിരുന്നപ്പോള്‍ 'റീ സ്റ്റേഗ്' തീവെപ്പ് കേസില്‍ ഒന്നാംപ്രതിയായി അദ്ദേഹം ജയിലില്‍ കഴിയേണ്ടിവന്നു. മദിരാശിയിലെ 'ഹിന്ദു' ഉള്‍പ്പെടെ പല ഇന്ത്യന്‍ പത്രങ്ങളുടെയും യൂറോപ്പ് ലേഖകനായിരുന്നു. ലോകമഹായുദ്ധത്തിനുശേഷം അദ്ദേഹം തിരിച്ചുവന്ന് കുറച്ചിടെ നാട്ടില്‍ കഴിച്ച് പാരീസിലേക്ക് തന്നെ മടങ്ങിപ്പോയി. സരോജിനി നായിഡുവിന്റെ അനുജത്തി സുഹാസിനിയായിരുന്നു അദ്ദേഹത്തിന്റെ പത്‌നി.


സഞ്ജയന്‍


കേരളീയ പത്രലോകത്തിനും മലയാള സാഹിത്യത്തിനും തലശ്ശേരി നല്‍കിയ ഏറ്റവും മികച്ച സംഭാവനയാണ് മാണിക്കോത്ത് രാമുണ്ണിനായര്‍. എം.ആര്‍. നായര്‍ എന്ന പേരിലാണ് അദ്ദേഹം മലയാള പത്രങ്ങളില്‍ എഴുതിയിരുന്നത്. ഹാസ്യലേഖനങ്ങള്‍ക്ക് സഞ്ജയന്‍ എന്ന തൂലികാനാമമാണ് ഉപയോഗിച്ചത്. ഉജ്ജ്വലമായ വിദ്യാര്‍ഥി ജീവിതത്തിനുശേഷം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി പ്രവര്‍ത്തിക്കെതന്നെ 'കേരള പത്രിക'യുടെ എട്ടാംപേജില്‍ സഞ്ജയന്‍ എഴുതിയിരുന്ന നര്‍മരസംകലര്‍ന്ന ലേഖനങ്ങള്‍ക്ക് എമ്പാടും വായനക്കാരുണ്ടായിരുന്നു. സഞ്ജയന്‍ എന്ന പേരില്‍ ഒരു ഹാസ്യമാസിക അദ്ദേഹം സ്വന്തം ചെലവില്‍ നടത്തുകയുണ്ടായി. ഇത് വലിയ കടബാധ്യത വരുത്തിയതിനാല്‍ നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് 'മാതൃഭൂമി' അദ്ദേഹത്തിനുവേണ്ടി ആരംഭിച്ച 'വിശ്വരൂപ'ത്തിലായിരുന്നു അദ്ദേഹത്തിന്റെ ആക്രമണാത്മകമായ തൂലിക ചലിച്ചത്. എറണാകുളത്ത് കോളേജ് വിദ്യാര്‍ഥിനികളെ അവിടെ ക്യാമ്പ് ചെയ്തിരുന്ന ഓസ്‌ട്രേലിയന്‍ പട്ടാളക്കാര്‍ കൈയേറ്റം ചെയ്തതിനെതിരായി 'മാതൃഭൂമി'യില്‍ അദ്ദേഹമെഴുതിയ വാരാന്തലേഖനം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. യുദ്ധകാലമായിരുന്നു അത്. ബ്രിട്ടീഷ് ഗവണ്മെന്റ് ഈ ലേഖനത്തിന്റെ പേരില്‍ 'മാതൃഭൂമി' നിരോധിച്ചു. ഈ നിരോധനംമൂലം മലബാര്‍ ഇരട്ടിലാണ്ടതുപോലെയായി.

പിന്നീട് മാതൃഭൂമിക്കെതിരായ നിരോധനം വിപരീതഫലമാണ് ഉണ്ടാക്കുകയെന്ന് ബോധ്യപ്പെട്ട ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചു. സഞ്ജയന്റെ ലേഖനങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങി. മുമ്പേ ക്ഷയരോഗബാധിതനായ സഞ്ജയന്‍ 1943-ല്‍ അന്തരിച്ചതോടെ നിര്‍മലമായ നര്‍മലേഖനങ്ങളുടെ യുഗം അവസാനിച്ചുവെന്നു പറയാം.
വടക്കന്‍ കേരളത്തെ പ്രസിദ്ധമാക്കുന്നതില്‍ മാതൃഭൂമി വഹിച്ച പങ്ക് മഹത്തരമാണ്. ദേശീയപ്രസ്ഥാനത്തെ പിന്തുണയ്ക്കാനും ജനങ്ങള്‍ക്കിടയില്‍ ദേശീയബോധം വളര്‍ത്താനുംവേണ്ടി 1923-ല്‍ ആരംഭിച്ച മാതൃഭൂമി ഈ ദൗത്യം പ്രശംസനീയമായി നിര്‍വഹിച്ചിട്ടുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു. പത്രം എന്നുപറഞ്ഞാല്‍ 'മാതൃഭൂമി' എന്നാണ് ജനങ്ങള്‍ മനസ്സിലാക്കിയിരുന്നത്. ഇന്നത്തെ മാതൃഭൂമി എന്നല്ല, ഇന്നത്തെ പത്രം എന്നാണ് ആളുകള്‍ പറഞ്ഞുപോന്നത്. മലബാറില്‍ അങ്ങോളമിങ്ങോളം സ്വാതന്ത്ര്യസമര സംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സന്ദേശപതാകയുമേന്തി 'മാതൃഭൂമി' നടത്തിയത് ശരിക്കുമൊരു ജൈത്രയാത്രയായിരുന്നു.

1942-ലാണ് ഞാന്‍ മാതൃഭൂമിയുമായി ബന്ധപ്പെടുന്നത്; ലേഖകനായിട്ട്. അതുവരെ ഐ.കെ. കുമാരന്‍ മാസ്റ്ററായിരുന്നു ലേഖകന്‍. അദ്ദേഹം ജയലില്‍ പോയതിനുശേഷമാണ് ലേഖകനായി ചുമതലയേറ്റത്. ഫ്രഞ്ച് ഭരണത്തിനുകീഴില്‍ മയ്യഴിയില്‍ അധികാരം കൈയാളിയിരുന്ന പാരമ്പര്യകുടുംബങ്ങളുടെ പ്രേരണയാല്‍ ഫ്രഞ്ച് ഗവണ്മെന്റ് ചില നിബന്ധനകള്‍ ചുമത്തിയിരുന്നു. എന്റെ ലേഖനങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയാണ് ചെയ്തത്. മയ്യഴിയുടെ മോചനയുദ്ധത്തിന് മാതൃഭൂമി വഹിച്ച സഹായം അളവറ്റതായിരുന്നു.



ovvijayan
Photos Navathi

 

ga