ന്യൂഡല്‍ഹി: നിയമസഭയില്‍ വെള്ളിയാഴ്ചയുണ്ടായ സംഭവങ്ങള്‍ കേരള ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി അഭിപ്രായപ്പെട്ടു.
മലയാളികളെ മുഴുവന്‍ മോശക്കാരാക്കുന്നതരത്തിലുള്ള സംഭവവികാസമാണ് അരങ്ങേറിയത്. ഇത് സംസ്ഥാനത്തെ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്നതിന് ഇടയാക്കും. ജനങ്ങളുടെ കോടതി ഇതിനുത്തരവാദികളായവരെ ശിക്ഷിക്കും.
അടുത്തകാലത്ത് സംസ്ഥാനത്തെ വിഷയങ്ങളില്‍ താന്‍ അഭിപ്രായപ്രകടനം നടത്താറില്ല. പക്ഷേ, വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ തന്നെ അങ്ങേയറ്റം ദുഃഖിപ്പിച്ചു. പഴയ കേരളമല്ല ഇപ്പോള്‍. അക്രമം ജനങ്ങള്‍ ഒരുതരത്തിലും ഇഷ്ടപ്പെടുന്നില്ല. പ്രാകൃതമായ സമരമുറകള്‍ അവസാനിപ്പിക്കണം. തങ്ങളുടെ നിലപാടുകളും സര്‍ക്കാറിനോടുള്ള വിയോജിപ്പുകളും എതിര്‍പ്പുകളും ജനാധിത്യപരമായി ശക്തമായി സഭയ്ക്കകത്ത് അവതരിപ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത് - ആന്റണി പറഞ്ഞു.
ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.എം. മാണി രാജിവെക്കണമോ എന്ന ചോദ്യത്തിന് ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും അത് പൂര്‍ത്തിയാകുംവരെ ക്ഷമിക്കുകയാണ് വേണ്ടതെന്നും ആന്റണി പറഞ്ഞു.