തിരുവനന്തപുരം: കൃഷി, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം തുടങ്ങിയ മേഖലയ്ക്കാണ് ധനമന്ത്രി കെ.എം മാണി ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്.
റബ്ബര്‍ വിലസ്ഥിരതാ ഫണ്ട്, റബ്ബറിന് കിലോയ്ക്ക് 150 രൂപ താങ്ങുവില തുടങ്ങിയവ ഉള്‍പ്പടെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. 150 രൂപ താങ്ങുവില പ്രകാരം 20,000 മെട്രിക് ടണ്‍ റബ്ബര്‍ സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. 300 കോടി രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്.
നെല്ല് സംഭരിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകന് സബ്‌സിഡി തുക നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ ബജറ്റില്‍ 300 കോടി വകയിരുത്തി. കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകരുടെ പലിശ ബാധ്യത സര്‍ക്കാര്‍ വഹിക്കും. നീര ടെക്‌നിഷ്യന്മാര്‍ക്ക് പരിശീലനത്തിനായി ഒരാള്‍ക്ക് 10,000 രൂപവീതം സബ്‌സിഡി അനുവദിക്കും.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി രൂപ സമാഹരിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിന് വകയിരുത്തിയ 2000 കോടി രൂപ മൂലധനമായി ഉപയോഗിച്ച് കേരള അടിസ്ഥാന സൗകര്യ വികസന ഫണ്ട് ബോര്‍ഡാണ് പൊതുവിപണിയില്‍നിന്ന് പണം കണ്ടെത്തുക. സബര്‍ബന്‍ റെയില്‍വേ കോറിഡോര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലെ ലൈറ്റ് മെട്രോ, ഉള്‍നാടന്‍ ജലഗതാഗത വികസനം, വിമാനത്താവളങ്ങളും അവയുടെ വികസനം, പ്രധാന വൈദ്യുത നിലയങ്ങളുടേയും പ്രധാന തുറമുഖങ്ങളുടേയും വികസനം, വന്‍കിട കുടിവെള്ള പദ്ധതികള്‍, പ്രധാന ഹൈവേകള്‍ നാലുവരിയാക്കല്‍ തുടങ്ങിയവയ്ക്കാണ് ഈ തുക ഉപയോഗിക്കുക.
എല്ലാവര്‍ക്കും ചികിത്സാസൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി പ്രകാരം സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കും. അര്‍ഹരായവര്‍ക്ക് പദ്ധതിവഴി സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍ ചികിത്സ തേടാം. ചികിത്സാ ആനൂകുല്യത്തിന് അപേക്ഷിക്കാന്‍ വെബ് അധിഷ്ഠിത സംവിധാനവും തയ്യാറാക്കും. 500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
നിരവധി പുതിയ നികുതി നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ നിരക്ക് എന്നിവയിലും വര്‍ധനവുണ്ടാകും. അരി, അരി ഉത്പന്നങ്ങള്‍, ഗോതമ്പ്, എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് അഞ്ച് ശതമാനവും നികുതി കൂടും. പഞ്ചസാരയ്ക്ക് രണ്ട് ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വെളിച്ചെണ്ണയ്ക്ക് ഒരുശതമാനവുമാണ് നികുതി ഏര്‍പ്പെടുത്തിയത്. പെട്രോളിനും ഡീസലിനും ഒരു രൂപ തീരുവ ഏര്‍പ്പെടുത്തിയത് സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാക്കാനിടയാക്കിയേക്കും.