ന്യൂഡല്‍ഹി: കേരളനിയമസഭയില്‍ വെള്ളിയാഴ്ചയുണ്ടായ ബഹളവും അക്രമസംഭവങ്ങളും പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിക്കാന്‍ ശ്രമം. ഇതേത്തുടര്‍ന്ന് ഇടതുപക്ഷാംഗങ്ങളും കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. ഇരുസഭകളിലും സഭാധ്യക്ഷന്‍മാര്‍ പ്രശ്‌നം ഉന്നയിക്കുന്നതിന് അനുമതി നിഷേധിച്ചു.
ലോക്‌സഭ ചേര്‍ന്നപ്പോള്‍തന്നെ സി.പി.എം. അംഗങ്ങളായ എം.ബി. രാജേഷ്, എ. സമ്പത്ത് എന്നിവര്‍ പ്രശ്‌നം ഉന്നയിച്ചു. എന്നാല്‍, കോണ്‍ഗ്രസ് അംഗങ്ങളായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഇതിനെയെതിര്‍ത്ത് രംഗത്തെത്തി.
സംസ്ഥാനനിയമസഭയിലെ പ്രശ്‌നമായതിനാല്‍ ഇത് ലോക്‌സഭയില്‍ ഉന്നയിക്കാനാവില്ലെന്നും അനുമതി നിഷേധിക്കണമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു സ്പീക്കര്‍ സുമിത്രാ മഹാജനോട് അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് സ്പീക്കര്‍ വിലക്കിയത്.
രാജ്യസഭയില്‍ സി.പി.എം. അംഗം കെ. എന്‍. ബാലഗോപാലാണ് വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചത്. കേരളത്തില്‍ ഭരണഘടനാ സംവിധാനം താറുമാറായതായും ഭരണമുന്നണിയിലെ പ്രമുഖര്‍ക്കെതിരെ കോഴ ആരോപണം ഉയര്‍ന്നതായും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷാംഗങ്ങളായ പി. രാജീവ്, ടി.എന്‍. സീമ, സി.പി. നാരായണന്‍, എം.പി. അച്യുതന്‍ എന്നിവരും ബാലഗോപാലിനെ പിന്തുണച്ച് രംഗത്തുവന്നു.
ഇതിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളായ എ.കെ. ആന്റണിയും വയലാര്‍രവിയും രംഗത്തെത്തി. തുടര്‍ന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ അനുമതി നിഷേധിച്ചു. നിയമസഭയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കുകയും ചെയ്തു.