ജനങ്ങള്‍ എല്ലാം കാണുന്നു

Posted on: 14 Mar 2015

നിയമസഭയില്‍ വെള്ളിയാഴ്ച അരങ്ങേറിയ നാണംകെട്ട രാഷ്ടീയനാടകത്തില്‍ ആര്‍ക്കായിരുന്നു വിജയം? ഭരണ-പ്രതിപക്ഷങ്ങള്‍ ഒരുപോലെ ജയം അവകാശപ്പെടുന്നുണ്ട് എന്നത് ശരിതന്നെ. എന്നാല്‍, അവരെ സഭയിലേക്ക് തിരഞ്ഞെടുത്തയച്ച ജനങ്ങള്‍ തോല്‍ക്കുന്ന കാഴ്ചയാണ് യഥാര്‍ഥത്തില്‍ കണ്ടത്. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് നമ്മള്‍ വാഴ്ത്തിപ്പാടുന്ന നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നടന്നത് ശുദ്ധ തെമ്മാടിത്തമായിരുന്നു. സ്പീക്കറുടെ വേദിയിലെ എല്ലാം തച്ചുടക്കയും അദ്ദേഹത്തിന്റെ കസേരയുള്‍പ്പെടെ എല്ലാം വലിച്ചെറിയുകയും ചെയ്ത പ്രതിപക്ഷം, സ്വന്തം കടമ നിര്‍വഹിക്കയായിരുന്നില്ല. അവര്‍ തെറ്റായ, ഒരിക്കലും ഒരുകാരണവശാലും മാതൃകയാക്കാനാവാത്ത കീഴ്വഴക്കം സൃഷ്ടിക്കയായിരുന്നു. തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച ജനങ്ങളെ അപമാനിക്കയുമായിരുന്നു.

ഭരണഘടനാപരമായി സഭയില്‍ അവതരിപ്പിക്കേണ്ട ബജറ്റ് തടയുമെന്ന് പ്രഖ്യാപിക്കുന്നതും അത് തടസ്സപ്പെടുത്തുന്നതും നല്ല കീഴ്വഴക്കമല്ല. ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അന്വേഷണം നേരിടുന്ന ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ ധാര്‍മികമായും രാഷ്ടീയപരമായും ശരിയില്ലായ്മയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതേസമയം, അദ്ദേഹം കുറ്റാരോപിതന്‍ മാത്രമാണെന്നും കേസില്‍ കുറ്റപത്രംപോലും സമര്‍പ്പിച്ചിട്ടില്ലെന്നും ഭരണപക്ഷവും വാദിക്കുന്നു. ഒരു ആരോപണം അന്വേഷണത്തിലിരിക്കെ, ആരോപണവിധേയനെ കുറ്റവാളിയായി മുദ്രകുത്തുന്നത് അനീതിയാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. ഭരിക്കുന്ന മുന്നണിയുടെ പ്രമുഖനും പ്രബലനുമായ നേതാവ് മന്ത്രിസ്ഥാനത്തിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ സ്വന്തം സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗം എങ്ങനെ സ്വതന്ത്രവും നീതിപൂര്‍വവുമായി അന്വേഷണം നടത്തുമെന്നാണ് പ്രതിപക്ഷത്തിന്റെ മറുചോദ്യം. ഇരു വാദത്തിലും മതിയായ കഴമ്പുണ്ടെന്ന് തോന്നാമെങ്കിലും അതൊന്നും സഭയ്ക്കുള്ളില്‍ക്കണ്ട കോപ്രായങ്ങള്‍ക്ക് ന്യായീകരണമാവുന്നില്ല.

നിയമസഭാ കവാടത്തിന് പുറത്ത് ഇടതുമുന്നണിയും യുവമോര്‍ച്ചയും നടത്തിയ ഉപരോധസമരം അക്രമത്തിലാണ് കലാശിച്ചത്. കല്ലേറും കുപ്പിയേറുംമൂലം ഒട്ടേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. ലാത്തിയടിയും ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചപ്പോള്‍ പ്രതിഷേധക്കാരും ആസ്പത്രിയിലായി. ഇതിനിടെ, പോലീസിന്റേത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍വാഹനങ്ങള്‍ കത്തിച്ചാമ്പലാവുന്ന കാഴ്ചയും തലസ്ഥാനം കണ്ടു. ബജറ്റ് അവതരണവും അത് തടസ്സപ്പെടുത്തലുംസഭയ്ക്കകത്ത് നടക്കുമ്പോള്‍ പുറത്തുനടന്ന അക്രമങ്ങള്‍ക്ക് ഒരു കടിഞ്ഞാണുമുണ്ടായിരുന്നില്ല. സ്വന്തം അണികള്‍ക്കുമേല്‍ നേതാക്കള്‍ക്കും നേതൃത്വത്തിനും നിയന്ത്രണമില്ലാതെ വരുമ്പോള്‍ ഇത്തരം അഴിഞ്ഞാട്ടങ്ങള്‍ സ്വാഭാവികം മാത്രം.

