റബ്ബര്‍,നെല്ല് സംഭരണത്തിന് 300 കോടി വീതം; കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കായി 403.18 കോടി

Posted on: 13 Mar 2015

തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന വിവിധ പദ്ധതികള്‍ ധനനമന്ത്രി കെ.എം മാണി ബജറ്റില്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയിലെ വിവിധ വികസന പദ്ധതികള്‍ക്കായി 403.18 കോടി രൂപയാണ് ഈ ബജറ്റില്‍വക കൊള്ളിച്ചിട്ടുള്ളത്.

റബ്ബര്‍ വില സ്ഥിരതാ ഫണ്ട് രൂപീകരിക്കുമെന്നും കിലോയ്ക്ക് 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക് ടണ്‍ റബ്ബര്‍ സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു. 300 കോടി രൂപയാണ് ഇതിനായി മന്ത്രി വകയിരുത്തിയത്. ഈ പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവിലയും റബ്ബര്‍ബോര്‍ഡ് നിശ്ചയിക്കുന്ന ദൈനം ദിന വിലസൂചികയും തമ്മിലുള്ള വില വ്യത്യാസം റബ്ബര്‍ബോര്‍ഡിലെ ഫീല്‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വില്‍പന ബില്ലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെയോ റബ്ബര്‍ ഉത്പാദക സംഘങ്ങളുടെയോ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് നല്‍കുന്നതാണ്.

നെല്ലു സംഭരിച്ചു കഴിഞ്ഞ് ഒരാഴ്ചയ്ക്കുളളില്‍തന്നെ കര്‍ഷകര്‍ക്ക് സബ്‌സിഡി തുക ലഭ്യമാക്കുന്നതിനുളള സംവിധാനം നടപ്പിലാക്കാനായി ബജറ്റില്‍ 300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സമഗ്ര നെല്‍വിള ഇന്‍ഷുറന്‍സ് സ്‌കീം ഉള്‍പ്പെടെയുള്ള വിവിധ വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായി 12.50 കോടി രൂപ നീക്കിവെച്ചു.

കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകരുടെ പലിശ ബാദ്ധ്യത സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതോടെ ഹ്രസ്വകാല കാര്‍ഷിക വായ്പ പലിശ രഹിതമായി ലഭ്യമാകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി 125 കോടി വകയിരുത്തിയതായി മന്ത്രി പ്രഖ്യാപിച്ചു.

നീര ടെക്‌നീഷ്യമാര്‍ക്ക് പരിശീലനത്തിനായി ഒരാള്‍ക്ക് 10,000 രൂപ വീതം സബ്‌സിഡി അനുവദിക്കും .നീര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു ചടങ്ങുകളിലും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും പായ്ക്കുചെയ്ത നീര ഒരു പാനീയ മായി ഉള്‍പ്പെടുത്തും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. നീര ഉത്പാദനത്തിനായി ആകെ 30 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ ഓരോ നാളികേരഉത്പാദക കമ്പനിക്കും കെട്ടിട, യന്ത്രസാമഗ്രികള്‍ക്ക് സഹായധനമായി ചെലവിന്റെ 25% മോ 50 ലക്ഷം രൂപയോ ഏതാണോ കൂടുതല്‍ അത് നല്‍കുന്ന തിനായി 10 കോടി രൂപയും വകയിരുത്തി.

സംസ്ഥാനത്തെ തോട്ടം മേഖല നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു ആശ്വാസമെന്ന നിലയില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ക്കുള്ള പ്ലാന്റേഷന്‍ നികുതി പൂര്‍ണ്ണമായി ഒഴിവാക്കി. കമ്പനികള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ക്ക് പ്ലാന്റേഷന്‍ നികുതി തുടര്‍ന്നും ഈടാക്കുന്നതാണ്.

1-4-2015-നു ശേഷം ഉല്‍പാദനം തുടങ്ങുന്ന റബ്ബര്‍ഉള്‍പ്പെടെയുള്ള കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളില്‍75 ശതമാനത്തിലധികം മൂല്യ വര്‍ദ്ധനയുളളവയ്ക്ക്പലിശ സബ്‌സിഡി നല്‍കുന്നതിനായി ഒരു പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതിയില്‍ കീഴില്‍ സംരംഭകര്‍ ബാങ്കില്‍ നിന്നോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ എടുക്കുന്ന വായ്പയുടെ പലിശതുകയുടെ 50% പ്രതിവര്‍ഷം പരമാവധി 10 ലക്ഷം രൂപ വരെ മൂന്നു വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ വഹിക്കുന്നതാണ്. 20 കോടി രൂപയാണ് ഇതിലേയ്ക്കായി മാറ്റി വെച്ചിട്ടുള്ളത്.

സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് സബ്‌സിഡി നല്‍കാനുളള ഒരു പദ്ധതി മന്ത്രി ബജറ്റില്‍ അവതരിപ്പിച്ചു. ഈ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും സബ്‌സിഡി. 20 കോടി രൂപ ഇതിലേക്കായി മാറ്റിവെച്ചു. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് പൈലറ്റായി ഈ പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുന്നത്.

തേനുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഹണി മിഷന്‍ സ്ഥാപിക്കുമെന്നും ഇതിനായി 2 കോടി രൂപ വകയിരുത്തുന്നതാണെന്നും മന്ത്രി പ്രഖ്യാപിച്ചു.

കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പുതിയ ഗവേഷണ പ്രോജക്ടുകള്‍ക്കായി 2 കോടി രൂപയും കൃഷി വിജ്ഞാനവ്യാപനം ശക്തിപ്പെടുത്തുന്നതിന് 7.34 കോടി രൂപയും അടിസ്ഥാനസൗകര്യ വികസന പ്രവൃത്തികള്‍ക്കായി 17 കോടി രൂപയും വകയിരുത്തി.

കീടനാശിനി ഉപയോഗി ക്കാത്ത കാര്‍ഷികോല്‍പ്പന്നങ്ങള്‍ കുടുംബങ്ങളിലും, ഉപഭോക്താക്കളിലും എത്തിക്കുന്നതിന് ഇ-കൊമോഴ്‌സിന്റെ സാധ്യത പ്രയോജനപ്പെടുത്തി കൃഷിയിടങ്ങളില്‍ നിന്നും കുടുംബത്തിലേക്ക് എന്ന നൂതനപദ്ധതിക്കായി ഈ വര്‍ഷം 10 കോടി രൂപവകയിരുത്തി. മില്‍മയുടെ മലബാര്‍ യൂണിയനിലൂടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.

നെല്‍കൃഷിക്കാര്‍ക്ക് നല്‍കുന്നതുപോലെ വൈദ്യുത സബ്‌സിഡി സംസ്ഥാനത്തിലെ ഹൈടെക് പോളി ഹൗസുകള്‍ക്കും സൂഷ്മകൃഷി സമ്പ്രദായത്തിനും അനുവദിക്കും.

ആധുനിക കൃഷി രീതികള്‍ പ്രചരിപ്പിക്കുന്നതിന് 5 കോടി രൂപ വകയിരുത്തി. റെയിന്‍ ഷെല്‍ട്ടര്‍ കള്‍ട്ടിവേഷന്‍, ടിഷ്യൂ കള്‍ച്ചര്‍വഴിയുളള വാഴതൈകള്‍, ഇലകളില്‍ വളം സ്‌പ്രേ ചെയ്യല്‍, അഗ്രി അക്വാപോണിക്‌സ് എന്നിവ പ്രചരിപ്പിക്കുന്നതിനാണ് മേല്‍പ്പറഞ്ഞ തുക വകയിരുത്തിയിരിക്കുന്നത്.

ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തിഎന്നിവിടങ്ങളില്‍ 4 പുതിയ കാര്‍ഷിക പോളിടെക്‌നിക്കുകള്‍ ആരംഭിക്കുന്നതാണ്. ഇതിനായി 3 കോടി രൂപ വകയിരുത്തി.

സംസ്ഥാനത്ത് പഴം, പച്ചക്കറി, പാല്‍, മുട്ട എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവാസി മലയാളി കളുമായി ചേര്‍ന്ന് പ്രവാസി കേരള കൃഷി വികാസ് എന്ന സംയുക്ത സംരംഭം ആരംഭിക്കും. പ്രവാസി മലയാളികളുടെ നിക്ഷേപം ഇതിനായി സ്വരൂപിക്കുന്നതാണ്.



1
budget full

 

ga