മമ്പാട്: റബ്ബറിന്റെ വിലത്തകര്‍ച്ചകാരണം പ്രതിസന്ധിയിലായ ചെറുകിട കര്‍ഷകര്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ ഇരുട്ടടി. റബ്ബര്‍ ഉത്പാദകസംഘങ്ങള്‍വഴി കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തിയതാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്.
കാലവര്‍ഷത്തില്‍ ടാപ്പിങ് നടത്താനും രോഗപ്രതിരോധ മുന്‍കരുതലുകള്‍ എടുക്കാനും മറ്റും നല്‍കിയിരുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ പൂര്‍ണമായും നിര്‍ത്തിയെന്ന് കര്‍ഷകര്‍. അതേസമയം സബ്‌സിഡി പൂര്‍ണമായും നിര്‍ത്തിയിട്ടില്ലെന്നും വലിയതോതില്‍ നല്‍കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു.
മഴക്കാലത്ത് റെയിന്‍ഗാര്‍ഡ് ഒരുക്കി ടാപ്പിങ് നടത്തുന്ന കര്‍ഷകര്‍ മയോരമേഖലയില്‍ നിരവധിയാണ്. റെയിന്‍ഗാര്‍ഡ് ഇടുന്നതിനായി പ്ലൂസ്റ്റിക്, പശ, കമ്പി തുടങ്ങിയ ഉപകരണങ്ങള്‍ റബ്ബര്‍ ബോര്‍ഡില്‍നിന്ന് റബ്ബര്‍ ഉത്പാദകസംഘങ്ങള്‍വഴി കുറഞ്ഞവിലയില്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. ഇതാണ് ഈ വര്‍ഷം മുതല്‍ നിര്‍ത്തലാക്കിയതായി പരാതി ഉയരുന്നത്.
മരത്തിന് ഇലകൊഴിച്ചിലുണ്ടായാല്‍ പാലുത്പാദനം 50 ശതമാനം കുറയുമെന്നാണ് അധികൃതരുടെ കണക്ക്. ഇലകൊഴിച്ചില്‍ തടയാനുള്ള മരുന്ന്, കുമ്മായം, തുരിശ് തുടങ്ങിയവയും ഇതുവരെ കുറഞ്ഞനിരക്കില്‍ ലഭിച്ചിരുന്നു. എന്നാല്‍ ഈവര്‍ഷം ഇതിന് സബ്‌സിഡിയുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചതായി കര്‍ഷകര്‍ പറയുന്നു.
പാലുത്പാദനംകുറഞ്ഞ തോട്ടങ്ങളില്‍ റബ്ബറിന് വിലകുറഞ്ഞതോടെ മഴക്കാല ടാപ്പിങ് കുറഞ്ഞിരുന്നു. എന്നാല്‍ പാല്‍ ലഭ്യത കൂടിയ തോട്ടങ്ങളില്‍ മഴക്കാല ടാപ്പിങ് കൂടി നടത്തിയാലേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനാകൂ എന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍കാലങ്ങളില്‍ റബ്ബര്‍ ഉത്പാദകസംഘങ്ങള്‍ മുഖേന മഴക്കാല ടാപ്പിങ്ങിനുള്ള സാമഗ്രികളും മരുന്നുകളും രാസവളങ്ങളുമൊക്കെ സബ്‌സിഡിനിരക്കില്‍ നല്‍കാന്‍ കഴിഞ്ഞിരുന്നുവെന്ന് എടവണ്ണ പന്നിപ്പാറ റബ്ബര്‍ ഉത്പാദകസംഘം പ്രസിഡന്റ് പി.പി. അബ്ദുറഹ്മാന്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ 50 ശതമാനം വരെ സബ്‌സിഡിയുണ്ടായിരുന്നത് പടിപടിയായി കുറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പന്നിപ്പാറയില്‍ റബ്ബര്‍ കര്‍ഷക കണ്‍വെന്‍ഷന്‍ ചേര്‍ന്ന് സബ്‌സിഡി നിരക്കില്‍ രാസവളങ്ങള്‍ നല്‍കുന്നതിന് പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് അനുകൂല പ്രതികരണമുണ്ടായില്ല.
അതേസമയം, സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് പൂര്‍ണമായും നിര്‍ത്തിയിട്ടില്ലെന്നാണ് റബ്ബര്‍ബോര്‍ഡ് അധികൃതര്‍ പറയുന്നത്. സാമ്പത്തിക കാരണങ്ങളാല്‍ സബ്‌സിഡി നിരക്ക് കുറയ്‌ക്കേണ്ടിവരുമെന്നും പരിമിതപ്പെടുത്തേണ്ടിവരുമെന്നും അധികൃതര്‍ പറയുന്നു.
ഇത്തവണ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ചെറുകിട റബ്ബര്‍കര്‍ഷകര്‍ക്ക് കഴിഞ്ഞ മാര്‍ച്ചിനുശേഷമുള്ള ധനസഹായവിതരണവും നടത്താനായിട്ടില്ല. പുതുകൃഷിക്കും ആവര്‍ത്തനകൃഷിക്കും മറ്റും നല്‍കിയിരുന്ന ആനുകൂല്യവിതരണമാണ് ഒരുവര്‍ഷമായി മുടങ്ങിക്കിടക്കുന്നത്.