കലയും കാലവും കൈപിടിക്കുമ്പോള്‍
ബോണി തോമസ് , റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ബിനാലെ ഫൗണ്ടേഷന്‍
Posted on: 12 Dec 2014
മെട്രോ നഗരത്തിന്റെ എല്ലാവിധ ആടയാഭരണങ്ങളോടും കൂടി ലോകോത്തര നിലവാരത്തിലേക്ക് വളരുന്ന കൊച്ചിയെ മറ്റൊരു തരത്തില്‍ക്കൂടി അടയാളപ്പെടുത്തുകയാണ് ബിനാലെ. സാങ്കേതികതയ്ക്കുമൊപ്പമുള്ള കലയുടെ കൈകോര്‍ക്കല്‍.
കൊച്ചി പണ്ട് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായിരുന്നു. ഇന്‍ഫോപാര്‍ക്കിന്റെയും സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന്റെയും സാന്നിധ്യം അതിനെ ആധുനികതയോട് ചേര്‍ത്ത് വയ്ക്കുന്നു. സിലിക്കണ്‍വാലിയുമായി തോളുരുമ്മുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ പിറവിയെടുക്കുന്നത് യൗവനതീക്ഷ്ണമായ തലച്ചോറുകളില്‍ വിരിഞ്ഞ നൂതനമായ ആശയങ്ങളും പദ്ധതികളുമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയാണ് സ്റ്റാര്‍ട്ട് അപ്പിലേത്.
ഇന്ന് നിക്ഷേപക സംഗമങ്ങളുടെയും രാജ്യാന്തര സാമ്പത്തിക കൂട്ടായ്മകളുടെയും തലസ്ഥാനമായിക്കഴിഞ്ഞു കൊച്ചി. അടുത്തിടെ ഇവിടെ നടന്ന യെസ്, ടൈക്കൂണ്‍ തുടങ്ങിയവ ഉദാഹരണം. വണിക് വിജയങ്ങളുടെ വഴിയേ മുന്നേറുകയാണ് ഈ നഗരം എന്നര്‍ഥം. പണ്ട് കൊച്ചിയെത്തേടി വൈദേശിക ശക്തികളെത്തിയത് സുഗന്ധവ്യഞ്ജനങ്ങളുടെ മണം പിടിച്ചാണ്. ഇന്ന് ഇത് ആധുനികതയുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നാണെന്നുമാത്രം.
ഈ വളര്‍ച്ചയ്ക്ക് സമാന്തരമായ കലയിലൂടെ ലോകത്തിന് കൊച്ചിയിലേക്കൊരു സ്‌പൈസ് റൂട്ട് ഒരുക്കുകയാണ് ബിനാലെ. ലോകത്തിലെ വന്‍നഗരങ്ങളുടെയെല്ലാം വികസനത്തിന്റെ വഴിയില്‍ എവിടെയൊക്കയോ സര്‍ഗാത്മകതയുടെ ചായങ്ങളുണ്ട്. വെനീസിന്റെയും സാവോപോളോയുടെയും സിഡ്‌നിയുടെയും ഷാര്‍ജയുടെയും വളര്‍ച്ചയില്‍ അവിടങ്ങളിലെ ബിനാലെയും ഒരു പരിധിവരെ പങ്കുവഹിച്ചു.
കല, കാലത്തിനൊപ്പം സഞ്ചരിക്കുന്ന കാഴ്ചയാണത്. ബിനാലെയിലൂടെ ലോകം ഒരു സ്ഥലത്ത് സംഗമിക്കുകയാണ്. അതിന്റെ അനുരണനങ്ങള്‍ വിപണിയിലും ടൂറിസത്തിലും പ്രതിഫലിക്കും. ഒരു നഗരം ലോകത്തിന് മുമ്പാകെ സ്വയം വിളംബരം ചെയ്യുകയാണ് ബിനാലെയിലൂടെ. അത് കാലത്തിന്റെ ഒരു ചുവരെഴുത്താണ്. ഇതാണ് ഇപ്പോള്‍ ഞാന്‍ എന്ന പ്രഖ്യാപനം. അത്തരമൊരു വിളിച്ചുപറയലിലൂടെ ആ നഗരം വിശ്വവിഖ്യാതമാകുകകൂടിയാണ്.
അവിടെയാണ് കൊച്ചി-മുസ്സിരിസ് ബിനാലെ കൊച്ചി ബ്രാന്‍ഡ് അംബാസഡറായി മാറുന്നത്. കഴിഞ്ഞ ബിനാലെ കേരളത്തിന്റെ ടൂറിസം രംഗത്തിന് നല്‍കിയ ഉണര്‍വ് വലുതാണ്. ആഭ്യന്തരടൂറിസ്റ്റുകള്‍ ബിനാലെയെ യാത്രാ കലണ്ടറില്‍ ഉള്‍പ്പെടുത്തിയതോടെ കൊച്ചി അതുവരെയില്ലാതിരുന്ന ഒരു കാഴ്ചക്കളമായി നിവര്‍ന്നു.
ബിനാലെ വേദിയായതോടെ ലോകത്തിലെ വന്‍നഗരങ്ങളുടെ പട്ടികയിലാണ് ഇന്ന് കൊച്ചിക്ക് സ്ഥാനം. ഇന്ത്യയിലെ മറ്റൊരു നഗരത്തിനും ലഭിക്കാത്ത നേട്ടമാണ് ബിനാലെയിലൂടെ കൊച്ചിയിലെത്തിയത്. പുരോഗതിയിലേക്കുള്ള പാതയില്‍ കലയും കാലവും കൈപിടിക്കുന്നതിന്റെ കേരളമോഡല്‍ കൂടിയാകുകയാണ് ബിനാലെ.