അന്വേഷണങ്ങളുടെ 'ലോകാന്തരങ്ങള്‍'

ജിതീഷ് കല്ലാട്ട് ക്യൂറേറ്റര്‍ Posted on: 12 Dec 2014

പരസ്പരം ബന്ധപ്പെട്ടിട്ടില്ലാത്ത, കേരളത്തിന്റെ രണ്ട് ചരിത്രാധ്യായങ്ങള്‍ സംഭവിച്ച കാലഘട്ടമാണ് 14 മുതല്‍ 17 വരെയുള്ള നൂറ്റാണ്ടുകള്‍. കൊച്ചി-മുസ്സിരിസ് ബിനാലെ 2014 നു വേണ്ടിയുള്ള എന്റെ ക്യൂററ്റോറിയല്‍ യാത്രയില്‍ ഇവ സമാന്തര ബിന്ദുക്കളായി മാറുകയായിരുന്നു.

കപ്പലോട്ട ചരിത്രവുമായി ബന്ധപ്പെട്ടതും കൊച്ചിയുടെ തീരങ്ങളെ 'കണ്ടെത്തലിന്റെ യുഗ'മെന്ന് വിശേഷിപ്പിച്ചതുമായ 15-ാം നൂറ്റാണ്ടിലാണ് സുഗന്ധവ്യഞ്ജനങ്ങളും സമ്പത്തും തേടി വിദേശികള്‍ കേരളത്തിലെത്തിയത്. ആഗോളവത്കരണത്തിന്റെ പ്രാരംഭ ക്രിയകളെ ചലനാത്മകമാക്കിയ കൈമാറ്റം, കീഴടക്കല്‍, നിര്‍ബന്ധിത വ്യാപാരം, കോളനിവത്കരണം എന്നിവയുടെ യുഗത്തിനായിരുന്നു ഇവിടെ തുടക്കമായത്. അതേ കാലഘട്ടത്തില്‍ തന്നെയാണ് ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും കേരളം മുന്നേറ്റം കൈവരിച്ചത്. നമ്മുടെ ഗ്രഹത്തെപ്പറ്റിയും വിശാലമായ പ്രപഞ്ചത്തെപ്പറ്റിയും മനസ്സിലാക്കുന്നതില്‍ കാതലായ മാറ്റങ്ങള്‍ ഈ കാലഘട്ടത്തിലുണ്ടായി. ചരിത്രപരവും പ്രാപഞ്ചികവുമായ സൂചകങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന ചിഹ്നങ്ങളും ചിത്രങ്ങളും രൂപകങ്ങളുമാണ് ഈ പ്രദര്‍ശനത്തിലുടനീളം കാണാന്‍ കഴിയുക.

നദിയിലേക്ക് ചൂണ്ടുമ്പോള്‍ വിരല്‍ ഒരുപകരണമാണ്. വിരലല്ല, നദിയേയാണ് നാം കാണുക. അതുപോലെ വര്‍ത്തമാനകാലത്തില്‍ നമ്മെ ഗ്രസിച്ചിരിക്കുന്ന ആശയങ്ങളിലേക്കുള്ള സൂചകങ്ങളാണ് ഇവ. വ്യക്തമായി ഒരു വസ്തുവിനെ കാണാന്‍ നാം അതിനടുത്തേക്കു ചെല്ലും. അല്ലെങ്കില്‍ അകന്നുനില്‍ക്കും. കാലപരമായി വര്‍ത്തമാനത്തെ മനസ്സിലാക്കുന്നതിനുള്ള സമയത്തിന്റെയും ഇടത്തിന്റെയും അച്ചുതണ്ടുകള്‍ക്ക് കുറുകെയാണ് 'ലോകാന്തരങ്ങള്‍' സംഭവിക്കുന്നത്, പോയകാലത്തെ നിലവിലുള്ളതുമായി ഇഴ ചേര്‍ത്തുകൊണ്ട്.

നമ്മുടെ ശ്രദ്ധയുടെ നേര്‍രേഖയെ പുനഃക്രമീകരിച്ചുകൊണ്ടാണ് ലോകാന്തരങ്ങള്‍ ആരംഭിക്കുന്നത്. ഇതിഹാസ സമാനമായ വീഡിയോയില്‍ അത് ആരംഭിക്കുന്നു. തുടര്‍ന്ന് ചെറു കവിത മുതല്‍ ശില്പം, വിന്യാസം, വര, ചിത്രം, വീഡിയോ, കലാപ്രകടനങ്ങള്‍ വരെ വിവിധ രൂപഭാവങ്ങളിലൂടെ നിങ്ങള്‍ കടന്നുപോകും.
വിവിധ വേദികളിലായാണ് ഇവയുടെ സംവേദനങ്ങളെങ്കിലും ചിലപ്പോഴൊക്കെ ഒരിടത്തുതന്നെ വിഷയസങ്കലനങ്ങളും കാണാനാകും. ഡച്ച് അധിനിവേശകാലത്ത് പട്ടാളക്കാരുടെ വാസകേന്ദ്രമായിരുന്ന ഡേവിഡ് ഹാള്‍ സ്ഥിതി ചെയ്യുന്നത് പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സൈന്യങ്ങള്‍ മിലിട്ടറി ഡ്രില്‍ നടത്തിയിരുന്ന പരേഡ് ഗ്രൗണ്ടിന്റെ വടക്കുഭാഗത്താണ്. ആക്രമണത്തിന്റെയും സംഘര്‍ഷത്തിന്റെയും വിവരണങ്ങള്‍ക്ക് ഇത് ആതിഥ്യം ഏകുമ്പോള്‍ സിഎസ്ഐ ബംഗ്ലാവ് സമ്മാനിക്കുന്നത് വാസ്തുശില്പ സമന്വയത്തിന്റെ സ്മരണകളാണ്.

സ്റ്റുഡിയോകളിലും കോഫി ഷോപ്പുകളിലും ഇരുന്ന് നേരിട്ടും ഇ- മെയില്‍ വഴിയും വീഡിയോ ചാറ്റിലൂടെയും നടത്തിയ അസംഖ്യം സംഭാഷണങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് ഈ പ്രദര്‍ശനത്തിന്റെ സാധ്യതകളിലേക്ക് കലാകാരന്മാര്‍ ഓരോരുത്തരും എത്തിച്ചേര്‍ന്നത്. അവര്‍ക്കൊക്കെ അകമഴിഞ്ഞ നന്ദി. എന്റെ സഹപ്രവര്‍ത്തകരും ബിനാലെ സംഘവും ഒക്കെ പ്രകടമാക്കിയ സ്ഥിരോല്‍സാഹവും സൃഷ്ടിപരമായ പങ്കാളിത്തവും ഒക്കെച്ചേര്‍ന്ന വിപുലമായ ഒരു സഹകരണമാണ് 'ലോകാന്തരങ്ങള്‍'.



Biennale Zoomin

 

ga