ഇത് കല്ലേറുകള്‍ക്കുള്ള മറുപടി

ബോസ് കൃഷ്ണമാചാരി (പ്രസിഡന്റ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍) Posted on: 12 Dec 2014

കുറച്ചുകാലം മുമ്പുവരെ 'ബിനാലെ' എന്നാല്‍ എന്താണെന്ന് കേരളത്തിലെന്നല്ല, ഇന്ത്യയില്‍ പോലും ആളുകള്‍ക്ക് അറിയില്ലായിരുന്നു. കൊച്ചി-മുസ്സിരിസ് ബിനാലെ-2012 സാര്‍ത്ഥകമായതോടെയാണ് ഇതിന് മാറ്റം വന്നത്. ഇന്ത്യയുടെ കലാചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ പരിപാടിക്ക് വിവാദങ്ങളുടെ പേരില്‍ ഏറ്റുവാങ്ങേണ്ടിവന്ന കല്ലേറ് ചെറുതൊന്നുമായിരുന്നില്ല. പക്ഷേ, ബിനാലെ അതിനെല്ലാമുള്ള മറുപടിയായിരുന്നു. കലാമേഖലയില്‍ നിന്നുപോലുമുള്ള പിന്തുണയും സ്വീകാര്യതയും അത്ര എളുപ്പമായിരുന്നില്ലെങ്കിലും ബിനാലെ ജനങ്ങള്‍ കണ്ടതോടെ അതിന് മാറ്റം വന്നു.

വിദ്യാഭ്യാസം ബിനാലെയുടെ സുപ്രധാന കാഴ്ചപ്പാടുകളിലൊന്നാണ്. രണ്ട് ബിനാലെകള്‍ക്കിടയില്‍ ലഭിച്ച സമയത്ത് 'ലെറ്റ്സ് ടോക്', 'ആര്‍ട്ടിസ്റ്റ്സ് റസിഡന്‍സി' തുടങ്ങിയ പരിപാടികളില്‍ പണ്ഡിതരെ പങ്കെടുപ്പിച്ച് ദേശീയ -അന്തര്‍ദേശീയ തലങ്ങളിലുള്ള വിജ്ഞാന കൈമാറ്റങ്ങളാണ് നടത്തിയത്. കഴിഞ്ഞതവണ 23 രാജ്യങ്ങളുടെ പങ്കാളിത്തമാണ് ബിനാലെയില്‍ ഉണ്ടായതെങ്കില്‍ ഇത്തവണ അത് 30 ആയി ഉയര്‍ന്നു. ഈ വര്‍ഷവും ബിനാലെ കലയില്‍ മാത്രം ഒതുങ്ങുന്നില്ല. സൂക്ഷ്മമായി തെരഞ്ഞെടുത്ത പ്രഭാഷണ-സെമിനാര്‍ പരമ്പരകളും ക്യൂറേറ്റ് ചെയ്യപ്പെടുന്ന 100 ദിവസത്തെ ചലച്ചിത്രോത്സവും മറ്റ് ഒട്ടേറെ പ്രദര്‍ശനങ്ങളും ഇതിന്റെ ഭാഗമായുണ്ട്.

ബിനാലെയുടെ പ്രാധാന്യം മനസ്സിലാക്കിയ സര്‍ക്കാര്‍ ഈ കലാ മാമാങ്കത്തിന്റെ രണ്ടാം പതിപ്പിനും പിന്തുണ നല്‍കുന്നു. എല്ലാവരുടെയും ബിനാലെയായി ഇത് മാറിയതോടെ ഓരോരുത്തരും ഏതെങ്കിലുമൊക്കെ രീതിയില്‍ ഇതുമായി സഹകരിക്കാന്‍ ആഗ്രഹിക്കുകയാണ്. എല്ലാ സമൂഹങ്ങളുടെയും പിന്തുണയുള്ളതിനാലാണ് ബിനാലെ യാഥാര്‍ഥ്യമാകുന്നത്. സിനിമയെയും നാടകത്തെയും പിന്‍പറ്റുന്ന ഒരു സംസ്‌കാരം കേരളത്തിലുണ്ടെങ്കിലും ബിനാലെയാണ് കലയെയും സൗന്ദര്യബോധത്തെയും പറ്റിയുള്ള പുതിയ അറിവ് ജനങ്ങള്‍ക്ക് പകര്‍ന്നത്. ക്യൂറേറ്റ് ചെയ്ത പദ്ധതികള്‍ നടപ്പാക്കിയതിലൂടെ കലാപ്രദര്‍ശനങ്ങളോടുള്ള ഉദാസീന മനോഭാവം മാറ്റിയെടുക്കാന്‍ സാധിച്ചു.

കലാപ്രേമികളുടെയും കലാകാരന്മാരുടെയും ഗാലറികളുടെയും ശില്പികളും മാധ്യമങ്ങളും വിദ്യാര്‍ഥികളുമെല്ലാം അടങ്ങുന്ന സന്നദ്ധനിരയുടെയുമെല്ലാം പിന്തുണയും ആവേശവും ഏകോപിപ്പിക്കാനായെന്നതാണ് ബിനാലെയുടെ പ്രാധാന്യം. ഇവരെല്ലാം ചേര്‍ന്ന് കൊച്ചിയില്‍ യുവത്വത്തിന്റെ പുതിയൊരു ഊര്‍ജം നിറയ്ക്കുന്നു.

