സംസ്‌കാര സമ്മിശ്രത്തിന്റെ പ്രതിഫലനം

റിയാസ് കോമു (സെക്രട്ടറി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ഡയറക്ടര്‍ ഓഫ് പ്രോഗ്രാംസ് കൊച്ചി-മുസ്സിരിസ് ബിനാലെ-2014) Posted on: 12 Dec 2014

ലോകത്തെമ്പാടുമായി അരങ്ങേറുന്ന ബിനാലെകള്‍ പ്രായംകൊണ്ട് വൈവിധ്യമാര്‍ന്നതാണ്. ചിലതിന് ഒന്നേകാല്‍ നൂറ്റാണ്ടുവരെ പഴക്കമുണ്ട്. കൊച്ചി-മുസ്സിരിസ് പോലുള്ളവയാകട്ടെ ശൈശവ ഘട്ടത്തിലുമാണ്. എന്തായാലും കേരളത്തെ സംബന്ധിച്ചിടത്തോളം ലോക കലാഭൂപടത്തില്‍ ഇടം നേടാന്‍ 2012-ല്‍ സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ ബിനാലെയുടെ ഒന്നാം പതിപ്പിലൂടെ സാധിച്ചുവെന്നതാണ് വസ്തുത.

പ്രാദേശിക സാംസ്‌കാരിക പ്രകൃതികളെ പ്രതിഫലിപ്പിക്കുകയാണ് ലോകത്തെ എല്ലാ ബിനാലെകളും ചെയ്യുന്നത്. കൊച്ചി-മുസ്സിരിസ് ബിനാലെയിലും വിന്യാസങ്ങളുടെയും ശില്പ-ചിത്ര പ്രദര്‍ശനങ്ങളുടെയും സമാന്തരമായി മറ്റ് പ്രദര്‍ശനങ്ങളും സംഘടിപ്പിച്ച് രാജ്യത്തിന്റെ പരമ്പരാഗത കലകള്‍ക്കുള്‍പ്പെടെ വേദിയൊരുക്കുകയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയ്യുന്നത്.

കലയുടെ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ സമൂഹത്തിന്റെ സംസ്‌കാരത്തെ വാര്‍ത്തെടുക്കുമ്പോള്‍, തദ്ദേശീയ കലകള്‍ സമ്പന്നമാക്കുന്ന കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇതിന് പ്രാധാന്യമേറെയാണ്.

കൊച്ചി-മുസ്സിരിസ് ബിനാലെ 2014-ന്റെ ഭാഗമായുള്ള സാംസ്‌കാരിക പരിപാടികള്‍ നവംബര്‍ 29ന് തന്നെ തുടങ്ങി. 'ത്രികം' എന്ന് പേരിട്ട 'തായമ്പക'യുടെ പുതിയ രൂപമായിരുന്നു ആദ്യപരിപാടി. ഇപ്പോള്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കഥകളി മേള നടക്കുന്നു. ചവിട്ടുനാടകവും നങ്ങ്യാര്‍ കൂത്തും തുപ്പേട്ടന്റെ നാടകങ്ങളും യക്ഷഗാനവും ഛാവു നൃത്തവും പോലുള്ള പുറം സംസ്ഥാനങ്ങളുടെ പ്രകടന കലകളുമെല്ലാം വരുംദിവസങ്ങളില്‍ ബിനാലെയെ സമ്പന്നമാക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വീഡിയോ ആര്‍ട്ടുകളെ കൊച്ചിയിലെത്തിക്കുന്നതിനുള്ള ശ്രമമാണ് 'ആര്‍ട്ടിസ്റ്റ്സ് സിനിമ യ്ക്ക് പിന്നിലുള്ളത്. അമര്‍ കന്‍വര്‍, ആശിഷ് രാജാധ്യക്ഷ, അമൃത് ഗംഗാര്‍, ബീന പോള്‍ വേണുഗോപാല്‍, സി.എസ്. വെങ്കിടേശ്വരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉപദേശക സമിതി തിരഞ്ഞെടുത്ത ക്യൂറേറ്റര്‍മാരാണ് വൈവിധ്യമാര്‍ന്ന വീഡിയോ ആര്‍ട്ടുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ബിനാലെയുടെ ഉന്നത വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിട്ടാണ് ഇത്തവണ 'സ്റ്റുഡന്റ്സ് ബിനാലെ' സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ നിയന്ത്രിത കലാവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ 100 സൃഷ്ടികളാണ് ഇതിലുള്ളത്. 15 അംഗ യുവ ക്യൂറേറ്റര്‍മാരുടെ സംഘമാണ് ഇവ ഒരു കൂരയ്ക്ക് കീഴില്‍ ഒരുക്കുന്നത്.

