അജ്ഞാത ഗ്രാഫിറ്റികളുമായി ഗസ്സ് ഹൂ

Posted on: 12 Dec 2014

ബിനാലെയുടെ സമയത്ത് ഫോര്‍ട്ട്‌കൊച്ചിയിലെ ചുവരുകളില്‍ രസകരമായ ഗ്രാഫിറ്റികള്‍ (ചുവരില്‍ കോറിയിടുന്ന ചിത്രങ്ങള്‍) പ്രത്യക്ഷപ്പെടും. 'ഗസ്സ് ഹൂ' എന്ന ഒപ്പോടു കൂടി കാണപ്പെടുന്ന, തികച്ചും കൗതുകമുണര്‍ത്തുന്ന ചിത്രങ്ങളാണിവ. ബിനാലെയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അജ്ഞാതനായ ഒരു കലാകാരനോ കലാകാരിയോ കലാകാരന്മാരുടെ സംഘമോ ആണ് ഇതിന്റെ പിന്നില്‍. സ്വയം വെളിപ്പെടുത്താതെ ചിത്രങ്ങളിലൂടെ ഐഡന്റിറ്റി തെളിയിക്കുകയാണിവര്‍. കഴിഞ്ഞ ബിനാലെക്കാലത്തു തന്നെ ഇവരെ കണ്ടുപിടിക്കാന്‍ പലരും ശ്രമം നടത്തിയിരുന്നു. ഇത്തവണയും ബിനാലെയെ പിന്തുണച്ചുകൊണ്ട് 'ഗസ്സ് ഹൂ' ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

ബോബ് മാര്‍ലി, ജിമ്മി ഹെന്റിക്സ് മുതല്‍ മുണ്ടും മടക്കിക്കുത്തി തട്ടുദോശ മറിച്ചിടുന്ന 'കെ.എഫ്.സി.' ബ്രാന്‍ഡിന്റെ മുഖമുദ്രയായ താടിക്കാരന്‍ അപ്പൂപ്പനും ജെയിംസ് ബോണ്ട് സീറോ സീറോ സെവന്‍ സ്റ്റൈലില്‍ തോക്കുമായി നില്‍ക്കുന്ന പ്രേംനസീറും തമ്പുരാന്റെ വേഷമിട്ട കാര്‍ട്ടൂണ്‍ കഥാപാത്രം മിസ്റ്റര്‍ ബീനും ഓട്ടന്‍തുള്ളല്‍ വേഷമിട്ട ഹോളിവുഡ് ചലച്ചിത്ര കഥാപാത്രം ജോക്കറും ഭരതനാട്യം വേഷത്തില്‍ മൈക്കില്‍ ജാക്സന്റെ ഷര്‍ട്ടും പാന്റും ധരിച്ച പെണ്‍കുട്ടിയുമെല്ലാം ഫോര്‍ട്ട്‌കൊച്ചിയിലെ ചുവരുകള്‍ 'ഗസ്സ് ഹൂ' സിഗ്‌നേച്ചറില്‍ അതിശയിപ്പിക്കുന്നു.

കലയുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ലാത്ത സാധാരണക്കാരനെ അതിന്റെ സാധ്യതകള്‍ കാട്ടിക്കൊടുത്ത് തത്പരരാക്കുകയാണ് ഗസ്സ് ഹൂവിന്റെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങളടക്കം ഈ ഗസ്സ് ഹൂ ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം തേടുകയാണ്.

നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ചാറ്റിലും മെയിലിലും ഗസ്സ് ഹൂ പ്രതികരിക്കുന്നുണ്ട്. ആരാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കില്ല.
ബിനാലെയെ വളരെ ബഹുമാനിക്കുന്ന ഗസ്സ് ഹൂ, ബിനാലെയില്‍ അവതരിപ്പിക്കാന്‍ മാത്രം ഗൗരവ പരമായ സന്ദേശങ്ങള്‍ ചിത്രങ്ങളിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് പറയുന്നത്. അജ്ഞാതനായ ഈ കലാകരനെ/ കലാകാരന്മാരെ അറിയാനായി ഏറെപ്പേര്‍ ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ അന്വേഷണമാരംഭിച്ചു കഴിഞ്ഞു.



Biennale Zoomin

 

ga