കലയുടെ സുഗന്ധവഴിയിലൂടെ ലോകം വീണ്ടും കൊച്ചിയിലേക്കെത്തുന്നു... രണ്ടാം 'ബിനാലെ' തുടങ്ങി. 21 മാസത്തെ ഇടവേളയ്ക്കുശേഷം മറ്റൊരു ബിനാലെ. ഇനി കൊച്ചിയില്‍ നിറങ്ങള്‍ നങ്കൂരമിടുന്ന നാളുകള്‍.
സമകാല കലയെന്തെന്ന് ഇന്ത്യയെ ആദ്യമായി അറിയിച്ചത് ഈ തുറമുഖനഗരമായിരുന്നു. 2012 പന്ത്രണ്ടാം മാസം പന്ത്രണ്ടാം തീയതി തുടങ്ങി 2013 മാര്‍ച്ച് 19ന് അവസാനിച്ച ഒന്നാമത്തെ 'കൊച്ചി-മുസ്സിരിസ് ബിനാലെ' നിവര്‍ത്തിവച്ചത് കാണാക്കാഴ്ചകളുടെ ക്യാന്‍വാസാണ്.
പ്രതിസന്ധിഘട്ടങ്ങള്‍ ഇച്ഛാശക്തികൊണ്ട് തരണം ചെയ്ത് വീണ്ടും ബിനാലെ എത്തുന്നു. വീണ്ടും ഡിസംബര്‍ 12ന് തുടങ്ങി അടുത്തവര്‍ഷം മാര്‍ച്ച് 29 വരെ നൂറ്റിയെട്ട് ദിനങ്ങള്‍.
ലോകാന്തരങ്ങളുടെ മേള
'ലോകാന്തരങ്ങള്‍' എന്ന് പേരിട്ട് ആഗോളതലത്തില്‍ത്തന്നെ പ്രശസ്തനായ മലയാളി ജിതീഷ് കല്ലാട്ട് ക്യൂറേറ്റ് ചെയ്യുന്ന ഇത്തവണത്തെ കൊച്ചി-മുസ്സിരിസ് ബിനാലെയുടെ ക്യൂററ്റോറിയല്‍ ജോലികള്‍ ഒരുവര്‍ഷം മുമ്പ് തുടങ്ങിയതാണ്. നിരന്തരമായ യാത്രകളുടെയും സംവാദങ്ങളുടെയും ആത്മപ്രകാശനത്തിന്റെയും പ്രക്രിയയായിരുന്നു അതെന്ന് ജിതീഷ് പറയുന്നു.
കൊച്ചി ലോകത്തെ കാണുകയാണ് ബിനാലെയിലൂടെ. ഇന്ത്യ ഉള്‍പ്പെടെ 30 രാഷ്ട്രങ്ങളില്‍ നിന്നായി 94 കലാകാരന്മാര്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 100 കലാവിദ്യാര്‍ഥികള്‍. അവരൊരുക്കുന്ന കലാസൃഷ്ടികളെപ്പറ്റി പഠിച്ചും വിശദീകരിച്ചും കലയെ സ്‌നേഹിക്കുന്ന വലിയൊരു സമൂഹം.
