തിരുവനന്തപുരം: അനാവശ്യമായി ഇളവ് നല്‍കിയെന്ന് ആരോപണമുയര്‍ന്ന പല ഉത്പന്നങ്ങള്‍ക്കും നികുതി കൂട്ടി മന്ത്രി മാണിയുടെ തിരുത്ത്. എന്നാല്‍ ഈ നടപടി സാധനങ്ങളുടെ വില വീണ്ടും ഉയര്‍ത്തുമെന്ന് ഉറപ്പാണ്.
മുമ്പ് നികുതിയില്ലാതിരുന്ന അരി, അരി ഉത്പന്നങ്ങള്‍, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തി. മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് അഞ്ചു ശതമാനവും നികുതി ചുമത്തി. ഇതുവഴി 110 കോടി അധികം പ്രതീക്ഷിക്കുന്നു. എന്നാല്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ വില്‍ക്കുന്നവയ്ക്ക് നികുതിയില്ല.
പൊതുവിപണിയിലെ പഞ്ചസാരയ്ക്ക് രണ്ടു ശതമാനവും വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനവും നികുതി നല്‍കണം. ഇതിലൂടെ കിട്ടുന്നത് 150 കോടി. എല്ലാത്തരം തുണിത്തരങ്ങള്‍ക്കും ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തി. മുമ്പ് വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് തുണിത്തരങ്ങള്‍ക്ക് നികുതി ചുമത്തിയത്.
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ പ്ലാസ്റ്റിക്, സ്‌റ്റൈറോഫോം ഡിസ്‌പോസിബിള്‍ കപ്പുകള്‍ക്കും പ്ലേറ്റുകള്‍ക്കും നികുതി 20 ശതമാനമായി കൂട്ടി. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ക്ക് 14.5 ശതമാനം നികുതി നല്‍കണം. തെര്‍മോകോള്‍, സ്‌റ്റൈറോഫോം ഷീറ്റുകള്‍, പ്രിന്റഡ് ഫ്‌ലക്‌സുകള്‍ എന്നിവയ്ക്കും 20 ശതമാനമാണ് നികുതി. 15 കോടിയാണ് അധികവരുമാനം പ്രതീക്ഷിക്കുന്നത്.
മറ്റ് നികുതി നിര്‍ദേശങ്ങള്‍
ചലച്ചിത്രങ്ങളുടെ പകര്‍പ്പവകാശത്തിന് അഞ്ച് ശതമാനം. പ്രതീക്ഷിക്കുന്നത് 20 കോടി.
ബീഡിക്ക് 14.5 ശതമാനം. പ്രതീക്ഷ 15 കോടി.
കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം.
പ്ലാസ്റ്റിക് നിര്‍മിത ചൂല്, ബ്രഷ്, മോപ്‌സ് എന്നിവയ്ക്ക് അഞ്ചു ശതമാനം.
മത്സ്യഫെഡ്, തീരമൈത്രി, സഹകരണ സംഘങ്ങള്‍ എന്നിവ ഒഴികെ വില്‍ക്കുന്ന നൈലോണ്‍ കയര്‍, പോളിസ്റ്റര്‍ കയര്‍, പോളിസ്റ്റര്‍ ട്വയിന്‍ എന്നിവയ്ക്ക് അഞ്ചു ശതമാനം. പ്രതീക്ഷ 3 കോടി.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം ചെയ്ത ഏജന്‍സികളും റിസര്‍വ് ബാങ്കുമല്ലാതെ മറ്റുള്ളവര്‍ വില്‍ക്കുന്ന സ്വര്‍ണ നാണയങ്ങള്‍ക്ക് അഞ്ചു ശതമാനം.
ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്‌റ്റൈറോഫോം കപ്പുകളും പ്ലേറ്റുകളും, തെര്‍മോകോള്‍ ഷീറ്റുകള്‍, പ്രിന്റഡ് ഫ്‌ലക്‌സ് എന്നിവയ്ക്ക് 20 ശതമാനം. പ്ലാസ്റ്റിക് കളിപ്പാടങ്ങള്‍ക്ക് 14.5 ശതമാനം. പ്രതീക്ഷ 15 കോടി.
സര്‍വീസ് വില്ലകള്‍ക്ക് 12.5 ശതമാനം ആഡംബര നികുതി.