കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ 'ആര്‍ട്സ് ആന്‍ഡ് മെഡിസിനി'ല്‍ ബുധനാഴ്ച എത്തിയത് ഐഡിയ സ്റ്റാര്‍സിംഗര്‍ വിജയിയായ വിവേകാനന്ദ്. ബിനാലെയുടെ രണ്ടാം പതിപ്പ് മിഴിതുറക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നിര്‍ക്കെയാണ് കലയിലൂടെ സൗഖ്യം പകരുന്ന പരിപാടി ജനറല്‍ ആസ്പത്രി പരിസരത്ത് അരങ്ങേറിയത്.
വയലിന്‍ വാദനത്തോടൊപ്പമുള്ള വിവേകാനന്ദിന്റെ ഗാനാലാപനം ഡോക്ടര്‍മാരും രോഗികളും കൂട്ടിരിപ്പുകാരുമടങ്ങിയ ആസ്വാദകരുടെ മനംനിറച്ചു. ശാസ്ത്രീയ സംഗീതവും, അടിപൊളി ഗാനങ്ങളും ഇഴചേര്‍ത്തെടുത്ത സംഗീതവിരുന്നാണ് വിവേകാനന്ദ് സമ്മാനിച്ചത്. മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കെസ്ട്രയെ കൂടാതെ കീബോര്‍ഡ് വായിക്കാന്‍ വിവേകാനന്ദിന്റെ സുഹൃത്ത് സുമേഷ് ആനന്ദും എത്തിയിരുന്നു. 'മഹാ ഗണപതിം മനസാ സ്മരാമി...' എന്ന കീര്‍ത്തനത്തോടെ ആരംഭിച്ച സംഗീത വിരുന്നില്‍ ആസ്വാദകരുടെ ആവേശം കണക്കിലെടുത്ത് അവര്‍ക്കിടയിലേക്കിറങ്ങിച്ചെന്നും വിവേകാനന്ദ് ഗാനങ്ങള്‍ ആലപിച്ചു. ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയുന്നത് കലാകാരന്‍മാരെ സംബന്ധിച്ചിടത്തോളം അസുലഭ അവസരമാണെന്ന് ചേര്‍ത്തല സ്വദേശിയായ വിവേകാനന്ദ് പറഞ്ഞു. ആര്‍ട്സ് ആന്‍ഡ് മെഡിസിന്റെ 42-ാം പതിപ്പായിരുന്നു ബുധനാഴ്ചത്തേത്.