കൊച്ചിയെ സമ്പന്നമാക്കിയത് ബഹുസാംസ്‌കാരികത

Posted on: 15 Dec 2014

കൊച്ചി: ബഹുസാംസ്‌കാരികതയുടെ അടരുകളാണ് നൂറ്റാണ്ടുകളിലൂടെ കൊച്ചിയുടെ സാമൂഹികതയെ സമ്പന്നമാക്കിയതെന്ന് കൊച്ചിമുസ്സിരിസ് ബിനാലെയോടനുബന്ധിച്ചു നടന്ന സെമിനാര്‍ ചൂണ്ടിക്കാട്ടി.

ടെറാ ട്രെമയുടെ ആശയത്തില്‍ പ്രമുഖ കലാ ചരിത്രകാരി ഗീത കപൂര്‍ നേതൃത്വം നല്‍കിയ ശില്പശാലയുടെ ആദ്യ ദിനമായിരുന്നു ഞായറാഴ്ച.
.
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരനാടുകളിലെ ഭാഷകളില്‍ നിന്ന് മലയാളം കടമെടുത്തിട്ടുള്ള കാര്യങ്ങളെപ്പറ്റിയും അവ പ്രകടന കലകളെ പരുവപ്പെടുത്തിയതിനെപ്പറ്റിയും സെമിനാര്‍ ചര്‍ച്ച ചെയ്തു.



കേരളത്തിലെ തീര മേഖലയില്‍ പ്രചുരപ്രചാരം നേടിയ ചവിട്ടുനാടകമായ 'കാറല്‍മാന്‍ ചരിതം' 16ാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ രാജാവായിരുന്ന കാറല്‍മാനെപ്പറ്റിയുള്ള ബൈബിള്‍ കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു. പട്ടണം ഖനന മേഖലകളില്‍ നിന്ന് കിട്ടിയ അവശിഷ്ടങ്ങളില്‍ റോമാക്കാര്‍ ഉപയോഗിച്ചിരുന്ന പാത്രക്കഷണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു കരുതി അവയെല്ലാം അവിടത്തുകാര്‍ ഉപയോഗിച്ചതാണെന്നു കരുതേണ്ടതില്ലെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കള്‍ ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ മോഡറേറ്ററായിരുന്നു. ഉച്ചകഴിഞ്ഞ് ദളിത് കലയെപ്പറ്റി നടന്ന സെഷനില്‍ സാമൂഹിക ശാസ്ത്രജ്ഞന്‍ സനല്‍ മോഹന്‍ അവതാരകനായിരുന്നു.

കഴിഞ്ഞ ബിനാലെയില്‍ പുലയ സമുദായത്തിലെ മിത്തായ തൂമ്പിക്കല്‍ ചാത്തനെ അടിസ്ഥാനമാക്കി കെ.പി. റെജി തയ്യാറാക്കിയ കലാസൃഷ്ടിയെ ഉദാഹരിച്ച് ദളിത് ബിംബങ്ങളുടെ കലയിലേക്കുള്ള കടന്നുവരവിനെപ്പറ്റി എഴുത്തുകാരനായ ടി.എം. വാസുദേവന്‍ വിശദീകരിച്ചു.

സാംസ്‌കാരിക സൈദ്ധാന്തികയായ സൂസി താരുവും ചര്‍ച്ചയില്‍ പങ്കെടുത്തു.

തിങ്കളാഴ്ച രാവിലത്തെ സെഷനില്‍ പ്രഭാത് പട്‌നായിക്, രാഷ്ട്രീയതന്ത്രജ്ഞന്‍ അച്ചിന്‍ വനൈക് എന്നിവര്‍ സംസാരിക്കും.

ബെര്‍ലിന്‍ മ്യൂസിയം ഡയറക്ടര്‍ ഡേവിഡ് എലിയട്ട്, ക്യൂറേറ്റര്‍ റീം ഫാഡ എന്നിവര്‍ നയിക്കുന്ന ഉച്ചകഴിഞ്ഞുള്ള സെഷന്‍ ഗീത കപൂര്‍ മോഡറേറ്റ് ചെയ്യും.



Biennale Zoomin

 

ga