കൊച്ചി: ആസ്പിന്‍വാള്‍ ബംഗ്ലാവില്‍ കായലിന് അഭിമുഖമായുള്ള മുറിയുടെ ഭിത്തിയില്‍ നിറയെ കരിവാരിപ്പൂശിയിരിക്കുന്നു.
തറയുടെ മധ്യത്തിലായി കറുത്ത വിരിപ്പും തലയിണയും. സമീപത്ത് ഒരു ഇലക്കീറില്‍ രണ്ടുമൂന്ന് ബിസ്‌കറ്റുകള്‍, ഒരു കുപ്പിയില്‍ വെള്ളം, മുഖം നോക്കുന്ന കണ്ണാടി, വിളക്കുകള്‍... ഏതോ ഗുഹയ്ക്കുള്ളില്‍ കഴിയുന്ന പ്രാചീന മനുഷ്യന്റെ താമസസ്ഥലം പോലെ ദുരൂഹമായ അന്തരീക്ഷം. ഇവിടെയാണ് ഗോവയില്‍ നിന്നുള്ള നിഖില്‍ ചോപ്രയെന്ന കലാകാരന്‍ തത്സമയ കലാപ്രകടനം നടത്തുന്നത്.
ഇന്‍സ്റ്റലേഷനും വീഡിയോ ആര്‍ട്ടും പോലുള്ള പുത്തന്‍ കലാവിഭവങ്ങള്‍ ഇന്ത്യക്ക് പരിചയപ്പെടുത്തിയ കൊച്ചിമുസ്സിരിസ് ബിനാലെയിലെ ഇത്തവണത്തെ വ്യത്യസ്തമായ ഇനമാണിത്. ഒരു വിഷയത്തിലധിഷ്ഠിതമായി വേഷപ്രച്ഛന്നനായ കലാകാരന്‍ നടത്തുന്ന പ്രകടനം.
50 മണിക്കൂറിലേറെ നീണ്ടു നിഖില്‍ ചോപ്രയുടെ പ്രകടനം. ശനിയാഴ്ച വൈകീട്ടാണ് ആരംഭിച്ചത്. രണ്ടുദിവസത്തിനു ശേഷം വരുന്നവര്‍ക്ക് കലാകാരന്‍ ശൂന്യമാക്കിയ മുറിയിലെ പ്രകടനത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ കാണാനാകൂ.
ബിനാലെയിലെ ഏറെ ആകാംക്ഷ സൃഷ്ടിച്ചതും ഏറെപ്പേരെ ആകര്‍ഷിച്ചതുമായിരുന്നു നിഖിലിന്റെ കലാപ്രകടനം. ഉത്തര്‍പ്രദേശിലെ 'ലാ പേള്‍ നുഅ 2: ആസ്പിന്‍വാള്‍ ഹൗസ്' എന്നാണ് അലഹബാദ് സ്വദേശിയായ നിഖില്‍ ഇതിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ കോളനിവല്‍കൃത കാലത്തെ ചരിത്രവും അതില്‍ നിന്നുണ്ടാകുന്ന സ്വത്വങ്ങളുടെ സങ്കീര്‍ണതകളുമാണ് ഇതിന്റെ വിഷയം. 'കറുത്ത മുത്ത് ' എന്ന് പേരിട്ടിരിക്കുന്ന ഒരു കഥാപാത്രത്തിലേക്കാണ് നിഖില്‍ ചോപ്ര വേഷപ്രച്ഛന്നനാകുന്നത്.
അധികാരിയുടെയും കീഴാളന്റെയും മുറിവേറ്റവന്റെയും പ്രതിരൂപമാണ് ഈ കഥാപാത്രമെന്ന് നിഖില്‍ ചോപ്ര പറയുന്നു. അതോടൊപ്പം മലബാര്‍ തീരത്തേക്ക് പ്രാചീനകാലം മുതല്‍ വ്യാപാരികളെ ആകര്‍ഷിച്ചിരുന്ന കുരുമുളകിന്റെ മറ്റൊരു പേരു കൂടിയാണിത്. തടങ്കലിലെന്ന വിധം കറുത്ത ചായമടിച്ച മുറിയില്‍ കഴിയുന്ന കഥാപാത്രം താമസിക്കുന്ന മുറിയുടെ ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്ന കാഴ്ചകളാണ് വരയ്ക്കുന്നതത്രയും. അടിവസ്ത്രം മാത്രം ധരിച്ച് ദേഹമാസകലം കരിവാരിപ്പൂശിയതിനു ശേഷമായിരുന്നു വരയ്ക്കല്‍. ചിലപ്പോള്‍ അതിലും മാറ്റങ്ങളുണ്ടാകും. പ്രകടനത്തിനിടയില്‍ത്തന്നെയാണ് ആഹാരവും ഉറക്കവും എല്ലാം. അതൊക്കെ ഈ പ്രകടനത്തിന്റെ ഭാഗവുമാണ്. തിങ്കളാഴ്ച വൈകീട്ട് രണ്ടംഗ സംഗീത സംഘത്തിന്റെ സംഗീത പരിപാടിയോടെയാണ് നിഖിലിന്റെ പ്രകടനം സമാപിക്കുക.
ബറോഡയിലെ എംഎസ് സര്‍വകലാശാലയില്‍ നിന്ന് ഫാക്കല്‍റ്റി ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയിട്ടുള്ള നിഖില്‍ അമേരിക്കയിലെ ഒഹിയോയിലാണ് തുടര്‍പഠനം നടത്തിയത്.