നെല്ല് സംഭരണത്തിനും 300കോടി
കാര്‍ഷികവായ്പ കൃത്യമായി അടച്ചാല്‍ പലിശബാദ്ധ്യത സര്‍ക്കാര്‍ വഹിക്കും
തിരുവനന്തപുരം: കിലോക്ക് 150 രൂപ താങ്ങുവില നല്‍കി 20,000 മെട്രിക് ടണ്‍ റബ്ബര്‍ സംഭരിക്കുന്നതിനായി 300 കോടി രൂപ വിനിയോഗിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഈ പദ്ധതിപ്രകാരം റബ്ബറിന്റെ താങ്ങുവിലയും റബ്ബര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന ദൈനംദിന വിലസൂചികയും തമ്മിലുള്ള വിലവ്യത്യാസം റബ്ബര്‍ബോര്‍ഡിലെ ഫീല്‍ഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വില്പനബില്ലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കും. ഇതിനുപുറമെ കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതിനായി ഒരു റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് രൂപവത്കരിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.
നെല്ല് സംഭരിച്ചുകഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ കര്‍ഷകര്‍ക്ക് സബ്‌സിഡി തുക ലഭ്യമാക്കുന്നതിന് 300 കോടി രൂപ വകയിരുത്തുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു.ഇതിനുപുറമെ നെല്‍വിള ഇന്‍ഷുറന്‍സ് സ്‌കീം ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായി 12.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷികവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകരുടെ പലിശബാദ്ധ്യത സര്‍ക്കാര്‍ വഹിക്കും. നബാര്‍ഡും സഹകരണസംഘങ്ങളുമായി ചേര്‍ന്ന് വിശദമായ പദ്ധതി നടപ്പാക്കുന്നതിനായി 125 കോടി രൂപ ബജറ്റില്‍ വകയിരുത്തും. നാളികേരമേഖലയുടെ സമഗ്രമായ തിരിച്ചുവരവിന് വഴിയൊരുക്കുന്ന 'നീര' യുടെ ഉത്പാദനവികസനത്തിന് പദ്ധതി തയ്യാറാക്കും. നാളികേര വികസനബോര്‍ഡിന്റെ സഹകരണത്തോടെ നീര ടെക്‌നീഷ്യന്‍മാര്‍ക്ക് പരിശീലനത്തിനായി 10,000 രൂപ വീതം സബ്‌സിഡി അനുവദിക്കും.
പൊതുചടങ്ങുകളിലും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും 'പായ്ക്ക്' ചെയ്ത നീര ഒരു പാനീയമായി ഉള്‍പ്പെടുത്തും. ഇതിനായി ബജറ്റില്‍ 10കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ നീര ഉത്പാദനത്തിനായി ആകെ 30 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
റബ്ബര്‍ ഉള്‍പ്പെടെയുള്ളവയുടെ കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളില്‍ 75 ശതമാനത്തിലധികം മൂല്യവര്‍ധനയുള്ളവയ്ക്ക് പലിശ സബ്‌സിഡി നല്‍കുന്നതിന് പദ്ധതി നടപ്പാക്കും. ഇതിനായി ബജറ്റില്‍ 20 കോടി രൂപ മാറ്റി െവച്ചിട്ടുണ്ട്. സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിക്ക് സബ്‌സിഡി നല്‍കുന്നതിനുള്ള പദ്ധതിയും ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കോട്ടയം, വയനാട്, ഇടുക്കി, ജില്ലകളില്‍ നടപ്പാക്കുന്ന പദ്ധതിക്കായി 20 കോടി രൂപ മാറ്റി വെച്ചതായി ബജറ്റില്‍ പ്രഖ്യാപിക്കുന്നുണ്ട്. തേനുത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള 'ഹണിമിഷന്‍' സ്ഥാപിക്കുന്നതിന് ബജറ്റില്‍ രണ്ടുകോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
കാര്‍ഷികമേഖലയെ ഉത്തേജിപ്പിക്കുന്നതിന് നേരത്തെ പ്രഖ്യാപിച്ച 687 കോടി രൂപയുടെ പ്രത്യേക പാക്കേജിനുപുറമെ ഈമേഖലയിലെ വിവിധ വികസന പദ്ധതികള്‍ക്കായി 403.18 കോടി രൂപ വകയിരുത്തുന്നതായി കെ.എം. മാണിയുടെ ബജറ്റില്‍ പ്രഖ്യാപിക്കുന്നു.
നാല് പുതിയ കാര്‍ഷിക പോളിടെക്‌നിക്കുകള്‍
ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളില്‍ പുതിയ കാര്‍ഷിക പോളിടെക്‌നിക്കുകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. ഇതിനായി മൂന്നുകോടി രൂപ വകയിരുത്തി. മൃഗസംരക്ഷണവകുപ്പിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും ഇ-ഗവേര്‍ണന്‍സ് പരിപാടികള്‍ക്കുമായി 2.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്ക് വീട്
മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ബജറ്റില്‍ 181.97 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 100 കോടി രൂപയും ഇവര്‍ക്ക് വീടുകളും ഫ്ലൂറ്റുകളും നിര്‍മിക്കുന്നതിനാണ് വകയിരുത്തിയിരിക്കുന്നത്.