കൊച്ചി: ബിനാലെയിലേക്കുള്ള ജാലകമായി ബിനാലെ ഫൗണ്ടേഷന് കൈപ്പുസ്തകം പുറത്തിറക്കി. പ്രദര്ശനത്തിനുള്ള 100 കലാസൃഷ്ടികളെപ്പറ്റിയും അവയുടെ സ്രഷ്ടാക്കളെപ്പറ്റിയുമുള്ള വിശദവിവരങ്ങള് ഇംഗ്ലീഷിലും മലയാളത്തിലും ഉള്‌ക്കൊള്ളിച്ചുകൊണ്ടുള്ള കൈപ്പുസ്തകം എക്കാലത്തേക്കും സൂക്ഷിച്ചുവയ്ക്കാനുതകുന്ന ഒന്നാണ്.
കഴിഞ്ഞ തവണത്തെ ബിനാലെ കാണാനെത്തിയ പലരുടെയും പരാതി വിന്യാസങ്ങളെപ്പറ്റിയും മറ്റും വിശദമായി മനസ്സിലാക്കാനുള്ള മാര്ഗമില്ലായിരുന്നുവെന്നതാണ്. ഇത്തവണ അത് പരിഹരിക്കാനാണ് ഫൗണ്ടേഷന് തുടക്കത്തില്ത്തന്നെ കൈപ്പുസ്തകം പുറത്തിറക്കിയത്.
ഓരോ വിന്യാസവും എന്താണെന്നും എന്തൊക്കെയാണ് അവ പൂര്ത്തിയാക്കാന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെന്നുമുള്ള വിവരങ്ങള് കൈപ്പുസ്തകത്തിലുണ്ട്. അതോടൊപ്പം ബന്ധപ്പെട്ട കലാകാരനെപ്പറ്റിയുള്ള വിവരങ്ങളും വിന്യാസത്തിന്റെ ചിത്രവും ഇതിലുണ്ട്. 300 രൂപയാണ് 250 പേജുള്ള കൈപ്പുസ്തകത്തിന്റെ വില.