ഫോര്‍ട്ടുകൊച്ചിയിലെ 'ആസ്പിന്‍വാള്‍ ഹൗസ്' എന്ന, ചരിത്രമുറങ്ങുന്ന പൈതൃകമന്ദിരം തന്നെയാണ് ഇത്തവണത്തെയും ബിനാലെയുടെ മുഖ്യവേദി. ഇംഗ്ലീഷുകാരുടെ വാസ്തുശില്പ ശൈലിയില്‍ 1867-ല്‍ പണിതീര്‍ത്ത ബൃഹദ് മന്ദിരമാണ് ആസ്പിന്‍വാള്‍ ഹൗസ്. കേരളത്തില്‍ നിന്ന് കയറും സുഗന്ധ വ്യഞ്ജനങ്ങളുമെല്ലാം കപ്പല്‍കയറ്റിയിരുന്ന കമ്പനിയുടെ ഓഫീസും കപ്പല്‍ത്തുറയും ലബോറട്ടറിയും ഗോഡൗണുമെല്ലാമായിരുന്നു ഇവിടം. കൊച്ചി, മതിലിന് വെളിയില്‍ നിന്ന് ആകാംഷയോടെ നോക്കിയിരുന്ന ആസ്പിന്‍വാള്‍ ഹൗസിന്റെ ഇരുമ്പുകമാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് മലര്‍ക്കെ തുറന്നത് കഴിഞ്ഞ ബിനാലെയിലാണ്. വീണ്ടും ആ കവാടം തുറക്കപ്പെടുകയാണ്, വെള്ളിയാഴ്ച. ഒപ്പം, ആര്‍ട്ടിസ്റ്റ് റസിഡന്‍സിയായി മാറിക്കഴിഞ്ഞ പെപ്പര്‍ ഹൗസും ഡേവിഡ് ഹാളും പരേഡ് ഗ്രൗണ്ടും ഡര്‍ബാര്‍ ഹാളും തുടങ്ങി കൊച്ചിയുടെ പരിസരത്തു നിന്ന് മട്ടാഞ്ചേരി വഴി എറണാകുളം നഗരം വരെ വ്യാപിക്കുന്ന കലയുടെ സുഗന്ധം.
വലിയ വലിയ വിസ്മയങ്ങള്‍
മുന്‍ തവണത്തെക്കാള്‍ ഒട്ടേറെ വിസ്മയങ്ങളാണ് ബിനാലെ ഇത്തവണ കാത്തുവയ്ക്കുന്നത്. മലയാളിയായ വല്‍സന്‍ കൂര്‍മ കൊല്ലേരി ഒഴികെ മറ്റെല്ലാവരും ഇന്ത്യയുടെ ബിനാലെയില്‍ പുതിയവരാണ്. വല്‍സനാകട്ടെ കബ്രാള്‍ യാര്‍ഡിനെ പൂര്‍ണമായും കൈയടക്കി വലിയൊരു ആശയമാണ് ഇത്തവണത്തെ ബിനാലെയില്‍ സന്ദര്‍ശകരോട് പങ്കിടുന്നത്.
ഇന്ത്യയില്‍ നിന്ന് 42 കലാകാരന്മാരും വിദേശരാജ്യങ്ങളില്‍ നിന്ന് 52 പേരും അടക്കമാണ് 94 പേര്‍ ബിനാലെയില്‍ സംഗമിക്കുന്നത്. അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ചൈന എന്നിവയ്‌ക്കൊപ്പം ഗള്‍ഫ് രാജ്യങ്ങളിലെയും പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും വിദൂര കിഴക്കന്‍ രാജ്യങ്ങളിലെയും കലാപ്രതിനിധികള്‍ ബിനാലെയില്‍ സൃഷ്ടികള്‍ ഒരുക്കുന്നു.
ബിനാലെയുടെ പേരില്‍ തന്നെയുള്ള മുസ്സിരിസുമായി ബന്ധമുള്ള കലാസൃഷ്ടികള്‍ ഇത്തവണയും ഒരുങ്ങുന്നുണ്ട്. മുസ്സിരിസിലെ ഉദ്ഖനന മേഖലകള്‍ക്ക് തണലേകുന്നതിനുള്ള മുളകൊണ്ടുള്ള മേല്‍ക്കൂര ഇന്ത്യയിലെയും സ്‌പെയ്നിലെയും കലാവിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആസ്പിന്‍വാള്‍ ഹൗസില്‍ നിര്‍മിക്കുകയാണ്. 1341-ല്‍ ദുരൂഹമായി അപ്രത്യക്ഷമായ തുറമുഖനഗരം 'മുസ്സിരിസി'നെപ്പറ്റിയുള്ള തന്റെ കെണ്ടത്തലുകളെ ചെറുതും വലുതുമായ കളിമണ്‍ ശില്പങ്ങളിലേക്ക് 'ആബ്സന്റ് സിറ്റി' എന്ന പേരില്‍ ആവാഹിക്കുകയാണ് സാഹേജ് റാഹല്‍ എന്ന കലാകാരന്‍. തൃശ്ശൂരില്‍ നിന്ന് ശേഖരിച്ച കളിമണ്ണ് ഉപയോഗിച്ചാണ് മുംബൈയില്‍ നിന്നുള്ള ഈ കലാകാരന്‍ ഇവയുടെ രൂപകല്പന നിര്‍വഹിക്കുന്നത്.
