നിയമസഭയില്‍ മുമ്പും അക്രമം, സസ്‌പെന്‍ഷന്‍, പക്ഷേ ഇത്രത്തോളം ഇതാദ്യം

Posted on: 14 Mar 2015



തിരുവനന്തപുരം :
കേരള നിയമസഭയില്‍ മുമ്പും അക്രമം ഉണ്ടായിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇത്രത്തോളമാകുന്നത് ഇതാദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 1970 ല്‍ സി. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് നിയമസഭയില്‍ ആദ്യം അടി നടക്കുന്നത്. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിന് ചുറ്റും സി.ആര്‍.പി.യെ വിന്യസിച്ചെന്ന് ആരോപിച്ചായിരുന്നു ബഹളം. സ്പീക്കറെ അന്ന് ആക്രമിക്കാന്‍ ശ്രമിച്ചു.

ഇതിന് സി.ബി.സി. വാര്യര്‍, എ.വി. ആര്യന്‍, സി.എം. ജോര്‍ജ്, ടി.എച്ച്. മീതീന്‍, എന്‍.പ്രഭാകരതണ്ടാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. സഭയില്‍ അതുവരെ സ്ഥിരം വാച്ച് ആന്‍ഡ് വാര്‍ഡ് ഉണ്ടായിരുന്നില്ല. ഈ സംഭവത്തെതുടര്‍ന്നാണ് സ്ഥിരം സുരക്ഷാ സേനയെ നിയമിച്ചത്. അന്ന് പോലീസില്‍ നിന്നുള്ള ഒരു സി.ഐ.യും സ്പീക്കറുടെ ശിപായിയുമേ സഭയില്‍ അക്രമം ചെറുക്കാന്‍ ഉണ്ടായിരുന്നുള്ളൂ.

സി.ഐ.ക്ക് നല്ല അടി കിട്ടി. സഭയില്‍ തന്നെ ആക്രമിച്ചതിനെതിരെ അദ്ദേഹം കേസ് നല്‍കി. എന്നാല്‍ സഭയിലെ നടപടികള്‍ക്ക് പരിരക്ഷയുണ്ടെന്ന് പറഞ്ഞ് കീഴ് കോടതി അത് തള്ളി. എന്നാല്‍ അദ്ദേഹം നല്‍കിയ അപ്പീലില്‍ സുപ്രധാനമായ വിധി വന്നു. സഭയില്‍ നടക്കുന്ന ക്രിമിനല്‍ നടപടികള്‍ക്ക് പരിരക്ഷയില്ലെന്നും കേസ് കേള്‍ക്കാന്‍ കീഴ് കോടതിയോട് നിര്‍ദേശിച്ചുമായിരുന്നു വിധി. എന്നാല്‍ അദ്ദേഹം വിരമിക്കാറായതിനാല്‍ കേസ് പിന്‍വലിക്കുകയായിരുന്നു. ശിപായിക്ക് ഒരു ഇന്‍ക്രിമെന്റ് നല്‍കി.

1983ല്‍ എം.വി. രാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നിവരെ സഭയിലുണ്ടാക്കിയ ബഹളത്തിന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഇവരെ പിറ്റേന്ന് സഭയില്‍ കയറ്റാനായി പ്രകടനവുമായി കെ.ടി. ജോര്‍ജ്, കെ.മൂസക്കുട്ടി, കെ.പി. രാമന്‍ എന്നിവരെത്തി. വാച്ച് ആന്‍ഡ് വാര്‍ഡുമായി ബഹളമുണ്ടായി കൈയേറ്റം ഉണ്ടായതിനെ തുടര്‍ന്ന് അവരെയും സസ്‌പെന്‍ഡ് ചെയ്തു.

രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ എം.വി.ആര്‍. സി.പി.എമ്മില്‍നിന്ന് പുറത്തായി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ അദ്ദേഹം മറുപടി പറഞ്ഞ ടി.കെ. രാമകൃഷ്ണന്റെ അടുത്ത് എന്തോ കടലാസ് കാണിക്കാനെത്തി. അദ്ദേഹം അത് സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഷര്‍ട്ടിനുള്ളില്‍ തിരുകി. പഴയ സഹപ്രവര്‍ത്തകര്‍ എം.വി. ആറിനെ സഭക്കുള്ളിലിട്ട് പെരുമാറി. എന്നാല്‍ ശിക്ഷ വന്നപ്പോള്‍ എം.വി. ആറിനായിരുന്നു സസ്‌പെന്‍ഷന്‍.

ഈ നിയമസഭയിലാണ് പിന്നീട് ഗൗരവമുള്ള ഒരു സംഭവം ഉണ്ടായത്. സ്പീക്കറുടെ ഡയസ്സില്‍ കയറുകയും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുകയും ചെയ്തതിന് ജെയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.



1
budget full

 

ga