* സ്പീക്കറുടെ വേദി തകര്‍ത്ത് പ്രതിപക്ഷം
* മാണി സഭയിലെത്തി; പ്രസംഗം വായിച്ചു
* എം.എല്‍.എ.മാര്‍ തമ്മില്‍ കൈയേറ്റം
*ഏഴ് എം.എല്‍.എ.മാര്‍ക്ക് ദേഹാസ്വാസ്ഥ്യം
* 12 സുരക്ഷാ ഉദ്യോസ്ഥര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ലോകത്തിനുമുന്നില്‍ കേരള നിയമസഭ വെള്ളിയാഴ്ച തലകുനിച്ചു. അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിലൂടെ അരാജകത്വം നടമാടിയ സഭ യുദ്ധക്കളമായി. ഇതിനിടെ, ധനമന്ത്രി കെ.എം.മാണി സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. സ്പീക്കറുടെ വേദി തകര്‍ത്തും മേശകളില്‍ക്കൂടി നടന്നും പ്രതിപക്ഷം നിയമസഭയെ തെരുവുപോലെയാക്കിമാറ്റിയപ്പോള്‍ സംസ്ഥാന നിയമസഭയ്ക്ക് കഴിഞ്ഞദിവസം കറുത്ത വെള്ളിയായി.
പ്രതിപക്ഷത്തെ വെട്ടിച്ച് മന്ത്രി കെ.എം.മാണിയെ സഭയ്ക്കുള്ളില്‍ സുരക്ഷിതമായെത്തിക്കാന്‍ ഭരണപക്ഷത്തിനായി. സ്പീക്കറെക്കൂടി ഉപരോധിച്ച് സഭ സമ്മേളിക്കുന്നത് തടയാനായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. എന്നാല്‍, സ്പീക്കറെ തടയുമെന്ന് ഭരണപക്ഷം കരുതിയില്ല. സഭ തുടങ്ങുന്ന ഒമ്പതുമണിക്ക് തൊട്ടുമുമ്പ് പ്രതിപക്ഷത്തെ മുതിര്‍ന്ന എം.എല്‍.എ.മാര്‍തന്നെ സ്പീക്കറുടെ വേദിയിലെത്തി അദ്ദേഹത്തിന്റെ കസേര തള്ളി താഴെയിട്ടു. കമ്പ്യൂട്ടറും മൈക്കും ലൈറ്റും തകര്‍ത്തു. എന്നാല്‍, ബഹളത്തിനിടയിലും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സംരക്ഷണവലയത്തില്‍ സ്പീക്കറെത്തി മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചു.
ഒമ്പത് മിനുട്ട് അദ്ദേഹം ബജറ്റ് വായിച്ചു. സുരക്ഷയൊരുക്കാന്‍ അദ്ദേഹത്തിന്റെ സീറ്റ് രണ്ടാം നിരിയില്‍ സി.എന്‍.ബാലകൃഷ്ണന്റെ സീറ്റുമായി െവച്ചുമാറ്റിയിരുന്നു. ഏതാനും ഖണ്ഡിക വായിച്ച് ബജറ്റ് മേശപ്പുറത്തുെവച്ച മാണിയെ ഭരണപക്ഷാംഗങ്ങള്‍ മുത്തംനല്‍കി അഭിനന്ദിച്ചു. സംഘര്‍ഷത്തിനിടെ ഏഴ് പ്രതിപക്ഷാംഗങ്ങള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കുണ്ട്.
വ്യാഴാഴ്ച ഉച്ച മുതല്‍ പ്രതിപക്ഷം സഭയ്ക്കുള്ളില്‍ കുത്തിയിരിക്കുകയായിരുന്നു. മന്ത്രിമാരും ഭൂരിഭാഗം ഭരണപക്ഷ എം.എല്‍.എ.മാരും വ്യാഴാഴ്ച മുതല്‍ സഭയിലുണ്ട്. രാവിലെ വി.എസ്.അച്യുതാനന്ദന്‍ അടക്കമുള്ള കക്ഷിനേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. മന്ത്രി മാണിയുടെ മൂന്നടി വരെ അടുത്തെത്തിയാല്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കേണ്ടിവരുമെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, ബജറ്റ് അവതരണം തടയാന്‍ എന്തും ചെയ്യുമെന്ന നിലപാടാണ് പ്രതിപക്ഷ നേതാക്കളെടുത്തത്.
രാവിലെ എട്ടരയോടെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യവുമായി നടുത്തളത്തിലേക്കിറങ്ങി. മന്ത്രിമാര്‍ കടുന്നുവരുന്ന വാതിലിലൂടെയാകാം കെ.എം.മാണി എത്തുകയെന്നുകരുതി ആ ഭാഗത്തേക്ക് പ്രതിപക്ഷാംഗങ്ങള്‍ അടുത്തു. മുഖ്യമന്ത്രിയുടെയും മറ്റുമുള്ള മുന്‍നിരയുടെ മുന്നിലായി വനിതാ എം.എല്‍.എ.മാരും അണിനിരന്നു.