ബിനാലെയ്ക്ക് വേണ്ടി നിശ്ചയിച്ച വേദികളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കലാകാരന്മാര്‍ സന്ദര്‍ശനം നടത്തിയാണ് തങ്ങള്‍ക്ക് വേണ്ട ഇടങ്ങള്‍ കണ്ടെത്തിയത്. കൊച്ചി-മുസ്സിരിസ് ബിനാലെ 2014-ലെ കലാസൃഷ്ടികളില്‍ മുക്കാല്‍ പങ്കും പുതിയവയാണ്. ഇവയില്‍ ചിലത് അതത് വേദികളില്‍ തന്നെ നിര്‍മിക്കുമ്പോള്‍ മറ്റു ചിലത് രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമായി കൊണ്ടുവന്നവയാണ്.
ഇന്ത്യയില്‍ നിന്ന് ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്മാരില്‍ ഗുലാം മുഹമ്മദ് ഷെയ്ക്, കെ.ജി. സുബ്രഹ്മണ്യന്‍, ദയാനിത സിങ്, എന്‍.എസ്. ഹര്‍ഷ, തൃശ്ശൂര്‍ ഫൈനാര്‍ട്സ് കോളേജിലെ ഉണ്ണിക്കൃഷ്ണന്‍ സി. തുടങ്ങിയവരുണ്ട്. അതിലെല്ലാമുപരി, മലയാളിയുടെ വായനമുറികളില്‍ വരകളിലൂടെ കഥാപാത്രങ്ങളുടെ വിസ്മയലോകം തീര്‍ത്ത സാക്ഷാല്‍ നമ്പൂതിരിയും ഇത്തവണ എത്തുന്നുവെന്നത് ബിനാലെയുടെ മറ്റൊരു സുകൃതം.
സിനിമ ബാല്യം യൗവനം
പ്രധാന പ്രദര്‍ശനത്തിന് സമാന്തരമായി ഒരുപിടി പരിപാടികള്‍ കൂടി ഇത്തവണയുമുണ്ട്. കഴിഞ്ഞ ഫിബ്രവരി മുതല്‍ എറണാകുളം ജനറല്‍ ആസ്പത്രി വളപ്പില്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുമായി ചേര്‍ന്ന്, ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍' പരിപാടി മുടക്കമില്ലാതെ തുടരും.
അതോടൊപ്പം 'സ്റ്റുഡന്റ്സ് ബിനാലെ' എന്ന നൂതനമായ ആശയവും ഇത്തവണ പ്രാവര്‍ത്തികമാക്കുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന കലാ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന പ്രദര്‍ശനമാണിത്. ഇത് ക്യൂറേറ്റ് ചെയ്യുന്നത്, ഇതിനായി പരിശീലനം ലഭിച്ച 15 അംഗ യുവസംഘവും. കഴിഞ്ഞതവണ ഏറെ ജനപ്രിയമായി മാറിയ 'ചില്‍ഡ്രന്‍സ് ബിനാലെ' ഇത്തവണയും സ്‌കൂള്‍ കുട്ടികളുടെ കലാഭിരുചി അളക്കാനായി ഉണ്ടാകും.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വീഡിയോ ആര്‍ട്ടുകളുടെ പ്രദര്‍ശനമാണ് മറ്റൊന്ന്. 'ആര്‍ട്ടിസ്റ്റ്സ് സിനിമ' എന്നാണ് ഈ ചലച്ചിത്രമേളയുടെ പേര്. എല്ലാ ദിവസവും വൈകീട്ട് ആസ്പിന്‍വാള്‍ ഹൗസിലെ പവലിയനിലായിരിക്കും പ്രദര്‍ശനം.
