മാതൃഭൂമിക്ക് അച്ഛന്‍ ആദ്യം നല്‍കിയത് അരഞ്ഞാണം വിറ്റ കാശ്‌

-ഡോ. ജയ വേണുഗോപാല്‍ Posted on: 04 Jan 2014

തികച്ചും യാഥാസ്ഥിതികരുടെ മനയിലായിരുന്നു അച്ഛന്റെ ജനനം. അമ്പലങ്ങളിലെ പൂജയായിരുന്നു പ്രധാന പണി. ഏഴാം വയസ്സില്‍ ഉപനയനവും തുടര്‍ന്ന് വേദപഠനവും കഴിഞ്ഞു. ഇംഗ്ലീഷ് കൂടുതല്‍ പഠിക്കാന്‍ ഏറെ ആഗ്രഹിച്ചെങ്കിലും യാഥാസ്ഥിതിക ചുറ്റുപാട് അതിനെ അനുവദിച്ചില്ല.
സ്‌കൂള്‍കാലം കഴിയുമ്പോള്‍ തന്നെ അച്ഛന്‍ ബ്രിട്ടീഷ്ഭരണത്തിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിട്ടുണ്ട്. കരുത്തുപകരാന്‍ ഒരു പത്രം വേണമെന്ന ചിന്ത അച്ഛന് ചെറുപ്പംമുതലേ തോന്നിയിരുന്നെന്നാണ് കേട്ടിട്ടുള്ളത്. ദേശീയപ്രസ്ഥാനത്തിന് കരുത്തുപകരാന്‍ പത്രം വേണമെന്ന് അച്ഛനും കെ.പി. കേശവമേനോനുമൊക്കെ ഒരേസമയമാണ് തോന്നിയതെന്നും പറയാം. ഭ്രാന്തന്‍ ആശയം എന്ന് പലരും വിളിച്ചെങ്കിലും പിന്മാറിയില്ല. ഇതിനായി സമാനചിന്താഗതിക്കാരെ കണ്ടെത്തി അവര്‍ സംഘടിച്ചു. പത്രം തുടങ്ങാനുള്ള പണം ആരുടെയും പക്കലുണ്ടായിരുന്നില്ല. പക്ഷേ, എങ്ങനെ തുടങ്ങും എന്ന ആശങ്ക അച്ഛനില്ലായിരുന്നു. ഇല്ലത്തുനിന്ന് ഭ്രഷ്ട് കല്‍പ്പിച്ചതിനാല്‍ കുടുംബസ്വത്ത് ഉണ്ടായിരുന്നില്ല. സ്വന്തം അരഞ്ഞാണം വിറ്റ് ആദ്യസംഭാവന അച്ഛന്‍ നല്‍കി. പിന്നെ കൈയിലുണ്ടായിരുന്ന മറ്റ് ആഭരണങ്ങള്‍ വിറ്റും സംഭാവനകള്‍ പിരിച്ചും മൂലധനം നേടി. അങ്ങനെയാണ് 'മാതൃഭൂമി' പ്രിന്റിങ് യൂണിറ്റ് തുടങ്ങുന്നത്. മാതൃഭൂമി പത്രത്തിന്റെ ജോലി കഴിഞ്ഞേ മറ്റെന്തുമുണ്ടായിരുന്നുള്ളൂ. വീടും കുടുംബവും ഉള്ളൂ. പത്രം ഇറങ്ങുന്നതുവരെ ഊണും ഉറക്കവുമുണ്ടാവില്ല. പത്രപ്രവര്‍ത്തനം അച്ഛനടക്കമുള്ളവര്‍ക്ക് അന്നൊരു ജോലി ആയിരുന്നില്ല; സേവനമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിഫലവും വാങ്ങിയിരുന്നില്ല. ഉള്ളതെല്ലാം പത്രം മുന്നോട്ടുകൊണ്ടുപോകുന്നതിനായി നീക്കിവെച്ചു.
സ്ഥാനമാനങ്ങള്‍ അച്ഛന്‍ ഒരിക്കലും മോഹിച്ചിട്ടില്ല. 1925 മുതല്‍ 1956 വരെ മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററായിരുന്നു അച്ഛന്‍. ആ സ്ഥാനം അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എം.