
നാശനഷ്ടങ്ങളില്‍ നിന്നുയിര്‍ക്കുന്ന കലയുടെ ഊര്‍ജമാണ് കൊച്ചി-മുസ്സിരിസ് ബിനാലെയുടെ ഭാഗമായി ഇത്തവണ നടക്കുന്ന 'സ്റ്റുഡന്റ്സ് ബിനാലെ' യുടെ പ്രത്യേകത. ഇന്ത്യയിലെ 37 കലാവിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ 100 കലാസൃഷ്ടികളാണ് സ്റ്റുഡന്റ്സ് ബിനാലെയില്‍ അണിനിരക്കുക. 13ന് തുടങ്ങും.
സ്റ്റുഡന്റ്സ് ബിനാലെ ക്യൂറേറ്റ് ചെയ്യുന്ന എ. രാമകൃഷ്ണന്‍, കഴിഞ്ഞ കാലവര്‍ഷത്തിനുശേഷം കലാസൃഷ്ടികള്‍ തേടി കശ്മീരിലെത്തിയപ്പോള്‍ കണ്ടത് പ്രളയത്തില്‍ അകപ്പെട്ടുപോയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് ആയിരുന്നു. കശ്മീര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഈ സ്ഥാപനം പ്രളയത്തെ തുടര്‍ന്ന് മാര്‍ച്ച് 2015 വരെ അടച്ചിട്ടിരിക്കുകയാണ്. ഇവിടത്തെ ഏതാണ്ടെല്ലാ സൃഷ്ടികളെയും പ്രളയം വിഴുങ്ങി. പക്ഷേ, ചില അധ്യാപകരുടെ സഹായത്തോടെ വിദ്യാര്‍ഥികളെ കണ്ടെത്തി സൃഷ്ടികള്‍ പുനഃസൃഷ്ടിക്കുന്നതിന്റെ സാധ്യതകളെപ്പറ്റി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തി. അത്തരത്തിലുള്ള അനവധി ശ്രമങ്ങളുടെ ഫലമാണ് സ്റ്റുഡന്റ്സ് ബിനാലെ.
അടച്ചിട്ടിരുന്ന കോളേജ് കാമ്പസ്സില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ കലാവസ്തുക്കള്‍ തിരിച്ചെടുത്ത് പുനഃസൃഷ്ടിക്കുന്നതില്‍ കശ്മീരികള്‍ കാട്ടിയ ആവേശം വാക്കുകള്‍ക്കപ്പുറമാണെന്ന് ക്യുററ്റോറിയല്‍ ഉപദേശകയായ വിദ്യ ശിവദാസ് പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാവിദ്യാഭ്യാസത്തെപ്പറ്റി മികച്ച ധാരണ നല്‍കുന്ന ഒന്നായിരിക്കും സ്റ്റുഡന്റ്സ് ബിനാലെയെന്ന് സംഘാടകര്‍ പറയുന്നു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്തും പ്രതീക്ഷയും പുതുക്കലുകളും യുവാക്കളുടെ ഊര്‍ജവുമെല്ലാം ഇതില്‍ പ്രതിഫലിക്കും. പ്രദര്‍ശനത്തിനുവേണ്ടി തയ്യാറെടുക്കുന്ന അവസാനവര്‍ഷ ബിഎഫ്എ, എംഎഫ്എ വിദ്യാര്‍ഥികള്‍ക്കൊപ്പം 15 ക്യൂറേറ്റര്‍മാരും ജോലിയിലേര്‍പ്പെട്ടിരിക്കുകയാണ്.
മട്ടാഞ്ചേരിയിലെ മുഹമ്മദലി വെയര്‍ഹൗസിലും ഫോര്‍ട്ട്കൊച്ചി കെ.വി.എ. ബ്രദേഴ്സിലുമായാണ് സ്റ്റുഡന്റ്സ് ബിനാലെ. സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കലാ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കലാപ്രവര്‍ത്തനങ്ങളും സൃഷ്ടികളും ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന ബിനാലെ ഫൗണ്ടേഷന്റെ ഉന്നതവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണിത് സംഘടിപ്പിക്കുന്നത്.
