നെല്ലു സംഭരണത്തിന് 300 കോടി: കര്‍ഷകര്‍ക്കും സപ്ലൈകോയ്ക്കും ആശ്വാസം
ജോര്‍ജ് പൊടിപ്പാറ
Posted on: 14 Mar 2015
കോട്ടയം: സംസ്ഥാന ബജറ്റില്‍ നെല്ലുസംഭരണത്തിന് 300 കോടി രൂപ വകയിരുത്തിയ ധനമന്ത്രിയുടെ നടപടി നെല്‍കര്‍ഷകര്‍ക്കും സപ്ലൈകോയ്ക്കും ഒരുപോലെ ആശ്വാസംപകരും.കഴിഞ്ഞവര്‍ഷങ്ങളില്‍ 180 കോടി രൂപ അനുവദിച്ചിരുന്നതാണ് ഇക്കുറി 300 കോടിയിലേക്കുയര്‍ത്തിയത്. രണ്ടു ലക്ഷത്തോളം നെല്‍കര്‍ഷകര്‍ക്കാണ് പ്രയോജനം ലഭിക്കുക.
സംഭരിക്കുന്ന നെല്ലിന്റെ വില മാസങ്ങള്‍ വൈകുന്നത് പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടവരുത്താറുണ്ട്. രണ്ടു വിളകളില്‍നിന്നായി അഞ്ചു ലക്ഷം ടണ്‍ നെല്ലാണ് സപ്ലൈകോ ഒരു വര്‍ഷം സംഭരിക്കുന്നത്. കിലോഗ്രിമിന് 19 രൂപ വിലയ്ക്കാണിത്. ഇതില്‍ 13.60 രൂപയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. ബാക്കി 5.40 രൂപ സംസ്ഥാനം നല്‍കുന്നു. അഞ്ചു ലക്ഷം ടണ്‍ നെല്ല് സംഭരിക്കാന്‍ 270 കോടി രൂപ നല്‍കേണ്ടിടത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് 200 കോടിയോളം മാത്രം. ഇതാണ് സംഭരണത്തിന്റെ താളം തെറ്റിക്കുന്നത്.
നിലവില്‍ സപ്ലൈകോയ്ക് സര്‍ക്കാര്‍ 150 കോടിയോളം രൂപ നല്‍കാനുണ്ട്. ഇത്രയും കുടിശ്ശികയുണ്ടായിട്ടും ഈവര്‍ഷം രണ്ടാം വിളയ്ക്ക് ഫിബ്രവരി 15വരെ സംഭരിച്ച നെല്ലിന്റെ വില പൂര്‍ണമായും സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. ബാങ്കുകളില്‍നിന്നും മറ്റും പണം കണ്ടെത്തിയാണ് ഇത് സാധ്യമാക്കിയത്. രണ്ടു ഗഡുവായി പണം നല്‍കാനുള്ള സപ്ലൈകോയുടെ തീരുമാനം വിവാദമാകുകയും െചയ്തു.
ബജറ്റില്‍ 300 കോടി രൂപ നീക്കിവച്ചതോടെ സംഭരിച്ച് ഒരാഴ്ചക്കകം കര്‍ഷകര്‍ക്ക് പണം കിട്ടുന്ന സാഹചര്യമാണ് സംസ്ഥാനത്തുണ്ടാവുക.