ഡി. സ്ഥാനം വഹിക്കണമെങ്കില്‍ 100 ഷെയര്‍ സ്വന്തംപേരില്‍ വേണം. അത് വാങ്ങാന്‍ അച്ഛന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍, എല്ലാവരുംകൂടി നിര്‍ബന്ധിച്ച് അത് എടുപ്പിച്ചു. പിന്നീട് അദ്ദേഹം 75 ഷെയറും മറ്റുള്ളവര്‍ക്ക് വെറുതെ നല്‍കുകയാണ്. ചെയ്തത്. സ്വന്തമായി സമ്പാദ്യം വേണ്ടെന്നായിരുന്നു അച്ഛന്. മരണംവരെ അദ്ദേഹം മാതൃഭൂമിയുടെ പ്രിന്ററും പബ്ലിഷറുമായിരുന്നു. മുമ്പ് 'ലോകമാന്യന്‍' എന്ന പത്രത്തിന്റെ എഡിറ്ററായിരുന്ന അച്ഛന്‍ വാഗണ്‍ട്രാജഡിയുടെ ഉത്തരവാദിത്വം ഏല്‍ക്കാതിരുന്നതിന് ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ ശക്തമായ മുഖപ്രസംഗമെഴുതിയിട്ടുണ്ട്. അതിന് അച്ഛനെ സര്‍ക്കാര്‍ ജയിലിലടയ്ക്കുകയും ചെയ്തു. മാതൃഭൂമിയുടെ മുന്‍ മാനേജരായിരുന്ന എന്‍. കൃഷ്ണന്‍നായര്‍, മുന്‍ മാനേജിങ് ഡയറക്ടറും ചെയര്‍മാനും പത്രാധിപരുമായ വി.എം. നായര്‍, മാധവമേനോന്‍ എന്നീ പരിചയസമ്പന്നരെയൊക്കെ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നത് അച്ഛനായിരുന്നു.
1896 ഫിബ്രവരി ആറിന് തൃശ്ശൂരിലെ അടാട്ട് ഗ്രാമത്തിലെ കുറൂര്‍ മനയിലാണ് അച്ഛന്‍ (കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്) ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനി, ഖാദി പ്രവര്‍ത്തകന്‍, കോണ്‍ഗ്രസ് നേതാവ്, യാഥാസ്ഥിതികരോട് പോരാടിയ ആള്‍, പത്രപ്രവര്‍ത്തകന്‍... സമൂഹത്തിനുവേണ്ടി അച്ഛന്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഗാന്ധിജിക്കുമുമ്പേ തന്നെ നിസ്സഹകരണ സമരവുമായി അദ്ദേഹം രംഗത്തുണ്ട്. ദേശീയപ്രസ്ഥാനം കരുത്താര്‍ജിച്ചപ്പോള്‍ അച്ഛന്‍ ഗാന്ധിജിയെ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ സമരമാര്‍ഗത്തില്‍ പെട്ടെന്നുതന്നെ ആകൃഷ്ടനായി. മഹാത്മാ ഗാന്ധിയായിരുന്നു അച്ഛന്റെ ആദര്‍ശ പുരുഷന്‍. അഹിംസയായിരുന്നു അച്ഛന്റെയും മാര്‍ഗം.
ജവാഹര്‍ലാല്‍ നെഹ്രുവും അച്ഛനെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു. പണ്ഡിറ്റ്ജി എപ്പോള്‍ തൃശ്ശൂരില്‍ വന്നാലും ഞങ്ങളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സ്വദേശിപ്രസ്ഥാനത്തിന്റെ വക്താവായിരുന്നു അച്ഛന്‍. നമുക്കാവശ്യമായതെല്ലാം സ്വയം ഉത്പാദിപ്പിക്കണമെന്ന് സൈക്കിളില്‍ സഞ്ചരിച്ച് വീടുവീടാന്തരം കയറി അച്ഛന്‍ പറയുമായിരുന്നു. നൂല്‍നൂല്‍ക്കാന്‍ പ്രേരിപ്പിക്കും. ഖാദി ധരിക്കണമെന്ന് എല്ലാവരോടും പറയുമായിരുന്നു. അച്ഛനും അമ്മയും നൂല്‍നൂറ്റ് സ്വന്തം ഖാദിവസ്ത്രങ്ങള്‍ നിര്‍മിച്ചിരുന്നു. ഖദറിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായി മാതൃഭൂമിയില്‍ റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരോദിവസവും ഒരുപിടി അരി എടുത്തുവെക്കാന്‍ പ്രദേശത്തെ വീട്ടുകാരോടെല്ലാം പറയും. അത് ശേഖരിച്ച് പാവങ്ങളായവര്‍ക്ക് വിതരണം ചെയ്യും. സാമ്പത്തികമായും ജോലിനല്‍കിയും ധാരാളംപേരെ സഹായിച്ചിട്ടുണ്ട്.