ജനാധിപത്യത്തില്‍ ആര്‍ക്കും വിയോജിക്കാനും എതിര്‍ക്കാനും അവകാശമുണ്ട്. പ്രതിഷേധങ്ങളാവാം പ്രക്ഷോഭങ്ങളാവാം എന്നാല്‍, അക്രമ മാര്‍ഗം -അത് സഭയ്ക്കകത്തായാലും പുറത്തായാലും ഒരുതരത്തിലും അംഗീകരിക്കാനാവില്ല. സഭയ്ക്കകത്തെ പെരുമാറ്റം എങ്ങനെയാവണം എന്നതിനെപ്പറ്റി സഭാംഗങ്ങള്‍ സ്വയം ലക്ഷ്മണരേഖ വരയ്ക്കണമെന്ന് മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ റൂളിങ് നല്‍കിയിരുന്നത് ഈ അവസരത്തില്‍ അനുസ്മരിക്കണം. സഭ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനും സഭയിലെ വാച്ച് ആന്‍ഡ് വാര്‍ഡ് സ്റ്റാഫിനെ നിയോഗിക്കുന്നത് ഉചിതമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അത് പിന്തുടര്‍ന്ന സ്പീക്കര്‍ ശക്തന്‍, തന്റെസുരക്ഷ ഉറപ്പാക്കുന്നതിന് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സേവനം പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിച്ചുമില്ല. ആ ഉദാരമായ സമീപനമാണ് അദ്ദേഹത്തിന്റെ വേദി തകര്‍ക്കുന്നതിന് കാരണമായതെന്ന് പറയാം.

ധനമന്ത്രി നിയമസഭയിലേക്ക് ഒളിച്ച് കടക്കേണ്ടിവരിക, സ്വന്തം ഇരിപ്പിടം മാറിനിന്ന് ബജറ്റ് അവതരിപ്പിക്കേണ്ടിവരിക, പിന്നീട് മീഡിയറൂമില്‍ച്ചെന്ന് ബജറ്റ് വിശദീകരിക്കേണ്ടിവരിക എന്നിവയൊക്കെ അസാധാരണ സംഭവങ്ങളാണ്. നിയമസഭ ഒരിക്കല്‍പ്പോലും കാണാത്ത ചീത്ത കീഴ്വഴക്കങ്ങള്‍ ഉണ്ടാക്കിവെച്ചതില്‍ പ്രതിപക്ഷത്തിന് മാത്രമല്ല, ഭരണപക്ഷത്തിനും പങ്കുണ്ട്. മുന്‍കൂട്ടി പ്രഖ്യാപിച്ച സമരമായിരുന്നതുകൊണ്ട് അത് ഒഴിവാക്കിയെടുക്കാനും അനുരഞ്ജനത്തിന്റെ പാത കണ്ടുപിടിക്കാനും ധാരാളം സമയമുണ്ടായിരുന്നു. സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചെന്നാണ് സഭാരേഖയെന്ന് സ്പീക്കര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അത് പിന്നീട് ഒരു തര്‍ക്കവിഷയമാവാമെങ്കിലും സ്പീക്കറുടെ തീര്‍പ്പാണ് നിലനില്‍ക്കുകയെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.

നിയമസഭയില്‍ ജനങ്ങളുടെ ശബ്ദം ഉയരുമ്പോഴേ അത് ജനാധിപത്യമാവൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളെ മറക്കുകയും അധികാരപ്രമത്തത കാട്ടുകയും അക്രമവും കുതന്ത്രങ്ങളും പ്രവര്‍ത്തനപദ്ധതിയായി സ്വീകരിക്കയും ചെയ്യുന്നത് ആരോഗ്യകരമായ ജനാധിപത്യ സമ്പ്രദായമല്ല. കര്‍ശനമായ അച്ചടക്കവും ജനങ്ങളെ സേവിക്കാനുള്ള മനോഭാവവും ആകണം ജനപ്രതിനിധികളെ മുന്നോട്ട് നയിക്കേണ്ടത്. തിരഞ്ഞെടുപ്പുകാലം തീര്‍ന്നാല്‍ തങ്ങള്‍ ഒരു പ്രത്യേക വര്‍ഗമാണെന്ന ധാരണയില്‍ ജനപ്രതിനിധികള്‍ പെരുമാറുന്നത് അപലപനീയമാണ്. ജനാധിപത്യത്തിലെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും വിവേകത്തിന്റെയും ധര്‍മത്തിന്റെയും പാതയിലൂടെ പോകാനും അവര്‍ക്ക് സാധിക്കണം. എന്തായാലും ബജറ്റ് ദിനത്തില്‍ നിയമസഭ കണ്ടത് ഒരു ജനാധിപത്യ ദുരന്തമായിരുന്നു. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ ജനങ്ങള്‍ ആഗ്രഹിക്കാത്തൊരു രാഷ്ടീയകോമാളിത്തം.
.........



1
budget full

 

ga