കൊച്ചി: വെള്ളിയാഴ്ച ആരംഭിച്ച കൊച്ചി മുസ്സിരിസ് ബിനാലെയ്ക്ക് പിന്തുണ നല്‍കുമെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ റോബ് ലൈനസ്. കലയുടെ സാദ്ധ്യതകളിലേക്ക് സാധാരണക്കാരനെ കൂട്ടിക്കൊണ്ടുപോകാന്‍ ഇത്തരം സംരംഭങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു.
കലയുടെ ജനകീയവത്കരണമാണ് ബിനാലെയില്‍ സംഭവിക്കുന്നത്. ഈ രീതിയില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന കലാസംരംഭങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സാധാരണക്കാരില്‍ നിന്ന് പണം പിരിച്ച് ഇത്തരമൊരു സംരംഭം യാഥാര്‍ത്ഥ്യമാക്കുക പ്രായോഗികമല്ല. ഇന്ത്യയില്‍ കായികരംഗത്തിനു നല്‍കുന്ന പ്രോത്സാഹനം പലപ്പോഴും കലാരംഗത്ത് ലഭിക്കാറില്ല. സര്‍ക്കാരും കോര്‍പ്പറേറ്റുകളും ബിനാലെയ്ക്ക് പിന്തുണ നല്‍കണം. ഇംഗ്ലണ്ടില്‍ നിന്ന് ചില സംഘടനകളുടെ സഹായത്തോടെ കൊച്ചി ബിനാലെയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ ശ്രമിക്കുമെന്നും റോബ് ലൈനസ് പറഞ്ഞു. മോന ഹോട്ടം, ഹ്യൂ ലൂക്ക്, മാര്‍ട്ടിന്‍ ക്രീഡ്, മാര്‍ക്ക് വാലിങ്ങര്‍ എന്നീ ബ്രിട്ടീഷ് കലാകാരന്‍മാരും ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്.