നിയമസഭാ ഉപരോധത്തിനിടെ അക്രമം; പോലീസ് ജീപ്പും ബസ്സും കത്തിച്ചു

Posted on: 14 Mar 2015

പോലീസുകാര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്


തിരുവനന്തപുരം:
മന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടത്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ ഉപരോധം അക്രമത്തില്‍ അവസാനിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഉള്‍െപ്പടെ 42 പോലീസുകാര്‍ക്കും ഉഴവൂര്‍ വിജയന്‍ ഉള്‍പ്പെടെ 40 ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ഒരു പോലീസ്ബസ്സും ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെ ജീപ്പും സമരക്കാര്‍ കത്തിച്ചു. വേറൊരു പോലീസ്ബസ്സ് എറിഞ്ഞുതകര്‍ത്തു. തീയണയ്ക്കാനെത്തിയ മൂന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കെതിരെയും അക്രമമുണ്ടായി. യുവമോര്‍ച്ചയുടെ ഉപരോധത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു. ഉപരോധത്തിനെത്തിയ സി.പി.എം. നെടുമങ്ങാട് ഏരിയാ കമ്മിറ്റിയംഗം സി.രാജപ്പന്‍ കുഴഞ്ഞുവീണ് മരിച്ചു.

വ്യാഴാഴ്ച വൈകീട്ട് മുതല്‍ നിയമസഭാകവാടത്തിന് സമീപം രണ്ടിടങ്ങളിലായി ഇടതുമുന്നണി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധം ആരംഭിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചതിന് ശേഷമാണ് അക്രമമുണ്ടായത്. ഇടതുപ്രവര്‍ത്തകര്‍ ഉപരോധം തീര്‍ത്ത ഭാഗത്തായിരുന്നു പോലീസും പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷം നടന്നത്. ഒട്ടേറെത്തവണ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്‌തെങ്കിലും ഇടയ്ക്കിടെ പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ വീണ്ടും തടിച്ചുകൂടി അക്രമം അഴിച്ചുവിട്ടു. പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് ചെറിയ തോതില്‍ കല്ലേറുണ്ടായ ഉടന്‍തന്നെ പോലീസ് വെള്ളം ചീറ്റി. ഇതോടെ ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിക്കുകയും രൂക്ഷമായ കല്ലേറ് നടത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഇടത് നേതാവ് ഉഴവൂര്‍ വിജയനുശേഷം സി.പി.എം. െപാളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രസംഗിക്കുന്‌പോഴാണ് അക്രമം ആരംഭിച്ചത്. സംയമനം പാലിക്കണമെന്ന് പിണറായി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെങ്കിലും അത് വകവെക്കാതെയായിരുന്നു കല്ലേറ്.

നിയമസഭാപരിസരത്ത് വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡി.സി.പി. അജിതാ ബീഗം ഉള്‍െപ്പടെ 42 പോലീസുകാരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയിലിനെ ഇടതുപ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. അദ്ദേഹത്തെയും ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തിലും ലാത്തിച്ചാര്‍ജ്ജിലും പരിക്കേറ്റ 40 ഇടതുമുന്നണി പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസിനുനേരെ പ്രവര്‍ത്തകര്‍ കല്ലും കുപ്പികളുമാണ് വലിച്ചെറിഞ്ഞത്. പോലീസ് വിരട്ടിയോടിച്ചവര്‍ കന്റോണ്‍മെന്റ് ഹൗസിന് സമീപത്തെ പണിനടക്കുന്ന കെട്ടിടത്തില്‍ കയറുകയും അവിടെനിന്ന് കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തു. കുപ്പിച്ചില്ല് തറച്ചാണ് അജിതാ ബീഗം ഉള്‍െപ്പടെയുള്ളവര്‍ക്ക് പരിക്കേറ്റത്. യുദ്ധസ്മാരകത്തിന് സമീപം യുവമോര്‍ച്ച പ്രവര്‍ത്തകരും പോലീസുമായുണ്ടായ നേരിയ സംഘര്‍ഷത്തിനിടെ നടന്ന കല്ലേറിലാണ് ജന്മഭൂമി ലേഖകന്‍ അജി ബുധനൂരിന് പരിക്കേറ്റത്.

പി.എം.ജി.യില്‍ സംഘര്‍ഷം നടക്കുന്നതിനിടെ, ബൈക്കിലെത്തിയ രണ്ടുപേര്‍ വികാസ്ഭവന് സമീപം നിര്‍ത്തിയിട്ട പോലീസ്ബസ്സിനുനേരെ പെട്രോള്‍ബോംബ് എറിഞ്ഞെന്ന് പോലീസ് പറഞ്ഞു. തീപിടിച്ച ബസ് അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് വാഹനത്തിനുനേരെയുണ്ടായ അക്രമത്തിലാണ് മൂന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. ഈ വാഹനത്തെ പിന്തുടര്‍ന്ന പോലീസ്ബസ്സിന്റെ ചില്ലുകള്‍ മാസ്‌കറ്റ് ഹോട്ടലിന് സമീപം ഇടതുപ്രവര്‍ത്തകര്‍ എറിഞ്ഞുതകര്‍ത്തു. പോലീസ് ലാത്തിവീശിയപ്പോള്‍ ചിതറിയോടിയ പ്രവര്‍ത്തകര്‍ തമ്പുരാന്‍മുക്ക് ഭാഗത്തുവെച്ചാണ് ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെ ജീപ്പ് കത്തിച്ചത്.

സംഘര്‍ഷത്തിന് അയവുവന്നതോടെ ടി.എം.തോമസ് ഐസക് എം.എല്‍.എ., സാജു പോള്‍ എം.എല്‍.എ. എന്നിവര്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. ഇതിനിടെ, തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍മാര്‍, മേയര്‍ കെ.ചന്ദ്രികയുടെ നേതൃത്വത്തില്‍ ഉപരോധസ്ഥലത്തേക്ക് മാര്‍ച്ച് നടത്തി.



1
budget full

 

ga