മഹാത്മജി ഇവിടെ വരുമ്പോഴൊക്കെ അച്ഛന്‍ കാണാന്‍ പോകുമായിരുന്നു. ക്വിറ്റ് ഇന്ത്യ സമരം, ഉപ്പുസത്യാഗ്രഹം തുടങ്ങിയ എല്ലാസമരങ്ങളിലും അച്ഛന്‍ സജീവമായിരുന്നു. അതിന്റെ ഭാഗമായി നാലുതവണ ജയിലിലടയ്ക്കപ്പെട്ടു.
അമ്മ ടി.സി. കൊച്ചുകുട്ടിയമ്മ അച്ഛന്റെ സന്തത സഹചാരിയായിരുന്നു. സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ അമ്മ എല്ലാകാര്യത്തിലും അച്ഛന് ബലമായിരുന്നു. തൃശ്ശൂര്‍ കുറുപ്പം റോഡില്‍ അമ്മയുടെ വീടായ തെക്കേക്കുറുപ്പത്ത് വീട്ടിലായിരുന്നു ഞങ്ങള്‍ താമസം. നെഹ്രു, കസ്തൂര്‍ബാ ഗാന്ധി, ഇന്ദിരാഗാന്ധി. ലാല്‍ബഹാദൂര്‍ ശാസ്ത്രി, വല്ലഭായ് പട്ടേല്‍ തുടങ്ങി അന്നത്തെ ദേശീയ നേതാക്കളെല്ലാം ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു.
കോണ്‍ഗ്രസ് അല്ലാതെ ഒരു രാഷ്ട്രീയം അച്ഛന് ഇല്ലായിരുന്നു. അത് മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസ് ആയതുകൊണ്ടാണ്. മുണ്ടശ്ശേരിക്കെതിരെ മണലൂരില്‍ നിന്ന് നിയമസഭയിലേക്ക് അച്ഛന്‍ മത്സരിച്ചത് നാട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് മാത്രമാണ്. മുണ്ടശ്ശേരിയെ ആദ്യമായി തോല്‍പ്പിക്കുന്നത് അച്ഛനാണ്. അഞ്ചുവര്‍ഷം എം.എല്‍.എ. സ്ഥാനം വഹിച്ചു. എന്നാല്‍, അതിലൊന്നും അദ്ദേഹത്തിന് താത്പര്യം ഇല്ലായിരുന്നു. ജനങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിക്കൊടുക്കുകയായിരുന്നു. മാതൃഭൂമിക്കും മറ്റുള്ളവര്‍ക്കും വേണ്ടിയാണ് അച്ഛന്‍ എന്നും ജീവിച്ചത്.
അഹിംസാ മാര്‍ഗത്തിലായിരുന്നു അച്ഛന്റെ ജീവിതവും പ്രവര്‍ത്തനവും. അതിനാല്‍ സ്വാതന്ത്ര്യസമര പെന്‍ഷന്‍ വെണ്ടെന്നായിരുന്നു അച്ഛന്റെ നിലപാട്. ഈ പെന്‍ഷന്‍ വാങ്ങാന്‍ ഏറ്റവും അര്‍ഹന്‍ താങ്കളാണെന്ന് പറഞ്ഞുകൊണ്ട് ഇന്ദിരാഗാന്ധി നിരന്തരം കത്തെഴുതിയപ്പോഴാണ് അദ്ദേഹം ആദ്യപെന്‍ഷന്‍ സ്വീകരിക്കാന്‍ കൂട്ടാക്കിയത്.

(മാതൃഭൂമിയുടെ മുന്‍ മാനേജിങ് ഡയറക്ടറായിരുന്ന കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ മാതൃഭൂമി പത്രവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മൂത്തമകള്‍ ഡോ. ജയ വേണുഗോപാല്‍ പറയുന്നു)



ovvijayan
Photos Navathi

 

ga