'ഹിസ്റ്ററി നൗ' എന്ന പേരില്‍ ഒരുക്കുന്ന സെമിനാര്‍ പരമ്പര ബിനാലെയുടെ മറ്റൊരു മുതല്‍ക്കൂട്ടായിരിക്കും. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ബന്ധപ്പെട്ട മേഖലയിലെ പ്രമുഖര്‍ കൈകാര്യം ചെയ്യുന്ന സെമിനാറിലും പ്രഭാഷണത്തിലും നമ്മുടെ ലോകത്ത് ഇന്ന് ചരിത്രപരമായി പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

കലയിലൂടെയുള്ള ആശയപരമായ വിദ്യാഭ്യാസമാണ് 'ചില്‍ഡ്രന്‍സ് ബിനാലെ' യുടെ ലക്ഷ്യം. ഇന്ത്യയിലെ കലാവിദ്യാഭ്യാസത്തിനുള്ള ബിനാലെയുടെ സംഭാവനയാണിത്. കൊച്ചിയിലെയും പരിസരങ്ങളിലെയും സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയും ശില്പശാലകള്‍ സംഘടിപ്പിച്ചും മറ്റുമാണ് കുട്ടികള്‍ക്കായി ബിനാലെ നടത്തുന്നത്. കേരളം കലാലോകത്തിന് സമ്മാനിച്ച അത്ഭുത ബാലപ്രതിഭ 'ക്ലിന്റി'ന്റെ തിരഞ്ഞെടുത്ത 60 ചിത്രങ്ങളുടെ പ്രദര്‍ശനത്തോടെയാണ് ചില്‍ഡ്രന്‍സ് ബിനാലെ തുടങ്ങുക.

ഇതുകൂടാതെ, ഒരുപിടി കൊളാബറേറ്റീവ് പ്രദര്‍ശനങ്ങളും ഇത്തവണത്തെ ബിനാലെയുടെ ഭാഗമായുണ്ട്. ഫോര്‍ട്ട്‌കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വിവിധ കേന്ദ്രങ്ങളിലും ഗാലറികളിലുമാണ് അവ നടക്കുക. പുണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി കലാകാരന്‍ നന്ദകുമാറിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരിയില്‍ നടത്തുന്ന കളിമണ്‍ശില്പ നിര്‍മാണ ശില്ലശാല പോലുള്ള കൊളാറ്ററലുകളും ബിനാലെയുടെ പ്രത്യേകതയാണ്. ഒരു വര്‍ഷം മുമ്പ് നമ്മെ വിട്ടുപോയ സി.എന്‍. കരുണാകരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇത്തവണയുണ്ട്.

ഇത്തരത്തില്‍, വിവരിച്ചാല്‍ അവസാനിക്കാത്തത്ര പരിപാടികളാണ് 108 ദിവസം നീളുന്ന ബിനാലെയുടെ ഭാഗമായി ഫോര്‍ട്ടുകൊച്ചിയിലും പരിസരങ്ങളിലുമായി സംഘടിപ്പിക്കപ്പെടുന്നത്. ബിനാലെ അവസാനിക്കുന്ന മാര്‍ച്ച് 29 വരെ എവിടെത്തിരിഞ്ഞു നോക്കിയാലും അവിടൊക്കെ ബിനാലെയുടെ ഭാഗമായുള്ള എന്തെങ്കിലുമൊക്കെ കാണാനും കേള്‍ക്കാനും സാധിക്കും. അതിനുമപ്പുറത്തേക്ക് കേരളത്തിന്റെ കലാ-സാംസ്‌കാരിക ഭൂമികയെ കൂടുതല്‍ സമ്പന്നമാക്കാനുള്ള വിഭവങ്ങള്‍ ഈ ബിനാലെ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്.



Biennale Zoomin

 

ga