ജമ്മു കശ്മീര്‍ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ കലാവിദ്യാഭ്യാസത്തെപ്പറ്റിയുള്ള സമഗ്ര ചിത്രമായിരിക്കും സ്റ്റുഡന്റ്സ് ബിനാലെ നല്‍കുകയെന്ന് വിദ്യ ശിവദാസ് പറഞ്ഞു.
ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ കണ്ടംപററി ആര്‍ട്ട്, ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് എജ്യൂക്കേഷന്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്, ബിനാലെ ഇത്തരത്തിലുള്ള ഒരു ദേശീയ പ്രദര്‍ശനത്തിന് വേദിയൊരുക്കുന്നത്.
ശുക്ല സാവന്ത്, ജീബേഷ് ബാഗ്ചി, സുധീര്‍ പട്വര്‍ധന്‍, ബലീന്ദര്‍ ധനോവ, അവീക് സെന്‍ തുടങ്ങിയ പ്രശസ്ത കലാകാരന്മാരും സ്റ്റുഡന്റ്സ് ബിനാലെ ക്യൂറേറ്റര്‍മാര്‍ക്ക് പിന്തുണയുമായുണ്ട്.
അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കലാവിദ്യാര്‍ഥികള്‍ക്കിടയിലുണ്ടാകാന്‍ പോകുന്ന പദ്ധതികളുടെ തുടക്കമായാണ് സ്റ്റുഡന്റ്സ് ബിനാലെയെ ഇതില്‍ പങ്കെടുക്കുന്നവര്‍ നിരീക്ഷിക്കുന്നത്. രാജ്യത്തുടനീളം വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പെടാനുള്ള വ്യത്യസ്ത മാര്‍ഗങ്ങളും ഇത് തുറന്നിടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക കലാബോധത്തിന്റെയും കൊച്ചി-മുസ്സിരിസ് ബിനാലെ പോലുള്ള ഒരു ആഗോള പരിപാടിയുടെയും ഒരുമിക്കലെന്ന നിലയില്‍ രണ്ട് വ്യത്യസ്ത കലാലോകത്തിന്റെ സംഗമമാണ് ഇതില്‍ നടക്കുന്നത്. ഒരര്‍ഥത്തില്‍ കൊച്ചി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ദൃഷ്ടിപായിക്കുമ്പോള്‍ സ്വന്തം നാട്ടില്‍ എന്തു സംഭവിക്കുന്നുവെന്ന പരിശോധന കൂടിയാണിത്.
ഇന്ത്യയിലെ കലാവിദ്യാഭ്യാസത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഗോവ ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് എജ്യൂക്കേഷനാണ് ക്യൂറേറ്റര്‍മാരുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തത്. വിവാന്‍ സുന്ദരവും ഗുലാം മുഹമ്മദ് ഷെയ്ക്കും ആര്‍. ശിവകുമാറും സുരേഷ് ജയറാമും ഇന്ദ്രപ്രമിത് റോയിയും ഉള്‍പ്പെടെയുള്ള അനവധി പ്രശസ്ത കലാകാരന്മാരും അധ്യാപകരും ഉള്‍പ്പെടുന്ന ഉപദേശക സമിതിയാണ് എഫ്.ഐ.എ.ഇ.യുടേത്.
കലാവിദ്യാഭ്യാസ നയത്തിലൂന്നി ഇന്ത്യയിലെ കലാവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരശേഖരമുണ്ടാക്കുകയും അവയ്ക്കാവശ്യമായ വിവരങ്ങളും വിഭവങ്ങളും ലഭ്യമാക്കുകയുമാണ് 2008-ല്‍ സഞ്ജയ് മിര്‍ച്ചന്ദാനിയുടെ ശ്രമഫലമായി രൂപവത്കരിച്ച ഈ പ്രസ്ഥാനം ചെയ്യുന്നത്.