ആദ്യ ബെല്‍ മുഴങ്ങിയപ്പോള്‍ ജെയിംസ് മാത്യു, ബാബു എം.പാലിശ്ശേരി, വി.ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, കെ.ടി.ജലീല്‍, എ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സ്പീക്കറുടെ വേദിയിലേക്ക് കയറി. സി.ദിവാകരന്‍, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍ എന്നിവര്‍ നിര്‍ദേശങ്ങളുമായി ഒപ്പം കയറി. വാച്ച് ആന്‍ഡ് വാര്‍ഡ് തടയാനെത്തിയപ്പോള്‍ അവരെ പടിക്കെട്ടിനുമുന്നില്‍ തോമസ് ഐസക്ക്, ജി.സുധാകരന്‍, എളമരം കരീം, എം.എ.ബേബി തുടങ്ങിയവര്‍ തടയാന്‍ ശ്രമിച്ചു.
ഉന്തിലും തള്ളിലും പെട്ട് തോമസ് ഐസക്ക് വീണു. കുഞ്ഞഹമ്മദ് സ്പീക്കറുടെ മൈക്ക് പിഴുതെടുത്തു. ശിവന്‍കുട്ടി കമ്പ്യൂട്ടര്‍ ബോര്‍ഡ് ഇളക്കിയെടുത്ത് താഴേക്കെറിഞ്ഞു. കെ.അജിത്തും മറ്റും ചേര്‍ന്ന് ഇളക്കിമാറ്റിയ അദ്ദേഹത്തിന്റെ കസേര ഇ.പി.ജയരാജന്‍ താേഴക്കെറിഞ്ഞു. മുണ്ട് മടക്കിക്കുത്തി അജിത്തും കുഞ്ഞഹമ്മദും ശിവന്‍കുട്ടിയും സ്പീക്കറുടെ വേദി നിറഞ്ഞാടി.
ഇതിനിടെ, രണ്ടാം ബെല്‍ മുഴങ്ങി. ഈ സമയം ഭരണപക്ഷ എം.എല്‍.എ.മാര്‍ കയറിവരുന്ന വാതിലിലൂടെ മന്ത്രി കെ.സി.ജോസഫിനൊപ്പം കറുത്ത ബാഗില്‍ ബജറ്റുമായി കെ.എം.മാണിയെത്തി. പി.സി.വിഷ്ണുനാഥടക്കമുള്ള യുവ എം.എല്‍.എ.മാര്‍ അദ്ദേഹത്തെ ആദ്യം മൂന്നാംനിരയിലേക്കെത്തിച്ചു. എം.എല്‍.എ.മാര്‍ അദ്ദേഹത്തിന് മനുഷ്യകവചം തീര്‍ത്തു. അതിനുപിന്നില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നിരയും.
രാവിലെതന്നെ മന്ത്രി മാണിയുടെ സീറ്റ് മുന്‍നിരയില്‍നിന്ന് രണ്ടാം നിരയിലെ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ സീറ്റുമായി െവച്ചുമാറ്റിയിരുന്നു. ആ സീറ്റിലേക്ക് മാണി വന്നു. വേദിയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ എം.എല്‍.എ.മാര്‍ തള്ളിയകറ്റിയെങ്കിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സ്പീക്കറെ വേദിയിലെത്തിച്ചു. പകരം കസേരയും കൊണ്ടിട്ടു. സ്പീക്കര്‍ ഒരുനിമിഷം കസേരയിലിരുന്ന് ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചു. മൈക്കില്ലാത്തതിനാല്‍ ശബ്ദം ശരിക്ക് കേള്‍ക്കാനായില്ല. പ്രസംഗം തുടങ്ങാന്‍ അദ്ദേഹം ആംഗ്യവും കാട്ടി. മന്ത്രി പ്രസംഗവായന തുടങ്ങി. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ മേശയില്‍ കയറിയിരുന്നു.
