കൊച്ചി: മഴയിലും കെടാത്ത നാളമായി കേരളത്തിന്റെ രണ്ടാംബിനാലെ പ്രകാശിച്ചു. ഫോര്‍ച്ചുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ ക്ഷണിക്കാത്ത അതിഥിയായെത്തിയ മഴയ്ക്ക് നടുവില്‍ വിളക്ക് കൊളുത്തിക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലയുടെ സംഗമോത്സവത്തിന് തുടക്കമിട്ടു.
നനഞ്ഞുകുതിരുകയായിരുന്നു കൊച്ചിമുസ്സിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങ്. പെയ്തുംതോര്‍ന്നും ഒളിച്ചുകളിച്ച മഴ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ശക്തിയാര്‍ജിച്ചതോടെ വേദിയിലെ പ്രമുഖരെല്ലാം കുടയ്ക്ക് കീഴേയായി.
ഇതിനിടയ്ക്ക് ഒരു നിലവിളക്കിന്‍തട്ടിലേക്ക് മുഖ്യമന്ത്രി ദീപം പകര്‍ന്നു. അദ്ദേഹവും മന്ത്രി കെ.സി. ജോസഫും മാത്രമാണ് പ്രസംഗിച്ചത്. 'ഇത്തവണ രണ്ടുകോടി രൂപയാണ് ബിനാലെയ്ക്ക് സര്ക്കാര് നല്കിയിരിക്കുന്നത്. കൂടുതല് വേണമെന്ന ആവശ്യം സാമ്പത്തിക പ്രശ്‌നങ്ങള്ക്കിടയിലും പരിഗണിക്കുകതന്നെ ചെയ്യും'മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബിനാലെ കൊച്ചിയെ കീഴടക്കിക്കഴിഞ്ഞു. ഇതിന്റെ വിജയം നാടിന്റെ ആവശ്യമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക, ടൂറിസം മേഖലകളില് ബിനാലെ നല്കുന്ന സംഭാവനകള് വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ എ.പി.അനില്കുമാര്, കെ.ബാബു, അനൂപ് ജേക്കബ്, കെ.വി.തോമസ് എം.പി, എംഎല്എമാരായ ഡൊമിനിക് പ്രസന്റേഷന്, ബെന്നി ബഹനാന്, എം.എ.ബേബി, ജോസ് തെറ്റയില്, കൊച്ചി മേയര് ടോണി ചമ്മണി,ഡപ്യൂട്ടിമേയര്‍ ബി.ഭദ്ര, ബിനാലെ ഗുഡ്വില് അംബാസഡര് അമോല് പലേക്കര്, ക്യൂറേറ്റര് ജിതീഷ് കല്ലാട്ട്, ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. രാവിലെ പ്രധാനവേദിയായ ആസ്പിന്വാള് ഹൗസില് ബിനാലെ ഫൗണ്ടേഷന് ഭാരവാഹികളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരില് നിന്ന് ആദ്യടിക്കറ്റ് ഏറ്റുവാങ്ങി മേയര് ടോണി ചമ്മണി ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു. മുതിര്ന്നവര്ക്ക് 100 രൂപയും കുട്ടികള്ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബിനാലെ നടക്കുന്ന എട്ടു വേദികളിലേക്കുമുള്ള പ്രവേശനത്തിനുള്ള ടിക്കറ്റാണിത്. ആദ്യദിനം എല്ലാവര്ക്കും പ്രവേശനം സൗജന്യമായിരുന്നു.
ഉച്ചയ്ക്ക് 12.12ന് അംബ്രല്ലാ പവലിയനു മുന്നില് ക്യൂറേറ്റര് ജിതീഷ് കല്ലാട്ട് പതാക ഉയര്ത്തി. 30 രാജ്യങ്ങളില് നിന്നായി 94 കലാകാരന്മാരും 100 കലാസൃഷ്ടികളുമാണ് മാര്ച്ച് 29 വരെ നീളുന്ന രണ്ടാമത് ബിനാലെയിലുള്ളത്. ചിത്രങ്ങളുടെയും ശില്പങ്ങളുടെയും വിന്യാസങ്ങളുടെയും പ്രദര്ശനത്തിനൊപ്പം മറ്റ് ഒട്ടേറെ പരിപാടികളും ബിനാലെ ഫൗണ്ടേഷന് ഈ ദിവസങ്ങളില് സംഘടിപ്പിക്കുന്നുണ്ട്.