കലാനിരൂപണവും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനും കലയുടെ വ്യത്യസ്ത രൂപഭാവങ്ങള്‍ വിശകലനം ചെയ്യുന്നതിനുമായി പ്രഭാഷണങ്ങളും സെമിനാറുകളുമെല്ലാം ബിനാലെയുടെ ഭാഗമായി ഉണ്ടാകും. 'ഹിസ്റ്ററി നൗ' എന്ന പേരിലാണ് ഈ സെമിനാര്‍ പരമ്പര ഒരുക്കുന്നത്.
കേളി രാമചന്ദ്രന്‍ ക്യൂറേറ്റ് ചെയ്യുന്ന സാംസ്‌കാരിക പരിപാടികള്‍ രണ്ടാഴ്ച മുമ്പുതന്നെ തുടങ്ങിക്കഴിഞ്ഞു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഇപ്പോള്‍ 'കഥകളി മേള' യാണ് നടക്കുന്നത്. ഗോതുരുത്തിലെ ചവിട്ടുനാടകോത്സവമായ 'ചുവടി ഫെസ്റ്റ്' ഉള്‍പ്പെടെ വേറെയും കലാവിരുന്നുകള്‍ ഇതിന്റെ ഭാഗമായി അരങ്ങേറും.
വിപുലമായ കൊളാറ്ററല്‍ പ്രദര്‍ശനങ്ങളാണ് ബിനാലെയുടെ ഇത്തവണത്തെ മറ്റൊരു സമ്പത്ത്. 25,000 ചിത്രങ്ങള്‍ കലാലോകത്തിന് സമ്മാനിച്ച് ഏഴാം വയസ്സില്‍ കാഴ്ചയ്ക്കപ്പുറത്തേക്ക് നടന്നുമറഞ്ഞ 'എഡ്മണ്ട് തോമസ് ക്ലിന്റ്' എന്ന ബാലപ്രതിഭയുടെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രദര്‍ശനം ഇതിന്റെ ഭാഗമാണ്. മട്ടാഞ്ചേരിയിലെയും ഫോര്‍ട്ടുകൊച്ചിയിലെയും ആര്‍ട്ട് ഗാലറികളും ഹാളുകളും മറ്റും കൊളാറ്ററല്‍, പങ്കാളിത്ത പരിപാടികളിലൂടെ ബിനാലെയുമായി കൂട്ടുചേരുകയാണ് ഇത്തവണ.
കലയെന്നാല്‍ കാഴ്ചയ്ക്കുമപ്പുറം ശബ്ദവും ഗന്ധവും രുചിയും സ്പര്‍ശവുമായി അഞ്ച് ഇന്ദ്രിയങ്ങളും തുറന്നുവച്ച് കാണേണ്ടതാണെന്ന് മലയാളിയെ പഠിപ്പിക്കുകയായിരുന്നു ബിനാലെ. കൊച്ചിയെ, ലോക കലാഭൂപടത്തില്‍ വരച്ചുചേര്‍ത്ത മഹാമേള.
ഇനിയുള്ള 108 നാള്‍ കൊച്ചിയുടെ ശ്വാസത്തില്‍ ബിനാലെയാണ് സുഗന്ധം പരത്തുക, കാഴ്ചകളില്‍ ബിനാലെയാണ് സൗന്ദര്യം വിടര്‍ത്തുക, കേള്‍വികളില്‍ ബിനാലെയാണ് നിറയുക.