തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ ഇടതുപക്ഷത്തിന്റെയും യുവമോര്‍ച്ചയുടെയും പ്രതിഷേധം നേരിടാന്‍ പോലീസ് ഒരുക്കിയ സുരക്ഷാസന്നാഹം വിജയംകണ്ടെങ്കിലും നിയമസഭയ്ക്കുള്ളില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മുതല്‍ നിയമസഭയ്ക്കുപുറത്ത് സുരക്ഷയൊരുക്കാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍, പൊടുന്നനെ സഭയ്ക്കുള്ളിലിരിക്കാന്‍ പ്രതിപക്ഷവും ഭരണപക്ഷവും തീരുമാനിച്ചതോടെ പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റി. വ്യാഴാഴ്ച രാവിലെ നിയമസഭാഡ്യൂട്ടിക്ക് എത്തിയ പോലീസുകാര്‍ക്ക് വിശ്രമിക്കാന്‍പോലും കഴിയാതായി. മറ്റ് ജില്ലകളില്‍നിന്ന് കൂടുതല്‍ പോലീസിനെ വരുത്താന്‍ തീരുമാനിച്ചെങ്കിലും അവരെത്താന്‍ പിന്നെയും സമയമെടുത്തു.
ഇരുവിഭാഗവും സഭയ്ക്കുള്ളില്‍ കഴിയുമെന്ന തീരുമാനം പുറത്തുവന്നതോടെ യുവമോര്‍ച്ച, എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് ഒഴുകി. ഇതോടെ വെള്ളിയാഴ്ച പുലര്‍ച്ചെ വിന്യസിക്കേണ്ട പോലീസിനെ വ്യാഴാഴ്ച ഉച്ചയോടെ പലയിടങ്ങളിലായി വിന്യസിക്കേണ്ടിവന്നു. നിറതോക്കുകളുമായി 13 കമ്പനി പോലീസ്, ദ്രുതകര്‍മ്മസേന, എ.കെ.47 തോക്കുകളുമായി കമാന്‍ഡോകള്‍, കലാപ നിയന്ത്രണത്തിനുള്ള സേനാവിഭാഗം, ആയിരത്തോളം ഗ്രനേഡുകള്‍, ഷെല്ലുകള്‍, ജലപീരങ്കികള്‍, അയ്യായിരത്തിലേറെ കണ്ണീര്‍വാതക ഷെല്ലുകള്‍... നിയമസഭയ്ക്കുമുന്നില്‍ യുദ്ധസമാന കാഴ്ചയായിരുന്നു.
പോലീസിന്റെ 'ഓപ്പറേഷന്‍ ബജറ്റ്' എന്ന സുരക്ഷാക്രമീകരണത്തിന് ദക്ഷിണമേഖലാ എ.ഡി.ജി.പി. പദ്മകുമാര്‍, ഐ.ജി. മനോജ് എബ്രഹാം, കമ്മീഷണര്‍ എച്ച്.വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തില്‍ 13 കമ്പനി സായുധസേനയെയടക്കം 2800 പോലീസുകാരെയാണ് നിയമസഭയ്ക്കുചുറ്റുമുള്ള പ്രദേശങ്ങളില്‍ വിന്യസിച്ചത്. എന്നിട്ടും സമരത്തെ നേരിടാന്‍ ആവശ്യത്തിന് പോലീസില്ലാത്ത സ്ഥിതിയുണ്ടായി. യുവമോര്‍ച്ചയുടെ സമരത്തില്‍ അക്രമമുണ്ടാകുമെന്നായിരുന്നു പോലീസിന് ലഭിച്ച രഹസ്യവിവരം. എന്നാല്‍, പ്രതിപക്ഷാംഗങ്ങള്‍ക്ക് സഭയ്ക്കുള്ളില്‍ പരിക്കേറ്റതോടെ ഇടതുസമരം അക്രമാസക്തമായി. ഇത് പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
നിയമസഭയ്ക്ക് ഒരുകിലോമീറ്റര്‍ ചുറ്റിനുമുള്ള എല്ലാ റോഡുകളും പോലീസ് അടച്ചു. വഴുതക്കാട്, പാളയം അടിപ്പാത വഴി യൂണിവേഴ്‌സിറ്റിക്ക് മുന്നിലൂടെയുള്ള പാത സുരക്ഷിത ഇടനാഴിയായി ഒഴിച്ചിട്ടു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഈ പാതയിലൂടെയാണ് നിയമസഭയിലെത്തിച്ചത്. രാവിലെ അഞ്ചേമുക്കാലോടെ മണ്ണന്തല ഗവ. പ്രസ്സില്‍നിന്ന് പോലീസ് അകമ്പടിയോടെ ബജറ്റ് കോപ്പികള്‍ സഭയിലെത്തിച്ചു.
നിയമസഭയ്ക്ക് ചുറ്റിലുമുള്ള മേഖലയെ അഞ്ച് സോണുകളായി തിരിച്ചാണ് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയത്. നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ എല്ലാ സോണിലും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ അജീതാബീഗം, അശോക് കുമാര്‍, എസ്.പി.മാരായ കെ.എസ്.വിമല്‍, ബി.വര്‍ഗ്ഗീസ്, റൂറല്‍ എസ്.പി. ഷെഫീന്‍ അഹമ്മദ് എന്നിവര്‍ക്ക് ഈ സോണുകളുടെ ചുമതല കൈമാറി. ഇവര്‍ക്കുകീഴില്‍ 19 ഡിവൈ.എസ്.പി.മാര്‍, 29 സി.ഐ.മാര്‍, 127 എസ്.ഐ.മാര്‍ എന്നിവരെ നിയോഗിച്ചു.
ഡി.ജി.പി. കെ.എസ്.ബാലസുബ്രമണ്യനും ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രനും ഓപ്പറേഷന്‍ ഏകോപിപ്പിച്ചു. പട്ടം, ജനറല്‍ ആശുപത്രി ജങ്ഷന്‍, വെള്ളയമ്പലം, സ്റ്റാച്യു എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തിരിച്ചുവിട്ടു. നിയമസഭയ്ക്കുചുറ്റുമുള്ള റോഡുകളില്‍ ഗതാഗതം പൂര്‍ണമായി തടഞ്ഞു. സെക്രട്ടേറിയറ്റിനും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രത്യേക സുരക്ഷയൊരുക്കി. നിയമസഭാവളപ്പില്‍നിന്ന് മെഡിക്കല്‍ കോളേജ് വരെ സായുധ േപാലീസ് കാവലില്‍ പ്രത്യേക ആംബുലന്‍സ് വേ ക്രമീകരിച്ചിരുന്നു. നിയമസഭയ്ക്കുള്ളിലും പുറത്തും പരിക്കേറ്റവരെ ഇതുവഴിയാണ് ആസ്പത്രികളിലെത്തിച്ചത്.