എല്ലാവരുടെയും പിന്തുണയിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഞങ്ങളുടെ ട്രസ്റ്റികള്‍ക്കും നല്ലൊരു സാമൂഹ്യപിന്‍ബലമുണ്ട്. അതാണ് കൊച്ചി-മുസ്സിരിസ് ബിനാലെയെ വ്യത്യസ്തമാക്കുന്നത്. ബിനാലെയുടെ സാമ്പത്തിക ബാധ്യതകള്‍ മനസ്സിലാക്കിയതിനാല്‍ ജിതീഷ് കല്ലാട്ട് തികച്ചും സൗജന്യമായാണ് ഈ പരിപാടി ക്യൂറേറ്റ് ചെയ്യുന്നത്. ബിനാലെയുടെ സന്ദേശത്തെ അദ്ദേഹം അംഗീകരിക്കുന്നതിനാല്‍ കൂടിയാണിത്.

യൂറോപ്പും അമേരിക്കയുമെല്ലാം സാംസ്‌കാരിക സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം വലിയ തുകയാണ് ചെലവഴിക്കുന്നത്. നമ്മുടെ ഏറ്റവും വലിയ പോരായ്മയാകട്ടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ്. ഭാവിയില്‍ ധാരാളം സാംസ്‌കാരിക സ്ഥാപനങ്ങളുണ്ടാകുമെന്നും അവിടെ എല്ലാ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെയും സംഗമിപ്പിക്കാനാകുമെന്നും ബിനാലെ ട്രസ്റ്റികള്‍ വിശ്വസിക്കുന്നു.

ആദ്യ ബിനാലെ സാര്‍ഥകമായതോടെ കലാ മേഖലയില്‍ മാത്രമല്ല, വാസ്തുശില്പത്തിലും ചലച്ചിത്രത്തിലുമെല്ലാം അതിന്റെ ഓളങ്ങള്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. കലാ തലസ്ഥാനത്തേക്ക് സ്വാഗതമോതുന്ന മുദ്രാവാക്യവുമായി യുവ കലാകാരന്മാര്‍ കലാപരമായി രൂപകല്പന ചെയ്ത ആറ് 'വാട്ടര്‍ ടാക്‌സി' കളുടെ വരവോടെ വിനോദസഞ്ചാര മേഖലയെയും ഇത് സ്പര്‍ശിച്ചു.

ആദ്യ ബിനാലെയുടെ വിജയം ഊര്‍ജം പകര്‍ന്ന മറ്റൊരു മേഖല ഗാലറികളുടെതാണ്. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി കലാകാരന്മാരുടെ 'ആര്‍ട്രി' ഫോര്‍ട്ട്‌കൊച്ചിയിലും പ്രവര്‍ത്തനം തുടങ്ങുകയും ഇത്തവണത്തെ ബിനാലെയില്‍ സി.എന്‍. കരുണാകരന്റെ റെട്രോസ്‌പെക്ടീവിലൂടെ ബിനാലെയില്‍ 'കൊളാറ്ററല്‍ പ്രദര്‍ശനം' സംഘടിപ്പിക്കുകയും ചെയ്യുന്നു.

ദര്‍ബാര്‍ ഹാളില്‍ കലാവസ്ഥയെ നിയന്ത്രിക്കുന്ന ഇടമുണ്ടാക്കാന്‍ ലളിതകലാ അക്കാദമിയുമായി സഹകരിക്കുകയും പിക്കാസ്സോയുടെയും വിന്‍സന്റ് വാന്‍ഗോഗിന്റെയും സൃഷ്ടികള്‍ കൊണ്ടുവരാന്‍ സാധിക്കുകയും ചെയ്തു. ബിനാലെയുടെ സമയത്തും അതിന് മുമ്പും പിമ്പും ഈ മേഖലയ്ക്കുണ്ടായ നേട്ടങ്ങളെപ്പറ്റി ഒരു പഠനം നടത്തുന്നത്

എന്തുകൊണ്ടും ഉചിതമായിരിക്കും. പൊതു ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെയും രാവും പകലും ബിനാലെയുടെ വിജയത്തിനായി പണിയെടുക്കുന്ന ജനങ്ങളെയും നമുക്ക് ലഭിച്ചു. രാജ്യാന്തര ഗാലറികളില്‍ നിന്നും മറ്റു ബിനാലെകളില്‍ നിന്നും നമ്മുടെ ബിനാലെയെപ്പറ്റി പഠിക്കാന്‍ പ്രതിനിധികളെത്തുന്നു.

കലയ്ക്കുവേണ്ടി എന്നതിലുപരി സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഇത്തരത്തിലൊരു അനുപമമായ പദ്ധതി വികസിപ്പിച്ച് നടപ്പാക്കുന്നത്. 'കൊച്ചി മുസ്സിരിസ് ബിനാലെ' യുടെ രണ്ടാം പതിപ്പിലേക്ക് എല്ലാവരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.




Biennale Zoomin

 

ga