പെരുവനം പൂരം തീര്‍ത്തു; ബിനാലെ കൊട്ടിക്കയറി

Posted on: 13 Dec 2014


കൊച്ചി: മുന്നൂറ്റിയഞ്ച് പേര്‍ ചേര്‍ന്നൊരുക്കിയ വാദ്യപ്രപഞ്ചത്തോടെയാണ് ബിനാലെയുടെ അരങ്ങുണര്‍ന്നത്. പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ അരങ്ങേറിയ പാണ്ടിമേളത്തിന്റെ ആവേശം ബിനാലെയുടെ ഉദ്ഘാടനവേദിയായ ഫോര്ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഇടയ്ക്കിടയ്ക്ക് കാണിയായെത്തിയ മഴയ്ക്കും മീതേ പെയ്തു.
ചരിത്രത്തിന്റെ ചെണ്ടപ്പുറത്തായിരുന്നു പെരുവനവും സംഘവും താളമിട്ടത്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി വൈകീട്ട് ആറ് മണിയോടെ ആരംഭിച്ച മേളം മൂന്ന് മണിക്കൂറോളം നീണ്ടു. ചെണ്ടയ്‌ക്കൊപ്പം ഇലത്താളവും കൊമ്പും കുഴലും ചേന്നപ്പോള്‍ പരേഡ് ഗ്രൗണ്ട് പൂരാവേശത്തിലമര്‍ന്നു. ഒരു നിരയില് 21 ചെണ്ടക്കാരും 101 വലംതലച്ചെണ്ടയും ഇലത്താളവും 41 കൊമ്പും കുറുംകുഴലുമാണ് ഉണ്ടായിരുന്നത്. പതിഞ്ഞ താളത്തില് തുടങ്ങി കൊട്ടിക്കയറി ഏഴ് അക്ഷരകാലത്തിന്റെ ദ്രുതതാളത്തിലേക്ക് പാണ്ടിമേളം വികസിച്ചപ്പോള്‍ പരേഡ് ഗ്രൗണ്ട് തിങ്ങിനിറഞ്ഞ ജനങ്ങളും കൊട്ടിന്റെ പ്രകമ്പനത്തില് ആര്ത്തിരമ്പുകയായിരുന്നു.
ഇത്രത്തോളം വലിയൊരു ചെണ്ടമേളസംഘത്തെ തൃശ്ശൂര് പൂരത്തിലല്ലാതെ താന് നയിച്ചിട്ടില്ലെന്ന് പെരുവനം കുട്ടന് മാരാര് പറഞ്ഞു. ഏറെ പ്രശസ്തമായ ഇലഞ്ഞിത്തറ മേളത്തില് പോലും വാദ്യമേളക്കാരുടെ എണ്ണം 300 കവിയാറില്ലെന്നും ചെണ്ടമേളാവതരണത്തിന് ഇത്തരമൊരു അവസരമൊരുക്കിയ ബിനാലെ ഫൗണ്ടേഷന് അഭിനന്ദനം അര്ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Biennale Zoomin

 

ga