ഈ സമയമാണ് മാണി സഭയില്‍ എത്തിയെന്ന് പ്രതിപക്ഷാംഗങ്ങള്‍ അറിഞ്ഞത്. അങ്ങോട്ടേക്ക് വരാന്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ പരമാവധി ശ്രമിച്ചു. ഇത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. ജമീലാ പ്രകാശം മുഖ്യമന്ത്രിയുടെ മുന്നിലേക്കെത്തി. കെ.ശിവദാസന്‍നായരും ഡൊമിനിക് പ്രസന്റേഷനും അവിടെ അവരെ ചെറുത്തു. ജമീല ശിവദാസന്‍ നായരുടെ കൈയില്‍ കടിച്ചു. അസഭ്യവര്‍ഷവുമുണ്ടായി. ജമീലാ പ്രകാശത്തെ ഡൊമിനിക് ജാതിപറഞ്ഞ് ആക്ഷേപിച്ചെന്ന് അവര്‍ പരാതി നല്‍കി. ശിവന്‍കുട്ടി മുന്നോട്ടേക്കാഞ്ഞപ്പോള്‍ ബെന്നി ബഹനാന്‍ തടഞ്ഞു. പിന്നിലേക്കെത്തിയ ശിവന്‍കുട്ടി മുണ്ട് മടക്കിക്കുത്തി മേശമേല്‍ക്കൂടി നടന്നു. മാണിക്കടുത്തേക്ക് വന്ന ബിജിമോളെ മന്ത്രി ഷിബു ബേബി ജോണ്‍ വഴിനല്‍കാതെ തടഞ്ഞു. ബിജിമോള്‍ നേരെ മേശപ്പുറത്ത് കയറി.
ഇതിനിടെ കെ.എസ്.സലീഖ തളര്‍ന്നു. കെ.കെ.ലതിക മന്ത്രിമാരുടെ നിരയിലേക്ക് അടുത്തപ്പോള്‍ എം.എ.വാഹിദ് അടക്കമുള്ളവര്‍ തടഞ്ഞു. അവിടെയും ഇരുപക്ഷത്തെയും എം.എല്‍.എ.മാര്‍ പരസ്പരം ഏറ്റുമുട്ടി. ലതികയ്ക്ക് ക്ഷീണമുണ്ടായി. ശിവന്‍കുട്ടി മേശയില്‍ തട്ടിവീണു. സി.ദിവാകരന്‍, ബിജിമോള്‍, ഗീതാഗോപി, ടി.വി.രാജേഷ്, കെ.അജിത് എന്നിവര്‍ക്കൊക്കെ ചെറിയ തോതില്‍ ക്ഷീണമുണ്ടായി. ഇവരെയൊക്കെ വീല്‍ച്ചെയറിലും സ്‌ട്രെക്ചറിലുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഒമ്പത് മിനുട്ടാണ് മാണി ബജറ്റ് പ്രസംഗം വായിച്ചത്. അദ്ദേഹം പ്രസംഗം അവസാനിപ്പിച്ച് മേശപ്പുറത്ത് െവച്ചപ്പോള്‍ ഭരണപക്ഷാംഗങ്ങള്‍ അഭിവാദ്യം പ്രകടിപ്പിച്ച് മുദ്രാവാക്യം വിളിച്ചു. ചിലര്‍ മുത്തം നല്‍കി. അവര്‍ ലഡു പങ്കിട്ടു. സഭ പിരിച്ചുവിട്ട് സ്പീക്കര്‍ മടങ്ങിയെങ്കിലും ഇരുപക്ഷവും ഏറെനേരത്തേക്ക് സഭ വിട്ടിറങ്ങിയില്ല.
തുടര്‍ന്നുള്ള തര്‍ക്കം, സഭ നേരാംവണ്ണം ചേര്‍ന്നില്ലെന്നും മാണി നിയമാനുസൃതം ബജറ്റ് അവതരിപ്പിച്ചില്ലെന്നും എന്നുള്ളതിനെക്കുറിച്ചായിരുന്നു. സ്പീക്കര്‍തന്നെ പത്രസമ്മേളനം നടത്തി താന്‍ മാണിയെ ക്ഷണിച്ചെന്നും ഇതേത്തുടര്‍ന്നാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചതെന്നും വിശദീകരിച്ചു. പ്രതിപക്ഷം സംഹാരതാണ്ഡവമാടുകയായിരുന്നുവെന്ന് മുഖ്യന്ത്രി കുറ്റപ്പെടുത്തി. സഭ നേരാംവണ്ണം ചേര്‍ന്നില്ലെന്നും ബജറ്റ് അവതരിപ്പിച്ചതായി കണക്കാക്കാനാകില്ലെന്നും വി.എസ്. പറഞ്ഞു.
സഭയിലെ അക്രമങ്ങളുടെ പേരില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഭരണപക്ഷത്ത് തീരുമാനമായില്ല. എന്നാല്‍, പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.ഡി.പി. നിയമപ്രകാരം െേകസടുക്കും. അത്യാധുനിക മൈക്കും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളും നശിച്ചെന്നും ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നും കാണിച്ച് നിയമസഭാ സെക്രട്ടേറിയേറ്റ് പരാതി നല്‍കി. ഇത് പോലീസിന് കൈമാറി. നിയമസഭയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി പോലീസ് തുടര്‍നടപടി കൈക്കൊള്ളുമെന്ന് സ്പീക്കര്‍ അറിയിച്ചു.